രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇറാൻ വിദേശകാര്യ മന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 08 MAY 2025 6:06PM by PIB Thiruvananthpuram

 

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരഗ്ചി ഇന്ന് (മെയ് 8, 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.

 

രാഷ്ട്രപതി ഭവനിൽ ഡോ. അരഗ്ചിയെ രാഷ്ട്രപതി സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തിന്റെ സവിശേഷ അവസരത്തിലാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനമെന്ന് രാഷ്ട്രപതി പരാമർശിച്ചു.

 

ഇന്ത്യയും ഇറാനും തമ്മിൽ സഹസ്രാബ്ദങ്ങൾ നീണ്ട ബന്ധമാണുള്ളതെന്ന് രാഷ്ട്രപതി പറഞ്ഞു.ഭാഷ, സാഹിത്യം, സംഗീതം, ഭക്ഷണരീതി എന്നിവ ഉൾപ്പെടെ കലയുടെയും സംസ്കാരത്തിന്റെയും സമസ്ത മേഖലകളിലും പരസ്പര പൈതൃകത്തിന്റെ നേർക്കാഴ്ചകൾ നമുക്ക് കാണാൻ കഴിയും.

 

 ഉയർന്ന തലത്തിലുള്ള നിരന്തര വിനിമയത്തിന്റെ ശക്തമായ അടിത്തറയിലാണ് നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ 75 വർഷത്തിനിടയിൽ, ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം സാംസ്കാരികം, സഹകരണം, വ്യാപാരം, ഊർജ്ജ പങ്കാളിത്തം, പ്രാദേശിക-ആഗോള വേദികളിലെ തന്ത്രപരമായ ഏകോപനം എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ വളർച്ച കൈവരിച്ചു . ഇരു രാജ്യങ്ങളും ദീർഘകാല സൗഹൃദം നിലനിർത്തുക മാത്രമല്ല, പ്രാദേശിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഛബഹാർ തുറമുഖത്തിന്റെ പൂർണ്ണ ശേഷി പ്രയോജനപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ രാഷ്ട്രപതി സ്വാഗതം ചെയ്തു.

 

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഐക്യദാർഢ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ചുകൊണ്ട് ഇറാൻ നൽകിയ സന്ദേശത്തിന് രാഷ്ട്രപതി നന്ദി അറിയിച്ചു.

 

ഈ സന്ദർശനം ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി വിശ്വാസം പ്രകടിപ്പിച്ചു.

SKY

**********************


(Release ID: 2127809) Visitor Counter : 2