രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ദസ്തലിക്ക് -VI ന് ഔന്ധിൽ തുടക്കം

Posted On: 16 APR 2025 2:39PM by PIB Thiruvananthpuram

ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസത്തിന്റെ ആറാമത് പതിപ്പായ, ദസ്തലിക്ക് -VI ന് (DUSTLIK-VI ) പൂനെ, ഔന്ധിലെ ഫോറിൻ ട്രെയിനിംഗ് നോഡിൽ (FTN) ഇന്ന് തുടക്കമായി. 2025 ഏപ്രിൽ 16 മുതൽ 28 വരെയാണ്  സംയുക്ത സൈനികാഭ്യാസം നടക്കുക.

ജാട്ട് റെജിമെന്റിലെ ഒരു ബറ്റാലിയനും ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന 60 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഉസ്ബെക്ക് കരസേനയിലെ ഉദ്യോഗസ്ഥരാണ് ഉസ്ബെക്കിസ്ഥാൻ സംഘത്തെ പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിലും ഉസ്ബെക്കിസ്ഥാനിലുമായി മാറിമാറി നടക്കുന്ന വാർഷിക പരിശീലന പരിപാടിയാണ് സംയുക്ത അഭ്യാസമായ ദസ്തലിക്ക് -VI. 2024 ഏപ്രിലിൽ നടന്ന അവസാന പതിപ്പ് ഉസ്ബെക്കിസ്ഥാനിലെ ടെർമെസ് ജില്ലയിലാണ് നന്നത്.

'അർദ്ധ-നഗര സാഹചര്യത്തിൽ പരമ്പരാഗത യുദ്ധത്തിന്റെ പരിധിക്ക് താഴെയുള്ള ബഹുമുഖ സംയുക്ത  പ്രവർത്തനങ്ങൾ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ വർഷത്തെ അഭ്യാസം.  
ഒരു നിശ്ചിത പ്രദേശം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങളോടുള്ള പ്രതികരണത്തിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.നൈരന്തര്യമുള്ള സംയുക്ത പ്രവർത്തനങ്ങൾക്കായി ബറ്റാലിയൻ തലത്തിൽ സംയുക്ത പ്രവർത്തന കേന്ദ്രം സ്ഥാപിക്കൽ, ഭീകരവിരുദ്ധ ദൗത്യങ്ങളായ ജനസംഖ്യാ നിയന്ത്രണ നടപടികൾ, റെയ്ഡുകൾ, തിരച്ചിൽ-നിരായുധീകരണ പ്രവർത്തനങ്ങൾ, ഭീകരരെ നിർവീര്യമാക്കുന്നതിന് വ്യോമസേനയുടെ   ശക്തി പ്രയോജനപ്പെടുത്തൽ എന്നിവയും സംയുക്ത സൈനികഭയസത്തിനെ ഭാഗമാണ്. അഭ്യാസവേളയിൽ, കൂടുതൽ പ്രവർത്തനങ്ങൾക്കുള്ള മൗണ്ടിംഗ് ബേസായി ഉപയോഗിക്കുന്നതിന് കര,വ്യോമസേനകളിലെ പ്രത്യേക വിഭാഗം ഒരു ഹെലിപാഡ് പ്രവത്തനക്ഷമമാക്കും. ഡ്രോണുകളുടെ വിന്യാസം, ആളില്ലാ വിമാനങ്ങൾക്കെതിരായ നടപടികൾ, ശത്രു പ്രദേശങ്ങളിൽ സൈന്യത്തെ നിലനിർത്തുന്നതിന് വ്യോമസേനയുടെ ലോജിസ്റ്റിക് പിന്തുണ എന്നിവയും അഭ്യാസത്തിൽ ഉൾപ്പെടും. കൂടാതെ, രഹസ്യാന്വേഷണവും നിരീക്ഷണവും, പ്രത്യേക ഹെലിബോൺ പ്രവർത്തനങ്ങൾ (SHBO), സ്മാൾ  ടീം ഇൻസേർഷനും എക്സ്ട്രാക്ഷനും (STIE), മറ്റ് അനുബന്ധ ദൗത്യങ്ങൾ. എന്നിവയ്ക്കായി ഹെലികോപ്റ്ററുകളും ഉപയോഗിക്കും.

ദസ്തലിക്ക് -VI സംയുക്ത സൈനിക അഭ്യാസം, പരമ്പരാഗത യുദ്ധത്തിന്റെ പരിധിക്ക് താഴെയുള്ള സംയുക്ത  പ്രവർത്തനങ്ങക്കായുള്ള  തന്ത്രങ്ങൾ, സാങ്കേതിക വിദ്യകൾ, നടപടിക്രമങ്ങൾ എന്നിവയിൽ മികച്ച രീതികൾ പങ്കിടാൻ ഇരുപക്ഷത്തെയും സഹായിക്കും. ഇത് ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, സൗഹാർദ്ദം, സഹകരണം എന്നിവ വികസിപ്പിക്കാൻ സഹായിക്കും. സംയുക്ത അഭ്യാസം പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുകയും ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊഷ്മളമാക്കുകയും ചെയ്യും.

*************************


(Release ID: 2122301)