വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പ്രതീക്ഷാനിർഭരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) 2025 അവസാനത്തോടെ ഒപ്പുവയ്ക്കാനും തന്ത്രപരമായ വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യയും യൂറോപ്യൻ യൂണിയനും ആവർത്തിച്ചു

Posted On: 02 MAY 2025 10:24AM by PIB Thiruvananthpuram
ആഗോള വ്യാപാര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും, 2025 അവസാനത്തോടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) അന്തിമമാക്കുന്നതിനുള്ള ഇരുപക്ഷത്തിന്റെയും ദൃഢനിശ്ചയം ആവർത്തിച്ചുറപ്പിക്കുന്നതിനുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും യൂറോപ്യൻ വ്യാപാര സാമ്പത്തിക സുരക്ഷാ കമ്മീഷണർ ശ്രീ മരോഷ് ഷെഫ്‌കോവിച്ചും, പുരോഗമനപരവും അർത്ഥപൂർണ്ണവുമായ സംഭാഷണത്തിൽ ഏർപ്പെട്ടു. 2025 ഫെബ്രുവരിയിൽ EU കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ശ്രീമതി ഉർസുല വോൺ ഡെർ ലെയ്‌നും സംയുക്തമായി മുന്നോട്ടു വച്ച തന്ത്രപരമായ ദിശാബോധത്തിലൂന്നിയുള്ളതാണ് പ്രതിബദ്ധത.

വാണിജ്യപരമായി അർത്ഥപൂർണ്ണവും, പരസ്പര പ്രയോജനകരവും, സന്തുലിതവും, ന്യായയുക്തവുമായ  വ്യാപാര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ഇരു പക്ഷവും നൽകുന്ന തന്ത്രപരമായ പ്രാധാന്യം ഉന്നതതല ഇടപെടൽ അടിവരയിടുന്നു. ഇത് സാമ്പത്തിക സ്ഥിരതയെയും സർവ്വാശ്ലേഷിയായ വളർച്ചയെയും പിന്തുണയ്ക്കുന്നു. വിവിധ ചർച്ചാ മാർഗ്ഗങ്ങളിലൂടെ കൈവരിച്ച പുരോഗതി യോഗത്തിൽ ഇരു പക്ഷവും അംഗീകരിക്കുകയും പ്രതിമാസ ചർച്ചകളിലൂടെയും  തുടർച്ചയായ വെർച്വൽ ഇടപെടലിലൂടെയും അതിന്റെ വേഗത നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 2025 മെയ് 12 മുതൽ 16 വരെ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന അടുത്ത ചർച്ചയിൽ ഉൾപ്പെടെ, പരസ്പര ബഹുമാനത്തിന്റെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിൽ തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഇരുപക്ഷവും ആവർത്തിച്ചത്.

വ്യാപാര ചർച്ചകളിൽ അർത്ഥവത്തായ പുരോഗതി സാധ്യമാകണമെങ്കിൽ, താരിഫ് ചർച്ചകൾക്കൊപ്പം താരിഫ് ഇതര തടസ്സങ്ങളിലും (NTBs) സമാന ശ്രദ്ധ ആവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാവർക്കും ബാധകവും, ആനുപാതികവും, വ്യാപാര നിയന്ത്രണം ഒഴിവാക്കുന്നതും ആയിരിക്കണം നിയന്ത്രണ ചട്ടക്കൂടുകൾ.

ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണച്ചുകൊണ്ടും, വൈവിധ്യപൂർണ്ണവും സ്ഥിരതയാർന്നതുമായ വിതരണ ശൃംഖലകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ആഗോള വാണിജ്യത്തിന്റെ വികസിതമാകുന്ന യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാൻ ഇന്ത്യ-യൂറോപ്യൻ യൂണിയൻ  സ്വതന്ത്ര വ്യാപാര കരാർ (FTA) ലക്ഷ്യമിടുന്നു. കരാർ അന്തിമമായിക്കഴിഞ്ഞാൽ, വിപുലവും തന്ത്രപരവുമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തത്തിന്റെ പരിവർത്തനാത്മക സ്തംഭമായി ഇത് വർത്തിക്കുമെന്നും, വിപണി പ്രവേശനം മെച്ചപ്പെടുത്തുമെന്നും, നിയന്ത്രണ സഹകരണത്തെ പിന്തുണയ്ക്കുമെന്നും, നൂതനാശയങ്ങളും മത്സരശേഷിയും വളർത്തുമെന്നും ഇരുപക്ഷവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സാമ്പത്തിക മുന്നേറ്റം നിലനിർത്തുന്നതിൽ നിക്ഷേപ പ്രവാഹങ്ങളുടെയും ജോലി, വിദ്യാഭ്യാസം, വ്യക്തിഗത വികസനം തുടങ്ങിയ ലക്ഷ്യമിട്ടുള്ള വ്യക്തികളുടെ സഞ്ചാരത്തിന്റെയും പങ്ക് ഇരുപക്ഷവും അംഗീകരിച്ചു.

ലോകത്തിന്റെ വിശ്വസനീയ പങ്കാളിയെന്ന നിലയിൽ "വിശ്വമിത്ര"മായി ഇന്ത്യ ഉയർന്നുവരുന്നതിന്റെയും 2047 ലെ വികസന ലക്ഷ്യങ്ങളോടടുക്കുന്നതിന്റെയും ആവേശത്തിൽ, വൈവിധ്യമാർന്ന ഉത്പാദന ശൃംഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ന്യായമായ വ്യാപാര തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ഒരു ഉപാധിയായാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വീക്ഷിക്കപ്പെടുന്നത്. വിവിധ സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ സ്വന്തം സ്വാധീനം വിപുലീകരിക്കുന്നത് ഇന്ത്യ തുടരുമ്പോൾ, ദേശീയ മുൻഗണനകൾക്കും ആഗോള അഭിലാഷങ്ങൾക്കും അനുപൂരകവും ഭാവിസജ്ജവുമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിനെയാണ് ഈ സംഭാഷണം പ്രതിഫലിപ്പിക്കുന്നത്.
 
SKY
 
*****
 

(Release ID: 2126045) Visitor Counter : 20