രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി സ്ലൊവാക്യയിൽ; സ്ലൊവാക്യ റിപ്പബ്ലിക്കിന്റെ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച; പ്രതിനിധിതല ചർച്ചകൾക്ക് നേതൃത്വം നൽകി
എംഎസ്എംഇ, നയതന്ത്ര പരിശീലന സഹകരണ മേഖലകളിൽ രണ്ട് ധാരണാപത്രങ്ങൾ കൈമാറി
Posted On:
09 APR 2025 9:05PM by PIB Thiruvananthpuram
പോർച്ചുഗല്‍ - സ്ലോവാക്യ ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന പാദത്തില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ബ്രാട്ടിസ്ലാവയിലെത്തി. 29 വർഷത്തിനിടെ ഇന്ത്യൻ രാഷ്ട്രപതിയുടെ ആദ്യ സ്ലോവാക് റിപ്പബ്ലിക് സന്ദർശനമാണിത്. കേന്ദ്ര സഹമന്ത്രി ശ്രീമതി നിമുബെൻ ബംഭാനിയ, പാർലമെന്റ് അംഗങ്ങളായ ശ്രീ ധവൽ പട്ടേൽ, ശ്രീമതി സന്ധ്യ റേ എന്നിവരും രാഷ്ട്രപതിയ്ക്കൊപ്പം പ്രതിനിധി സംഘത്തിലുണ്ട്.


സ്ലോവാക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുടെ കൊട്ടാരത്തിലെ ഊഷ്മള വരവേല്‍പ്പോടെ രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് തുടക്കം കുറിച്ചു. നാടോടി വേഷധാരികളായ പങ്കാളികള്‍ ബ്രെഡും ഉപ്പും നൽകി പരമ്പരാഗത സ്ലോവാക്യന്‍ രീതിയില്‍ വരവേല്‍പ്പ് നല്‍കിയതിന് പിന്നാലെ ഗാർഡ് ഓഫ് ഓണറോടെ ആചാരപരമായ സ്വീകരണം നൽകി.


പിന്നീട് സ്ലോവാക്യ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി നടത്തിയ നേരിട്ടുള്ള കൂടിക്കാഴ്ചയിലും പ്രതിനിധിതല ചർച്ചകളിലും രാഷ്ട്രപതി ദ്രൗപദി മുർമു ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളും പൊതു ആഗോള, പ്രാദേശിക താൽപ്പര്യങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്റ് പെല്ലെഗ്രിനിയുടെ വ്യക്തിപരമായ പ്രതിബദ്ധതയും മുൻകൈയും അഭിനന്ദനാര്‍ഹമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ലോവാക്യയില്‍ ഇന്ത്യൻ കലയുടെയും സംസ്കാരത്തിന്റെയും വർധിച്ചുവരുന്ന ജനപ്രീതി പരാമര്‍ശിച്ച രാഷ്ട്രപതി സ്ലോവാക്യയെ ഒരു ചിത്രീകരണ കേന്ദ്രമായും സംയുക്ത ചലച്ചിത്ര നിർമാണത്തിലെ പങ്കാളിയായും പ്രോത്സാഹിപ്പിക്കുന്നതടക്കം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മാധ്യമ, വിനോദ, സര്‍ഗാത്മക സാമ്പത്തിക രംഗങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതൽ സഹകരിക്കാനാവുന്ന അനന്ത സാധ്യതകൾ എടുത്തുപറഞ്ഞു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വേവ്സ് ഉച്ചകോടിയിൽ സജീവമായി പങ്കെടുക്കാൻ രാഷ്ട്രപതി സ്ലൊവാക്യയെ ക്ഷണിച്ചു.

എംഎസ്എംഇ മേഖലകളിലെ സഹകരണം സംബന്ധിച്ച് എൻഎസ്ഐസിയും സ്ലോവാക് ബിസിനസ് ഏജൻസിയും തമ്മിലും നയതന്ത്ര പരിശീലന സഹകരണം സംബന്ധിച്ച് എസ്എസ്ഐഎഫ്എസും സ്ലോവാക് വിദേശകാര്യ മന്ത്രാലയവും തമ്മിലും രണ്ട് ധാരണാപത്രങ്ങളുടെ കൈമാറ്റത്തിന് ഇരു നേതാക്കളും സാക്ഷ്യംവഹിച്ചു.

തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സ്ലോവാക് റിപ്പബ്ലിക് ദേശീയ സമിതി സ്പീക്കർ ശ്രീ. റിച്ചാർഡ് റാഷിയുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ. റാഷിയെ അഭിനന്ദിച്ച രാഷ്ട്രപതി ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദത്തിന് ഇന്ത്യ നൽകുന്ന ഉയർന്ന മുൻഗണന ആവര്‍ത്തിച്ചുറപ്പിച്ചു. ഇന്ത്യയും സ്ലോവാക്യയും തമ്മിലെ സൗഹാർദവും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതില്‍ പാർലമെന്റ് അംഗങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് അവർ പറഞ്ഞു. സ്ലോവാക് ദേശീയ സമിതിയിലെ സ്ലോവാക്-ഇന്ത്യ സൗഹൃദ സംഘത്തിന്റെ പാരമ്പര്യം ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി പാർലമെന്റ് അംഗങ്ങള്‍ക്കിടയില്‍ അറിവിന്റെയും അനുഭവത്തിന്റെയും കൈമാറ്റം പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുമെന്നും പറഞ്ഞു.

സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ. റോബർട്ട് ഫിക്കോയെ സന്ദര്‍ശിച്ച രാഷ്ട്രപതി വിപുലമായ ചർച്ചകള്‍ നടത്തി. ജനാധിപത്യം, നിയമവാഴ്ച, ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളുടെ സംയോജനം എന്നീ മേഖലകളിലെ പങ്കാളിത്ത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ലോവാക്യന്‍ റിപ്പബ്ലിക്കുമായി പരമ്പരാഗതമായി അടുത്തതും സൗഹൃദപരവുമായ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും ഇടപെടലുകളിൽ വർധനയുണ്ടായതായി അവർ ചൂണ്ടിക്കാട്ടി. പരസ്പര താൽപ്പര്യമുള്ള മേഖലകളിലെല്ലാം ഉഭയകക്ഷി ബന്ധം കൂടുതൽ വൈവിധ്യവല്‍ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ഇരുനേതാക്കളും അംഗീകരിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
***************
(Release ID: 2120656)
Visitor Counter : 20