WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് 2025- ആനിമേഷൻ ഫിലിം മത്സര ഫൈനലിൽ മാറ്റുരയ്ക്കാൻ രണ്ട് ഒഡിയ പ്രതിഭകൾ

 Posted On: 26 APR 2025 8:19PM |   Location: PIB Thiruvananthpuram

മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES 2025), ഇന്ത്യയിലെ വളർന്നുവരുന്ന സർഗ്ഗാത്മക പ്രതിഭകൾക്ക് അഭിമാനകരമായ ഒരു വേദിയായി മാറുന്നു. വേവ്സിന് കീഴിലുള്ള ആനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിൽ മത്സരത്തിനായി രാജ്യമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ട 42 ഫൈനലിസ്റ്റുകളിൽ, ഒഡിഷയിൽ നിന്നുള്ള രണ്ട് യുവ പ്രതിഭകളായ ജാജ്പൂരിലെ ഭാഗ്യശ്രീ സത്പതിയും ഭുവനേശ്വറിൽ നിന്നുള്ള റിഷവ് മൊഹന്തിയും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.

 

ജാജ്പൂരിലെ ധർമ്മശാലയിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാതാവും ആനിമേഷൻ ആർട്ടിസ്റ്റുമായ 22 കാരി ഭാഗ്യശ്രീ സത്പതി ഇപ്പോൾ അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (NID) പഠനം നടത്തുന്നു. ഇന്ത്യൻ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഭാഗ്യശ്രീയുടെ ഈ സൃഷ്ടി,പരമ്പരാഗത ആഖ്യാനങ്ങളെ സമകാലിക പ്രമേയവും ധീരമായ ദൃശ്യഭാഷയും ഉപയോഗിച്ച് പുനർസൃഷ്ടിക്കുന്നു. ഭാഗ്യശ്രീയുടെ അന്തിമ പ്രോജക്റ്റ്, "പാസ" പുരാണങ്ങളെ മനഃശാസ്ത്രസമീപനവുമായി സംയോജിപ്പിക്കുകയും ലിംഗഭേദം, നിയന്ത്രണം എന്നിവ പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്ന ഒരു പരമ്പരയാണ്. ഭാഗ്യശ്രീ മുമ്പ് 'ഹാപ്പി ബർത്ത്ഡേ താര'എന്ന ചിത്രവും ഒഡീഷയിലെ ചിൽക തടാകത്തിലെ 'മാ കാളിജയ് 'നെ അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

 

ഭാഗ്യശ്രീയോടൊപ്പം എൻഐഡി അഹമ്മദാബാദ് വിദ്യാർത്ഥിയായഭുവനേശ്വറിൽ നിന്നുള്ള ഋഷവ് മൊഹന്തിയും ഈ പരിപാടിയിൽ അന്തിമ പട്ടികയിൽ ഇടം നേടി. "ഖാട്ടി" എന്ന ആനിമേഷൻ ഡോക്യുമെന്ററി ചിത്രത്തിലൂടെ അദ്ദേഹം ഫൈനലിൽ ഇടം നേടി. കഥപറച്ചിലിനെയും ദൃശ്യ ആഖ്യാനത്തെയും കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചപ്പാട് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രതിഫലിക്കുന്നു. ആകർഷകവും ആധികാരികവുമായ ഡോക്യുമെന്റേഷനുള്ള ഒരു മാധ്യമമെന്ന നിലയിൽ ആനിമേഷന്റെ സാധ്യതകളെ ഈ പരിപാടി എടുത്തുകാണിക്കുന്നു.

 

വേവ്സ് 2025-ൽ, ഫൈനലിസ്റ്റുകൾ അവരുടെ പ്രോജക്ടുകൾ അന്താരാഷ്ട്ര ജഡ്ജിമാരുടെയും ആഗോള വിനോദ വ്യവസായത്തിലെ പ്രമുഖ വ്യക്തികളുടെയും ഒരു പാനലിന് മുന്നിൽ അവതരിപ്പിക്കും. മത്സരത്തിലെ മികച്ച മൂന്ന് വിജയികൾക്ക് ഓരോരുത്തർക്കും 5 ലക്ഷം രൂപ ക്യാഷ് പ്രൈസ് ലഭിക്കും. മാത്രമല്ല, ഒരു ആനിമേറ്റഡ് ചലച്ചിത്രത്തിന് 100 മുതൽ 300 വരെ പ്രൊഫഷണലുകൾക്ക് തൊഴിൽ സൃഷ്ടിക്കാൻ കഴിയുമെന്നതിനാൽ, ഇന്ത്യയുടെ ആനിമേഷൻ, വിഎഫ്എക്സ് വ്യവസായത്തിന് അപാരമായ സാമ്പത്തിക സാധ്യതകളും ഇത് പ്രദാനം ചെയ്യുന്നു.

 

വേവ്സ് 2025 ഇന്ത്യയുടെ സർഗാത്മകശേഷി ആഘോഷിക്കുക മാത്രമല്ല, അന്താരാഷ്ട്ര സഹകരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആനിമേഷനും വിനോദത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

തനതായ ആഖ്യാനശൈലിയും നൂതന ആശയങ്ങളും കൊണ്ട് ഭാഗ്യശ്രീ സത്പതിയും ഋഷവ് മൊഹന്തിയും ദേശീയ വേദിയിൽ ഒഡിഷയെ അഭിമാനപൂരിതമാക്കാൻ തയ്യാറായിരിക്കുന്നു 

 

*****


Release ID: (Release ID: 2124692)   |   Visitor Counter: 9