ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് (BFSI) എന്നീ മേഖലകളിലെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ആദ്യത്തെ ഡിജിറ്റൽ ത്രെട്ട് റിപ്പോർട്ട് 2024 ഇന്ത്യ പുറത്തിറക്കി

Posted On: 07 APR 2025 5:27PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 07 ഏപ്രിൽ 2025 
 
ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് (BFSI) എന്നീ മേഖലകളിലെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ നാഴികക്കല്ലായി മാറുന്ന ഒരു സംരംഭമെന്ന നിലയിൽ, CERT-In (MeitY), CSIRT-Fin, ആഗോള സൈബർ സുരക്ഷാ കമ്പനിയായ SISA എന്നിവ സഹകരിച്ച്, BFSI മേഖലയ്ക്കായുള്ള ഡിജിറ്റൽ ത്രെട്ട് റിപ്പോർട്ട് 2024 പുറത്തിറക്കി. നിലനിൽക്കുന്നതും ഉയർന്നുവരുന്നതുമായ സൈബർ ഭീഷണികളുടെയും പ്രതിരോധ തന്ത്രങ്ങളുടെയും സമഗ്രമായ വിശകലനമാണ് ഈ റിപ്പോർട്ട്.

ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ശ്രീ എം നാഗരാജുവും ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി ശ്രീ എസ് കൃഷ്ണനും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് ബഹലും, SISA സ്ഥാപകനും സിഇഒയുമായ ദർശൻ ശാന്തമൂർത്തിയും ചേർന്നാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
 
A group of men holding awardsAI-generated content may be incorrect.


സഹകരണാത്മക സൈബർ പ്രതിരോധ തന്ത്രം

 ഉദ്ഘാടന വേളയിൽ, ഇന്ത്യാ ഗവൺമെന്റിനു കീഴിലുള്ള ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ ഐഎഎസ്, സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനവുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന സൈബർ അപകടസാധ്യതകൾ വിശദീകരിച്ചു: "BFSI ആവാസവ്യവസ്ഥയുടെ പരസ്പരബന്ധിതമായ സ്വഭാവം അർത്ഥമാക്കുന്നത്, ഒറ്റ സൈബർ ആക്രമണത്തിന് വ്യവസ്ഥാപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാകുമെന്നും, ഇത് പ്രാരംഭ ലക്ഷ്യത്തിനപ്പുറം ഒന്നിലധികം സ്ഥാപനങ്ങളെ ബാധിച്ചേക്കാമെന്നുമാണ്. ദേശീയ, മേഖലാ തലങ്ങളിൽ ഏകോപിത സൈബർ സുരക്ഷാ സംവിധാനങ്ങളുടെ അടിയന്തിര ആവശ്യകത ഇത് അടിവരയിടുന്നു. സൈബർ  വെല്ലുവിളികളുടെ സമയബന്ധിതമായി കണ്ടെത്തൽ, പ്രതികരണം, നടപടി സ്വീകരിക്കൽ എന്നിവ ഉറപ്പാക്കുന്നതിന് നിയന്ത്രണ സംവിധാനങ്ങൾ, വ്യവസായ പങ്കാളികൾ, ആഗോള സൈബർ സുരക്ഷാ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് അപകടസാധ്യതകൾ ലഘൂകരിക്കുന്നതിൽ CERT-In ഉം CSIRT-Fin ഉം നിർണ്ണായക പങ്ക് വഹിക്കുന്നു. SISA യുമായി സഹകരിച്ച് തയാറാക്കിയ ഈ റിപ്പോർട്ട്, പ്രതിരോധം ഉറപ്പാക്കാനും, സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട  അപകടസാധ്യതകൾ കുറയ്ക്കാനും, സങ്കീർണ്ണമായ സൈബർ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള സംയുക്ത  സൈബർ സുരക്ഷാ തന്ത്രം സൃഷ്ടിക്കാനും BFSI സംഘടനകളെ പ്രാപ്തമാക്കും.

സാമ്പത്തിക ഭദ്രതയുടെ അടിത്തറയായി സൈബർ സുരക്ഷ

ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ശ്രീ എം. നാഗരാജു, ഐഎഎസ്, സാമ്പത്തിക സേവനങ്ങളിൽ ശക്തമായ സൈബർ പ്രതിരോധത്തിന്റെ നിർണ്ണായക ആവശ്യകത അടിവരയിട്ടു വ്യക്തമാക്കി. സാമ്പത്തിക സ്ഥിരതയിലും വിശ്വാസത്തിലും സൈബർ സുരക്ഷയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു - "സൈബർ സുരക്ഷ ഇനി ഒരു ഇച്ഛാനുസാരിയായ സുരക്ഷാ സംവിധാനമല്ല, മറിച്ച് ഡിജിറ്റൽ യുഗത്തിലെ സാമ്പത്തിക സ്ഥിരതയുടെ അനിവാര്യതയാണ്.  ഇന്ത്യയുടെ BFSI മേഖല അതിവേഗം വികസിക്കുമ്പോൾ, ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കുന്നനുള്ള നിയന്ത്രണ സംവിധാനം ഒരു ആവശ്യകത മാത്രമല്ല, ഒരു സാമ്പത്തിക അനിവാര്യതയുമാണെന്നർത്ഥം. ദേശീയ സൈബർ സുരക്ഷാ ഏജൻസികളും വ്യവസായ പ്രമുഖരും തമ്മിലുള്ള സഹകരണ ഉദ്യമമെന്ന നിലയിൽ BFSI ഡിജിറ്റൽ ത്രെട്ട് റിപ്പോർട്ട് 2024, സാങ്കേതികവിദ്യ, നിയന്ത്രണ അനുവർത്തനം, ഭീഷണികൾക്കെതിരെ മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ ഏകീകരിക്കുന്ന ഒരു സംയോജിത സമീപനത്തിന്റെ അടിയന്തിര പ്രാധാന്യം വ്യക്തമാക്കുന്നു. വർദ്ധിച്ചുവരുന്ന സങ്കീർണ്ണമായ ഭീഷണികളുടെ പശ്ചാത്തലത്തിൽ അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിനും, പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, സൈബർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, രഹസ്യാന്വേഷണ വിവരങ്ങൾ പ്രയോജനപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുമുള്ള തന്ത്രപരമായ രൂപരേഖയായി ഇത് വർത്തിക്കുന്നു.

BFSI മേഖലയെ രൂപപ്പെടുത്തുന്ന സൈബർ സുരക്ഷാ ഭൂമികയുടെ സമഗ്രമായ വിശകലനം റിപ്പോർട്ട് നൽകുന്നു. മുൻനിര സൈബർ സുരക്ഷാ ദാതാക്കൾ, ദേശീയ ഏജൻസികൾ, സാമ്പത്തിക മേഖലയിലെ അപകടങ്ങളോട് പ്രതികരിക്കുന്ന സംഘങ്ങൾ എന്നിവയെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ സംരംഭത്തിന്റെ സഹകരണ സ്വഭാവം, ഡിജിറ്റൽ അപകടസാധ്യതകൾ ലഘൂകരിക്കാൻ മുൻകൈയെടുക്കേണ്ടതിന്റെയും രഹസ്യാന്വേഷണ വിവരങ്ങളിൽ അധിഷ്ഠിതമായ സമീപനത്തിന്റെയും  പ്രാധാന്യം വിശദീകരിക്കുന്നു.

BFSI മേഖലയാണ് ആഗോള ഡിജിറ്റൽ പരിവർത്തനത്തിന്റെ കാതലായി വർത്തിക്കുന്നത്. 2028 ആകുമ്പോഴേക്കും ഡിജിറ്റൽ പണമിടപാടുകൾ 3.1 ട്രില്യൺ ഡോളർ വരുമാനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊത്തം ബാങ്കിംഗ് വരുമാനത്തിന്റെ 35% വരും. എന്നിരുന്നാലും, ഡിജിറ്റൽ ഇടപാടുകളിലേക്കുള്ള ദ്രുതഗതിയിലുള്ള പരിവർത്തനം സൈബർ കുറ്റവാളികൾക്കുള്ള സാദ്ധ്യതകളും  വികസിപ്പിച്ചു. 2024 ലെ ഡിജിറ്റൽ ത്രെറ്റ് റിപ്പോർട്ട്, നിലവിലുള്ള ഭീഷണികളെയും ഉയർന്നുവരുന്ന അപകടസാധ്യതകളെയും പരിശോധിക്കുക മാത്രമല്ല, സിസ്റ്റം അധിഷ്ഠിത പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രതികൂല തന്ത്രങ്ങങ്ങൾ സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തുകയും ചെയ്യുന്നു. ഭാവിയിൽ പ്രതീക്ഷിക്കാവുന്ന സൈബർ അപകടസാധ്യതകളുടെ വിശകലനം ലഭ്യമാക്കുന്നതിലും, വർത്തമാനകാല, ഭാവികാല സൈബർ ഭീഷണികൾ നേരിടുന്നതിനുള്ള ഉൾക്കാഴ്ചകൾ നൽകി ധനകാര്യ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിലും പ്രയോജനപ്പെടുന്ന മേഖലാതല സുരക്ഷാ പരിമിതികൾ സംബന്ധിച്ച സവിശേഷ വീക്ഷണം ഇത് നൽകുന്നു.
 


ബഹുമുഖ സൈബർ ഉൾക്കാഴ്ച നൽകുന്ന ഡിജിറ്റൽ ത്രെട്ട് റിപ്പോർട്ട് 2024

കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക  മന്ത്രാലയത്തിലെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് ബഹൽ, “സൈബർ സുരക്ഷ എന്നത് വ്യക്തിഗത സ്ഥാപനങ്ങളെ സംരക്ഷിക്കുക മാത്രമല്ല - മുഴുവൻ ആവാസവ്യവസ്ഥയെയും സുരക്ഷിതമാക്കുക എന്നതാണ്. സമകാലിക ഹൈപ്പർ-കണക്റ്റഡ് ലോകത്ത്, ഭീഷണികൾ എക്കാലത്തേക്കാളും വേഗത്തിൽ വികസിക്കുന്നു. ഇത് സഹകരണാത്മകമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് അനിവാര്യമാക്കുന്നു. എതിരാളികളെക്കാൾ മുന്നിൽ നിൽക്കാനും, ഉയർന്നുവരുന്ന അപകടസാധ്യതകളുമായി പൊരുത്തപ്പെടാനും, ദീർഘകാല സൈബർ പ്രതിരോധശേഷി കെട്ടിപ്പടുക്കാനും ധനകാര്യ സ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഈ റിപ്പോർട്ട് ലക്ഷ്യമിടുന്നത്. ഇതുപോലുള്ള സംരംഭങ്ങൾ സാമ്പത്തിക സൈബർ സുരക്ഷയിൽ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു, ഡിജിറ്റൽ ഇടപാടുകൾ വളരുന്നതിനനുസരിച്ച്, അവ സുരക്ഷിതവും വിശ്വസനീയവും ഭാവിയിലെ ഭീഷണികൾക്കെതിരെ പ്രതിരോധശേഷിയുള്ളതുമായി തുടരുന്നു എന്ന് ഉറപ്പാക്കുന്നു." എന്ന് പറഞ്ഞു .

SISA യുടെ ഫോറൻസിക് അന്വേഷണങ്ങൾ, CERT-In ന്റെ സൈബർ സുരക്ഷാ മേൽനോട്ടം, CSIRT-Fin ന്റെ സാമ്പത്തിക മേഖലയിലെ പ്രതികരണ വൈദഗ്ദ്ധ്യം എന്നിവയെ തത്സമയ ലോക സൈബർ ഇന്റലിജൻസ് റിപ്പോർട്ട് ആയി സംയോജിപ്പിച്ച്, ഉയർന്നുവരുന്ന ഭീഷണികളെക്കുറിച്ചുള്ള ഒരു ബഹുമുഖ വീക്ഷണം വാഗ്ദാനം ചെയ്യുന്നു. പ്രധാന ആക്രമണ സാധ്യതാ മേഖലകൾ, എതിരാളികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന തന്ത്രങ്ങൾ, സ്ഥിരമായ സുരക്ഷാ പരിമിതികൾ എന്നിവ തിരിച്ചറിയുന്നതിലൂടെ, റിപ്പോർട്ട് നിലവിലെ വെല്ലുവിളികളുടെ രൂപരേഖ തയ്യാറാക്കുക മാത്രമല്ല, വ്യക്തികൾ, പ്രക്രിയകൾ, സാങ്കേതികവിദ്യകൾ എന്നിവയിലുടനീളം പ്രതിരോധ, അന്വേഷണ, സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് പ്രായോഗികവുമായ ശുപാർശകളും നൽകുന്നു.

സൈബർ ഭീഷണികൾക്കെതിരെ ഉടനടിയുള്ള നിലപാട് സ്വീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ, നിയന്ത്രണ ഏജൻസികൾ, സുരക്ഷാ പ്രൊഫഷണലുകൾ എന്നിവർക്കുള്ള ഒരു ആഹ്വാനമാണ് BFSI യ്ക്കുള്ള ഡിജിറ്റൽ ത്രെട്ട് റിപ്പോർട്ട് 2024. നിർമ്മിതബുദ്ധി-അധിഷ്ഠിത ആക്രമണങ്ങൾ, തട്ടിപ്പിനുള്ള സങ്കീർണ്ണമായ തന്ത്രങ്ങൾ, അനുവർത്തന സങ്കീർണ്ണതകൾ എന്നിവ മൂലം ഈ മേഖല വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനാൽ, വികസിച്ചുകൊണ്ടിരിക്കുന്ന സൈബർ സുരക്ഷാ ഭൂമികയെ  പര്യവേക്ഷണം ചെയ്യുന്നതിനുള്ള തന്ത്രപരമായ വഴികാട്ടിയായി ഈ റിപ്പോർട്ട്  വർത്തിക്കുന്നു.

SISA-യെ കുറിച്ച്:

ഡിജിറ്റൽ പണമിടപാട് വ്യവസായത്തിനായുള്ള ആഗോള ഫോറൻസിക്‌ അധിഷ്ഠിത സൈബർ സുരക്ഷാ പരിഹാര കമ്പനിയാണ് SISA. ശക്തമായ പ്രതിരോധ, അന്വേഷണ, തിരുത്തൽ സൈബർ സുരക്ഷാ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തി  സ്വന്തം ബിസിനസുകൾ സുരക്ഷിതമാക്കുന്നതിന് മുൻനിര സ്ഥാപനങ്ങൾ SISA യെ വിശ്വസിക്കുന്നു. SISA മുന്നോട്ടു വയ്ക്കുന്ന പ്രശ്നത്തിന് -ആദ്യ പരിഗണന,  മനുഷ്യ കേന്ദ്രീകൃത സമീപനം എന്നിവ ബിസിനസ് സ്ഥാപനങ്ങളെ അവയുടെ സൈബർ സുരക്ഷാ നിലപാട് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. 40-ലധികം രാജ്യങ്ങളിലായി 2,000-ത്തിലധികം ഉപഭോക്താക്കൾക്ക് യഥാർത്ഥ സുരക്ഷ ഉറപ്പാക്കാൻ ഫോറൻസിക് ഇന്റലിജൻസിന്റെയും നൂതന സാങ്കേതികവിദ്യയുടെയും ശക്തി SISA പ്രയോജനപ്പെടുത്തുന്നു.

ഡിജിറ്റൽ ത്രെട്ട് റിപ്പോർട്ട് ലഭിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
 
*****

(Release ID: 2119895) Visitor Counter : 16