വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പുതുക്കിയ സെക്ഷൻ 80-IAC ചട്ടക്കൂടിന് കീഴിൽ 187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT)

2030 ഏപ്രിൽ വരെയുള്ള കാലയളവിൽ രൂപീകരിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് അർഹത

Posted On: 15 MAY 2025 4:40PM by PIB Thiruvananthpuram
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം പകർന്നു കൊണ്ട്, ആദായനികുതി നിയമത്തിലെ പുതുക്കിയ സെക്ഷൻ 80-IAC പ്രകാരം 187 സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി ഇളവ് നൽകാൻ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) തീരുമാനിച്ചു. 2025 ഏപ്രിൽ 30-ന് നടന്ന ഇന്റർ-മിനിസ്റ്റീരിയൽ ബോർഡിന്റെ (IMB) 80-ാമത് യോഗത്തിലാണ് തീരുമാനമുണ്ടായത്.
 
ഈ നികുതി ആനുകൂല്യത്തിന് അർഹതയുള്ള സ്റ്റാർട്ടപ്പുകൾക്ക് രൂപീകരണ തീയതി മുതൽക്കുള്ള പത്ത് വർഷ കാലയളവിൽ തുടർച്ചയായി ഏതെങ്കിലും മൂന്ന് വർഷത്തേക്ക് ലാഭത്തിന്മേൽ 100% ആദായനികുതി ഇളവ് അനുവദിക്കുന്നു എന്ന് DPIIT വക്താവ് അറിയിച്ചു. വളർന്നുവരുന്ന ബിസിനസ് സ്ഥാപനങ്ങളെ അവയുടെ രൂപീകരണ വർഷങ്ങളിൽ പിന്തുണയ്ക്കുന്നതിനും, നൂതനാശയങ്ങൾ, തൊഴിലവസര സൃഷ്ടി, സമ്പദ് സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
ആകെയുള്ളതിൽ, 75 സ്റ്റാർട്ടപ്പുകൾക്ക് 79-ാമത് IMB യോഗത്തിലും 112 സ്റ്റാർട്ടപ്പുകൾക്ക് 80-ാമത് യോഗത്തിലും അംഗീകാരം ലഭിച്ചു. ഇതോടെ, പദ്ധതിയുടെ ആരംഭ ശേഷം ഇളവനുവദിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം 3,700 കടന്നു.
 
2025–26 കേന്ദ്ര ബജറ്റിലെ ഒരു സുപ്രധാന പ്രഖ്യാപനത്തിലൂടെ, സെക്ഷൻ 80-IAC പ്രകാരമുള്ള ആനുകൂല്യങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് അവകാശപ്പെടുന്നതിനുള്ള അർഹതാ കാലയളവ് സർക്കാർ നീട്ടുകയുണ്ടായി. 2030 ഏപ്രിൽ 1-ന് മുമ്പ് ആരംഭിച്ച സ്റ്റാർട്ടപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ അർഹതയുണ്ട്. ഇതോടെ സാമ്പത്തിക ആശ്വാസ നടപടിയിൽ നിന്ന് പ്രയോജനം നേടുന്നതിന് പുതിയ സംരംഭങ്ങൾക്ക് കൂടുതൽ സമയവും അവസരവും ലഭിക്കും.
 
DPIIT അവതരിപ്പിച്ച പുതുക്കിയ മൂല്യനിർണ്ണയ ചട്ടക്കൂട്, അപേക്ഷാ പ്രക്രിയയെ കൂടുതൽ സുതാര്യവും ഘടനാപരവുമാക്കിയിട്ടുണ്ട്. പൂർണ്ണമാക്കിയ അപേക്ഷകൾ ഇപ്പോൾ 120 ദിവസത്തിനുള്ളിൽ അവലോകനം ചെയ്യുന്നു. ഇത് വേഗത്തിലുള്ള തീരുമാനമെടുക്കൽ പ്രക്രിയ ഉറപ്പാക്കുകയും നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുകയും ചെയ്യുന്നു.
 
അവസാന ഘട്ടത്തിൽ അംഗീകാരം ലഭിക്കാത്ത സ്റ്റാർട്ടപ്പുകൾക്ക് അവയുടെ അപേക്ഷകൾ വീണ്ടും വിലയിരുത്താനും പരിഷ്ക്കരിക്കാനും അനുമതിയുണ്ട്. സാങ്കേതിക നവീകരണം, വിപണി സാധ്യത, വളർച്ചാ സാധ്യത, തൊഴിൽ സൃഷ്ടി, സാമ്പത്തിക വളർച്ച എന്നീ മേഖലകളിൽ മികച്ച സംഭാവന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ DPIIT അപേക്ഷകരോട് നിർദ്ദേശിച്ചു.
 
സ്വാശ്രയത്വവും നൂതനാശയങ്ങളും നയിക്കുന്ന പുതിയ ഇന്ത്യ എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന, കരുത്തുറ്റതും ഭാവി സജ്ജവുമായ ഒരു സ്റ്റാർട്ടപ്പ് അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് തുടർച്ചയായ ഈ പിന്തുണയിലൂടെ വ്യക്തമാക്കപ്പെടുന്നത്.
 
നികുതി ഇളവ് പ്രക്രിയ, അർഹതാ മാനദണ്ഡങ്ങൾ, അപേക്ഷാ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിൽ ലഭ്യമാണെന്ന് വക്താവ് കൂട്ടിച്ചേർത്തു.
 
****
 

(Release ID: 2128942)