വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന് ഓഫ്-കാമ്പസ് സെന്റർ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചു

Posted On: 06 MAY 2025 10:37AM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (IIFT) ഒരു ഓഫ്-കാമ്പസ് സെന്റർ ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. 2023 ലെ UGC ( കൽപിത സർവ്വകലാശാല ) ചട്ടങ്ങൾ അനുസരിച്ചായിരിക്കും ഈ കേന്ദ്രം സ്ഥാപിക്കുക.
 
2025 ജനുവരിയിലെ താല്പര്യ പത്രത്തിൽ (LoI) പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ IIFT വിജയകരമായി പാലിച്ചതിന് പിന്നാലെയാണ് UGC നിയമം1956 ലെ വകുപ്പ് 3 പ്രകാരമുള്ള അംഗീകാരം ലഭിക്കുന്നത്. 1,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്ന തരത്തിൽ ഒരു മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഒരു വികസന രൂപരേഖയുടെ സമർപ്പണം, യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യത, വിശദമായ അക്കാദമിക പ്രോഗ്രാമുകൾ, സ്ഥിരമായ കാമ്പസിനുള്ള പദ്ധതികൾ, അത്യാധുനിക ലൈബ്രറി സൃഷ്ടിക്കൽ എന്നിവ ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
 
 "ഇന്ത്യയുടെ ആഗോള സാമ്പത്തിക കേന്ദ്രമായ ഗിഫ്‌റ്റ്സിറ്റിയിൽ പുതിയ ഓഫ്-കാമ്പസ് സെന്റർ തുറക്കാൻ അനുമതി ലഭിച്ചതിൽ ഐഐഎഫ് ടിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രോഗ്രാമായ എം ബി എ (ഇന്റർനാഷണൽ ബിസിനസ്സ്)യിൽ പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും കൂടാതെ അന്താരാഷ്ട്ര വ്യാപാര മേഖലയിലെ ഹ്രസ്വകാല പരിശീലന പരിപാടികൾക്കും ഗവേഷണത്തിനും ഇത് വഴിയൊരുക്കുന്നു" എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ IIFT-യെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.
 
ഗിഫ്റ്റ് ടവർ-2 കെട്ടിടത്തിന്റെ 16, 17 നിലകളിലായിരിക്കും ഗിഫ്റ്റ് സിറ്റി കാമ്പസ് പ്രവർത്തിക്കുക.  ഐഐഎഫ്ടിയുടെ പ്രധാന കോഴ്സ് ആയ എംബിഎ (ഇന്റർനാഷണൽ ബിസിനസ്) പ്രോഗ്രാമിനൊപ്പം അന്താരാഷ്ട്ര വ്യാപാരത്തിലും അനുബന്ധ മേഖലകളിലും പ്രത്യേക ഹ്രസ്വകാല പരിശീലന കോഴ്സുകളും ഗവേഷണ പ്രവർത്തനവും ഈ കേന്ദ്രം വാഗ്ദാനം ചെയ്യും.
 
 വിവിധ മേഖലകളിലെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെ ലക്ഷ്യങ്ങളുമായി ഈ സംരംഭം യോജിക്കുന്നു.
 
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിൽ 1963 ൽ സ്ഥാപിതമായ IIFT, അന്താരാഷ്ട്ര വ്യാപാര മേഖലയിലെ ശേഷി വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാന സ്ഥാപനമാണ്. 2002 ൽ ഇത് ഒരു കല്പിത സർവ്വകലാശാലയായി (Deemed to be University)  പ്രഖ്യാപിക്കപ്പെട്ടു. NAAC -ൽ നിന്ന് A+ ഗ്രേഡ്, AACSB യുടെ അംഗീകാരം എന്നിവ നേടിയ ഈ സ്ഥാപനം, ആഗോളതലത്തിൽ അംഗീകൃതമായ ബിസിനസ്സ് സ്കൂളുകൾ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
 
ഗിഫ്റ്റ് സിറ്റി കാമ്പസ്, രാജ്യത്തിന്റെ വ്യാപാര വിദ്യാഭ്യാസ ആവാസവ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുമെന്നും ആഗോള കയറ്റുമതി മേഖലയിലെ ശക്തികേന്ദ്രമാകാനുള്ള രാജ്യത്തിന്റെ അഭിലാഷത്തെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
*****

(Release ID: 2127235)