ഭൗമശാസ്ത്ര മന്ത്രാലയം
2025 ലെ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
Posted On:
15 APR 2025 5:45PM by PIB Thiruvananthpuram
പ്രധാനഭാഗങ്ങള്‍:
2025-ൽ രാജ്യത്തുടനീളം തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തില്‍ (ജൂൺ മുതൽ സെപ്റ്റംബർ വരെ) മഴ സാധാരണയേക്കാൾ കൂടുതലായിരിക്കും (ദീർഘകാല ശരാശരിയുടെ 104 ശതമാനത്തിലധികം). മഴയുടെ തോത് കണക്കാക്കിയാല്‍ രാജ്യത്തുടനീളം ഇക്കാലയളവിലെ മഴ ദീര്‍ഘകാല ശരാശരിയുടെ 105% ആയിരിക്കാനും (5 ശതമാനം കുറവോ കൂടുതലോ ആയേക്കാം) സാധ്യതയുണ്ട്. 1971 മുതല്‍ 2020 വരെ കാലയളവിൽ രാജ്യത്തെ കാലവര്‍ഷ മഴയുടെ ദീര്‍ഘകാല ശരാശരി 87 സെന്റീമീറ്ററാണ്.
നിലവിൽ ഭൂമധ്യരേഖാ പസഫിക് മേഖലയിൽ ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ (ഇഎന്‍എസ്ഒ) സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ടെങ്കിലും അന്തരീക്ഷ വായുചംക്രമണം ലാ നിന സാഹചര്യങ്ങൾക്ക് സമാനമാണ്. ഏറ്റവും പുതിയ കാലവര്‍ഷ ദൗത്യ കാലാവസ്ഥാ പ്രവചന സംവിധാനവും (എംഎംസിഎഫ്എസ്) മറ്റ് കാലാവസ്ഥാ മാതൃകാ പ്രവചനങ്ങളും കാലവര്‍ഷ സമയത്ത് ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ തുടരാൻ സാധ്യതയുണ്ടെന്ന സൂചന നല്‍കുന്നു.
നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂട്രൽ ഡൈപോള്‍ (ഐഒഡി) സാഹചര്യം നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥാ മാതൃകകളുടെ പ്രവചനം സൂചിപ്പിക്കുന്നത് തെക്കുപടിഞ്ഞാറൻ കാലവര്‍ഷ സമയത്തും ഈ സാഹചര്യം തുടരാൻ സാധ്യതയുണ്ടെന്നാണ്.
കഴിഞ്ഞ മൂന്ന് മാസങ്ങളിൽ (2025 ജനുവരി മുതൽ മാർച്ച് വരെ) വടക്കൻ അർധഗോളത്തിലെയും യുറേഷ്യയിലെയും മഞ്ഞുവീഴ്ചയുണ്ടായ പ്രദേശങ്ങളുടെ വ്യാപ്തി സാധാരണ നിലയിലും താഴെയായിരുന്നു. വടക്കൻ അർധഗോളത്തിലെയും യുറേഷ്യയിലെയും ശൈത്യകാല, വസന്തകാല മഞ്ഞുവ്യാപ്തി തുടർന്നുള്ള ഇന്ത്യൻ വേനൽ മഴയുമായി പൊതുവെ വിപരീത ബന്ധമാണ് കാണിക്കുന്നത്. 2025 മെയ് അവസാന വാരം കാലവര്‍ഷ സമയത്തെ മഴയെക്കുറിച്ച് പുതുക്കിയ പ്രവചനങ്ങൾ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കും.
1. പശ്ചാത്തലം
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) രാജ്യത്തുടനീളം ശരാശരി ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തിലെ (ജൂൺ-സെപ്റ്റംബർ) മഴയെക്കുറിച്ച് ദീർഘകാല പ്രവചനം (എല്‍ആര്‍എഫ്) രണ്ട് ഘട്ടങ്ങളായി പുറപ്പെടുവിച്ചുവരുന്നു. ആദ്യ ഘട്ട പ്രവചനം ഏപ്രിലിലും പുതുക്കിയ രണ്ടാം ഘട്ട പ്രവചനം മെയ് അവസാനത്തോടെയും പുറപ്പെടുവിക്കും. നിലവിലെ രണ്ടുഘട്ട പ്രവചന രീതിയില്‍ മാറ്റം വരുത്തി രാജ്യത്തുടനീളം തെക്കുപടിഞ്ഞാറൻ കാലവര്‍ഷ മഴയെക്കുറിച്ച് പ്രതിമാസ, കാലാനുസൃത പ്രവർത്തനാധിഷ്ഠിത പ്രവചനങ്ങൾ പുറപ്പെടുവിക്കാന്‍ ഒരു പുതിയ രീതി 2021-ൽ ഐഎംഡി നടപ്പാക്കിയിട്ടുണ്ട്. ചലനാത്മക സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ പുതിയ രീതി പ്രവചനം നടത്തുന്നു. ഐഎംഡിയുടെ കാലവര്‍ഷ ദൗത്യ കാലാവസ്ഥാ പ്രവചന സംവിധാനം (എംഎംസിഎഫ്എസ്) ഉൾപ്പെടെ വിവിധ ആഗോള കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ കപ്പിൾഡ് ഗ്ലോബൽ ക്ലൈമറ്റ് മോഡലുകളെ (സിജിസിഎം) അടിസ്ഥാനമാക്കി മൾട്ടി-മോഡൽ എൻസെംബിൾ (എംഎംഇ) പ്രവചന സംവിധാനമാണ് ഇതിനുപയോഗിക്കുന്നത്.
പുതിയ എൽആർഎഫ് രീതിയനുസരിച്ച്, ഏപ്രിൽ മധ്യത്തിൽ പുറപ്പെടുവിച്ച ആദ്യഘട്ട പ്രവചനത്തിൽ രാജ്യത്തെ മഴയുടെ ആകെ അളവും സാധ്യതയും അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളും രാജ്യത്തുടനീളം കാലവര്‍ഷ (ജൂൺ-സെപ്റ്റംബർ) മഴയുടെ ടെർസൈൽ വിഭാഗങ്ങൾ സംബന്ധിച്ച (സാധാരണയേക്കാൾ കൂടുതൽ, സാധാരണ, സാധാരണയേക്കാൾ കുറവ്) മേഖലാതല സാധ്യതാ പ്രവചനങ്ങളും ഉൾപ്പെടുന്നു.
മെയ് അവസാനത്തോടെ പുറപ്പെടുവിക്കുന്ന രണ്ടാം ഘട്ട പ്രവചനത്തിൽ ഏപ്രിലിൽ പുറപ്പെടുവിച്ച കാലവര്‍ഷ മഴ പ്രവചനം സംബന്ധിച്ച പുതുക്കിയ വിവരങ്ങളും രാജ്യത്തെ നാല് ഏകീകൃത പ്രദേശങ്ങളിലെയും (വടക്കുപടിഞ്ഞാറൻ ഇന്ത്യ, മധ്യ ഇന്ത്യ, തെക്കൻ ഉപദ്വീപ്, വടക്കുകിഴക്കൻ ഇന്ത്യ), മൺസൂൺ കോർ സോണിലെയും (എംസിഇസഡ്) ഇക്കാലയളവിലെ മഴയുടെ സാധ്യതാ പ്രവചനങ്ങളും ഉൾപ്പെടുന്നു. കൂടാതെ, രാജ്യത്തെ ആകെ മഴയുടെ അളവിലെ സാധ്യതാ പ്രവചനങ്ങളും ജൂണിൽ രാജ്യത്ത് പെയ്യുന്ന മഴയുടെ ടെർസൈൽ വിഭാഗങ്ങൾ സംബന്ധിച്ച (സാധാരണയേക്കാൾ കൂടുതൽ, സാധാരണ, സാധാരണയേക്കാൾ കുറവ്) മേഖലാതല സാധ്യതാ പ്രവചനങ്ങളും രണ്ടാം ഘട്ട പ്രവചനത്തിൽ ഉള്‍പ്പെടുന്നു.
മേല്‍പറഞ്ഞ പ്രവചനങ്ങൾക്ക് തുടർച്ചയായി ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസാവസാനങ്ങളില്‍ പിന്നീടുള്ള ഒരു മാസത്തേക്ക് പ്രതിമാസ മഴ പ്രവചനം പുറപ്പെടുവിക്കുന്നു. കൂടാതെ, രാജ്യത്തെ ആകെ മഴയുടെ അളവും സാധ്യതാ പ്രവചനങ്ങളും, കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മഴയുടെ ടെർസൈൽ വിഭാഗങ്ങൾക്കായുള്ള മേഖലാതല സാധ്യതാ പ്രവചനങ്ങളും ജൂലൈ അവസാനം ഓഗസ്റ്റിലെ പ്രവചനത്തോടൊപ്പം പുറപ്പെടുവിക്കുന്നു.
2. 2025-ൽ രാജ്യത്തുടനീളം തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ (ജൂൺ-സെപ്റ്റംബർ) മഴയുടെ പ്രവചനം
ചലനാത്മക സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള പ്രവചനം സൂചിപ്പിക്കുന്നത് കാലവര്‍ഷത്തിലെ മഴയുടെ അളവ് ദീർഘകാല ശരാശരിയുടെ 105% ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് (5% കുറവോ കൂടുതലോ ആവാന്‍ സാധ്യതയോടെ). രാജ്യത്തുടനീളം 1971-2020 കാലയളവിൽ മഴയുടെ ദീര്‍ഘകാല ശരാശരി 87 സെന്റീമീറ്ററാണ്.
രാജ്യത്തുടനീളം കാലവര്‍ഷ (ജൂൺ മുതൽ സെപ്റ്റംബർ വരെ) മഴയുടെ അഞ്ച് വിഭാഗങ്ങളിലെ സാധ്യതാ പ്രവചനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവര്‍ഷ മഴയുടെ ശക്തമായ സാധ്യത (59%) സാധാരണയില്‍ കൂടുതല്‍ വിഭാഗത്തിലോ അതിലും കൂടുതലോ ആയിരിക്കുമെന്നാണ് (ദീര്‍ഘകാല ശരാശരിയുടെ 104 ശതമാനത്തില്‍ കൂടുതല്‍).
2025-ലെ തെക്കുപടിഞ്ഞാറൻ കാലവര്‍ഷ മഴയുടെ എംഎംഇ പ്രവചനം ഇന്ത്യൻ മൺസൂൺ മേഖലയെക്കാൾ ഉയർന്ന പ്രവചന വൈദഗ്ധ്യമുള്ള ഒരു കൂട്ടം കപ്പിൾഡ് കാലാവസ്ഥാ മാതൃകകളുടെ ഏപ്രിലിലെ പ്രാരംഭ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
3. ഭൂമധ്യരേഖാ പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ സമുദ്ര ഉപരിതല താപനില (എസ്എസ്ടി) സാഹചര്യങ്ങള്‍
നിലവിൽ ഭൂമധ്യരേഖാ പസഫിക് മേഖലയിൽ ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ (ഇഎന്‍എസ്ഒ) സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ടെങ്കിലും അന്തരീക്ഷ വായുചംക്രമണം ലാ നിന സാഹചര്യങ്ങൾക്ക് സമാനമാണ്. ഏറ്റവും പുതിയ കാലവര്‍ഷ ദൗത്യ കാലാവസ്ഥാ പ്രവചന സംവിധാനവും (എംഎംസിഎഫ്എസ്) മറ്റ് കാലാവസ്ഥാ മാതൃകാ പ്രവചനങ്ങളും കാലവര്‍ഷ സമയത്ത് ന്യൂട്രൽ എൽ നിനോ-സതേൺ ഓസിലേഷൻ തുടരാൻ സാധ്യതയുണ്ടെന്ന സൂചന നല്‍കുന്നു
നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂട്രൽ ഡൈപോള്‍ (ഐഒഡി) സാഹചര്യം നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥാ മാതൃകകളുടെ പ്രവചനം സൂചിപ്പിക്കുന്നത് തെക്കുപടിഞ്ഞാറൻ കാലവര്‍ഷ സമയത്തും ഈ സാഹചര്യം തുടരാൻ സാധ്യതയുണ്ടെന്നാണ്.
പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ സമുദ്ര ഉപരിതല താപനില (എസ്എസ്ടി) അവസ്ഥകൾ ഇന്ത്യൻ കാലവര്‍ഷത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതിനാല്‍ ഈ സമുദ്ര ഉപരിതല സാഹചര്യങ്ങളുടെ മാറ്റം ഐഎംഡി ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുവരുന്നു.
4. വടക്കൻ അർധഗോളത്തിലെ മഞ്ഞുവ്യാപ്തി
വടക്കൻ അർധഗോളത്തിലെയും യുറേഷ്യയിലെയും ശൈത്യകാല, വസന്തകാല മഞ്ഞുവീഴ്ചയുടെ വ്യാപ്തിയ്ക്ക് തുടര്‍ന്നുള്ള ഇന്ത്യൻ വേനൽ മഴയുമായി പൊതുവെ വിപരീത ബന്ധമുണ്ട്. 2025 ജനുവരി മുതൽ മാർച്ച് വരെ കാലയളവിൽ വടക്കൻ അർധഗോളത്തിലെയും യുറേഷ്യയിലെയും മഞ്ഞുവ്യാപ്തി സാധാരണ നിലയിലും താഴെയാണെന്ന് നിരീക്ഷിക്കപ്പെട്ടു
(Release ID: 2122022)
Visitor Counter : 8