നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ വനിതാ കോളേജുകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് 'സ്ത്രീകൾക്കായുള്ള AI കരിയർ' പദ്ധതി ആരംഭിക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവും (MSDE) മൈക്രോസോഫ്റ്റും സഹകരിക്കുന്നു.
Posted On:
22 APR 2025 5:33PM by PIB Thiruvananthpuram
നിർമ്മിത ബുദ്ധിയിൽ (AI) കരിയർ കണ്ടെത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താല്പര്യമുള്ള വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നൈപുണ്യ വികസന സംരംഭത്തിന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവും (MSDE) മൈക്രോസോഫ്റ്റും ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. വ്യവസായ മേഖലകൾക്ക് അനുയോജ്യമായ നിർമ്മിത ബുദ്ധി നൈപുണ്യശേഷി നൽകി വനിതകളെ പ്രാപ്തമാക്കുന്നതിലൂടെ വളർന്നുവരുന്ന സാങ്കേതികവിദ്യാ മേഖലകളിൽ ലിംഗഭേദം ഇല്ലാതാക്കാൻ ഈ തന്ത്രപരമായ സഹകരണം ശ്രമിക്കുന്നു.കൂടാതെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ വനിതകളുടെ അർത്ഥവത്തായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ നൂതനാശയ അധിഷ്ഠിത വളർച്ചയിൽ സജീവമായി സംഭാവന നൽകുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ഈ സഹകരണത്തിന്റെ ഭാഗമായി, വ്യവസായ മാനദണ്ഡങ്ങൾക്കനുസൃതമായിവനിതകൾക്കായുള്ള AI നൈപുണ്യ, നൂതനാശയ ചട്ടക്കൂടിന് കീഴിൽ മൈക്രോസോഫ്റ്റ്, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായി (NCVET) കൂടിയാലോചിച്ച് 240 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കും. സംസ്ഥാന ഗവൺമെന്റുകളുടെ ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് ഒരു ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് പരിശീലനം നൽകുക. ആറ് സംസ്ഥാനങ്ങളിലെ രണ്ടാംനിര,മൂന്നാംനിര പട്ടണങ്ങളിൽ ഹബ്ബ് രൂപത്തിൽ 30 മികവ് കേന്ദ്രങ്ങളുടെയും സ്പോക്ക് മാതൃകയിൽ 150 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശൃംഖല സൃഷ്ടിക്കും.

" സമഗ്രവും ഭാവി സജ്ജവുമായ ഒരു തൊഴിൽ ശക്തിയെ ഗവൺമെന്റിനും വ്യവസായത്തിനും ഒരുമിച്ച്ചേർന്ന് എങ്ങനെ രൂപപ്പെടുത്താമെന്ന് ഈ സംരംഭം ഉദാഹരണമായി കാണിക്കുന്നു," നൈപുണ്യ വികസന & സംരംഭകത്വ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ശ്രീ ജയന്ത് ചൗധരി പറഞ്ഞു. "എഐ പോലുള്ള വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ സ്ത്രീകൾക്ക് അവസരങ്ങൾ വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയെ മൈക്രോസോഫ്റ്റുമായുള്ള ഞങ്ങളുടെ പങ്കാളിത്തം എടുത്തു കാട്ടുന്നു. സർവ്വകലാശാലകളുടെ ക്രെഡിറ്റ്-ബന്ധിത പാഠ്യപദ്ധതിയിൽ ഈ പരിപാടി ഉൾപ്പെടുത്തി ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) യോജിപ്പിച്ചുകൊണ്ട്, 21-ാം നൂറ്റാണ്ടിലെ പഠനത്തെ ഞങ്ങൾ പുനർവിചിന്തനം ചെയ്യുന്നു. അത് പാഠ്യപദ്ധതിയെ താല്പര്യ അനുസൃതവും , ഇന്റർ ഡിസിപ്ലിനറിയും, വ്യവസായ ആവശ്യങ്ങൾക്കായി അനുയോജ്യവും ആക്കി മാറ്റുന്നു. യുവതികളെ വ്യവസായങ്ങൾക്ക് ആവശ്യമായ ഡിജിറ്റൽ നൈപുണ്യം നൽകി ശാക്തീകരിക്കുന്നത് വ്യക്തിഗത തൊഴിൽ മേഖലയിൽ പരിവർത്തനം സൃഷ്ടിക്കുക മാത്രമല്ല, കൂടുതൽ നീതിയുക്തവും നൂതനാശയത്താൽ നയിക്കപ്പെടുന്നതുമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ ത്വരിതപ്പെടുത്തുകയും ചെയ്യും." അദ്ദേഹം പറഞ്ഞു.
അക്കാദമിക് സ്ഥാപനങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സംഘടനകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നുകൊണ്ട് പങ്കാളികളിൽ ഒരാളായി, എഡ്യൂനെറ്റ് ഫൗണ്ടേഷൻ ഈ പദ്ധതി നടപ്പിലാക്കും. വ്യവസായങ്ങൾക്ക് അനുയോജ്യമായ നിർമ്മിത ബുദ്ധി കഴിവുകളും സാമ്പത്തിക അവസരങ്ങളും വനിതകൾക്ക് പ്രാപ്തമാക്കുന്നതിനും അതുവഴി അവരുടെ തൊഴിൽ ശക്തി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഒരു സഖ്യം ഇതിലൂടെ സൃഷ്ടിക്കും .

ഹബ് സെന്ററുകളായി പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വനിതാ സ്ഥാപനങ്ങളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ച് ക്ലാസ് റൂം പഠനത്തെ ഈ പരിപാടി പൂർത്തീകരിക്കുന്നു. 2,3 നിര പട്ടണങ്ങളിലെ 150 സ്‌പോക്ക് സെന്ററുകളെയും പിന്തുണയ്ക്കും. ഇവിടെ AI ആപ്ലിക്കേഷനുകൾ, പ്രായോഗിക തലത്തിൽ ഇവയുടെ നേരിട്ടുള്ള അനുഭവജ്ഞാനം എന്നിവ നൽകിക്കൊണ്ട് ആഴത്തിലുള്ള പരിശീലനം വാഗ്ദാനം ചെയ്യുന്നു.20,000 പഠിതാക്കൾക്ക് വ്യവസായ- അനുയോജ്യ നൈപുണ്യ ശേഷിയും പ്രോജക്റ്റ് അധിഷ്ഠിത അനുഭവ സമ്പത്തും നേടാൻ സഹായിക്കുന്നു. വിദഗ്ധരിൽ നിന്നുള്ള പരിശീലനം, AI സർട്ടിഫിക്കേഷനുകൾ, ഇന്റേൺഷിപ്പുകൾ, അപ്രന്റീസ്ഷിപ്പ്, ഫെലോഷിപ്പ്, കരിയർ ഗൈഡൻസ്, AI അനുബന്ധ തൊഴിലവസരങ്ങൾ എന്നിവയിലൂടെ പഠിതാക്കൾക്ക് പ്രയോജനം ലഭിക്കും.
ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകൾക്ക് AI-യിൽ നൂതനാശയങ്ങൾ കണ്ടെത്തൽ, സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കൽ, AI ഡെവലപ്പർമാരാകാനുള്ള ശേഷി നൽകൽ, AI ആപ്ലിക്കേഷനുകളും ഡാറ്റാസെറ്റുകളും നിർമ്മിക്കൽ എന്നിവയിലൂടെ ഗ്രാമീണ മേഖലയിലെ നിർമ്മിത ബുദ്ധി നൂതനാശയങ്ങൾ /സംരംഭങ്ങൾക്കായി ഒരു പ്രതിഭാസഞ്ചയം വികസിപ്പിക്കാനും ഈ പരിപാടി അവസരങ്ങൾ സൃഷ്ടിക്കും. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവുമായി ചേർന്നുള്ള മൈക്രോസോഫ്റ്റിന്റെ നിലവിലുള്ള പദ്ധതികളുടെ തുടർച്ചയായി ആണ് ഈ സംരംഭം. പാഠ്യപദ്ധതിയുടെ അംഗീകാരത്തിനു ശേഷം നൈപുണ്യ വികസന മന്ത്രാലയം മൈക്രോസോഫ്റ്റുമായി സഹകരിക്കുകയും ഈ മികവിന്റെ കേന്ദ്രങ്ങളിലൂടെ ഗ്രാമീണ പെൺകുട്ടികൾക്ക് അപ്രന്റീസ്ഷിപ്പും തൊഴിൽ അവസരങ്ങളും പ്രാപ്തമാക്കുകയും ചെയ്യും.
"ഇന്ത്യയിലെ യുവതികളെ AI-യിൽ കരിയർ കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കുന്ന, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവുമായുള്ള (MSDE) മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. സമഗ്രമായ സാമ്പത്തിക വളർച്ചയ്ക്ക് AI നൈപുണ്യ ശേഷിയിൽ തുല്യമായ പ്രവേശനം നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ സഹകരണത്തിലൂടെ, രണ്ടാംനിര, മൂന്നാം നിര പട്ടണങ്ങളിലെ സ്ഥാപനങ്ങളിലുടനീളം ശേഷി വികസന പരിപാടികൾ ഞങ്ങൾ ശക്തിപ്പെടുത്തുന്നു. ആത്യന്തികമായി കൂടുതൽ സ്ത്രീകളെ AI- അധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ പുരോഗതി കൈവരിക്കാനും നാളത്തെ തൊഴിൽ ശക്തിയെ രൂപപ്പെടുത്താനും പ്രാപ്തരാക്കുന്നു" എന്ന് മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഗ്ലോബൽ ഡെലിവറി സെന്റർ ലീഡർ അപർണ ഗുപ്ത പറഞ്ഞു.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ വനിതാ തൊഴിൽ ശക്തി പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഭാവി സജ്ജമായ നൈപുണ്യ ശേഷിയിലേക്ക് തുല്യമായ പ്രവേശനം സൃഷ്ടിക്കുക എന്ന ഗവൺമെന്റിന്റെ ദൗത്യവുമായി ഇത് യോജിക്കുന്നു. സ്ത്രീകൾക്കായി ഡിജിറ്റൽ കരിയർ പാതകൾ വികസിപ്പിക്കുന്നതിനും സാങ്കേതിക തൊഴിൽ ശക്തിയിൽ കൂടുതൽ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ആണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
******
(Release ID: 2123643)
Visitor Counter : 9