വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2024-25 സാമ്പത്തിക വർഷത്തിൽ GeM വഴി 1.3 കോടിയിലധികം പേർ ഇൻഷുറൻസ് പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കി

2024-25 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം പേരെ നിയമിക്കാൻ GeM സൗകര്യമൊരുക്കി

Posted On: 16 APR 2025 10:53AM by PIB Thiruvananthpuram
പൊതു സംഭരണത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ ഇ-വിപണി സംവിധാനമായ ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ് (GeM), 2024-25 സാമ്പത്തിക വർഷത്തിൽ സേവന വിതരണത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 2024-25 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം പേരെ വിവിധ സംരംഭങ്ങളിൽ നിയമിക്കാൻ സൗകര്യമൊരുക്കുന്നതിനു പുറമേ, ആരോഗ്യം, ജീവൻരക്ഷ, വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസികളിലായി 1.3 കോടിയിലധികം പേരുടെ ഇൻഷുറൻസ് പരിരക്ഷയും GeM വിജയകരമായി പൂർത്തിയാക്കി.

ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നതിൽ കൂടുതൽ കാര്യക്ഷമത, സുതാര്യത, ചെലവ്-ഫലപ്രാപ്തി എന്നിവ കൊണ്ടുവരുന്നതിനായി 2022 ജനുവരിയിൽ GeM-ൽ ഇൻഷുറൻസ് സേവന വിഭാഗം അവതരിപ്പിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)യുടെ അംഗീകൃത സേവന ദാതാക്കൾ മാത്രമേ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇൻഷുറൻസ് സേവനങ്ങൾ ലഭിക്കുന്നതിന് ജിഇഎം വിശ്വസനീയവും ആധികാരികവുമായ ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമിലൂടെ, പോളിസി വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഗ്രൂപ്പ് മെഡിക്ലെയിം, വ്യക്തിഗത അപകട, ടേം ഇൻഷുറൻസ് പോളിസികൾ എന്നിവ തടസ്സമില്ലാതെ വാങ്ങാൻ കഴിയും. ഇത് നിരവധി ഗുണഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്നു.

 “സുഗമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സംഭരണ സേവനങ്ങൾ നൽകുന്നതിനായി ജി ഇ എം അതിന്റെ സംവിധാനം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്" എന്ന് ഈ നാഴികക്കല്ലിനെക്കുറിച്ച് , GeM സിഇഒ ശ്രീ അജയ് ഭാദൂ അഭിപ്രായപ്പെട്ടു.1.3 കോടി വ്യക്തികൾ ഇൻഷുറൻസ് പരിരക്ഷ നേടി എന്ന നാഴികക്കല്ല്, ഇൻഷുറൻസ് ആവശ്യങ്ങൾക്കായി GeM-നെ ഉപയോഗപ്പെടുത്തുന്നതിൽ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ പൊതു സംഭരണ പ്രക്രിയയിൽ ഒരു പരിവർത്തന ശക്തിയെന്ന നിലയിൽ GeM-ന്റെ പങ്ക് ദൃഢമാക്കുകയും ചെയ്യുന്നു.

പോളിസി വാങ്ങുന്ന ഗവണ്മെന്റ്തല സംവിധാനങ്ങൾക്കും ഇൻഷുറൻസ് ദാതാക്കൾക്കും ഇടയിൽ ഇടനിലക്കാരില്ലാതെ നേരിട്ടുള്ള ഇടപാടുകൾ സാധ്യമാക്കുന്നു എന്നതാണ് GeMന്റെ ഇൻഷുറൻസ് സേവനങ്ങളുടെ പ്രധാന നേട്ടം. ഈ ലളിതവൽക്കരിച്ച സംവിധാനം വാങ്ങൽ നടപടി പ്രക്രിയകളെ വേഗത്തിലാക്കുകയും ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുകയും അതുവഴി ഗവൺമെന്റ് സ്ഥാപനങ്ങളുടെ ചെലവ് ലാഭിക്കുകയും ചെയ്യുന്നു.

ആരോഗ്യ, ജീവൻ രക്ഷാ ഇൻഷുറൻസ് , ആസ്തി ഇൻഷുറൻസ്, ട്രാൻസിറ്റ് ആൻഡ് മറൈൻ ഇൻഷുറൻസ്, ബാധ്യതാ ഇൻഷുറൻസ്, കന്നുകാലികൾക്കുള്ള ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, വിള ഇൻഷുറൻസ്, സൈബർ ഇൻഷുറൻസ് തുടങ്ങിയ സമഗ്രമായ ഇൻഷുറൻസ് സേവനങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വിവിധ ഇൻഷുറൻസ് ആവശ്യങ്ങൾ സുതാര്യവും കാര്യക്ഷമവുമായ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. ഗവണ്മെന്റ് തലത്തിലെ വാങ്ങുന്നവർക്ക് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പ്രവേശനക്ഷമതയും ചെലവ്-ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
 
*****

(Release ID: 2123102)