നിതി ആയോഗ്
വാഹന വ്യവസായം: ആഗോള മൂല്യ ശൃംഖലകളിൽ (ജിവിസി) ഇന്ത്യയുടെ പങ്കാളിത്തം ശക്തമാകുന്നു
Posted On:
15 APR 2025 3:13PM by PIB Thiruvananthpuram
സംഗ്രഹം
-
വാഹന നിര്‍മാണ മേഖലയിലൂടെ ആഗോള ജിഡിപിയിൽ 7.1% സംഭാവന ചെയ്യുന്ന ഇന്ത്യ ആഗോള വാഹന ഉല്പാദനത്തിൽ നാലാം സ്ഥാനത്താണ്.
-
ശക്തമായ നിർമാണ അടിത്തറയുണ്ടെങ്കിലും ആഗോളതലത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന വാഹന നിര്‍മാണ ഘടകങ്ങളിലെ ഇന്ത്യയുടെ 3% മാത്രം വിഹിതം വിപുലീകരണത്തിന്റെ വിശാല സാധ്യത എടുത്തുകാണിക്കുന്നു.
-
ഉല്പാദനം 145 ബില്യൺ ഡോളറായും കയറ്റുമതി 60 ബില്യൺ ഡോളറായും ഉയർത്താനും 2 മുതല്‍ 2.5 ദശലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ‘വിഷൻ 2030’ ആസൂത്രണം ലക്ഷ്യമിടുന്നു.
-
ഇലക്ട്രിക് വാഹനങ്ങളെയും പ്രാദേശികവൽക്കരണത്തെയും പിന്തുണയ്ക്കാന്‍ ഫെയിം, പിഎം ഇ-ഡ്രൈവ്, പിഎൽഐ തുടങ്ങിയ സർക്കാർ പദ്ധതികൾ 66,000 കോടിയിലധികം രൂപ സമാഹരിച്ചു.
-
ലക്ഷ്യമിട്ട പരിഷ്കാരങ്ങളിലൂടെയും ജിവിസി സംയോജനത്തിലൂടെയും 2030-ഓടെ ഇന്ത്യയ്ക്ക് ആഗോള വാഹന നിര്‍മാണ ഘടകങ്ങളുടെ വ്യാപാര വിഹിതം 3 ശതമാനത്തിൽ നിന്ന് 8 ശമതാനമായി ഉയർത്താനാവും.
നീതി ആയോഗ് വൈസ് ചെയർമാൻ ശ്രീ സുമൻ ബെറി, മുതിർന്ന അംഗങ്ങൾ, നീതി ആയോഗ് സിഇഒ എന്നിവർ ചേർന്ന് 2024 ഏപ്രിൽ 11-ന് 'വാഹന വ്യവസായം: ആഗോള മൂല്യ ശൃംഖലകളിൽ (ജിവിസി) ഇന്ത്യയുടെ പങ്കാളിത്തം ശക്തമാകുന്നു' എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പുറത്തിറക്കി. വാഹന നിര്‍മാണ മേഖലയിലെ ഇന്ത്യയുടെ ആഗോള മൂല്യശൃംഖലയുടെ (ജിവിസി) സാധ്യതകള്‍ വിവരിക്കുന്ന ഈ റിപ്പോര്‍ട്ട് മേഖലയില്‍ ഇന്ത്യയുടെ ആഗോള നേതൃത്വത്തിന് തന്ത്രപരമായ വഴികൾ എടുത്തുകാണിക്കുകയും ചെയ്യുന്നു.
ഉല്പാദന - സാമ്പത്തിക വളർച്ചയുടെ ആധാരശിലയായ രാജ്യത്തെ വാഹന വ്യവസായം ഇന്ത്യയുടെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (ജിഡിപി) 7.1 ശതമാനവും ഉല്പാദന ജിഡിപിയിലേക്ക് 49 ശതമാനവും സംഭാവന ചെയ്യുന്നു. ലോകത്തെ നാലാമത് വലിയ വാഹന ഉല്പാദക രാജ്യമെന്ന നിലയിൽ വാഹന നിര്‍മാണ മൂല്യ ശൃംഖലയിൽ ആഗോള നേതൃത്വമായി ഉയർന്നുവരാന്‍ വിപുലവും തന്ത്രപരവുമായ കഴിവ് ഇന്ത്യയ്ക്കുണ്ട്. വാഹനഘടകങ്ങളുടെ നിര്‍മാണവും സംയോജനവും മുതൽ സ്റ്റീൽ, ഇലക്ട്രോണിക്സ്, റബർ, ഐടി, ലോജിസ്റ്റിക്സ് തുടങ്ങി നിർണായക വ്യവസായങ്ങള്‍ തമ്മിലെ ആഴമേറിയ പരസ്പരബന്ധം വരെ വിശാലമായ ആവാസവ്യവസ്ഥയാണ് ഈ മേഖലയുടേത്. സമീപ വർഷങ്ങളിൽ വാഹന ഉൽപാദനത്തിൽ വൻ വളർച്ച കൈവരിച്ച ഇന്ത്യ 2023–24 ൽ മാത്രം 28 ദശലക്ഷത്തിലധികം യൂണിറ്റുകളാണ് നിർമിച്ചത്. പ്രത്യക്ഷവും പരോക്ഷവുമായ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും നവീകരണത്തിന് പ്രചോദനം നൽകുകയും ചെയ്യുന്ന ഈ വ്യാവസായിക മേഖലയുടെ സംഭാവന ഉല്പാദനത്തിനപ്പുറം ഇന്ത്യയുടെ ഹരിത ഗതാഗത പരിവർത്തനം, വ്യാവസായിക അഭിലാഷങ്ങൾ, വ്യാപാര തന്ത്രം എന്നിവയിലെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു.
2022-ൽ ആഗോള വാഹന ഘടക വിപണിയുടെ മൂല്യം 700 ബില്യൺ ഡോളർ വിദേശ വ്യാപാരം ഉള്‍പ്പെടെ 2 ട്രില്യൺ ഡോളറായിരുന്നു. ശക്തമായ നിർമാണ അടിത്തറ ഉണ്ടായിരുന്നിട്ടും വെറും 3 ശതമാനത്തില്‍ (ഏകദേശം 20 ബില്യൺ ഡോളര്‍) തുടരുന്ന ഇന്ത്യയുടെ ആഗോള വാഹന ഘടക വിപണിയിലെ വ്യാപാരപങ്കാളിത്തം വിപുലീകരണത്തിന്റെ വിശാല സാധ്യത എടുത്തുകാണിക്കുന്നു. വാഹനഘടക മേഖലയില്‍ കയറ്റുമതിയും ഇറക്കുമതിയും സന്തുലിതമായ ഇന്ത്യയുടെ വ്യാപാര അനുപാതം ഏകദേശം തുല്യമാണ് (~0.99). ഡ്രൈവ് ട്രാൻസ്മിഷൻ, സ്റ്റിയറിംഗ് സംവിധാനങ്ങള്‍ക്കൊപ്പം എന്‍ജിൻ, എന്‍ജിൻ ഘടകങ്ങൾ പോലെ ആഗോള വ്യാപാര വിഹിതത്തിന്റെ 2 മുതല്‍ 4 ശതമാനം വരെ മാത്രം ഇന്ത്യ കൈവശം വയ്ക്കുന്ന ഉയർന്ന മൂല്യവും കൃത്യതയാര്‍ന്നതുമായ വിഭാഗങ്ങളില്‍ ആഭ്യന്തര മേഖലയുടെ പരിമിതമായ സാന്നിധ്യമാണ് ഇത് കാണിക്കുന്നത്. ഈ വിടവ് നികത്താൻ ഘടനാപരമായ പരിഷ്കാരങ്ങൾ, തന്ത്രപരമായ നിക്ഷേപങ്ങൾ, ഏകോപിത വ്യാവസായിക നയ സമീപനം എന്നിവ ആവശ്യമാണ്. ശരിയായ സാഹചര്യങ്ങളിലൂടെ 2030-ഓടെ കയറ്റുമതി മൂന്ന് മടങ്ങിലേക്ക് അഥവാ 60 ബില്യൺ ഡോളറായി ഉയർത്താനും, 25 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം സൃഷ്ടിക്കാനും, 2 മുതല്‍ 2.5 ദശലക്ഷം വരെ പ്രത്യക്ഷ തൊഴിലവസരങ്ങൾ നല്‍കാനും സാധിക്കുന്നതിലൂടെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും നവീകരണത്തിലൂന്നിയതുമായ നിർമാണ കേന്ദ്രമായി മാറാൻ ഇന്ത്യയെ സഹായിക്കും.
വാഹന മേഖലയുടെ തന്ത്രപരമായ പ്രാധാന്യം
-
ഇന്ത്യയുടെ ജിഡിപിയിൽ 7.1 ശതമാനവും ഉല്പാദന ജിഡിപിയിൽ 49 ശതമാനവും സംഭാവന ചെയ്യുന്നു.
-
ദശലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിൽ നൽകുകയും സ്റ്റീൽ, ഇലക്ട്രോണിക്സ്, ഐടി മേഖലകളിലുടനീളം നിർണായക ബന്ധങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു
-
ആഗോളതലത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന വാഹനഘടകങ്ങളിൽ ഇന്ത്യയുടെ നിലവിലെ വിഹിതം ഏകദേശം 3 ശതമാനം അഥവാ 20 ബില്യൺ ആണ്.
ഇന്ത്യയുടെ വാഹന വ്യവസായ കാഴ്ചപ്പാട്

മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് സംരംഭങ്ങൾക്ക് കീഴിൽ ആഗോള ഉൽപാദന കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളുമായി ഈ കാഴ്ചപ്പാട് ചേര്‍ന്നുനില്‍ക്കുന്നു.
മേഖലയെ രൂപപ്പെടുത്തുന്ന ആഗോള പ്രവണതകൾ
1. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്ഭവം:
-
2023 ൽ ചൈന 8 ദശലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ ഉല്പാദിപ്പിച്ച പശ്ചാത്തലത്തില്‍ നിർമാണരംഗത്തെ മുൻഗണനകൾ ഇലക്ട്രിക് വാഹനങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നു.
-
നിയന്ത്രണ ഉത്തരവുകളിലൂടെയും സബ്‌സിഡികൾ വഴിയും യൂറോപ്യൻ യൂണിയനും യുഎസും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
-
ബാറ്ററികൾ, അര്‍ധചാലകങ്ങള്‍, നൂതന വസ്തുക്കൾ എന്നിവയുടെ ആവശ്യകത ഇലക്ട്രിക് വാഹനങ്ങള്‍ വർധിപ്പിക്കുന്നു.
2. ഡിജിറ്റൽ, ഉന്നതനിലവാര നിർമാണം:
-
എഐ, റോബോട്ടിക്സ്, ഡിജിറ്റൽ ഇരട്ടകള്‍, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ത്രിമാന പ്രിന്റിംഗ് എന്നിവയുടെ സംയോജനം കാര്യക്ഷമത വര്‍ധിപ്പിക്കുന്നു.
-
ഉൽപ്പാദന പ്രക്രിയയുടെ എല്ലാ തലങ്ങളിലും എഐ, ഐഒടി, റോബോട്ടിക്സ് എന്നിവ സംയോജിപ്പിച്ച സ്മാർട്ട് ഫാക്ടറികൾ സൃഷ്ടിക്കുന്നതിൽ നിരവധി ആഗോള വാഹന നിർമാതാക്കൾ വൻതോതിൽ നിക്ഷേപം നടത്തുന്നു. ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ സ്മാർട്ട് ഫാക്ടറികളിലേക്ക് മാറുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു.
3. സുസ്ഥിരതയും ചാക്രിക സമ്പദ്‌വ്യവസ്ഥയും:
-
കാർബൺ ബഹിര്‍ഗമനം ഇല്ലാതാക്കല്‍, അസംസ്കൃത വസ്തുക്കളുടെ പുനഃചംക്രമണം, ഊർജ കാര്യക്ഷമത എന്നിവയിലേക്ക് വാഹന നിർമാതാക്കൾ നീങ്ങുന്നു.
-
ഉദാഹരണം: ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ബാറ്ററി പുനഃചംക്രമണം, ഫോക്സ്‌വാഗന്റെ പുനരുപയോഗ ഊർജസ്രോതസ്സുകള്‍.
4. മേഖലാ പരസ്പരാശ്രിതത്വം:
-
സ്റ്റീല്‍, ഇലക്ട്രോണിക്സ്, റബർ, ഗ്ലാസ്, തുണിത്തരങ്ങൾ, ഐടി സേവനങ്ങൾ എന്നിവയുടെ പ്രധാന ഉപഭോക്താവാണ് വാഹന വ്യവസായം.
-
നൂതന ഗതാഗത പരിഹാരങ്ങൾക്കായി അര്‍ധചാലകങ്ങളെയും എഐ അധിഷ്ഠിത സോഫ്റ്റ്‌വെയറിനെയും ആശ്രയിക്കുന്നത് വർധിക്കുന്നു.

പ്രധാന സർക്കാർ ഇടപെടലുകൾ
1. മെയ്ക്ക് ഇൻ ഇന്ത്യ: 2014 ൽ ആരംഭിച്ച മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം രാജ്യത്തിന്റെ ഉല്പാദന മേഖലയ്ക്ക് പ്രത്യേകിച്ച് വാഹനനിര്‍മാണ മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നൽകി. ഈ നയം ആഭ്യന്തര ഉൽപ്പാദനം അഭിവൃദ്ധിപ്പെടുത്തുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2. ആത്മനിർഭർ ഭാരത്: ഉല്പാദനത്തിൽ സ്വയംപര്യാപ്തത വളർത്താനും വിദേശ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആത്മനിർഭർ ഭാരത് സംരംഭം ലക്ഷ്യമിടുന്നു. വാഹനനിര്‍മാണ മേഖലയിൽ എന്‍ജിനുകൾ, ട്രാൻസ്മിഷനുകൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ തുടങ്ങി നിർണായക ഘടകങ്ങളുടെ ആഭ്യന്തര ഉത്പാദനം വർധിക്കാന്‍ ഇത് വഴിയൊരുക്കി. വാഹന മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എസ്എംഇ) ലഭിച്ച സർക്കാർ പിന്തുണ ആഗോള വിതരണ ശൃംഖലകളുമായി സംയോജനത്തിന് സഹായകമായി.
3. ഫെയിം ഇന്ത്യ പദ്ധതി (ഒന്നും രണ്ടും ഘട്ടങ്ങള്‍): ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള ഏറ്റെടുക്കലും നിര്‍മാണവും (ഫെയിം) പദ്ധതി ഇന്ത്യയിൽ പരിസ്ഥിതിശുദ്ധ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായകമായി മാറി. 11,500 കോടി രൂപ വകയിരുത്തിയ രണ്ടാം ഘട്ടം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ബസുകൾ എന്നിവയുടെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നതിലും പൊതു ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക തലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ശക്തമായ ആഭ്യന്തര ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.
4. പിഎം ഇ-ഡ്രൈവ് സ്കീം (2024–26): ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്താനും നഗര മലിനീകരണം കുറയ്ക്കാനുമായി ആരംഭിച്ച ഈ പദ്ധതിക്ക് 10,900 കോടി രൂപ വകയിരത്തിയതിനു പുറമെ വന്‍തോതില്‍ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനും ലക്ഷ്യമിടുന്നു:
-
24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ
-
3.2 ലക്ഷം ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍
-
സംസ്ഥാന പൊതു ഗതാഗത സ്ഥാപനങ്ങൾ (എസ്ടിയു) / പൊതുഗതാഗത ഏജൻസികൾക്കായി 14,028 ഇലക്ട്രിക് ബസുകൾ
-
ദേശീയ തലത്തില്‍ ചാർജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിന് 2,000 കോടി രൂപ വകയിരുത്തി.
5. വാഹന - എസിസി ബാറ്ററികൾക്ക് ഉൽപ്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി: ആകെ 44,038 കോടി രൂപ വകയിരുത്തിയ (പിഎൽഐ പദ്ധതി - 25,938 കോടി രൂപ, എസിസി ബാറ്ററിയ്ക്കായി പിഎല്‍ഐ പദ്ധതി - 18,100 കോടി രൂപ) ഈ മുൻനിര സംരംഭം ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ, നൂതന ബാറ്ററികള്‍, എന്നിവയടക്കം വാഹന നിര്‍മാണ രംഗത്തെ നൂതന സാങ്കേതികവിദ്യകളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും വിപുലമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനും ആഗോള വിതരണ ശൃംഖലകളുമായി സംയോജിപ്പിക്കാനും ഒഇഎമ്മുകൾക്കും വാഹന ഘടക നിർമാതാക്കൾക്കും പദ്ധതി സാമ്പത്തിക പ്രോത്സാഹനം നൽകുന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ നവീകരണത്തിലൂടെ ആഭ്യന്തര മൂല്യവർധന, കയറ്റുമതി സന്നദ്ധത, തൊഴിലവസര സൃഷ്ടി എന്നിവയ്ക്കും പദ്ധതി മുൻഗണന നൽകുന്നു.

ആഗോള മൂല്യ ശൃംഖലാ സംയോജനത്തിന്റെ പ്രധാന വെല്ലുവിളികൾ
-
ഉയർന്ന കൃത്യതയാര്‍ന്ന വിഭാഗങ്ങളിൽ മോശം പ്രകടനം :
-
ഇന്ത്യയുടെ ആഗോള വിഹിതം: എന്‍ജിൻ, എന്‍ജിൻ ഘടകങ്ങൾ, ഡ്രൈവ് ട്രാൻസ്മിഷൻ, സ്റ്റിയറിംഗ് സംവിധാനങ്ങളില്‍ 2 മുതല്‍ 4% വരെ മാത്രം.
ജിവിസി സംയോജനത്തിന് നിർദിഷ്ട ഇടപെടലുകൾ
ധനകാര്യ നടപടികൾ:
-
പ്രവർത്തനച്ചെലവ് പിന്തുണ: വാഹനഘടകങ്ങളുടെ രൂപകൽപ്പനയും ഉത്പാദനവും , സ്റ്റീല്‍ ഘടകങ്ങള്‍ തയ്യാറാക്കല്‍, അടിസ്ഥാനസൗകര്യം എന്നിവയുടെ മൂലധന ചെലവിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഉല്പാദന ശേഷി വർധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
-
നൈപുണ്യ വികസനം: വളർച്ച നിലനിർത്തുന്നതില്‍ നിർണായകമായ പ്രതിഭാ സംവിധാനം തയ്യാറാക്കാനുള്ള സംരംഭങ്ങൾ.
-
ഗവേഷണ-വികസനം, സർക്കാര്‍ സഹായത്തോടെ ഐപി ട്രാൻസ്ഫറും ബ്രാൻഡിംഗും: ഉല്പന്ന വൈവിധ്യം മെച്ചപ്പെടുത്താനും ഐപി ട്രാൻസ്ഫറുകളിലൂടെ എംഎസ്എംഇകളെ ശാക്തീകരിക്കാനുമായി ഗവേഷണം, വികസനം, അന്താരാഷ്ട്ര ബ്രാൻഡിംഗ് എന്നിവയ്ക്ക് പ്രോത്സാഹനം.
-
ക്ലസ്റ്റർ വികസനം: വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് ഗവേഷണ-വികസനം, പരിശോധനാകേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു സൗകര്യങ്ങളിലൂടെ സ്ഥാപനങ്ങൾ തമ്മിലെ സഹകരണം വളർത്തല്‍.
സാമ്പത്തികേതര പരിഷ്കാരങ്ങൾ:
-
വ്യവസായം 4.0 ഏറ്റെടുക്കല്‍: കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സംയോജനവും മെച്ചപ്പെട്ട ഉൽപാദന മാനദണ്ഡങ്ങളുടെ പ്രോത്സാഹനവും.
-
അന്താരാഷ്ട്ര സഹകരണം: ആഗോള വിപണി പ്രവേശം വിപുലീകരിക്കുന്നതിന് സംയുക്ത സംരംഭങ്ങൾ (ജെവികൾ), വിദേശ സഹകരണങ്ങൾ, സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ്‌ടിഎകൾ) എന്നിവയുടെ പ്രോത്സാഹനം.
-
ബിസിനസ്സ് എളുപ്പമാക്കല്‍: നിയന്ത്രണ പ്രക്രിയകളുടെ ലളിതവല്‍ക്കരണം, തൊഴിലാളികള്‍ക്ക് വഴക്കമുള്ള സമയക്രമം, വിതരണക്കാരെ കണ്ടെത്തലും വികസനവും തുടങ്ങിയവയിലൂടെ വാഹന നിര്‍മാണ സ്ഥാപനങ്ങളുടെ വ്യാപാര സാഹചര്യങ്ങൾ മെച്ചടുത്തല്‍.
ഉപസംഹാരം
കേന്ദ്രീകൃത പരിഷ്കാരങ്ങൾ, നയ വ്യക്തത, വ്യവസായ വിന്യാസം എന്നിവയിലൂടെ വാഹന നിർമാണത്തിലെ ആഗോള നേതൃനിരയിലേക്ക് ഉയരാനാവുന്ന നിർണായക ഘട്ടത്തിലാണ് ഇന്ത്യയിലെ വാഹനനിര്‍മാണ മേഖല. സംശുദ്ധ അന്തരീക്ഷത്തിലേക്കും സമര്‍ത്ഥ സംവിധാനങ്ങളിലേക്കും പരസ്പര ബന്ധിത ഗതാഗതത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് കൃത്യതയാര്‍ന്ന വാഹന നിര്‍മാണ ഘടകങ്ങളിലെ മത്സരശേഷിയും നവീകരണവും വളർത്തിയെടുത്തും കയറ്റുമതി കൂട്ടിയും ആഗോള മൂല്യ ശൃംഖലകളുമായി ഇന്ത്യ സംയോജനം ത്വരിതപ്പെടുത്തണം. അടുത്ത അഞ്ച് വർഷങ്ങളിലെ നൈപുണ്യ വികസനവും അടിസ്ഥാന സൗകര്യങ്ങളും മുതൽ ഗവേഷണ വികസനവും ആഗോള പങ്കാളിത്തവും വരെ ആസൂത്രിത ഇടപെടലുകളുടെ ഫലപ്രദമായ നിർവഹണത്തിലൂടെ മൂല്യമേറിയ വാഹനഘടകങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുമോ അതോ പരമ്പരാഗത വിഭാഗങ്ങളിലെ ചെലവു കുറഞ്ഞ നിര്‍മാതാവായി തുടരുമോ എന്ന് നിർണ്ണയിക്കാനാവും. അഭിലാഷത്തിന്റെയും പ്രവർത്തനങ്ങളുടെയും ശരിയായ സംയോജനത്തിലൂടെ വരുംതലമുറ ഗതാഗത പരിഹാരങ്ങളുടെ ആഗോളതല അംഗീകൃത വിതരണക്കാരനാകാൻ ഇന്ത്യയ്ക്ക് സാധിക്കും.
അവലംബം:
**********************
(Release ID: 2121946)
Visitor Counter : 18