രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'നാവിക സാഗര പരിക്രമ II' പര്യവേക്ഷണത്തിന്റെ അവസാന ഘട്ടത്തിനായി  ഐ‌എൻ‌എസ്‌വി തരിണി കേപ്പ് ടൗണിൽ നിന്ന് യാത്ര തിരിച്ചു.

Posted On: 15 APR 2025 5:28PM by PIB Thiruvananthpuram
'നാവിക സാഗര പരിക്രമ II' പര്യവേക്ഷണത്തിന്റെ ഭാഗമായി ഗോവയിലേക്കുള്ള അവസാന ഘട്ട യാത്രയ്ക്കായി, ഐ‌എൻ‌എസ്‌വി തരിണിയ്ക്ക് 2025 ഏപ്രിൽ 15 ന് പ്രാദേശിക സമയം 10.30 ന് (IST സമയം 1400 മണിക്കൂർ)ന് റോയൽ കേപ്പ് യാച്ച് ക്ലബ്ബിൽ നിന്ന് ആചാരപരമായ ഫ്ലാഗ് ഓഫ് നൽകി . കേപ് ടൗണിലെ ഇന്ത്യൻ കോൺസൽ ജനറൽ, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ പ്രതിരോധ വകുപ്പ് അറ്റാഷെ, ആർ‌സി‌വൈ‌സി ഭരണ സമിതി അംഗങ്ങൾ, കേപ് ടൗണിലെ ഇന്ത്യൻ സമൂഹ പ്രതിനിധികൾ എന്നിവർ കപ്പലിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

 നാവിക സേനയിലെ ഇന്ത്യൻ സ്ത്രീകളുടെ ശക്തിയും പ്രതിരോധശേഷിയും പ്രകടമാക്കിക്കൊണ്ട് ഇന്ത്യയുടെ തദ്ദേശീയ കപ്പൽ നിർമ്മാണ കഴിവുകൾ ഉയർത്തിക്കാട്ടുക, ഇന്ത്യയിൽ സമുദ്ര നാവിക പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ് ഈ യാത്ര.

  നാവിക സാഗര പരിക്രമ II ന്റെ ഭാഗമായി, ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എ എന്നിവർ നയിക്കുന്ന ഐ‌എൻ‌എസ്‌വി തരിണി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ മുൻ നിശ്ചയിച്ച പ്രകാരമാണ് സ്റ്റോപ്പ് ഓവർ നടത്തിയത്.

കേപ് ടൗണിലെ തുറമുഖ സന്ദർശന വേളയിൽ, നിരവധി ആശയവിനിമയ, നയതന്ത്ര ഇടപെടലുകൾക്കുള്ള ഒരു കേന്ദ്രമായി വർത്തിച്ച ഐഎൻഎസ് വി തരിണി, നിരവധി വിശിഷ്ടാതിഥികൾക്ക് ആതിഥേയത്വം വഹിച്ചു:

• ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ പ്രഭാത് കുമാർ.

• വെസ്റ്റേൺ കേപ്പിന്റെ ഡെപ്യൂട്ടി സ്പീക്കർ റീഗൻ അലൻ.

• മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും ഇന്ത്യയുടെ സുഹൃത്തുമായ ജോനാഥൻ റോഡ്‌സ്.

• അഭിമാനകരമായ ഗോൾഡൻ ഗ്ലോബ് റേസ് 2022–23 ജേതാവും പ്രശസ്ത നാവികയുമായ  കിർസ്റ്റൺ ന്യൂഷാഫർ.

• കേപ് ടൗണിലെ ഇന്ത്യയുടെ കൗൺസൽ ജനറൽ ശ്രീമതി റൂബി ജസ്പ്രീത്.

• ഇന്ത്യൻ പ്രവാസി പ്രതിനിധികളും പ്രാദേശിക വിശിഷ്ടാതിഥികളും.

ഈ സന്ദർശനം, സാംസ്കാരിക വിനിമയത്തിനുള്ള അവസരം നൽകുകയും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സമുദ്ര മേഖലയിലെ സഹകരണത്തെ എടുത്തുകാണിക്കുകയും ചെയ്തു.

വിശിഷ്ട അതിഥികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനു പുറമേ, ഐ‌എൻ‌എസ്‌വി തരിണിയിലെ സംഘം ലിംഗസമത്വം, സ്ത്രീ ശാക്തീകരണം, തദ്ദേശീയ കപ്പൽ നിർമ്മാണത്തിൽ ഇന്ത്യയുടെ ശേഷി എന്നിവ ഉയർത്തിക്കാട്ടിയ നിരവധി സംവേദനാത്മക പരിപാടികളിൽ ഏർപ്പെട്ടു. ഇതിൽ ഇവ ഉൾപ്പെടുന്നു:

• പ്രവാസികളായ ഇന്ത്യൻ വിദ്യാർത്ഥികളുമായ ആശയവിനിമയം.

• കേപ് ടൗണിലെ ആർ‌സി‌വൈ‌സിയിൽ പൗരപ്രമുഖന്മാരുമായും നയതന്ത്ര സമൂഹത്തിലെ അംഗങ്ങളുമായും അനുഭവങ്ങൾ പങ്കിട്ടു. ഉദ്യോഗസ്ഥർ തങ്ങളുടെ യാത്രയെക്കുറിച്ചും സമുദ്ര പര്യവേക്ഷണത്തിലെ വെല്ലുവിളികളെക്കുറിച്ചും നാവിക സാഗർ പരിക്രമയുടെ പിന്നിലെ വീക്ഷണത്തെക്കുറിച്ചും ഉൾക്കാഴ്ചകൾ പങ്കിട്ടു.

• വെസ്റ്റേൺ കേപ്പ് സർവകലാശാലയിലെ അധ്യാപകരും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായി ഒരു ഔപചാരിക സെഷൻ.

• അടുത്ത തലമുറ നാവിക ഓഫീസർമാർക്ക് പ്രചോദനം നൽകുന്നതിന് ലക്ഷ്യമിട്ടുകൊണ്ട്നാവിക കോളേജിലെ നാവിക കേഡറ്റുകളുമായുള്ള സംവാദം.

• നാവികരിൽ ആവേശവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട്, റോയൽ കേപ് യാച്ച് ക്ലബ് (ആർ‌സി‌വൈ‌സി) സെയിലിംഗ് അക്കാദമിയിലെ യുവ നാവികരുമായുള്ള സംവാദം.

യാത്രയുടെ അവസാന ഘട്ടത്തിൽ കപ്പലിന്റെ മികച്ച ക്ഷമത ഉറപ്പാക്കാൻ ഐ‌എൻ‌എസ്‌വി തരിണിയിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കൊപ്പം പതിവ് പരിശോധനകൾ നടത്താനും ഇവിടെ ചിലവഴിച്ച സമയം നാവികർ ഉപയോഗിച്ചു.

 ഇന്ത്യൻ നാവിക ചരിത്രത്തിലെ മറ്റൊരു അഭിമാനകരമായ അധ്യായം രചിച്ചുകൊണ്ട് 2025 മെയ് അവസാനത്തോടെ ഐഎൻഎസ്‌വി തരിണി വിജയകരമായി ഗോവയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും നാവിക ക്ഷമതയുടെയും ദേശീയ അഭിമാനത്തിന്റെയും ഒരു ദീപസ്തംഭമായി നാവിക സാഗർ പരിക്രമ II തുടരുന്നു.
 
SKY

(Release ID: 2122067) Visitor Counter : 11