ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

എല്ലാവരെയും ഉൾക്കൊള്ളലും ആവിഷ്കാര സ്വാതന്ത്ര്യവും നമ്മുടെ സമ്പന്നമായ പൈതൃകമാണ് - ഉപരാഷ്ട്രപതി

കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ നടന്ന സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 27 APR 2025 2:49PM by PIB Thiruvananthpuram
" ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതയാണ് ഭാരതം. സമാധാനം ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രമാണിത്. എല്ലാവരെയും ഉൾക്കൊള്ളലും ആവിഷ്കാര, ചിന്താ സ്വാതന്ത്ര്യവും നമ്മുടെ പൈതൃകമാണ്" - ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു.
 
"വികസിത ഭാരതത്തിനായി കാർഷിക വിദ്യാഭ്യാസം, നൂതനാശയം , സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുക" എന്ന വിഷയത്തിൽ കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ നടന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ, നമ്മുടെ നാഗരികതയിൽ സമഗ്രതയും ആവിഷ്കാര സ്വാതന്ത്ര്യവും അഭിവൃദ്ധി പ്രാപിച്ചു, വളർന്നു, ബഹുമാനിക്കപ്പെട്ടു എന്ന് കാണാം. ഇന്നത്തെ കാലത്ത്, ഇന്ത്യയിൽ ആവിഷ്കാരത്തിന്റെയും ഉൾക്കൊള്ളലിന്റെയും അനുപാതവും നിരക്കും ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണെന്ന് അദ്ദേഹം പറഞ്ഞു. "ചുറ്റും നോക്കൂ, ഉൾക്കൊള്ളലും ആവിഷ്കാര സ്വാതന്ത്ര്യവും പ്രകടിപ്പിക്കാൻ കഴിയുന്ന ഭാരതമല്ലാതെ മറ്റൊരു രാജ്യവുമില്ല ," അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യം, ഏറ്റവും പുരാതനമായ ജനാധിപത്യം, ഏറ്റവും ഊർജ്ജസ്വലമായ ജനാധിപത്യം എന്നീ സവിശേഷതകളുള്ള മഹത്തായ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ, ആവിഷ്കാര സ്വാതന്ത്ര്യവും ഉൾക്കൊള്ളലും നമ്മുടെ ദേശീയ സ്വത്താണെന്ന് നാം അതീവ ജാഗ്രതയോടെയും അവബോധത്തോടെയും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 "ഭക്ഷ്യ സുരക്ഷയിൽ നിന്ന് കാർഷിക അഭിവൃദ്ധിയിലേക്ക് നാം നീങ്ങണം" എന്ന് കാർഷിക മേഖലയെ പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി എടുത്തു പറഞ്ഞു. കർഷകൻ പുരോഗതി നേടണമെന്നും ഈ മാറ്റം തമിഴ്‌നാട് കാർഷിക സർവകലാശാല പോലുള്ള സ്ഥാപനങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
 
കർഷകർ, ഉൽപാദനത്തിനും അപ്പുറം അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. "കർഷകർ ഒരു ഉത്പാദകനായി മാത്രം മാറരുത്. അവർ കഠിനാധ്വാനം ചെയ്ത്, അക്ഷീണം വിളവ് ശേഖരിച്ച്,കൈവശം വയ്ക്കാതെ തന്നെ അത് വിപണിയിൽ വിൽക്കുന്നു എന്നതാണ് രീതി . ഇത് സാമ്പത്തികമായി വലിയ ലാഭം നൽകുന്നില്ല," അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ സഹകരണ സംവിധാനം വളരെ ശക്തമാണെന്ന് കർഷകരെ ബോധവൽക്കരിക്കുന്നതിലൂടെ അവരെ ശാക്തീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 
"ഇത് ആദ്യമായി, നമുക്ക് സഹകരണ മന്ത്രിയുണ്ട്. നമ്മുടെ ഭരണഘടനയിൽ സഹകരണ സ്ഥാപനങ്ങൾക്ക് സ്ഥാനം ലഭിക്കുന്നു. അതിനാൽ, നമുക്ക് വേണ്ടത് കർഷക വ്യാപാരികളെയാണ്, കർഷക സംരംഭകരെയാണ്. ഒരു കർഷകൻ ഉൽപ്പാദകനിൽ നിന്ന് മൂല്യവർദ്ധകനായി മാറുകയും, ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസായം ആരംഭിക്കുകയും ചെയ്യണമെന്ന മനോഭാവത്തിലേക്ക് നീങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

 
കാർഷികോൽപ്പന്ന വിപണി വളരെ ബൃഹത്താണെന്നും, കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയിലൂടെ വ്യവസായം അഭിവൃദ്ധി പ്രാപിക്കുമെന്നും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

രാജ്യം മികച്ച സാമ്പത്തിക ഉയർച്ചയ്ക്കും, അടിസ്ഥാന സൗകര്യ വളർച്ചയ്ക്കും, എല്ലാവരിലും എത്തുന്ന സാങ്കേതിക മുന്നേറ്റത്തിനും സാക്ഷ്യം വഹിക്കുമ്പോൾ രാഷ്ട്രത്തിന്റെയും അതിന്റെ നേതാവായ പ്രധാനമന്ത്രിയുടെയും അന്താരാഷ്ട്ര അംഗീകാരം എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് മനസ്സിലാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ശ്രീ ധൻഖർ എടുത്തുപറഞ്ഞു . "അതിനാൽ, രാജ്യത്തിന്റെ ഈ പുരോഗതി നിലനിർത്തുന്നതിന് പൗരന്മാർ എന്ന നിലയിൽ സംഭാവന നൽകുന്നതിൽ നമുക്ക് വലിയ പങ്കുണ്ട്." അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

 ഓരോ പൗരനും പ്രതീക്ഷയുടെയും അവസരങ്ങളുടെയും ആവാസവ്യവസ്ഥയെക്കുറിച്ച് പൂർണ്ണമായി ബോധവാന്മാരാകാനും അത് പ്രയോജനപ്പെടുത്താനുമുള്ള ശരിയായ സമയമാണിതെന്ന് പൗരന്മാരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി പറഞ്ഞു. 'രാഷ്ട്രം ആദ്യം' എന്നത് നമ്മുടെ മുദ്രാവാക്യമായിരിക്കണമെന്നും, രാഷ്ട്രത്തോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നും വഴികാട്ടിയാകണമെന്നും അതിൽ എല്ലാവരും ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. "രാഷ്ട്രത്തിന്റെ താൽപ്പര്യത്തേക്കാൾ ഉയർന്ന താൽപ്പര്യം മറ്റൊന്നിനും ഉണ്ടാകരുത്" അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൃഷിയിൽ ഗവേഷണത്തിനും സാങ്കേതികവിദ്യയ്ക്കും ഉള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം പരീക്ഷണശാലയും കൃഷി ഭൂമിയും തമ്മിലുള്ള വിടവ് നികത്തുക മാത്രമല്ല -അവ തമ്മിൽ ഒരു സുഗമമായ ബന്ധം സൃഷ്ടിക്കുകയും വേണമെന്ന് ഊന്നിപ്പറഞ്ഞു. " പരീക്ഷണശാലയും കൃഷി ഭൂമിയും ഒന്നിച്ചായിരിക്കണം. രാജ്യത്തെ 730-ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങൾ കർഷകരുമായി ഇടപഴകുന്നതിനും കർഷകരെ ബോധവൽക്കരിക്കുന്നതിനുമുള്ള ഊർജ്ജസ്വലമായ കേന്ദ്രങ്ങളായിരിക്കണം," അദ്ദേഹം പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രങ്ങളെയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനെയും ബന്ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതിൽ തന്നെ കാർഷിക ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 150-ലധികം സ്ഥാപനങ്ങളുണ്ട്.
 
ഗവൺമെന്റിന്റെ സംരംഭങ്ങളെ പ്രശംസിച്ചുകൊണ്ട്, പ്രധാനമന്ത്രി കിസാൻ നിധി സമ്മാൻ പോലുള്ള നൂതന പദ്ധതികൾ കേവലം സൗജന്യങ്ങളല്ല, മറിച്ച് നമ്മുടെ ജീവരേഖയായ ഒരു മേഖലയോട് നീതി പുലർത്തുന്നതിനുള്ള നടപടികളാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. "ഇത് കർഷകന് നേരിട്ടുള്ള കൈമാറ്റമാണ്," അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
 “നമ്മുടെ രാജ്യത്ത് വളങ്ങൾക്ക് വൻതോതിൽ സബ്‌സിഡി ഉണ്ട്. കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ നിലവിൽ വളം മേഖലയ്ക്ക് നൽകുന്ന സബ്‌സിഡി, ഇനി നേരിട്ട് കർഷകന് ലഭിക്കുകയാണെങ്കിൽ, ഓരോ കർഷകനും പ്രതിവർഷം ഏകദേശം 35,000 രൂപ ലഭിക്കുമെന്ന് തമിഴ്‌നാട് കാർഷിക സർവകലാശാല പോലുള്ള സ്ഥാപനങ്ങൾ ചിന്തിക്കണം" അദ്ദേഹം പറഞ്ഞു.
 
 വിശാലമായ ദേശീയ കാഴ്ചപ്പാടിനെ ഉറപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഇങ്ങനെ പറഞ്ഞു:“വികസിത ഭാരതം എന്ന നേട്ടം കൈവരിക്കുന്നതിന് തമിഴ്‌നാട് കാർഷിക സർവകലാശാല പോലുള്ള സ്ഥാപനങ്ങൾ ശ്രദ്ധാപൂർവ്വം മുന്നോട്ട് നീങ്ങണം . ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് നിർണായക സംഭാവനകൾ നൽകിയ സർവകലാശാലയിൽ നിൽക്കുന്നതിൽ അഭിമാനിതനാണ് .”
 
“ഭക്ഷ്യക്ഷാമത്തിൽ നിന്ന് ഭക്ഷ്യലഭ്യതയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. തമിഴ്‌നാട് കാർഷിക സർവകലാശാല, കാർഷിക വികസനം നടപ്പിലാക്കുകയും ഗ്രാമീണ പരിവർത്തനമെന്ന വിശാലമായ ലക്ഷ്യത്തിന് സേവനം നൽകുകയും ചെയ്തിട്ടുണ്ട്.”
 
  "കാർഷിക മേഖലയിലെ അതികായന്മാരിൽ ഒരാളും, ഭാരതത്തിന്റെ അഭിമാനപുത്രന്മാരിൽ ഒരാളുമായ ഡോ. എം.എസ്. സ്വാമിനാഥൻ തമിഴ്‌നാട് കാർഷിക സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. പരമോന്നത പുരസ്കാരമായ ഭാരതരത്‌ന ഉൾപ്പെടെ നാല് സിവിലിയൻ അവാർഡുകളും ലഭിച്ച വ്യക്തി എന്ന അപൂർവ ബഹുമതി ഡോ. സ്വാമിനാഥന് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 നൂതനാശയങ്ങളും ഗവേഷണവും കർഷകനിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തണമെന്ന് പറഞ്ഞു. "അവയ്ക്ക് അടിസ്ഥാനപരമായ സ്വാധീനമുണ്ടോ? അതിൽ, ഗവേഷണം നടത്തണം. ഗവേഷണം ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഗവേഷണം നിങ്ങൾ കണ്ടെത്തുന്ന ഒരു ലക്ഷ്യത്തെ സേവിക്കണം," അദ്ദേഹം ഉപദേശിച്ചു. കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ മാത്രമല്ല, വ്യവസായം, വ്യാപാരം,വാണിജ്യം എന്നിവയും ഗവേഷണത്തെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
 ഇന്ത്യ - നമ്മുടെ ഭാരതം - എക്കാലത്തും ഒരു കാർഷിക ഭൂമിയായിരുന്നുവെന്ന് അഭിസംബോധനയുടെ പര്യവസാനത്തിൽ ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ ഹൃദയം സ്പന്ദിക്കുന്നത്. തൊഴിലിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ജീവരേഖയാണിത്. എല്ലാ അർത്ഥത്തിലും രാജ്യത്തിന്റെ ശക്തിയും അത് തന്നെയാണ്." അദ്ദേഹം പറഞ്ഞു.
 
തമിഴ്നാടിന്റെ പുരാതന ജ്ഞാനത്തെ അനുസ്മരിച്ചുകൊണ്ട്, ഈ പുണ്യഭൂമിയിൽ, മഹാകവി തിരുവള്ളുവർ കർഷകന്റെ അമൂല്യമായ പങ്ക് ഉയർത്തിക്കാട്ടിയതായി അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, "കർഷകർ മാനവികതയുടെ ആണിക്കല്ലാണ്, കൃഷിയാണ് ഏറ്റവും മികച്ച കരകൗശലവസ്തു." തിരുവള്ളുവരുടെ ജ്ഞാനത്തെ കാലാതീതമെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു, "കർഷകൻ നമ്മുടെ അന്ന ദാതാവാണ്. കർഷകൻ നമ്മുടെ വിധിയുടെ ശിൽപ്പിയാണ്" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
തമിഴ്‌നാട് ഗവർണർ ശ്രീ ആർ.എൻ. രവി, ⁠ തമിഴ്നാട്മാനവ വിഭവശേഷി പരിപാലന വകുപ്പ് മന്ത്രി ശ്രീമതി എൻ. കായൽവിഴി സെൽവരാജ്,തമിഴ്‌നാട് കാർഷിക ഉൽ‌പാദന കമ്മീഷണറും സെക്രട്ടറിയുമായ ശ്രീ വി. ദക്ഷിണാമൂർത്തി, തമിഴ്‌നാട് കാർഷിക സർവകലാശാല ഗവേഷണ ഡയറക്ടർ ഡോ. എം. രവീന്ദ്രൻ, തമിഴ്‌നാട് കാർഷിക സർവകലാശാല രജിസ്ട്രാറും ആക്ടിംഗ് വൈസ് ചാൻസലറുമായ ഡോ. ആർ. തമിഴ് വേന്ദൻ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
******

(Release ID: 2124737) Visitor Counter : 15