സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിര വളപ്പിൽ ഇന്ന് രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പുഷ്പാർച്ചന നടത്തി

Posted On: 14 APR 2025 12:42PM by PIB Thiruvananthpuram

കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2025 ഏപ്രിൽ 14 ന് പാർലമെന്റ് മന്ദിര വളപ്പിലെ ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് സമീപം ഡോ. ​​അംബേദ്കർ ഫൗണ്ടേഷൻ (ഡിഎഎഫ്) 135-ാമത് അംബേദ്കർ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു.

 രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രിയും (എസ്‌ജെ & ഇ)  ഡി എ എഫ് ചെയർമാനുമായ ഡോ. വീരേന്ദ്ര കുമാർ, മന്ത്രിമാർ, പാർലമെന്റേറിയന്മാർ, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ രാവിലെ പുഷ്പാർച്ചന നടത്തി.

 

 തുടർന്ന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി. പാർലമെന്റ് മന്ദിര വളപ്പിലെ പ്രേരണ സ്ഥലിലുള്ള ബാബാസാഹേബ് അംബേദ്കറുടെ പൂർണകായ പ്രതിമയിൽ നിരവധി പേർ ശ്രദ്ധാഞ്ജലി അർപ്പിച്ചു. പരിപാടിയിൽ ബുദ്ധ സന്യാസിമാർ ബുദ്ധ മന്ത്രങ്ങൾ ആലപിച്ചു. അതേസമയം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ കലാകാരന്മാർ ബാബാസാഹേബ് അംബേദ്കറിനായി ആദരമർപ്പിച്ചുള്ള ഗാനങ്ങൾ ആലപിച്ചു.

 

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയും സാമൂഹിക പരിഷ്കർത്താവും നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഡോ. അംബേദ്കറിന്റെ ജയന്തി എല്ലാ വർഷവും ആഘോഷിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ക്ഷേമത്തിനായി ഡോ. അംബേദ്കർ പോരാടി. സാമൂഹിക നീതി, സമത്വം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ഇപ്പോഴും തലമുറകളെ പ്രചോദിപ്പിക്കുന്നു. 

 

സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി (എസ്.ജെ. & ഇ) ശ്രീ ബി.എൽ. വർമ്മ,മന്ത്രാലയ സെക്രട്ടറി ശ്രീ അമിത് യാദവ്, മന്ത്രാലയത്തിലെയും ഡി.എ.എഫിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ഡോ. അംബേദ്കർ ഫൗണ്ടേഷൻ (ഡിഎഎഫ്):

 

ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ സന്ദേശവും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനാണ് ഡോ. അംബേദ്കർ ഫൗണ്ടേഷൻ രൂപീകരിച്ചത്. 1991-ൽ, ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ ശതാബ്ദി ആഘോഷത്തിനായി ഒരു കമ്മിറ്റി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രൂപീകരിച്ചു.അതിന്റെ മേധാവി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഈ കമ്മിറ്റി ഡോ. അംബേദ്കർ ഫൗണ്ടേഷൻ (ഡിഎഎഫ്) സ്ഥാപിക്കാൻ തീരുമാനിച്ചു. 1992 മാർച്ച് 24-ന്, കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ, ബാബാസാഹേബ് ഡോ. അംബേദ്കർ ഫൗണ്ടേഷൻ (DAF) സ്ഥാപിതമായി. ബാബാസാഹേബ് ഡോ. അംബേദ്കറുടെ ദർശനങ്ങളും ചിന്തകളും രാജ്യമൊട്ടാകെ പ്രചരിപ്പിക്കുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 

ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM):

 

പ്രശസ്ത സാമൂഹിക പരിഷ്കർത്താവ്, വാഗ്മി, രചയിതാവ്, ചരിത്രകാരൻ, നിയമജ്ഞൻ, നരവംശശാസ്ത്രജ്ഞൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം, പ്രവർത്തനങ്ങൾ, സംഭാവനകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM) സമർപ്പിച്ചിരിക്കുന്നു. ഡോ. അംബേദ്കറുടെ വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ ജീവിതം എന്നിവ വിശദമാക്കുന്ന രേഖകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യക്തിഗത വസ്തുക്കൾ, ഫോട്ടോഗ്രാഫുകൾ, കത്തുകൾ, രേഖകൾ എന്നിവയുടെ ഒരു ശേഖരം DANM മ്യൂസിയത്തിൽ ഉണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിമുഖങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ദൃശ്യ-ശ്രവ്യ സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

 

 

*****


(Release ID: 2121628) Visitor Counter : 13