ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2,000 രൂപയിൽ കൂടുതലുള്ള UPI ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന പ്രചാരണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധവും, തെറ്റിദ്ധാരണാജനകവും, അടിസ്ഥാനരഹിതവുമാണ്

Posted On: 18 APR 2025 7:02PM by PIB Thiruvananthpuram

2,000 രൂപയിൽ കൂടുതലുള്ള UPI ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന പ്രചാരണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധവും, തെറ്റിദ്ധാരണാജനകവും, അടിസ്ഥാനരഹിതവുമാണ്. നിലവിൽ, അത്തരത്തിലുള്ള ഒരു നിർദ്ദേശവും സർക്കാർ മുമ്പാകെ ഇല്ല.

 

ചില സാമ്പത്തിക ഉപകരണങ്ങൾ (ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പോലുള്ളവയ്ക്ക് മാത്രം GST ചുമത്തുന്നു.

 

 

2020 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) 2019 ഡിസംബർ 30-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) UPI ഇടപാടുകൾക്കുള്ള MDR ഒഴിവാക്കി.

നിലവിൽ UPI ഇടപാടുകൾക്ക് MDR ഈടാക്കാത്തതിനാൽ, ഈ ഇടപാടുകൾക്ക് GST ബാധകമല്ല.

UPI മുഖേനയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

UPI യുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനുമായി, 2021-22 സാമ്പത്തിക വർഷം മുതൽ പ്രോത്സാഹന പദ്ധതി പ്രവർത്തനക്ഷമമാണ്. ഇടപാട് ചെലവുകൾ ലഘൂകരിക്കുന്നതിലൂടെയും ഡിജിറ്റൽ പണമിടപാടുകളിൽ വിശാലമായ പങ്കാളിത്തവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ചെയ്യുന്ന കുറഞ്ഞ മൂല്യമുള്ള UPI (P2M) ഇടപാടുകളെ പദ്ധതി പ്രത്യേകമായി ലക്ഷ്യമിടുന്നു.

വർഷങ്ങളായി ഈ പദ്ധതിക്ക് കീഴിൽ ലഭ്യമാക്കുന്ന പ്രോത്സാഹന ധനസഹായങ്ങൾ UPI അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ സുസ്ഥിരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

വിവിധ വർഷങ്ങളിൽ പദ്ധതിക്ക് വകയിരുത്തിയ വിഹിതം ഇപ്രകാരമാണ്:

 

• 2021-22 സാമ്പത്തിക വർഷം: ₹1,389 കോടി

• 2022-23 സാമ്പത്തിക വർഷം: ₹2,210 കോടി

• 2023-24 സാമ്പത്തിക വർഷം: ₹3,631 കോടി

ഇന്ത്യയുടെ ശക്തമായ ഡിജിറ്റൽ പണമിടപാട് ആവാസവ്യവസ്ഥയ്ക്ക് ഇത്തരം പദ്ധതികൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

ACI വേൾഡ്‌വൈഡ് റിപ്പോർട്ട് 2024 അനുസരിച്ച്, 2023-ൽ ആഗോള തത്സമയ പണമിടപാടുകളുടെ 49% ഇന്ത്യയുടേതായിരുന്നു. ഇത് ആധുനിക ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന്റെ സ്വീകരണത്തിൽ ഇന്ത്യയുടെ ആഗോള നേതൃസ്ഥാനം ആവർത്തിച്ചുറപ്പിച്ചു.

 

UPI ഇടപാട് മൂല്യങ്ങളിൽ വൻ വർധനവുണ്ടായി. 2019-20 സാമ്പത്തിക വർഷത്തിൽ ₹21.3 ലക്ഷം കോടിയിൽ നിന്ന് 2025 മാർച്ചോടെ ₹260.56 ലക്ഷം കോടിയായി ഉയർന്നു. പ്രത്യേകിച്ചും, P2M ഇടപാടുകൾ ₹59.3 ലക്ഷം കോടിയിലെത്തിയിട്ടുണ്ട്. ഇത് വ്യാപാരികൾക്കിടയിൽ, ഡിജിറ്റൽ പണമിടപാട് രീതികളുടെ വളരുന്ന സ്വീകാര്യതയെയും ഉപഭോക്തൃ ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.

 

*****


(Release ID: 2122830) Visitor Counter : 85