നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

നൈപുണ്യ വികസനത്തിലെ തന്ത്രപരമായ സഹകരണത്തിലൂടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും ഈജിപ്തും തീരുമാനിച്ചു.

Posted On: 29 APR 2025 1:15PM by PIB Thiruvananthpuram
ഇന്ത്യ സന്ദർശിക്കുന്ന, ആദരണീയ ഈജിപ്ഷ്യൻ സാങ്കേതിക വിദ്യാഭ്യാസ സഹമന്ത്രി പ്രൊഫ. ഡോ. അയ്മാൻ ബഹാ എൽ ദിൻ നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘം 2025 ഏപ്രിൽ 28 ന് ന്യൂഡൽഹിയിലെ കൗശൽ ഭവനിൽ നിർണ്ണായക ചർച്ചകളിൽ ഏർപ്പെടുകയും പ്രസ്തുത ചർച്ചകൾക്ക് ഭാരത സർക്കാരിന് കീഴിലുള്ള നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം (MSDE) ആതിഥേയത്വം വഹിക്കുകയും ചെയ്തു. 2023-ൽ ഉഭയകക്ഷി ബന്ധങ്ങൾ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുകയും, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുകയും ചെയ്ത ശേഷം, ഇന്ത്യ-ഈജിപ്ത് ബന്ധം നിരന്തരം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ നടന്ന ചർച്ചകൾ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറി.
 
MSDE സെക്രട്ടറി ശ്രീ അതുൽ കുമാർ തിവാരി, ഇരു രാജ്യങ്ങലെയും ജനങ്ങൾ തമ്മിൽ നിലനിൽക്കുന്ന ബന്ധവും സ്ഥാപനപരമായ സഹകരണവും ചൂണ്ടിക്കാട്ടി. സ്‌കിൽ ഇന്ത്യ മിഷനിലൂടെ "ആഗോള നൈപുണ്യ തലസ്ഥാനം" ആയി ഉയരുകയെന്ന ഇന്ത്യയുടെ ദർശനത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിർമ്മിത ബുദ്ധി , റോബോട്ടിക്‌സ്, ബിഗ് ഡാറ്റ തുടങ്ങി നൂതന മേഖലകളിൽ ഇതിനോടകം 400,000 ത്തോളം വ്യക്തികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഒപ്പം 1.3 ദശലക്ഷത്തിലധികം സംരംഭകർക്ക് പ്രോത്സാഹനവും നൽകുന്നു .
 
ഇന്ത്യയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന (TVET) ആവാസവ്യവസ്ഥയെ ആഗോള നിലവാരത്തിലേക്കുയർത്താനുള്ള ശ്രമങ്ങളും, ലോകോത്തര സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കുന്നതും അന്താരാഷ്ട്ര സഹകരണത്തിലെ മാതൃകകളായി വാഴ്ത്തപ്പെട്ടു.
 
ഈജിപ്തിന്റെ സമഗ്രമായ TVET പരിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈജിപ്ഷ്യൻ പ്രതിനിധി സംഘം പങ്കുവെച്ചു. വിപുലീകരണ സാധ്യതയുള്ളതും ചെലവ് കുറഞ്ഞതുമായ ഇന്ത്യയുടെ നൈപുണ്യ മാതൃകകൾക്ക് സമാനമായി, യൂറോപ്യൻ യൂണിയൻ പിന്തുണയുള്ള TVET ഈജിപ്ത് പരിഷ്ക്കരണ പരിപാടി, സെക്ടർ സ്കിൽ കൗൺസിലുകളുടെ സ്ഥാപനം എന്നിവ ചർച്ചയായി. ഇന്ത്യയുടെ NIELIT-യും ഈജിപ്തിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള 2024 ലെ ധാരണാപത്രം, അമിറ്റി സർവകലാശാലയുമായുള്ള El-Sewedy ഗ്രൂപ്പിന്റെ പങ്കാളിത്തം, കെയ്‌റോയിലെ ഇന്ത്യൻ പിന്തുണയുള്ള തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി, നിലവിലുള്ള സഹകരണങ്ങളുടെ വിജയം ഇരുപക്ഷവും അംഗീകരിച്ചു.
 
മുന്നിലേക്കുള്ള പാതയിൽ, വിവിധമേഖലകളിലെ ഭാവി സഹകരണത്തിനുള്ള സാദ്ധ്യതകൾ ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞു. സംയുക്ത സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, അധ്യാപക-വിദ്യാർത്ഥി കൈമാറ്റങ്ങൾ, ഡിജിറ്റൽ വൈദഗ്ധ്യ-സംരംഭകത്വ സംരംഭങ്ങൾ, വിവരസാങ്കേതികവിദ്യ, കൃഷി, വിനോദസഞ്ചാരം, ഹരിത വൈദഗ്ധ്യം തുടങ്ങിയ മുൻഗണനാ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും ഭാവിസജ്ജവുമായ തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിനും വിശാലമായ ദക്ഷിണ-ദക്ഷിണ സഹകരണത്തിനുള്ള മാതൃകയായി ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം ഉപയോഗിക്കുന്നതിനുമുള്ള സമാന പ്രതിബദ്ധത ഇരു പ്രതിനിധികളും വ്യക്തമാക്കി.
***************
 

(Release ID: 2125284) Visitor Counter : 8