രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കാനായത് വിദഗ്ധ പരിശീലനം നേടിയ രാജ്യത്തെ പ്രബല സായുധ സേനകൾക്ക് നിലവാരമേറിയ ഉപകരണങ്ങൾ സ്വന്തമായതിനാലെന്ന് 2025-ലെ ദേശീയ ഗുണനിലവാര കോണ്‍ക്ലേവില്‍ രാജ്യരക്ഷാമന്ത്രി
Posted On:
08 MAY 2025 5:53PM by PIB Thiruvananthpuram
വിദഗ്ധ പരിശീലനം നേടിയ രാജ്യത്തെ പ്രബല സായുധ സേനകൾക്ക് നിലവാരമേറിയ ഉപകരണങ്ങൾ സ്വന്തമായതിനാലാണ് ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കാനായതെന്ന് 2025 മെയ് 8 ന് ന്യൂഡൽഹിയിൽ ദേശീയ ഗുണനിലവാര കോൺക്ലേവിനെ അഭിസംബോധന ചെയ്യവെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു നിരപരാധിയെയും ഉപദ്രവിക്കാതെ ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെ സായുധ സേന നടത്തിയ കൃത്യതയാര്‍ന്ന ദൗത്യത്തെ അഭിനന്ദിച്ച രാജ്യരക്ഷാമന്ത്രി സൈനിക നടപടിയെ സങ്കൽപ്പാതീതവും രാജ്യത്തിന് ഏറെ അഭിമാനകരവുമെന്ന് വിശേഷിപ്പിച്ചു.
പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഓപ്പറേഷൻ സിന്ദൂറിൽ തകര്‍ക്കപ്പെടുകയും നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു. ദേശീയ താൽപര്യം സംരക്ഷിക്കുന്നതിൽ 'ഗുണനിലവാരം' വഹിക്കുന്ന നിർണായക പങ്കിനെയാണ് ഇത് കാണിക്കുന്നതെന്നും ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ എപ്പോഴും ഏറെ സംയമനം പാലിക്കുന്ന ഉത്തരവാദിത്തപൂര്‍ണമായ രാഷ്ട്രത്തിന്റെ പങ്ക് നിര്‍വഹിച്ചിട്ടുണ്ടെന്നും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും ആവര്‍ത്തിച്ച രാജ്യരക്ഷാ മന്ത്രി ഈ സംയമനം മുതലെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർ 'നിലവാരമേറിയ നടപടി' നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ ഒരു പരിധിയും സർക്കാരിന് തടസ്സമാകില്ലെന്ന് അദ്ദേഹം രാഷ്ട്രത്തിന് ഉറപ്പ് നൽകി. ഭാവിയിലും ഇത്തരം ഉത്തരവാദിത്തപൂര്‍ണമായ പ്രതികരണങ്ങൾക്ക് നാം പൂർണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
'സംയോജിത സമീപനത്തിലൂടെയും സാങ്കേതികവിദ്യാധിഷ്ഠിത പ്രക്രിയകളിലൂടെയും ഗുണനിലവാര നിര്‍ണയം ത്വരിതപ്പെടുത്തല്‍’ എന്ന കോൺക്ലേവിന്റെ പ്രമേയം സംബന്ധിച്ച് തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച ശ്രീ രാജ്നാഥ് സിങ്, ലോകമെങ്ങും പ്രതിരോധ മേഖലയിൽ സംഭവിക്കുന്ന വിനാശകരമായ മാറ്റങ്ങളും നവ പരിവർത്തനങ്ങളും കണക്കിലെടുക്കുമ്പോൾ അതിവേഗ ഗുണനിലവാര നിര്‍ണയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രസ്താവിച്ചു.
പ്രതിരോധ പരമാധികാരമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തത്വശാസ്ത്രം അടിസ്ഥാനമാക്കി 2014 മുതൽ പ്രതിരോധ ഉൽപാദന മേഖലയുടെ ശാക്തീകരണത്തിന് സർക്കാർ നൽകുന്ന ഊന്നൽ രാജ്യരക്ഷാമന്ത്രി എടുത്തുപറഞ്ഞു. ഒരു രാജ്യം പ്രതിരോധമേഖലയിലെ അതിന്റെ ആവശ്യങ്ങളിൽ പ്രാപ്തവും സ്വയംപര്യാപ്തവുമാകുന്നതുവരെ സ്വാതന്ത്ര്യം പൂർണമായി കണക്കാക്കാനാവില്ലെന്നതാണ് പ്രതിരോധ പരമാധികാരമെന്ന് അദ്ദേഹം വിശദീകരിച്ചു. ആയുധങ്ങളും മറ്റ് പ്രതിരോധ ഉപകരണങ്ങളും വിദേശത്തുനിന്ന് വാങ്ങുമ്പോള്‍ നമ്മുടെ സുരക്ഷ നാം രാജ്യത്തിന് പുറത്തേക്ക് നല്‍കുകയും മറ്റൊരാളുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ച സര്‍ക്കാര്‍ ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നിർണായക ചുവടുവെപ്പ് നടത്തി. വളര്‍ന്നുവരുന്ന പ്രതിരോധ വ്യാവസായിക ആവാസവ്യവസ്ഥ ഇന്ത്യയ്ക്ക് അഭൂതപൂർവമായ ശക്തി പകരുന്നുവെന്നും ശ്രീ രാജ്നാഥ് സിങ് പറഞ്ഞു.

ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ അംഗീകരിച്ച ശ്രീ രാജ്നാഥ് സിങ് സാങ്കേതികവിദ്യാധിഷ്ഠിത കാലഘട്ടത്തിൽ തത്സമയ ഗുണനിലവാര നിരീക്ഷണത്തിന് കൃത്രിമബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, മെഷീൻ ലേണിംഗ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. വളര്‍ന്നുവരുന്ന ആഗോള സാങ്കേതികവിദ്യകളുമായി ചേര്‍ന്നുനില്‍ക്കുന്നതിന് മാനദണ്ഡങ്ങളും പരിശോധനാ ചട്ടങ്ങളും നവീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ സമയബന്ധിത ഗുണനിലവാര നിര്‍ണയ അനുമതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുണനിലവാര പരിശോധന ഏജൻസികൾ എപ്പോഴും അവരുടെ പോരായ്മകൾ നിരീക്ഷിക്കണമെന്നും പരിശോധനാ അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണത്തിലൂടെയും വികസനത്തിലൂടെയും അവ മറികടക്കാൻ പ്രവർത്തിക്കണമെന്നും രാജ്യരക്ഷാമന്ത്രി കൂട്ടിച്ചേർത്തു. നവീന സാങ്കേതിക രംഗത്തെ വിടവിന്റെ തുടർച്ചയായ വിശകലനം അനിവാര്യ ചുവടുവെയ്പ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യ ഗുണനിലവാര വിലയിരുത്തല്‍ മാതൃകകളില്‍നിന്ന് പ്രവചനാത്മകവും വിവരാധിഷ്ഠിതവുമായ യാന്ത്രികസംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത അടിവരയിട്ട കോണ്‍ക്ലേവ് പ്രതിരോധ ഉൽപാദന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് (ഡിജിക്യുഎ) ആണ് സംഘടിപ്പിച്ചത്. സാക്ഷ്യപ്പെടുത്തലിന്റെ സമയപരിധി വേഗത്തിലാക്കാനും പരിശോധനകൾ കാര്യക്ഷമമാക്കാനും പ്രതിരോധ ഉൽപാദനത്തിൽ തത്സമയ ഗുണനിലവാര മേൽനോട്ടം ഉൾപ്പെടുത്താനും പങ്കാളികളിലുടനീളം തടസ്സരഹിത സഹകരണം അനിവാര്യമാണെന്ന് വിദഗ്ധർ കോണ്‍ക്ലേവില്‍ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.pib.gov.in/PressReleasePage.aspx?PRID=2127735
SKY
*****************
(Release ID: 2127807)
Visitor Counter : 2