തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഇപിഎഫ്ഒ ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ ലളിതമാക്കി
ചെക്ക് ലീഫിന്റെയോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം അപ്‌ലോഡ് ചെയ്യേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്തു; ഇത് 7.7 കോടിയിലധികം ഇപിഎഫ്ഒ അംഗങ്ങൾക്ക് പ്രയോജനപ്പെടും
Posted On:
03 APR 2025 1:41PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 03 ഏപ്രിൽ 2025
ഇപിഎഫ്ഒ അംഗങ്ങളുടെ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും, തൊഴിലുടമകൾക്ക് ബിസിനസ്സ് നടപടികൾ സുഗമമാക്കുന്നതിനുമുള്ള മറ്റൊരു ചുവടുവയ്പ്പായി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ ലളിതമാക്കിക്കൊണ്ട്, രണ്ട് പ്രധാന പരിഷ്കരണങ്ങൾ അവതരിപ്പിച്ചു. ഈ നടപടികൾ ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയെ ഗണ്യമായി കാര്യക്ഷമമാക്കുകയും ക്ലെയിം നിരസനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കുറയ്ക്കുകയും ചെയ്യും.
1. ചെക്ക് ലീഫിന്റെ / അറ്റസ്റ്റ് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെ ചിത്രം അപ്‌ലോഡ് ചെയ്യേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്തു
ക്ലെയിമുകൾ ഓൺലൈൻ ആയി ഫയൽ ചെയ്യുമ്പോൾ ചെക്ക് ലീഫിന്റെയോ അറ്റസ്റ്റ് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം അപ്‌ലോഡ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇപിഎഫ്ഒ പൂർണ്ണമായും ഒഴിവാക്കി. പുതുക്കിയ കെവൈസിയുള്ള ചില അംഗങ്ങൾക്ക് പൈലറ്റ് അടിസ്ഥാനത്തിലാണ് തുടക്കത്തിൽ ഈ ഇളവ് വരുത്തിയിട്ടുള്ളത് . 2024 മെയ് 28 ന് ആരംഭിച്ചതിനുശേഷം, ഈ നടപടി ഇതിനകം 1.7 കോടി ഇപിഎഫ് അംഗങ്ങൾക്ക് പ്രയോജനമായിട്ടുണ്ട്.
പൈലറ്റ് പദ്ധതി വിജയകരമായതിനെ തുടർന്ന്, ഇപിഎഫ്ഒ ഇപ്പോൾ എല്ലാ അംഗങ്ങൾക്കും ഈ ഇളവ് വ്യാപിപ്പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട്, യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ഉപയോഗിച്ച് സീഡ് ചെയ്യുന്ന സമയത്ത് ഇപിഎഫ് അംഗത്തിന്റെ വിശദാംശങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര് ഇതിനകം പരിശോധിച്ചുറപ്പിച്ചതിനാൽ, ഈ അധിക രേഖ ഇനി ആവശ്യമില്ല.
ഈ നിബന്ധന നീക്കം ചെയ്യുന്നതിലൂടെ, ഏകദേശം 6 കോടി അംഗങ്ങൾക്ക് ഉടനടി പ്രയോജനം ലഭ്യമാക്കാൻ ഇപിഎഫ്ഒ ഒരുങ്ങുന്നു. ഇത്, കുറഞ്ഞ ഗുണനിലവാരമുള്ള/വായിക്കാൻ കഴിയാത്ത ചിത്രങ്ങളുടെ അപ്‌ലോഡുകൾ മൂലമുള്ള ക്ലെയിം നിരസനങ്ങൾ ഇല്ലാതാക്കുകയും അനുബന്ധ പരാതികൾ കുറയ്ക്കുകയും ചെയ്യുന്നു.
2. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ഉപയോഗിച്ച് സീഡ് ചെയ്യുന്നതിന് തൊഴിലുടമയുടെ അംഗീകാരം എന്ന നിബന്ധന നീക്കം ചെയ്യൽ
ബാങ്ക് അക്കൗണ്ടുകളെ യുഎഎനുമായി സീഡ് ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്, ബാങ്ക് പരിശോധനയ്ക്ക് ശേഷം തൊഴിലുടമയുടെ അംഗീകാരം എന്ന ആവശ്യകത ഇപിഎഫ്ഒ ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.
നിലവിൽ, ഓരോ അംഗവും പിൻവലിച്ച പിഎഫ് തുക അവരുടെ അക്കൗണ്ടിലേക്ക് തടസ്സമില്ലാതെ എത്തുന്നതിന്, അവരുടെ ബാങ്ക് അക്കൗണ്ട് യുഎഎൻ ഉപയോഗിച്ച് സീഡ് ചെയ്യേണ്ടതുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ, 1.3 കോടി അംഗങ്ങൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ സീഡ് ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾ സമർപ്പിച്ചു. കൂടാതെ ബന്ധപ്പെട്ട ബാങ്ക്/എൻപിസിഐയുമായി കൃത്യമായ സ്ഥിരീകരണത്തിന് ശേഷം ഈ അഭ്യർത്ഥനകൾ തൊഴിലുടമ ഡിഎസ്‌സി/ഇ-സൈൻ വഴി അംഗീകരിക്കണം.
ബാങ്ക് അക്കൗണ്ട് സീഡിംഗ് സംബന്ധിച്ച ഏകദേശം 36,000 അഭ്യർത്ഥനകൾ ദിവസേന സമർപ്പിക്കപ്പെടുന്നതായും പരിശോധന പ്രക്രിയകൾ പൂർത്തിയാക്കാൻ ബാങ്കുകൾ ശരാശരി 3 ദിവസമെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തൊഴിലുടമ ഈ ബാങ്ക് പ്രക്രിയ അംഗീകരിക്കാൻ എടുക്കുന്ന ശരാശരി സമയം ഏകദേശം 13 ദിവസമാണ്. ഇത് തൊഴിലുടമയുടെ തലത്തിൽ ജോലിഭാരം കൂടുന്നതിനും തൽഫലമായി അംഗത്തിന് ബാങ്ക് അക്കൗണ്ട് സീഡിംഗ് വൈകുന്നതിനും കാരണമാകുന്നു. കൂടാതെ, തൊഴിലുടമയുടെ ഈ അംഗീകാര നടപടി, ബാങ്കിന്റെ സ്ഥിരീകരണ പ്രക്രിയയ്ക്ക് ഒരു മൂല്യവും നൽകുന്നില്ല.
നിലവിൽ എല്ലാ മാസവും സംഭാവന നൽകുന്ന 7.74 കോടി അംഗങ്ങളിൽ, 4.83 കോടി അംഗങ്ങൾ ഇതിനകം തന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ യുഎഎനിൽ സീഡ് ചെയ്തിട്ടുണ്ട്. തൊഴിലുടമകളുടെ തലത്തിൽ 14.95 ലക്ഷം സമർപ്പണങ്ങൾക്ക് ഇനിയും അംഗീകാരം നൽകേണ്ടതുണ്ട്.
അതനുസരിച്ച്, തൊഴിലുടമകളുടെ 'ബിസിനസ്സ് നടപടികൾ സുഗമമാക്കുക' എന്ന ലക്ഷ്യത്തോടെയും അംഗങ്ങൾക്ക് 'ഇപിഎഫ്ഒ സൗകര്യം ലളിതമാക്കുക ' എന്ന ലക്ഷ്യത്തോടെയും, ഇപ്പോൾ അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ സീഡിംഗ് പ്രക്രിയയിൽ നിന്ന് തൊഴിലുടമയുടെ പങ്ക് ഒഴിവാക്കിയിരിക്കുന്നു. തൊഴിലുടമകളുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന 14.95 ലക്ഷത്തിലധികം അംഗങ്ങൾക്ക് ഇത് ഉടനടി പ്രയോജനപ്പെടും.
ഇതിനകം സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട്, പുതിയ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് മാറ്റാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് മുകളിൽ പറഞ്ഞ ലളിതമായ പ്രക്രിയ സഹായിക്കും. ആധാർ OTP വഴി കൃത്യമായി സ്ഥിരീകരിച്ച IFSC കോഡിനൊപ്പം പുതിയ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുന്നതിലൂടെ ഇത് അംഗങ്ങൾക്ക് സൗകര്യമൊരുക്കും.
ഇതുവരെ ബാങ്ക് അക്കൗണ്ട് സീഡ് ചെയ്യാത്തതോ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് മാറ്റാത്തതോ ആയ അംഗങ്ങൾക്ക്, അവരുടെ ബാങ്ക് അക്കൗണ്ട് എത്രയും വേഗം സീഡ് ചെയ്യുന്നതിനായി മുകളിൽ പറഞ്ഞ ലളിതമായ പ്രക്രിയ പ്രയോജനപ്പെടുത്താം.
*****
(Release ID: 2118236)
Visitor Counter : 37