രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുർമു പോർച്ചുഗലിൽ
പോർച്ചുഗൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും പ്രതിനിധി തല ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു
Posted On:
07 APR 2025 9:28PM by PIB Thiruvananthpuram
പോർച്ചുഗലിലേക്കും സ്ലോവാക് റിപ്പബ്ലിക്കിലേക്കുമുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ആദ്യ പാദത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്നലെ (2025 ഏപ്രിൽ 6) ലിസ്ബണിലെത്തി. 27 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗൽ സന്ദർശിക്കുന്നത്.
ഇന്ന് (2025 ഏപ്രിൽ 7) രാവിലെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ പോർച്ചുഗൽ റിപ്പബ്ലിക് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ, ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ 'പ്രാകാ ഡോ ഇംപീരിയോ'യിൽ വെച്ച് ഊഷ്മളമായി സ്വാഗതം ചെയ്തു. ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിക്ക് ആചാരപരമായ സ്വീകരണം നൽകി.
രാഷ്ട്രപതി ദ്രൗപദി മുർമു ചർച്ച് ഓഫ് സാന്താ മരിയ സന്ദർശിച്ച് പോർച്ചുഗൽ ദേശീയ കവി ലൂയിസ് വാസ് ഡി കാമോസിൻ്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. പോർച്ചുഗലിലെ പതിനാറാം നൂറ്റാണ്ടിലെ വാസ്തുവിദ്യാ വൈഭവമായ ജെറോനിമോസസ് മഠവും അവർ സന്ദർശിച്ചു.
തുടർന്ന് നടന്ന പരിപാടിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ സ്മരണയ്ക്കായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകളുടെ പ്രകാശന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയും പങ്കെടുത്തു. ഇന്ത്യയുടെയും പോർച്ചുഗലിന്റെയും സമ്പന്നമായ കലാ, സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഈ സ്റ്റാമ്പുകൾ ഇരു രാജ്യങ്ങളുടെയും ആകർഷകങ്ങളായ നാടോടി വേഷവിധാനങ്ങളെയും ചിത്രീകരിക്കുന്നു : രാജസ്ഥാന്റെ തനത് കൽബെലിയ വസ്ത്രരീതിയും പോർച്ചുഗലിൽ നിന്നുള്ള പരമ്പരാഗത വിയാന ഡോ കാസ്റ്റെലോ വസ്ത്ര രീതിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പിന്നീട്, രാഷ്ട്രപതി ദ്രൗപദി മുർമു പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയിലും പ്രതിനിധിതല ചർച്ചകളിലും ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങളും പൊതു താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്തു. ചരിത്രപരമായ
ഇന്ത്യ-പോർച്ചുഗൽ ബന്ധം കൂടുതൽ ശക്തമായി വളർന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ആധുനികവും ബഹുമുഖവും ചലനാത്മകവുമായ പങ്കാളിത്തമായി മാറിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ദീർഘകാല ഉഭയകക്ഷി ബന്ധങ്ങൾ, പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതിക വിദ്യ, ഐടി, ഡിജിറ്റൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം, കണക്റ്റിവിറ്റി, ഗതാഗത സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത രാഷ്ട്രപതി എടുത്തുപറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും വാർത്താക്കുറിപ്പുകൾ പുറത്തിറക്കി.
*****************
(Release ID: 2119939)
Visitor Counter : 30