ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യമായ "ഗഗൻയാൻ" അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചു: ഡോ. ജിതേന്ദ്ര സിംഗ്

Posted On: 06 MAY 2025 6:30PM by PIB Thiruvananthpuram

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യമായ "ഗഗൻയാൻ" അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ആദ്യ ബഹിരാകാശ മനുഷ്യ യാത്ര 2027 ന്റെ ആദ്യ പാദത്തിൽ തന്നെ നടത്താനുള്ള ആസൂത്രണം പൂർത്തിയായി.

ഇന്ന് നാഷണൽ മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (സ്വതന്ത്ര ചുമതല), ഭൗമ ശാസ്ത്ര വകുപ്പ്, പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥ, പൊതുജന പരാതി പരിഹാര വകുപ്പ്, പെൻഷൻ വകുപ്പ് എന്നിവയുടെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദൗത്യത്തിന്റെ നിലവിലെ സ്ഥിതി, സാങ്കേതിക പുരോഗതി, ഇന്ത്യയുടെ ചെലവ് കുറഞ്ഞ ബഹിരാകാശ പരിപാടിയിൽ നിന്നുള്ള വിപുലമായ സാമ്പത്തിക നേട്ടങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

ISRO ചെയർമാൻ, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്ന ഡോ. വി. നാരായണൻ മന്ത്രിയോടൊപ്പം സന്നിഹിതനായിരുന്നു.

ടിവി-ഡി1 ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണവും ഈ വർഷം ആദ്യം നടന്ന ആദ്യത്തെ ക്രൂ രഹിത (ആളില്ലാ ദൗത്യം) ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനും വരാനിരിക്കുന്ന പരീക്ഷണ ഘട്ടങ്ങൾക്ക്  ശക്തമായ അടിത്തറ പാകിയതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിൾ ദൗത്യം (ടിവി-ഡി2) 2025 അവസാനത്തോടെ നടക്കും. തുടർന്ന് ഗഗൻയാന്റെ ക്രൂ രഹിത (ആളില്ലാ ദൗത്യം) യാത്രകൾ  ആരംഭിക്കും. 2027 ൽ ഇന്ത്യയുടെ കന്നി ബഹിരാകാശ മനുഷ്യ യാത്രയോടെ ഈ ഉദ്യമങ്ങൾ അവസാനിക്കും. ഇന്ത്യൻ മണ്ണിൽ നിന്നുയരുന്ന ഒരു ഇന്ത്യൻ റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലെത്തിക്കും.

പദ്ധതിയെ "ചരിത്രപരമായ ദൗത്യം" എന്ന് വിശേഷിപ്പിച്ച ഡോ. ജിതേന്ദ്ര സിംഗ്, ഗഗൻയാൻ ശാസ്ത്രീയ നേട്ടങ്ങൾക്കുപരിയായ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് അടിവരയിട്ടു വ്യക്തമാക്കി. "തദ്ദേശീയ സാങ്കേതികവിദ്യ, സാമ്പത്തിക നേട്ടം, ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നേതൃത്വം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു ആഗോള ബഹിരാകാശ ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ ഉയർച്ചയെ ഇത് പ്രതിനിധീകരിക്കുന്നു," അദ്ദേഹം പറഞ്ഞു. 2035 ഓടെ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ സ്ഥാപിക്കുക, 2040 ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയയ്ക്കുക എന്നിവയുൾപ്പെടെ ബഹിരാകാശ രംഗത്തെ  ഇന്ത്യയുടെ ദീർഘകാല അഭിലാഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹ്യൂമൻ -റേറ്റഡ് എൽവിഎം3 വാഹനം, ക്രൂ എസ്കേപ്പ് സിസ്റ്റം, ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ എന്നിവയെല്ലാം പരീക്ഷണത്തിന്റെയും സംയോജനത്തിന്റെയും അവസാന ഘട്ടങ്ങളിലാണ്. ബഹിരാകാശത്തേയ്ക്കുള്ള ആളില്ലാ ഗഗൻയാൻ ദൗത്യം ഈ വർഷം അവസാനത്തോടെ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണെന്നും, ഇന്ത്യൻ നാവികസേനയുമായി ചേർന്ന് ഇതിനോടകം റിക്കവറി ട്രയലുകൾ പൂർത്തിയാക്കിയതായും കൂടുതൽ സമുദ്ര റിക്കവറി സിമുലേഷനുകൾ  (വീണ്ടെടുക്കൽ പരീക്ഷണം) ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.


ബഹിരാകാശയാത്രികരുടെ പരിശീലനം ക്രമാനുഗതമായി പുരോഗമിക്കുന്നു.

ബഹിരാകാശയാത്രയ്ക്ക് നിയുക്തരായ നാല് ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയതായും കൂടുതൽ ദൗത്യ-നിർദ്ദിഷ്ട പരിശീലനങ്ങൾ ഇന്ത്യയിൽ നടത്തി വരുന്നതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അവരുടെ ആരോഗ്യം, മാനസിക ക്ഷമത, സിമുലേഷൻ അധിഷ്ഠിത പ്രവർത്തന സന്നദ്ധത എന്നിവ ഇന്ത്യയുടെ ബഹിരാകാശയാത്രിക പരിശീലന കേന്ദ്രത്തിൽ തുടർച്ചയായി വിലയിരുത്തപ്പെടുന്നു.

ഈ സാങ്കേതിക പുരോഗതികൾ പങ്കുവച്ചതിനൊപ്പം, ദൗത്യത്തിന്റെ കുറഞ്ഞ ചെലവിനെക്കുറിച്ച് ഡോ. ജിതേന്ദ്ര സിംഗ് ഊന്നിപ്പറഞ്ഞു. "മറ്റ് രാജ്യങ്ങൾ നടത്തുന്ന സമാനമായ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗഗൻയാൻ പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ് വളരെ കുറവാണ്," മന്ത്രി വ്യക്തമാക്കി.

റോബോട്ടിക്സ്, മെറ്റീരിയൽസ്, ഇലക്ട്രോണിക്സ്, മെഡിസിൻ എന്നീ മേഖലകളിലെ പുരോഗതി മൂലം ഈ പരിപാടി ഇതിനോടകം ആകാംക്ഷയ്ക്ക് പത്രമായിട്ടുണ്ട്. കൂടാതെ ഇന്ത്യൻ വ്യവസായ ലോകവുമായി കൂടുതൽ ശക്തമായ സഹകരണം വളർത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്. "ഇന്ന്, ഗഗൻയാൻ കേവലം ഇസ്രോയുടെ മാത്രം ദൗത്യമല്ല, മറിച്ച് ഇന്ത്യയുടെ ദൗത്യമാണ്," സർക്കാർ തുടക്കം കുറിച്ച നയ പരിഷ്‌ക്കാരങ്ങളെ പിൻപറ്റി സ്വകാര്യ മേഖലയും സ്റ്റാർട്ടപ്പുകളും വഹിക്കുന്ന നിർണ്ണായക പങ്ക്  ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി.

ഗഗൻയാൻ ഒരു സ്വാശ്രയ ബഹിരാകാശ ശക്തിഎന്ന നിലയിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഗതിവേഗം വർദ്ധിപ്പിക്കുകയും പുതിയ തലമുറയിലെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സംരംഭകർ തുടങ്ങിയവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്ന തന്റെ വീക്ഷണം ചെയർമാൻ ആവർത്തിച്ചു. 2026 ൽ പ്രതീക്ഷിക്കുന്ന  ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യത്തോടെ, സ്വതന്ത്രമായി ബഹിരാകാശ മനുഷ്യ യാത്രയ്ക്കുള്ള ശേഷി വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പിൽ അംഗമാകാൻ ഇന്ത്യ ഒരുങ്ങുകയാണ്.

ഗഗൻയാൻ ലക്ഷ്യവേധിയായ കൃത്യതയോടെ മുന്നേറുമ്പോൾ, അത് ശാസ്ത്ര രംഗത്തെ ശേഷിയിൽ ഒരു കുതിച്ചുചാട്ടമായി മാത്രമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ സാമ്പത്തികവും തന്ത്രപരവുമായ ദീർഘകാല അഭിലാഷങ്ങളുടെ ശക്തമായ പ്രതീകമായും വർത്തിക്കുന്നു.

 


(Release ID: 2127365) Visitor Counter : 8