ഷിപ്പിങ് മന്ത്രാലയം
ലോക്‌സഭ തീരദേശ ഷിപ്പിംഗ് ബില്‍, 2024 പാസാക്കി
'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദീര്‍ഘവീഷണമുള്ള നേതൃത്വത്തിന്‍ കീഴില്‍, ഇന്ത്യയുടെ തീരദേശ ചരക്കു ഗതാഗതം 2014 നു ശേഷം 119% ആയി കുതിച്ചുയര്‍ന്നു, 2030 ഓടെ 230 ദശലക്ഷം ടണ്‍ ആകുമെന്നു പ്രതീക്ഷിക്കുന്നു' : സര്‍ബാനന്ദ സോനോവാള്‍
Posted On:
03 APR 2025 8:10PM by PIB Thiruvananthpuram
റോഡ്, റെയില്‍ ശൃംഖലയിലെ തിരക്കു കുറയ്ക്കുന്നതിനൊപ്പം ചെലവുകുറഞ്ഞതും ആശ്രയിക്കാവുന്നതും സുസ്ഥിരവുമായ ഒരു ഗതാഗത മാര്‍ഗ്ഗം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, തീരദേശ വാണിജ്യ ഇടപാടിനു മാത്രമായി ഒരു പ്രത്യേക നിയമപരിരക്ഷയ്ക്കു വഴിയൊരുക്കുന്ന 2024ലെ തീരദേശ ഷിപ്പിംഗ് ബില്‍ ലോക്‌സഭ പാസാക്കി. ' ഇന്ത്യയുടെ വിശാലവും തന്ത്രപ്രധാനവുമായ തീരപ്രദേശത്തിന്റെ മുഴുവന്‍ സാദ്ധ്യതകളും പ്രയോജനപ്പെടുത്താനും തീരദേശ വ്യാപാരത്തിന് മാത്രമായി നിയമപരിരക്ഷ നല്‍കാനും ഈ ബില്‍ ശ്രമിക്കുന്നു,' കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് ശ്രീ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിശാല കാഴ്ചപ്പാടായ ദേശീയ ലോജിസ്റ്റിക് നയവുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടുന്ന കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍, 2024 തീരദേശ വ്യാപാരം കൂടുതല്‍ സുഗമമവും മത്സാരധിഷ്ഠിതവും ആക്കാനും ലക്ഷ്യമിടുന്നു. 1958-ലെ മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പോലുള്ള മുന്‍കാല നിയമങ്ങളിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ നവീകരിക്കുന്നതിനൊപ്പം ഭാവി മുന്നില്‍ക്കണ്ടുള്ള ഒരു നിയമപരിരക്ഷ ബില്‍ പ്രദാനം ചെയ്യുന്നു. ഇന്ത്യയുടെ തീരദേശ വ്യാപാരത്തില്‍ വിദേശ കപ്പലുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുമുള്ള സുപ്രധാന വ്യവസ്ഥകള്‍ നിര്‍ദ്ദിഷ്ഠ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ തിരദേശ, ഉള്‍നാടന്‍ ജലഗതാഗത്തിനു തന്ത്രപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും തീരദേശ ഷിപ്പിംഗിനായി ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത വിദേശ കപ്പലുകളെ നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി യോജിക്കുന്ന രീതിയില്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴകളും ബില്ലില്‍ വിശദമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, ഇന്ത്യയിലെ തീരദേശ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ സുസജ്ജവും കാര്യക്ഷമവും ആണെന്ന് ഉറപ്പാക്കിക്കൊണ്ട് ഇളവുകളും നിയന്ത്രണങ്ങളും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതോടൊപ്പം വിവരങ്ങള്‍ തേടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അതു നടപ്പാക്കുന്നത് ഉറപ്പാക്കാനുമുള്ള അധികാരം ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിനു നല്‍കിയിരിക്കുന്നു.
' തീരദേശ ഷിപ്പിംഗ് ബില്‍ പ്രാദേശിക ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനൊപ്പം മാരിടൈം അമൃത്കാല്‍ വിഷന്‍ 2047 പ്രകാരം അടുത്ത 25 വര്‍ഷത്തെ തീരദേശ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു ചട്ടക്കൂട് നല്‍കുകയും ചെയ്യുന്നു' എന്ന് തദവസരത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ് സോനോവാള്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിനു നിര്‍ണ്ണായകമായ തീരദേശ മേഖലകളില്‍ വിദേശ കപ്പലുകളെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നടത്തിപ്പിലുമുള്ള ഒരു തീരദേശ കപ്പല്‍ വ്യൂഹം വികസിപ്പിക്കുകയും ചെയ്യുക എന്നതാണു ബില്ലിന്റെ മൗലികമായ ലക്ഷ്യം. ഇതു ലോജിസ്റ്റിക് ചെലവു കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുകയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനമായ ' മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുകയും കപ്പല്‍ നിര്‍മ്മാണം, തുറമുഖ സേവനങ്ങള്‍, കപ്പലുളുടെ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. തീരദേശ വ്യാപാരത്തിനു മാത്രമായുള്ള നിയമം കൊണ്ടുവരികയെന്ന അന്താരാഷ്ട്ര രീതികളുമായി പൊരുത്തപ്പെടുന്ന ഈ ബില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായാണ് തയ്യാറാക്കിയിരിക്കുന്നത്. തീരദേശ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ഉള്‍നാടന്‍ ജലപാതകളെയും നദീതട സമ്പദ്‌വ്യവസ്ഥകളെയും മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായ നിയമപരിരക്ഷ നല്‍കുന്ന ഈ ബില്‍ തിരക്കേറിയ റെയില്‍, റോഡ് ശൃംഖലകള്‍ക്കു ബദലായി ചെലവുകുറഞ്ഞതും ആശ്രയിക്കാവുന്നതും സുസ്ഥിരവുമായ മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നു. '
ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശ ഷിപ്പിംഗ് ബില്‍ 2024 ലക്ഷ്യമിടുന്നു. ചെലവു കുറഞ്ഞതും മലിനീകരണം കുറവുള്ളതുമായ ഗതാഗത മാര്‍ഗ്ഗമായ തീരദേശ ഷിപ്പിംഗ്, ഇന്ത്യയുടെ തിരക്കേറിയ റോഡ്, റെയില്‍ ശൃംഖലയ്ക്ക് ആശ്വാസം നല്‍കുന്നതില്‍ പ്രധാന പങ്കു വഹിക്കും. ബിസിനസ് സുഗമമാക്കികൊണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പൊതുവായ വ്യാപാര ലൈസന്‍സ് ആവശ്യകത (ക്ലോസ് 3) നീക്കം ചെയ്തത് ബില്ലിലെ ഒരു പ്രധാന വ്യവസ്ഥയാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് നല്‍കുന്ന ലൈസന്‍സിനു കീഴില്‍ മാത്രമേ (ക്ലോസ് 4) വിദേശ കപ്പലുകള്‍ക്ക് തീരദേശ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളു. ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണത്തെയും നാവികരുടെ തൊഴിലവസരങ്ങളെയും പിന്തുണയ്ക്കുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂട്ട് പ്ലാനിംഗ് മെച്ചപ്പെടുത്തുന്നതിനും ഗതാഗതം മുന്നില്‍ക്കണ്ടും ഉള്‍നാടന്‍ ജലപാതകളുമായി തീരദേശ ഷിപ്പിംഗ് സംയോജിപ്പിക്കുന്നതിനുമായി, രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കണം എന്ന വ്യവസ്ഥയോടെ, ദേശീയ തീരദേശ, ഉള്‍നാടന്‍ ജലഗതാഗത്തിനു തന്ത്രപരമായ പദ്ധതികള്‍ (ക്ലോസ് 8) ബില്ലില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടി ഇന്ത്യയുടെ സമുദ്രമേഖലയുടെ ദീര്‍ഘകാല വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നു.
ബില്ലിന്റെ വര്‍ത്തമാനകാല പ്രായോഗികതയെക്കുറിച്ചും ഭാവി മുന്നില്‍ കണ്ടുള്ള ചട്ടക്കൂട് എന്ന നിലയില്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ എടുത്തുപറഞ്ഞു. ' പുതിയ തീരദേശ ഷിപ്പിംഗ് ബില്‍, 1958ലെ മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുന്നതിലൂടെ, തീരദേശ വ്യാപാര നിയന്ത്രണങ്ങള്‍ ആധുനികവത്കരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നു. കപ്പല്‍ ലൈസന്‍സിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മുന്‍നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഗോള ആഭ്യന്തര സമുദ്ര വാണിജ്യ രീതികളുമായി പൊരുത്തപ്പെടുന്ന ദീര്‍ഘവീക്ഷണമുള്ള സമഗ്രമായ ഒരു ചട്ടക്കൂട് ഈ ബില്‍ പ്രദാനം ചെയ്യുന്നു. ഇതു നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ ആധുനിക ലോജിസ്റ്റിക് ശൃംഖലയില്‍ തീരദേശ ഷിപ്പിംഗിനെ സംയോജിപ്പിക്കുകയും സമുദ്ര മേഖലയില്‍ കാര്യക്ഷമത, സുസ്ഥിരത, മത്സരശേഷി എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.'
മുന്‍ഗണനാക്രമത്തിലുള്ള ബെര്‍ത്തിംഗ്, ഗ്രീന്‍ ക്ലിയറന്‍സ് ചാനലുകള്‍, കപ്പലുകളിലെ ഉപയോഗത്തിനുള്ള ഇന്ധനത്തിനു ജിഎസ്ടി കിഴിവ് എന്നിവ ഉള്‍പ്പടെയുള്ള പ്രധാന പരിഷ്‌കാരങ്ങളെ അടിസ്ഥാനമാക്കിയാണ് തീരദേശ ഷിപ്പിംഗ് ബില്‍ 2024 നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദശകത്തില്‍ തീരദേശ ചരക്കു ഗതാഗതം 119% വര്‍ദ്ധിച്ചു. 2014-15 ല്‍ 74 ദശലക്ഷം ടണ്ണായിരുന്നത് 2023-24ല്‍ 162 ലക്ഷം ടണ്ണായി. 2030 ആകുമ്പോഴേക്കും 230 ദശലക്ഷം ടണ്ണാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തകുയം ആത്മനിര്‍ഭര്‍ ഭാരത് എന്ന ദര്‍ശനം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തുകൊണ്ട്, നിയമപരമായ വ്യക്തത, നിയന്ത്രണ സ്ഥിരത, നിക്ഷേപ സൗഹൃദ നയങ്ങള്‍ എന്നിവ ബില്‍ ഉറപ്പാക്കുന്നു.
ഉള്‍നാടന്‍ ജലപാതകളുമായി തീരദേശ ഷിപ്പിംഗിനെ തന്ത്രപരമായ സംയോജിപ്പിക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ചു ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു, ' തീരദേശ, ഉള്‍നാടന്‍ ജലപാതകളുടെ സംയോജനം രാജ്യത്തെ നദീതടങ്ങളുടെയും തീരപ്രദേശങ്ങളുടെയും വികസനത്തെ ഒരുപോലെ പ്രോത്സാഹിപ്പിക്കും. ഒഡീഷ, കര്‍ണ്ണാടക, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശ, ഉള്‍നാടന്‍ ജലപാതകളിലൂടെയുള്ള ഗതാഗത വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പിന്തുണ ഈ ബില്‍ നല്‍കും. തീരദേശ കപ്പല്‍ പാതകളെ ഉള്‍നാടന്‍ ജലപാതകളുമായി സംയോജിപ്പിക്കുന്നതിന്- പലപ്പോഴും ഒന്നിലധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നവ-കൂട്ടായ ആസൂത്രണവും ഏകോപനവും ആവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിയുന്നതിലൂടെ, തീരദേശ ഷിപ്പിംഗിന്റെ വളര്‍ച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പങ്കാളിത്തപരവുമാണെന്ന് ഈ ബില്‍ ഉറപ്പാക്കുന്നു. '
സുതാര്യത, ഏകോപനം, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി തീരദേശ ഷിപ്പിംഗ് ബില്‍ 2024 ഒരു ദേശീയ കോസ്റ്റല്‍ ഷിപ്പിംഗ് ഡാറ്റാബേസ് വിഭാവനം ചെയ്യുന്നു. ഇന്ത്യന്‍ പൗരന്മാര്‍, എന്‍ആര്‍ഐകള്‍, ഒസിഐകള്‍, എല്‍എല്‍പികള്‍ എന്നിവയുള്‍പ്പടെയുള്ള വിഭാഗങ്ങളെ വിദേശ കപ്പലുകള്‍ വാടകയ്‌ക്കെടുക്കാന്‍ അനുവദിക്കുന്നു. സഹകരണാധിഷ്ഠിത ഫെഡറലിസം ഉറപ്പാക്കിക്കൊണ്ട്, സുപ്രധാന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സജീവ പ്രാതിനിധ്യം ബില്‍ ഉറപ്പാക്കുകയും സുഗമവും ഏല്ലാവരെയും ഉള്‍ക്കൊള്ളുന്നതും കാര്യക്ഷമവുമായ ഒരു സമുദ്ര മേഖലയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
' തീരദേശ ഷിപ്പിംഗ് ബില്‍ 2024 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനലൂടെ സഹകരണാധിഷ്ഠിത ഫെഡറലിസത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ക്ലോസ് 8 (3) പ്രകാരം, പ്രധാന തുറമുഖങ്ങള്‍, സംസ്ഥാന മാരിടൈം ബോര്‍ഡുകള്‍, വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു സിമിതി ദേശീയ തീരദേശ, ഉള്‍നാടന്‍ ജലഗതാഗത്തിനു തന്ത്രപരമായ പദ്ധതികള്‍ തയ്യാറാക്കും. ഇതു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും റൂട്ടുകള്‍, നിയന്ത്രണങ്ങള്‍ എന്നിവയില്‍ തീരുമാനുക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കു നേരിട്ടുള്ള പങ്ക് ഉറപ്പു നല്‍കുന്നു. തീരദേശ ഷിപ്പിംഗിനെ ഉള്‍നാടന്‍ ജലപാതകളുമായി സംയോജിപ്പിക്കുന്നതിലൂടെ, ബില്‍ കൂട്ടായ ആസൂത്രണം സാദ്ധ്യമാക്കുകയും സബ്കാ സാഥ്, സബ്കാ വികാസ് എന്ന വീക്ഷണവുമായി യോജിച്ച് സമഗ്ര വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു' എന്ന് പ്രതിപക്ഷ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞു.
*****
(Release ID: 2118931)
Visitor Counter : 16