യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഡൽഹിയിൽ അധ്യാപകരുൾപ്പെടെ 750 ഓളം പേർ പങ്കെടുത്ത ഫിറ്റ് ഇന്ത്യ 'സൺഡേസ് ഓൺ സൈക്കിൾ' പ്രത്യേക പരിപാടിയ്ക്ക് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകി

ദേശീയ തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപകർക്കൊപ്പം ഒളിമ്പ്യൻ ഗുസ്തി താരങ്ങളായ രവി ദഹിയയും ദീപക് പുനിയയും പങ്കുചേർന്നു.

Posted On: 04 MAY 2025 3:05PM by PIB Thiruvananthpuram
 
ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം ഞായറാഴ്ച രാവിലെ ഫിറ്റ്‌നസിന്റെയും പ്രചോദനത്തിന്റെയും ആഘോഷ വേദിയായി മാറി. ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പിൽ അധ്യാപകർ, അത്‌ലറ്റുകൾ, ഫിറ്റ് ഇന്ത്യ പരിപാടിയിലെ അംഗങ്ങൾ, ഫിറ്റ്‌നസ് പ്രേമികൾ എന്നിവരുൾപ്പെടെ 750 പേർ ആവേശത്തോടെ പങ്കെടുത്തു.
 
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് നേതൃത്വം നൽകിയത്. ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് രവി ദഹിയ, ഒളിമ്പ്യനും കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവുമായ ദീപക് പുനിയ, ഗിന്നസ് ലോക റെക്കോർഡ് ഉടമ റോഹ്താഷ് ചൗധരി (ഇന്ത്യയുടെ പുഷ്-അപ്പ് മാൻ), ലോകത്തിലെ പത്താമത്തെ ഉയരം കൂടിയ - 8091 മീറ്റർ ഉയരമുള്ള  അന്നപൂർണ പർവ്വതം,12 ദിവസത്തിനുള്ളിൽ കീഴടക്കിയ പ്രശസ്ത പർവതാരോഹകൻ നരേന്ദർ കുമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം കേന്ദ്ര സ്‌പോർട്‌സ് സെക്രട്ടറി ശ്രീ. ഹരി രഞ്ജൻ റാവുവും പരിപാടിയിൽ സൈക്കിൾ ചവിട്ടി.
 
 
 
'അധ്യാപകർക്കൊപ്പം സൈക്ലിംഗ്' എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന ഈ ആഴ്ചയിലെ പരിപാടിയിൽ, സ്കൂളുകൾ, സർവകലാശാലകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകർ, മെന്റർമാർ , അക്കാദമിക് പരിശീലകർ എന്നിവർ പങ്കെടുത്തു.
 "നമ്മുടെ വിദ്യാർത്ഥികളുടെ ഹീറോകളാണ് അധ്യാപകർ. ഇനി നിങ്ങൾ വികസിതഭാരതത്തിന്റെ ഹീറോകളായി മാറണം. നിങ്ങൾക്കെല്ലാവർക്കും സൈക്ലിംഗ് ഒരു ഫാഷനായി മാറ്റാം. എല്ലാ അധ്യാപകരും സ്വയം സൈക്കിൾ ഉപയോഗിക്കുകയും വിദ്യാർത്ഥികളോട് അത് അനുകരിക്കാൻ ആവശ്യപ്പെടുകയും വേണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നാം ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചു. പക്ഷേ നമ്മുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനാൽ, ഡിജിറ്റൽ പ്രവർത്തനങ്ങളിൽ നിന്ന് ശാരീരിക പ്രവർത്തനങ്ങളിലേക്ക് നാം മാറേണ്ടതുണ്ട്. ഇത് ' അമിത വണ്ണത്തിനെതിരെ പോരാടുക' എന്ന ദൗത്യവും നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവച്ച ഫിറ്റ് ഇന്ത്യ, വികസിത ഭാരതം എന്നീ കാഴ്ചപ്പാടുകളും സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പാക്കും,"പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. മാണ്ഡവ്യ പറഞ്ഞു.
 
ഈ ഞായറാഴ്ചത്തെ പരിപാടി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI), മൈ ഭാരത്, സംസ്ഥാന ഗവൺമെന്റുകൾ എന്നിവരുമായി സഹകരിച്ച് അധ്യാപകരുടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്. ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PEFI), ഡൽഹി യൂണിവേഴ്സിറ്റി, സിബിഎസ്ഇ, സിഐഎസ് സി ഇ ബോർഡുകൾ, കേന്ദ്രീയ വിദ്യാലയം, നാഷണൽ പ്രോഗ്രസീവ് സ്കൂൾ കോൺഫറൻസ്, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, യോഗാസന ഇന്ത്യ, ഇന്ത്യൻ റോപ്പ് സ്കിപ്പിംഗ് ഫൗണ്ടേഷൻ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി.
 
ഗുസ്തി താരങ്ങളായ രവി ദഹിയയും ദീപക് പുനിയയും പരിപാടിയിൽ പങ്കെടുത്തവരുമായി സംവദിച്ചു. ദൈനംദിന ജീവിതചര്യയിൽ ശാരീരിക ക്ഷമതയ്ക്കുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ യുവാക്കളോടും അധ്യാപകരോടും ആഹ്വാനം ചെയ്തു. “ശാരീരിക ക്ഷമതയ്ക്ക് സമഗ്രമായ ശ്രദ്ധ നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഗവൺമെന്റ് ആരംഭിച്ച വളരെ പ്രധാനപ്പെട്ട ഒരു പ്രസ്ഥാനമാണിത്. ‘നിങ്ങളുടെ ശരീരമാണ് ഏറ്റവും ശക്തമായ വസ്തു' എന്ന ചിന്തയോടെ എല്ലാവരും ദിവസവും കുറഞ്ഞത് 1-2 മണിക്കൂറെങ്കിലും സൈക്കിൾ ചവിട്ടണം,” ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് രവി ദഹിയ അഭിപ്രായപ്പെട്ടു.
 
 "ഈ പ്രശംസനീയമായ പ്രസ്ഥാനത്തെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുകയും മലിനീകരണത്തോത് കുറഞ്ഞ ഇന്ത്യയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നതിനാൽ എല്ലാവരും സൈക്ലിംഗ് ശീലമാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," ടോക്കിയോ ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ ദീപക് പുനിയ കൂട്ടിച്ചേർത്തു.
 
 
 
അന്നപൂർണ്ണ പർവ്വത പര്യവേക്ഷണത്തിൽ പങ്കെടുത്ത നരേന്ദർ കുമാറും പരിപാടിയിൽ  സന്നിഹിതനായിരുന്നു. “ആരോഗ്യത്തിന് സൈക്ലിംഗ് ഒരു മികച്ച തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സൺഡേസ് ഓൺ സൈക്കിൾ പരിപാടി അത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണെന്ന് കരുതുന്നു . എനിക്ക്, അന്നപൂർണ്ണ കയറുന്നത് തീർച്ചയായും ബുദ്ധിമുട്ടായിരുന്നു, പക്ഷേ അത് സാധ്യമാക്കിയത് ശാരീരിക ക്ഷമതയ്ക്കായുള്ള നിരന്തരമായ ശ്രമങ്ങളാണ്. ഈ പ്രസ്ഥാനവും ആ സന്ദേശം നൽകുന്നു," അദ്ദേഹം പറഞ്ഞു.
 
2024 ഡിസംബറിൽ ആരംഭിച്ചതിനുശേഷം ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ സംരംഭത്തിൽ 5000-ത്തിലധികം സ്ഥലങ്ങളിലായി 2.5 ലക്ഷം പേർ പങ്കെടുത്തു . ആൻഡമാൻ നിക്കോബാർ, ജമ്മു കശ്മീർ, ലഡാക്ക്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലും ഈ സൈക്ലിംഗ് യജ്ഞ പരിപാടി എത്തിയിട്ടുണ്ട്. SAI പ്രാദേശിക കേന്ദ്രങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ (NCOEs), SAI പരിശീലന കേന്ദ്രങ്ങൾ, SAI എക്സ്റ്റൻഷൻ സെന്ററുകൾ, ഖേലോ ഇന്ത്യ സെന്ററുകൾ (KICs), ഖേലോ ഇന്ത്യ സംസ്ഥാന മികവ് കേന്ദ്രങ്ങൾ (KISCEs) എന്നിവയിൽ നിന്നുള്ള വൻ പങ്കാളിത്തത്തോടെ രാജ്യവ്യാപകമായി ഒരേസമയം പരിപാടികൾ നടക്കുന്നു.
*******************
 

(Release ID: 2126813) Visitor Counter : 13