പരിസ്ഥിതി, വനം മന്ത്രാലയം
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പരിസ്ഥിതിലോല പർവത ആവാസവ്യവസ്ഥയ്ക്കു സംരക്ഷണമേകുന്നതിനായി നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന ഒന്നാം സാഗർമാത സംവാദത്തിൽ ‘ആഗോള നടപടികൾക്കായുള്ള പഞ്ചനിർദേശ ആഹ്വാനങ്ങൾ’ അവതരിപ്പിച്ചു
Posted On:
16 MAY 2025 2:39PM by PIB Thiruvananthpuram
കാഠ്മണ്ഡു , 16 മെയ് 2025
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന സാഗർമാത സംവാദത്തിന്റെ ഉദ്ഘാടനയോഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ‘കാലാവസ്ഥ വ്യതിയാനം, പർവതങ്ങൾ, മാനവികതയുടെ ഭാവി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഈ ഉന്നതതല ആഗോള സംവാദത്തിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും കാലാവസ്ഥാവിദഗ്ദ്ധരും പങ്കെടുത്തു.
സദസിനെ അഭിസംബോധന ചെയ്ത ശ്രീ ഭൂപേന്ദർ യാദവ്, ആഗോള കാലാവസ്ഥ നടപടികളോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്കും ഹിമാലയം ഉൾപ്പെടെയുള്ള മറ്റു പർവത ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുള്ള സഹകരണ ശ്രമങ്ങളുടെ ആവശ്യകതയ്ക്കും ഊന്നൽ നൽകി. ആഗോള കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിലുള്ള ഇന്ത്യയുടെ അർപ്പണബോധവും അദ്ദേഹം വ്യക്തമാക്കി. “ഈ ചരിത്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ‘ആകാശത്തിന്റെ ശിരസ്’ എന്നർഥം വരുന്ന സാഗർമാത എന്ന പേര്, നമ്മുടെ ഭൂമിയുടെ ജീവാധാരമായ പർവതങ്ങളെ സംരക്ഷിക്കുന്നതിൽ നാം വഹിക്കുന്ന പ്രാധാന്യത്തെയും ഉത്തരവാദിത്വത്തെയും ഉചിതമായി പ്രതിനിധാനം ചെയ്യുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംവാദത്തിന് ആതിഥേയത്വം വഹിച്ച നേപ്പാളിനെ ശ്രീ യാദവ് അഭിനന്ദിച്ചു. വിപുലമായ ഹിമാലയൻ മേഖലയുള്ള ഇന്ത്യ, മലയോര അയൽരാജ്യങ്ങളുമായി പൊതുവായ പാരിസ്ഥിതിക-സാംസ്കാരിക ബന്ധം പങ്കിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകജനസംഖ്യയുടെ ഏകദേശം 25 ശതമാനം പ്രതിനിധാനം ചെയ്യുന്ന മേഖലയാണ് ദക്ഷിണേഷ്യ. എന്നാൽ, ചരിത്രപരമായ ആഗോള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിന്റെ 4 ശതമാനത്തിൽ മാത്രമാണ് ഈ മേഖലയ്ക്കു പങ്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാരം വികസ്വര രാജ്യങ്ങളെ ആനുപാതികമല്ലാത്ത രീതിൽ സ്വാധീനിക്കുന്നത് തുടരുകയാണെന്നു പറഞ്ഞ ശ്രീ ഭൂപേന്ദ്ര പ്രസാദ്, അതേസമയം, വികസിത രാജ്യങ്ങൾ കാലാവസ്ഥാ ധനസഹായം, സാങ്കേതികവിനിമയം, ശേഷി വർധിപ്പിക്കൽ എന്നിവയ്ക്കുള്ള പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിൽനിന്നു വളരെ അകലെയാണെന്നും പറഞ്ഞു.
ഇന്ത്യയും നേപ്പാളും ഉൾപ്പെടുന്ന ഉയരമുള്ള ആവാസവ്യവസ്ഥകളുടെ അപാരമായ ജൈവവൈവിധ്യമൂല്യത്തെക്കുറിച്ചു ശ്രീ യാദവ് പരാമർശിച്ചു. അതിർത്തികൾക്കതീതമായ സംരക്ഷണ ശ്രമങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. ഹിമപ്പുലികൾ, കടുവകൾ, പുള്ളിപ്പുലികൾ തുടങ്ങിയ ജീവജാലങ്ങളുടെ സംയുക്ത സംരക്ഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിനു കീഴിൽ അണിനിരക്കാൻ എല്ലാ ഹിമാലയൻ രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. “സംരക്ഷണ വൈദഗ്ദ്ധ്യം വളർത്തൽ, നിർണായക സംരംഭങ്ങൾക്ക് ധനസഹായം നൽകൽ, ഈ പ്രധാന ജീവിവർഗങ്ങളുടെ സംരക്ഷണത്തിനായി വിജ്ഞാനസഞ്ചയം സൃഷ്ടിക്കൽ എന്നിവയാണ് സഖ്യത്തിന്റെ ലക്ഷ്യം” - അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹിമപ്പുലി പദ്ധതിയുടെ പ്രാധാന്യം ശ്രീ യാദവ് പരാമർശിച്ചു. “2020 ഫെബ്രുവരിയിൽ നടന്ന ദേശാടന ജീവിവർഗങ്ങളെക്കുറിച്ചുള്ള 13-ാമത് COP-യിൽ, ഹിമാലയ പ്രദേശങ്ങളിലെ ഹിമപ്പുലിയെയും അതിന്റെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. ഈ കാഴ്ചപ്പാടിന് അനുസൃതമായി, 2019നും 2023നും ഇടയിൽ ഇന്ത്യ നടത്തിയ ആദ്യത്തെ സമഗ്ര ഹിമപ്പുലി കണക്കെടുപ്പിൽ ഇന്ത്യയിലുടനീളം 718 ഹിമപ്പുലികളെ കണ്ടെത്തി. ഇത് ആഗോള എണ്ണത്തിന്റെ ഏകദേശം 10-15% വരും.” – അദ്ദേഹം പറഞ്ഞു.
പർവതമേഖലകളുടെ പൊതുവായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടാൻ ആഗോള നടപടിയെടുക്കുന്നതിനുള്ള പഞ്ചനിർദേശ ആഹ്വാനവും മന്ത്രി വിശദീകരിച്ചു.
- മെച്ചപ്പെട്ട ശാസ്ത്രീയ സഹകരണം: ഗവേഷണ സഹകരണം ശക്തിപ്പെടുത്തൽ, ക്രയോസ്ഫെറിക് മാറ്റങ്ങൾ, ജലചക്രം, ജൈവവൈവിധ്യം എന്നിവ നിരീക്ഷിക്കൽ.
- കാലാവസ്ഥാ പുനരുജ്ജീവനശേഷി കെട്ടിപ്പടുക്കൽ: കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന നടപടികൾ, ഹിമാനികൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന പ്രളയം (GLOF-കൾ) പോലുള്ള ദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സജ്ജമാക്കൽ, പർവതപ്രദേശങ്ങളിൽ കാലാവസ്ഥാ-പുനരുജ്ജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തൽ.
- പർവതസമൂഹങ്ങളെ ശാക്തീകരിക്കൽ: പ്രാദേശിക സമൂഹങ്ങളുടെ ക്ഷേമം, ആവശ്യങ്ങൾ, അഭിലാഷങ്ങൾ എന്നിവ നയരൂപീകരണത്തിന്റെ കാതലാകണം. ഹരിത ഉപജീവനമാർഗങ്ങളിൽ നിന്നും സുസ്ഥിര വിനോദസഞ്ചാരത്തിൽനിന്നും അവർ നേട്ടങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കണം. അവരുടെ പരമ്പരാഗത അറിവ് അമൂല്യമായ വിഭവമാണ്.
- ഹരിത ധനസഹായം നൽകൽ: UNFCCC യും അതിന്റെ പാരിസ് ഉടമ്പടിയും അനുസരിച്ച് പർവത രാഷ്ട്രങ്ങൾക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തൽ, ലഘൂകരണ തന്ത്രങ്ങൾ എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യത്തിനുള്ളതും പ്രവചനാത്മകവുമായ കാലാവസ്ഥാ ധനസഹായം ലഭ്യമാക്കൽ.
- പർവത ആവാസവ്യവസ്ഥയുടെ കാഴ്ചപ്പാടുകൾ തിരിച്ചറിയൽ: പർവത ആവാസവ്യവസ്ഥയിൽ പ്രത്യേക കരുതൽവേണ്ട ഇടങ്ങളും സംഭാവനകളും ആഗോള കാലാവസ്ഥാ ചർച്ചകളിലും സുസ്ഥിര വികസന കാര്യപരിപാടികളിലും വേണ്ടവിധം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കൽ.
“നമ്മുടെ പൊതുവായ പാരിസ്ഥിതിക പൈതൃകം സംരക്ഷിക്കുന്നതിന് നേപ്പാളുമായും എല്ലാ പർവത രാഷ്ട്രങ്ങളുമായും പങ്കാളിത്തത്തിന് ഇന്ത്യ തയ്യാറാണ്. വസുധൈവ കുടുംബകം, അതായത്, ലോകം ഒരു കുടുംബമാണ് എന്ന മനോഭാവത്തിൽ, വിശുദ്ധമായ നമ്മുടെ പർവതങ്ങൾ പ്രത്യാശയുടെയും സുസ്ഥിരതയുടെയും ദീപസ്തംഭങ്ങളായി ഉയർന്നുനിൽക്കുന്നുവെന്ന് നാം ഉറപ്പാക്കണം” - ശ്രീ യാദവ് ഉപസംഹരിച്ചു.
നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, വിദേശമന്ത്രി ഡോ. അർസു റാണ ഡ്യൂബ, ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് വൈസ് ചെയർമാൻ ഷിയാവോ ജി, COP29 പ്രസിഡന്റും അസർബൈജാൻ പരിസ്ഥിതിമന്ത്രിയുമായ ശ്രീ. മുഖ്താർ ബാബയേവ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


*******************
(Release ID: 2129110)