സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

ആഗോള പ്രവേശനക്ഷമത അവബോധ ദിനമായ 2025 മെയ് 15 ന് ഇൻക്ലൂസീവ് ഇന്ത്യ ഉച്ചകോടി സംഘടിപ്പിക്കുന്നു

Posted On: 14 MAY 2025 6:43PM by PIB Thiruvananthpuram
2025 മെയ് 15 ന് ആഗോള പ്രവേശനക്ഷമത അവബോധ(Global Accessibility Awareness Day) ദിനത്തോടനുബന്ധിച്ച് (GAAD) കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലെ ഭിന്നശേഷിയുള്ളവർക്കായുള്ള ശാക്തീകരണ വകുപ്പ് (DEPwD) 'ഇൻക്ലൂസീവ് ഇന്ത്യ ഉച്ചകോടി' സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഡിജിറ്റൽ പ്രവേശന ക്ഷമത , ഉൾപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക ദിനമാണിത് . എല്ലാ വർഷവും മെയ് മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്.
 
ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നേരിട്ടും വെർച്വൽ രീതിയിലുമായി ഈ ഉച്ചകോടി ഒരു ഹൈബ്രിഡ് രീതിയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. എസ്‌ബി‌ഐ ഫൗണ്ടേഷൻ, നാഷണൽ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് (എൻ‌എബി) എന്നിവ അസോസിയേഷൻ ഓഫ് പീപ്പിൾ വിത്ത് ഡിസെബിലിറ്റി (എപിഡി), മിഷൻ ആക്‌സസിബിലിറ്റി (ധനഞ്ജയ് സംഝോക്ത ഫൗണ്ടേഷൻ) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
 
 ഭിന്നശേഷിയുള്ളവർക്ക് തുല്യ അവസരങ്ങളും പ്രവേശനക്ഷമമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിന് ഗവൺമെന്റ്, വ്യവസായം, അക്കാദമിക്, സിവിൽ സമൂഹം, ദിവ്യാംഗ സമൂഹം എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, രാജ്യത്ത് സമഗ്ര വികസനവും ഡിജിറ്റൽ പ്രാപ്യതയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം.
 
 മന്ത്രാലയം സെക്രട്ടറി (DEPwD) ശ്രീ രാജേഷ് അഗർവാൾ മുഖ്യാതിഥിയായി പരിപാടിയിൽ അധ്യക്ഷത വഹിക്കും. ഡിജിറ്റൽ പ്രവേശനക്ഷമതയെ കുറിച്ചുള്ള ഒരു പാനൽ ചർച്ചയാണ് ഉച്ചകോടിയുടെ പ്രധാന ആകർഷണം. ഭിന്നശേഷിയുള്ളവരെ കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ട് സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും അവർക്ക് പ്രാപ്യമാക്കുന്നതിനുള്ള പ്രായോഗിക നടപടികളെക്കുറിച്ച് വിദഗ്ധർ ചർച്ച ചെയ്യും.
 
ഈ അവസരത്തിൽ, ഐ ഫോർ ഹ്യുമാനിറ്റി ഫൗണ്ടേഷൻ, നിപ്മാൻ ഫൗണ്ടേഷൻ, യംഗ് ലീഡേഴ്‌സ് ഫോർ ആക്റ്റീവ് സിറ്റിസൺഷിപ്പ് (YLAC), റാംപ്‌മൈസിറ്റി ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ നിരവധി സംഘടനകളുമായി DEPwD ധാരണാ പത്രം ഒപ്പുവെക്കും.
 
പരിപാടിയുടെ ഭാഗമായി 'മിഷൻ ആക്‌സസിബിലിറ്റി', പ്രവേശനക്ഷമത സംബന്ധിച്ച് രാജ്യത്തിന്റെ നിലവിലെ അവസ്ഥ അവതരിപ്പിക്കുന്ന വാർഷിക പ്രവേശനക്ഷമത റിപ്പോർട്ട് കാർഡ് പുറത്തിറക്കും. കൂടാതെ, വകുപ്പുതല പദ്ധതികളെ സഹായിക്കുന്നതിനായി ഒരു AI- അധിഷ്ഠിത ചാറ്റ്ബോട്ട് പ്രഖ്യാപിക്കും.
 
കമ്പ്യൂട്ടർ സയൻസ്, ഡിസൈൻ കോഴ്‌സുകളിലേക്ക് ഡിജിറ്റൽ പ്രവേശനക്ഷമത മാർഗ്ഗനിർദ്ദേശങ്ങൾ സംയോജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കരട് പാഠ്യപദ്ധതിയുടെ അവതരണവും ഈ പരിപാടിയിൽ ഉൾപ്പെടും. APD സംഘടന നയിക്കുന്ന ദേശീയതലത്തിലെ ഒരു കൂടിയാലോചന പ്രക്രിയയിലൂടെയാണ് ഈ പാഠ്യപദ്ധതി വികസിപ്പിച്ചെടുത്തത്.
 
 'ഇൻക്ലൂസീവ് ഇന്ത്യ ഉച്ചകോടി' എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഒരു സംരംഭം മാത്രമല്ല, ഡിജിറ്റൽ ലോകം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്.
 
SKY
 
******

(Release ID: 2128742)