രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ ഒരു വികസിത രാഷ്ട്രമായും ലോകത്തിലെ ഒന്നാം നമ്പർ സൈനിക ശക്തിയായും ഉയർന്നുവരും: രക്ഷാ മന്ത്രി
Posted On:
17 APR 2025 2:04PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ 2025 ഏപ്രിൽ 17 ന് നടന്ന പ്രതിരോധ കോൺക്ലേവിൽ സ്വാശ്രയവും ഭാവി സജ്ജവുമായ ഇന്ത്യയെക്കുറിച്ചുള്ള ശക്തമായ ഒരു വീക്ഷണം രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവതരിപ്പിച്ചു. തദ്ദേശീയവൽക്കരണം, നൂതനാശയം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യ അതിന്റെ അതിർത്തികൾ സുരക്ഷിതമാക്കുക മാത്രമല്ല, അന്താരാഷ്ട്ര പ്രതിരോധ ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനത്തു നിലകൊള്ളുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "ഇന്ത്യ ഒരു വികസിത രാജ്യമായി ഉയർന്നുവരികയാണ്. മാത്രമല്ല, നമ്മുടെ സൈനിക ശക്തി ലോകത്തിലെ ഒന്നാം നമ്പർ സൈനിക ശക്തിയായി ഉയർന്നുവരുന്ന ദിവസം വിദൂരമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പ്രതിരോധ മേഖലയുടെ പുനരുജ്ജീവനവും ശാക്തീകരണവും ഗവൺമെന്റിന്റെ ഏറ്റവും വലിയ മുൻഗണനയാണെന്ന് രക്ഷാ മന്ത്രി ആവർത്തിച്ചു. പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതി ചെയ്യുക എന്ന മാനസികാവസ്ഥ മാറ്റുക എന്നതായിരുന്നു ഗവൺമെന്റിന്റെ പ്രഥമവും പ്രധാനവുമായ വെല്ലുവിളിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇന്ത്യയുടെ ആവശ്യങ്ങൾ മാത്രമല്ല, പ്രതിരോധ കയറ്റുമതിയുടെ സാധ്യതകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രതിരോധ വ്യാവസായിക സമുച്ചയം സൃഷ്ടിക്കുകയും വേണം," അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ന്, ഇന്ത്യയുടെ പ്രതിരോധ മേഖല സ്വാശ്രയത്വത്തിന്റെ പാതയിൽ മുന്നേറുകയും ആഗോള വിതരണ ശൃംഖലകളെ പ്രതിരോധശേഷിയുള്ളതാക്കുന്നതിന് വളരെ നിർണായക പങ്കുവഹിക്കാൻ സജ്ജമായിരിക്കുകയും ചെയ്യുന്നു ," രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. 'മെയ്ക്ക് ഇൻ ഇന്ത്യ' പരിപാടി രാജ്യത്തിന്റെ പ്രതിരോധ ഉൽപാദനത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള പ്രതിരോധ വിതരണ ശൃംഖലയെ പുനരുജീവിപ്പിക്കാൻ കഴിവുമുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ ശേഷി, ദേശീയ സുരക്ഷയും തന്ത്രപരമായ സ്വയംഭരണവും ലക്ഷ്യമിടുന്നു. കൂടാതെ, ആഗോള വിതരണ ആഘാതങ്ങളിൽ നിന്ന് ഉൽപ്പാദന മേഖലയെ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വളരുന്ന പ്രതിരോധ ശേഷി, സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്ന് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തു പറഞ്ഞു. " സമാധാനവും ശാന്തിയും നിലനിർത്തുന്നതിനുള്ള വിശ്വസനീയമായ സംവിധാനമാണ് നമ്മുടെ പ്രതിരോധ ശേഷി. നാം ശക്തമായി നിലകൊള്ളുമ്പോൾ മാത്രമേ സമാധാനം സാധ്യമാകൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും കൂടുതൽ അക്രമാസക്തവും പ്രവചനാതീതവുമാകുമെന്ന് യുദ്ധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെക്കുറിച്ച് , ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈബർ & ബഹിരാകാശ മേഖലകൾ പുതിയ യുദ്ധക്കളങ്ങളായി അതിവേഗം ഉയർന്നുവരുന്നു. അതോടൊപ്പം, ലോകമെമ്പാടും ആഖ്യാനങ്ങൾ തമ്മിലും ധാരണകൾ തമ്മിലും യുദ്ധം നടക്കുന്നു. ഈ വെല്ലുവിളികളെ നേരിടാൻ, സമഗ്ര ശേഷി വികസനത്തിലും നിരന്തര പരിഷ്കാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അദ്ദേഹം പരാമർശിച്ചു. 2025നെ 'പരിഷ്കാരങ്ങളുടെ വർഷമായി' പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള കാര്യം രക്ഷാ മന്ത്രി അറിയിച്ചു .
പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിക്കവേ, 200 വർഷത്തിലേറെ പഴക്കമുള്ള ഓർഡനൻസ് ഫാക്ടറികളെ കോർപ്പറേറ്റ് വൽക്കരിക്കുന്നത് ധീരവും അനിവാര്യവുമായ ഒരു നടപടിയായിരുന്നുവെന്ന് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. "ഇന്ന് ഓർഡനൻസ് ഫാക്ടറികൾ പുതിയ രൂപത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ലാഭമുണ്ടാക്കുന്ന യൂണിറ്റുകളായി മാറുകയും ചെയ്യുന്നു. ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ള ഒരു സംവിധാന ഘടന മാറ്റുന്നത് ഈ നൂറ്റാണ്ടിലെ വളരെ വലിയ പരിഷ്കാരമാണെന്ന് ഞാൻ വിശ്വസിക്കുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവൺമെന്റിന്റെ തദ്ദേശീയവൽക്കരണ നീക്കത്തെ രക്ഷാ മന്ത്രി പരാമർശിച്ചു. സ്വദേശിവൽക്കരണത്തിനായുള്ള സായുധ സേനയുടെ അഞ്ച് പട്ടികകളും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ (ഡിപിഎസ്‌യു) അഞ്ച് പട്ടികകളും പുറത്തിറക്കിയിട്ടുള്ളതായി രക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിരോധ ബജറ്റിന്റെ 75 ശതമാനം ആഭ്യന്തര കമ്പനികളിൽ നിന്നുള്ള സംഭരണത്തിനായി ഗവൺമെന്റ് നീക്കിവച്ചിട്ടുണ്ടെന്ന വസ്തുത ശ്രീ രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചു. രാജ്യത്തെ പ്രതിരോധ ഉൽപാദനം 2014 ലെ 40,000 കോടി രൂപയിൽ നിന്ന് ഇന്ന് 1.27 ലക്ഷം കോടി രൂപയിലധികമായി ഉയർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ വർഷം പ്രതിരോധ ഉൽപാദനം 1.60 ലക്ഷം കോടി രൂപ പിന്നിടണം. അതേസമയം 2029 ആകുമ്പോഴേക്കും 3 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," അദ്ദേഹം കൂട്ടിച്ചേർത്തു.
നൂതനാശയങ്ങൾ,പ്രത്യേകിച്ച് യുവാക്കളിലും സ്റ്റാർട്ടപ്പുകളിലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. പ്രതിരോധ മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി, തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് 1.5 കോടി രൂപ വരെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ഐ ഡെക്സ് സംരംഭം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, iDEX പ്രൈം അവതരിപ്പിച്ചു.ഇതിൽ സാമ്പത്തിക പിന്തുണ 10 കോടി രൂപയായി ഉയർത്തി. കൂടാതെ, വഴിത്തിരിവായ നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിന് പുതുതായി ആരംഭിച്ച 'അദിതി പദ്ധതി'25 കോടി രൂപ വരെ സഹായം നൽകുന്നു.
ഇന്ത്യയുടെ വളർന്നുവരുന്ന തന്ത്രപരമായ ശേഷി ചൂണ്ടിക്കാണിച്ചുകൊണ്ട് , മിസൈൽ സാങ്കേതികവിദ്യ (അഗ്നി, ബ്രഹ്മോസ്), അന്തർവാഹിനികൾ (INS അരിഹന്ത്), വിമാനവാഹിനിക്കപ്പലുകൾ (INS വിക്രാന്ത്), നിർമിത ബുദ്ധി, ഡ്രോണുകൾ, സൈബർ പ്രതിരോധം, ഹൈപ്പർസോണിക് സംവിധാനങ്ങൾ തുടങ്ങിയ നിർണായക മേഖലകളിൽ വികസിത രാജ്യങ്ങളുമായി നമ്മുടെ രാജ്യം ഇപ്പോൾ തോളോട് തോൾ ചേർന്ന് നിൽക്കുന്നതായി രക്ഷാ മന്ത്രി പരാമർശിച്ചു. "എയ്‌റോ എഞ്ചിൻ നിർമ്മാണം ഒരു വെല്ലുവിളിയായി തുടരുന്നു," അദ്ദേഹം പറഞ്ഞു.അതേസമയം കാവേരി എഞ്ചിൻ പദ്ധതിയുടെ കീഴിലെ ഗണ്യമായ പുരോഗതിയും ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതിന് സഫ്രാൻ, ജി ഇ, റോൾസ് റോയ്‌സ് തുടങ്ങിയ ആഗോള കമ്പനികളുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കപ്പൽനിർമ്മാണത്തിൽ ഇന്ത്യയുടെ വിജയത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ തീരസംരക്ഷണസേനയുടെയും യുദ്ധക്കപ്പലുകളിൽ 97% ത്തിലധികവും ഇപ്പോൾ ഇന്ത്യൻ കപ്പൽശാലകളിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ നിർമ്മിക്കുന്ന കപ്പലുകൾ മൗറീഷ്യസ്, ശ്രീലങ്ക, വിയറ്റ്നാം, മാലദ്വീപ് തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
SKY
*****
(Release ID: 2122425)
Visitor Counter : 42