ആഭ്യന്തരകാര്യ മന്ത്രാലയം
കര്‍ശന മയക്കുമരുന്നുവേട്ട തുടരുന്നതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
സുപ്രധാന മുന്നേറ്റത്തില്‍ എൻസിബിയെയും ഡൽഹി പൊലീസിനെയും അഭിനന്ദിക്കുന്നതായും ആഭ്യന്തര മന്ത്രി
Posted On:
31 MAR 2025 4:53PM by PIB Thiruvananthpuram
മയക്കുമരുന്ന് വ്യാപാരത്തിനെതിരെ കര്‍ശന പരിശോധനകള്‍ തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
"മയക്കുമരുന്ന് വ്യാപാരത്തിനെതിരെ സഹിഷ്ണുതയില്ലാത്ത മോദി സർക്കാര്‍ നിലപാടിന്റെ ഭാഗമായി ഡൽഹി-എൻസിആറിൽ ഒരു പ്രധാന മയക്കുമരുന്ന് ശൃംഖലയെ തകർത്തിരിക്കുന്നു. എൻസിബിയും ഡൽഹി പൊലീസും ചേര്‍ന്ന് പിടികൂടിയ ഈ സംഘത്തില്‍നിന്ന് 27.4 കോടി രൂപ വിലവരുന്ന മെത്താംഫെറ്റമിൻ, എംഡിഎംഎ, കൊക്കെയ്ൻ എന്നിവ കണ്ടെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സുപ്രധാന മുന്നേറ്റത്തില്‍ എൻസിബിയെയും ഡൽഹി പൊലീസിനെയും ഞാൻ അഭിനന്ദിക്കുന്നു.” - ആഭ്യന്തര മന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.
കൃത്യനിര്‍വഹണത്തിന്റെ വിശദാംശങ്ങൾ
ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്ത് വിലകൂടിയ മെത്താംഫെറ്റമിൻ കൈമാറ്റം സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പൊലീസിന്റെ പ്രത്യേക സംഘവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിൽ 10.2 കോടി രൂപ വിലമതിക്കുന്ന 5.103 കിലോ ഉന്നതനിലവാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റമിൻ കടത്തിയ വാഹനം തടയുകയും നൈജീരിയയിലെ ഒരു പ്രധാന കുടുംബത്തിലെ നാല് ആഫ്രിക്കൻ പൗരന്മാരടക്കം വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവസ്ഥലത്ത് നടത്തിയ ചോദ്യം ചെയ്യലിലും സാങ്കേതിക പരിശോധനയിലും പശ്ചിമ ഡൽഹിയിലെ തിലക് നഗർ പ്രദേശത്തെ ആഫ്രിക്കൻ ഭക്ഷണശാലയില്‍ നിന്നാണ് നിരോധിത ഉല്പന്നങ്ങള്‍ കൊണ്ടുവന്നതെന്ന് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ ഏകദേശം 16.4 കോടി രൂപ വിലമതിക്കുന്ന 1.156 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, 4.142 കിലോഗ്രാം അഫ്ഘാൻ ഹെറോയിൻ, 5.776 കിലോഗ്രാം എംഡിഎംഎ (മയക്കുമരുന്ന് ഗുളികകൾ) എന്നിവ പിടിച്ചെടുത്തു. തുടർന്ന്, ഗ്രേറ്റർ നോയിഡയിലെ വാടകകെട്ടിടത്തില്‍ നടത്തിയ തുടർപരിശോധനയിൽ 389 ഗ്രാം അഫ്ഘാൻ ഹെറോയിനും 26 ഗ്രാം കൊക്കെയ്‌നും കണ്ടെടുത്തു.
ദേശീയതലസ്ഥാന നഗരിയിലെ (എൻസിആർ) പ്രധാന സ്വകാര്യ സർവകലാശാലകളിലും പഞ്ചാബിലും പഠനത്തിന് വിദ്യാർത്ഥിവിസ കരസ്ഥമാക്കി ആഫ്രിക്കൻ യുവാക്കൾക്ക് മയക്കുമരുന്ന് വില്പന നടത്തുന്നതില്‍ ഈ സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മയക്കുമരുന്ന് വിതരണത്തിലും ക്രിപ്‌റ്റോ കൈമാറ്റത്തിലും ഏർപ്പെട്ട ചില വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ താമസിക്കാനുള്ള മറ മാത്രമായിരുന്നു വിസ. ഈ മയക്കുമരുന്ന് സംഘത്തിന്റെ മുന്‍പിന്‍ ബന്ധങ്ങൾ തിരിച്ചറിയാനായി അന്വേഷണം തുടരുകയാണ്.
രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകളെ വിജയകരമായി തകർക്കാനുള്ള എൻസിബിയുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് ഈ നടപടി. മയക്കുമരുന്ന് കടത്തിനെതിരെ പോരാടാന്‍ എൻസിബി ജനപിന്തുണ തേടുന്നു. ഏതൊരാള്‍ക്കും മാനസ്- ദേശീയ നാർക്കോട്ടിക് ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ - 1933-ല്‍ വിളിച്ച് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടാം.
*****
(Release ID: 2117103)
Visitor Counter : 11