വ്യോമയാന മന്ത്രാലയം
പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഇൻ എയർ ക്രാഫ്റ്റ് ഒബ്ജക്ട്സ് ബിൽ, 2025 പാർലമെന്റ് പാസാക്കി
Posted On:
04 APR 2025 4:03PM by PIB Thiruvananthpuram
സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡു അവതരിപ്പിച്ച 'പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഇൻഎയർ ക്രാഫ്റ്റ് ഒബ്ജക്ട്സ് ' ബിൽ, 2025 ലോക്‌സഭ 03.04.2025 ന് പാസാക്കി. രാജ്യസഭയിൽ നേരത്തെ ബിൽ പാസായിരുന്നു. സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ പാസാക്കിയ രണ്ടാമത്തെ പ്രധാന വ്യോമയാന പരിഷ്കാരമാണിത്. രാജ്യത്ത് വിമാനങ്ങളുടെ പാട്ടത്തിനും ധനസഹായത്തിനുമുള്ള ആവാസവ്യവസ്ഥയെ ആഗോള നിലവാരവുമായി പൊരുത്തപ്പെടുത്തുക എന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്തിന്റെ അതിവേഗം വളരുന്ന വ്യോമയാന വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവയ്പ്പായി ഇത് അടയാളപ്പെടുത്തുന്നു.
വിമാനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പാട്ട കരാറുകൾ ലളിതമാക്കാനും ഏകീകൃതമാക്കാനും ലക്ഷ്യമിട്ടുള്ള 2001 ലെ കേപ് ടൗൺ ഉടമ്പടിയുടെ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയാണ് ഈ ബിൽ രൂപീകരിച്ചിരിക്കുന്നത്. 2008 ൽ ഇന്ത്യ ഈ ഉടമ്പടി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. എന്നാൽ നിയമപരമായ നിർവ്വഹണത്തിലെ വിടവുകൾ, ഉയർന്ന പാട്ട ചെലവുകൾക്ക് കാരണമായി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സാധാരണയേക്കാൾ 8 മുതൽ 10 ശതമാനം വരെ കൂടുതൽ തുക ഇപ്പോൾ പാട്ടത്തിന് ചെലവാകുന്നുണ്ട്. ഈ ബില്ലിലൂടെ, വിമാനങ്ങൾക്ക് ധനസഹായം നൽകുന്നവർക്ക് നിയമപരമായ ഉറപ്പ് നൽകുന്നതിലൂടെയും ഇന്ത്യൻ വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിലൂടെയും ആ വിടവുകൾ നികത്താൻ ഗവൺമെന്റ് ശ്രമിക്കുന്നു.
സിവിൽ വ്യോമയാന മേഖലയിലെ വളർച്ചയെ കേന്ദ്രമന്ത്രി വ്യക്തമായ കണക്കുകൾ ഉപയോഗിച്ച് വിശദമാക്കി. “സ്വാതന്ത്ര്യം മുതൽ 2014 വരെയുള്ള ഏകദേശം 65 വർഷക്കാലം ഇന്ത്യയിലെ വിമാന യാത്രികരുടെ എണ്ണം പ്രതിവർഷം10 കോടി 38 ലക്ഷമായിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ 2024 ൽ ആ സംഖ്യ ഇരട്ടിയിലധികം വർദ്ധിച്ച് 22 കോടി 81 ലക്ഷമായി,” അദ്ദേഹം പറഞ്ഞു. “അതുപോലെ, ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 2014 ലെ 74 ൽ നിന്ന് 2024 ൽ 159 ആയി വർദ്ധിച്ചു. രണ്ട് എണ്ണം കൂടി ഉടൻ ആരംഭിക്കാൻ സജ്ജമാണ്” അദ്ദേഹം എടുത്തുപറഞ്ഞു.
വിമാനങ്ങളുടെ എണ്ണത്തിൽ 2014 ലെ 340 ൽ നിന്ന് 2024 ആകുമ്പോഴേക്കും 840 ആയ വർധനയുടെ കണക്കും മന്ത്രി എടുത്തുപറഞ്ഞു. “ഇന്ത്യയിലെ സിവിൽ വ്യോമയാന മേഖല കുതിച്ചുയരുകയാണ് എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇത്രയും കുറഞ്ഞ കാലയളവിൽ വ്യോമയാന വികസനത്തിൽ മറ്റൊരു രാജ്യത്തും ഈ തോതിലുള്ള വികസനം ഉണ്ടായിട്ടില്ല” അദ്ദേഹം പറഞ്ഞു.
പാട്ടകരാറുകൾ കൂടുതൽ ലഘൂകരിക്കാനും, ഇന്ത്യയെ വ്യോമയാന നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ ലക്ഷ്യസ്ഥാനമാക്കാനും, കേപ് ടൗൺ ഉടമ്പടിക്ക് കീഴിൽ രാജ്യത്തിന്റെ സ്കോറുകൾ മെച്ചപ്പെടുത്താനും ബിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിമാന കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിനും ഈ മേഖലയിലേക്ക് പുതുതായി എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മാറ്റങ്ങൾ അത്യാവശ്യമാണ്.
സിവിൽ വ്യോമയാന മേഖലയിലെ വിശാലമായ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചയിൽ വിശദമാക്കി. ഉദാഹരണത്തിന്, ഒരു വിമാന കമ്പനിയുടെ പ്രവർത്തന ചെലവിന്റെ ഏകദേശം 45% എന്നത് ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (ATF) ഉയർന്ന വിലയാണ്. സംസ്ഥാനങ്ങൾ തമ്മിൽ എടിഎഫ് നികുതിയിലുള്ള വ്യത്യാസത്തിൽ മന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും നിരക്കുകൾ കുറച്ച സംസ്ഥാനങ്ങളുടെ മാതൃക മറ്റ് സംസ്ഥാനങ്ങൾ പിന്തുടരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. "ഈ നികുതികൾ കുറയ്ക്കുന്നത് പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് ചെലവ് കുറയ്ക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ വ്യോമയാന മന്ത്രാലയം സുസ്ഥിരതയ്ക്കും ശേഷി വികസനത്തിനും അഭിലാഷകരമായ ഭാവി ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
2025 ഓടെ 2.5 കോടി ലിറ്റർ സുസ്ഥിര വ്യോമയാന ഇന്ധനം (SAF) ഉത്പാദിപ്പിക്കാനും 100 ലധികം വിമാനത്താവളങ്ങളെ പുനരുപയോഗ ഊർജ്ജത്തിലേക്ക് പരിവർത്തനം ചെയ്യാനുമുള്ള പദ്ധതികളോടെ, ഇന്ത്യ ഹരിത വ്യോമയാനത്തിലേക്ക് ശക്തമായ മുന്നേറ്റം നടത്തുകയാണ്. അടുത്ത 10 മുതൽ 15 വർഷത്തിനുള്ളിൽ 30,000 മുതൽ 34,000 വരെ എന്ന കണക്കിൽ പരിശീലനം ലഭിച്ച പൈലറ്റുമാരുടെ ആവശ്യകതയും ഈ മേഖല നേരിടുന്നു. “ഈ ആവശ്യം നിറവേറ്റുന്നതിനായി,വിമാന പറക്കൽ പരിശീലന സ്ഥാപനങ്ങളുടെ (FTO-കൾ) എണ്ണം വർദ്ധിപ്പിക്കുന്നതിനും വർഷം തോറും കൂടുതൽ വാണിജ്യ പൈലറ്റ് ലൈസൻസുകൾ നൽകുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു,” മന്ത്രി പറഞ്ഞു.
ശ്രീ റാം മോഹൻ നായിഡു,ഗവൺമെന്റിന്റെ ദീർഘകാല വീക്ഷണം സ്ഥിരീകരിച്ചു: “ഇന്ത്യയിലെ സിവിൽ വ്യോമയാനം എന്നത് കേവലം വിമാനങ്ങൾ പറത്തുക മാത്രമല്ല. അത് മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നുകൂടി അർത്ഥമാക്കുന്നു. വ്യോമയാന മേഖലയിൽ ഇന്ത്യയെ ആഗോള നേതൃനിരയിൽ സ്ഥാപിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
****
(Release ID: 2119058)
Visitor Counter : 17