ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025 ഏപ്രിൽ 20 ന് ആരംഭിച്ച് 30 വരെ തുടരുന്ന യുഎസ്എ, പെറു രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് രാത്രി യാത്ര തിരിക്കും.

ഐഎംഎഫ്-ലോക ബാങ്ക് വാർഷിക വസന്തകാല യോഗങ്ങളിൽ കേന്ദ്ര ധനമന്ത്രി പങ്കെടുക്കും


വിവിധ രാജ്യങ്ങളുമായും സംഘടനകളുമായും നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്ക് പുറമേ ജി20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും (FMCBG) യോഗങ്ങളിലും ധനമന്ത്രി പങ്കെടുക്കും.

Posted On: 19 APR 2025 5:11PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ യുഎസ്എ, പെറു രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനം 2025 ഏപ്രിൽ 20 ന് ആരംഭിക്കും. യുഎസ്എ സന്ദർശന വേളയിൽ, കേന്ദ്ര ധനമന്ത്രി 2025 ഏപ്രിൽ 20 മുതൽ 25 വരെ സാൻ ഫ്രാൻസിസ്കോയും വാഷിംഗ്ടൺ ഡി.സിയും സന്ദർശിക്കും.

2025 ഏപ്രിൽ 20 ന് ആരംഭിക്കുന്ന രണ്ട് ദിവസത്തെ സാൻ ഫ്രാൻസിസ്കോ സന്ദർശന വേളയിൽ, കേന്ദ്ര ധനമന്ത്രി സാൻ ഫ്രാൻസിസ്കോയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിൽ 'വികസിത ഭാരതം 2047 നുള്ള അടിത്തറ പാകൽ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഒരു അനൗപചാരിക സംഭാഷണ പരിപാടിയും നടക്കും.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര വിവരസാങ്കേതിക (IT) കമ്പനികളിലെ CEO മാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുന്നതിനൊപ്പം, നിക്ഷേപകർ പങ്കെടുക്കുന്ന വട്ടമേശസമ്മേളനത്തിലും ധനമന്ത്രി പങ്കെടുക്കും. പ്രമുഖ ഫണ്ട് മാനേജ്മെന്റ് സ്ഥാപനങ്ങളിലെ CEO മാരുമായും ശ്രീമതി സീതാരാമൻ സംവദിക്കും. സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ പ്രവാസികളുടെ ഒരു പരിപാടിയിൽ ശ്രീമതി സീതാരാമൻ പങ്കെടുക്കുകയും അവിടെ സ്ഥിരതാമസക്കാരായ  ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.

2025 ഏപ്രിൽ 22 മുതൽ 25 വരെയുള്ള വാഷിംഗ്ടൺ ഡി.സി.സന്ദർശന വേളയിൽ, ശ്രീമതി സീതാരാമൻ അന്താരാഷ്ട്ര നാണയ നിധി (IMF) യുടെയും ലോക ബാങ്കിന്റെയും വാർഷിക വസന്തകാല യോഗങ്ങൾ, ജി20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും (FMCBG) രണ്ടാമത് യോഗം, ഡെവെലപ്‌മെൻറ് കമ്മിറ്റി പ്ലീനറി, IMFC പ്ലീനറി, ഗ്ലോബൽ സോവറിൻ ഡെറ്റ് റൗണ്ട് ടേബിൾ (GSDR) യോഗങ്ങളിലും  പങ്കെടുക്കും.

വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന വാർഷിക വസന്തകാല യോഗങ്ങളിൽ, അർജന്റീന, ബഹ്‌റൈൻ, ജർമ്മനി, ഫ്രാൻസ്, ലക്സംബർഗ്, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം, യുഎസ്എ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി ശ്രീമതി സീതാരാമൻ ഉഭയകക്ഷി ചർച്ചകൾ നടത്തും; കൂടാതെ യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഫോർ ഫിനാൻഷ്യൽ സർവീസസ്; ഏഷ്യൻ വികസന ബാങ്ക് (ADB) പ്രസിഡന്റ്; ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB) പ്രസിഡന്റ്; ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ സ്പെഷ്യൽ അഡ്വക്കേറ്റ് ഫോർ ഫിനാൻഷ്യൽ ഹെൽത്ത് (UNSGSA);അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
 


2025 ഏപ്രിൽ 26 മുതൽ 30 വരെ നടക്കുന്ന തന്റെ ആദ്യ പെറു സന്ദർശനത്തിൽ,  ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരുമടങ്ങിയ ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര ധനമന്ത്രി നയിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്.

ലിമയിൽ നിന്ന് സന്ദർശനം ആരംഭിക്കുന്ന കേന്ദ്ര ധനമന്ത്രി ശ്രീമതി സീതാരാമൻ, പെറു പ്രസിഡന്റ് ദിന ബൊലുവാർട്ടെ, പെറു പ്രധാനമന്ത്രി ഗുസ്താവോ അഡ്രിയാൻസെൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും പെറുവിന്റെ ധനകാര്യ, പ്രതിരോധ, ഊർജ്ജ, ഖനി മന്ത്രിമാരുമായും പ്രാദേശിക പൊതുജന പ്രതിനിധികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

പെറു സന്ദർശന വേളയിൽ, ഇന്ത്യയിലെയും പെറുവിലെയും ബിസിനസ്സ് പ്രമുഖർ പങ്കെടുക്കുന്ന ഇന്ത്യ-പെറു ബിസിനസ് ഫോറത്തിൽ കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിക്കും. നിലവിൽ പെറുവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നിക്ഷേപകരുമായും ബിസിനസ് സ്ഥാപനങ്ങളുമായും, ഇന്ത്യൻ ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം ശ്രീമതി സീതാരാമൻ കൂടിക്കാഴ്ച നടത്തും.

നിർണായക ധാതുക്കളുടെയും വിലയേറിയ ലോഹങ്ങളുടെയും ആഗോള വിതരണ ശൃംഖലയിൽ പെറുവിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ഖനന മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള വഴികൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വിഭവ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കിടയിലുള്ള മൂല്യ ശൃംഖല ബന്ധങ്ങൾ സുഗമമാക്കുന്നതിലും സഹകരണം നിർണ്ണായകമാണ്.

ലിമയിൽ നടക്കുന്ന ഒരു സാമൂഹിക കൂട്ടായ്മയിലും കേന്ദ്ര ധനമന്ത്രി പങ്കെടുക്കും. പെറുവിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുമായി അവർ സംവദിക്കും.
******************
 

(Release ID: 2123005) Visitor Counter : 26