പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി മോദി കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരു​ടെ ഉന്നതതല യോഗത്തിൽ അധ്യക്ഷനായി

Posted On: 08 MAY 2025 2:17PM by PIB Thiruvananthpuram

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ദേശീയ തയ്യാറെടുപ്പും വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും അവലോകനംചെയ്യാൻ ഇന്നു കേന്ദ്രഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി.

തുടർച്ചയായ പ്രവർത്തനവും സ്ഥാപനപരമായ അതിജീവനശേഷിയും ഉയർത്തിപ്പിടിക്കുന്നതിനു മന്ത്രാലയങ്ങളും ഏജൻസികളും തമ്മിലുള്ള സുഗമമായ ഏകോപനത്തിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി മോദി ഊന്നൽനൽകി.

നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള മന്ത്രാലയങ്ങളുടെ ആസൂത്രണവും തയ്യാറെടുപ്പും പ്രധാനമന്ത്രി അവലോകനംചെയ്തു.

അതതു മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളുടെ സമഗ്ര അവലോകനം നടത്താനും തയ്യാറെടുപ്പ്, ​ദ്രുതപ്രതികരണം, ആന്തരിക ആശയവിനിമയ നടപടിക്രമങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, അവശ്യസംവിധാനങ്ങളുടെ കുറ്റമറ്റ പ്രവർത്തനം ഉറപ്പാക്കാനും സെക്രട്ടറിമാർക്കു നിർദേശം നൽകി.

നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ സർവതോമുഖ സമീപനത്തിന്റെ ഭാഗമായുള്ള ആസൂത്രണത്തെക്കുറിച്ചു സെക്രട്ടറിമാർ വിശദീകരിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ മന്ത്രാലയങ്ങളും പ്രവർത്തനസാധ്യതകൾ തിരിച്ചറിയുകയും പ്രക്രിയകൾക്കു കൂടുതൽ കരുത്തേകുകയുമാണ്. എല്ലാ സാഹചര്യങ്ങളും നേരിടാൻ മന്ത്രാലയങ്ങൾ സജ്ജമാണ്.

യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ചചെയ്തു. പൊതു പ്രതിരോധ സംവിധാനങ്ങൾക്കു കരുത്തേകൽ, തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തടയാനുള്ള ശ്രമങ്ങൾ, നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാന അധികൃതരുമായും താഴേത്തട്ടിലുള്ള സ്ഥാപനങ്ങളുമായും വളരെയടുത്ത ഏകോപനം നിലനിർത്താനും മന്ത്രാലയങ്ങൾക്കു നിർദേശം നൽകി.

പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, വാർത്താവിതരണ-പ്രക്ഷേപണം, വൈദ്യുതി, ആരോഗ്യം, ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കു പുറമെ ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ദ്രുതപ്രതികരണാത്മക കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ തുടർച്ചയായ ജാഗ്രത, സ്ഥാപനപരമായ സമന്വയം, വ്യക്തമായ ആശയവിനിമയം എന്നിവയ്ക്കു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദേശീയ സുരക്ഷ, പ്രവർത്തനതയ്യാറെടുപ്പ്, പൗരസുരക്ഷ എന്നിവയോടുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ഊട്ടിയുറപ്പിച്ചു.

***

SK


(Release ID: 2127675) Visitor Counter : 3