ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സന്ദർശിച്ചു

അനുകമ്പാർഹ നടപടിയായി നോമിനികളായ 9 പേർക്ക് നിയമന കത്തുകൾ കൈമാറി

Posted On: 07 APR 2025 6:23PM by PIB Thiruvananthpuram
 ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ജമ്മുവിൽ സന്ദർശിച്ചു. അനുകമ്പാർഹ നടപടിയായി, നാമനിർദ്ദേശം ചെയ്യപ്പെട്ട 9 പേർക്ക് നിയമന കത്തുകൾ കൈമാറുകയും ചെയ്തു. വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രദ്ധാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
 
മൂന്നര പതിറ്റാണ്ടിലേറെയായി ജമ്മു കാശ്മീർ ഭീകരതയുടെ ദോഷഫലങ്ങൾ അനുഭവിച്ചുവരികയാണെന്ന് വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തെയും, കുടുംബത്തെയും, ഭാവിയെയും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗത്തെ ആദരിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരരായ പോലീസുകാരുടെ സ്മരണയിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഭീകരതയെ നേരിടുന്നതിലും വിഘടനവാദം ഇല്ലാതാക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പൂർണ്ണമായും നിർമാർജനം ചെയ്യാൻ കഴിയാത്തതിനാൽ നമ്മുടെ ദൗത്യം ഇപ്പോഴും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും ശ്രീ ഷാ പറഞ്ഞു.
 
രക്തസാക്ഷിയായ എസ്.ജി.സി.ടി ജസ്വന്ത് സിങ്ങിന്റെ മകൻ 12 വയസ്സുള്ള യുവരാജ് സിങ്ങിന് പ്രായപൂർത്തിയാകുമ്പോൾ (18 വയസ്സ്) അനുകമ്പാർഹ നടപടിയായി നിയമനം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ ജമ്മു കശ്മീർ ഗവൺമെന്റിനോട് ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു. ഗണ്ഡേർബാൽ ജില്ലയിൽ ഗഗൻഗീറിലെ എ.പി.സി.ഒ കൺസ്ട്രക്ഷൻ കമ്പനി ഡെപ്യൂട്ടി മാനേജർ/ഡിസൈനർ അന്തരിച്ച ശ്രീ ശശി ഭൂഷൺ അബ്രോളിന്റെ കുടുംബത്തിനും ശ്രീ ഷാ ആദരവും നന്ദിയും അറിയിച്ചു. സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായ സോനാമാർഗ് തുരങ്കത്തിൽ 2024 ഒക്ടോബർ 20 ന് നടന്ന ഭീകരാക്രമണത്തിൽ, കർത്തവ്യ നിർവഹണത്തിനിടയാണ് ശ്രീ ശശി ഭൂഷൺ അബ്രോളിന് ജീവഹാനി ഉണ്ടായത്. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖിതരായവർ അനുഭവിക്കുന്ന വേദന ഇല്ലാതാക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രക്തസാക്ഷികളുടെ പ്രിയപ്പെട്ടവർ രാജ്യത്തോടൊപ്പം നിന്നതുപോലെ, ധീരരായ രക്തസാക്ഷികളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനുള്ള ഞങ്ങളുടെ ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയും അവരോടുള്ള അഗാധമായ നന്ദിയെയും ഇത് പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
 
രക്തസാക്ഷികളുടെ ആദർശങ്ങൾ പിന്തുടരാനും ഭാരത മാതാവിനോടുള്ള കടമയും സ്നേഹവും ബഹുമാനവും പുലർത്താനും കേന്ദ്ര ആഭ്യന്തര മന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. രക്തസാക്ഷികളുടെ ത്യാഗം, ധൈര്യം, പ്രതിജ്ഞാബദ്ധത എന്നിവ നമ്മുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നും അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ജമ്മു കശ്മീരിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയെ- പ്രത്യേകിച്ച്, അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷാ സാഹചര്യം ശക്തിപ്പെടുത്തുന്നതിനും സ്വീകരിച്ച സുപ്രധാന നടപടികളെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം പ്രതിഫലിപ്പിക്കുന്നു.
 
********************
 

(Release ID: 2119910) Visitor Counter : 15