പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ 33,700 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു


നവരാത്രിയുടെ ശുഭദിനമായ ഇന്ന്, പുതുവത്സര ദിനത്തില്‍, ഛത്തീസ്ഗഡിലെ മൂന്ന് ലക്ഷം ദരിദ്ര കുടുംബങ്ങള്‍ അവരുടെ പുതിയ വീടുകളിലേക്ക് പ്രവേശിക്കുന്നു: പ്രധാനമന്ത്രി

ദരിദ്ര ആദിവാസികള്‍ക്ക് ആരോഗ്യ സൗകര്യങ്ങളും വൈദ്യചികിത്സയും നല്‍കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ പുലര്‍ത്തുന്നു: പ്രധാനമന്ത്രി

ഗോത്ര സമൂഹത്തിന്റെ വികസനത്തിനായി ഗവണ്‍മെന്റ് പ്രത്യേക പ്രചരണം നടത്തുന്നു: പ്രധാനമന്ത്രി

Posted On: 30 MAR 2025 6:17PM by PIB Thiruvananthpuram

അടിസ്ഥാന സൗകര്യ വികസനവും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ 33,700 കോടിയിലധികം രൂപ മൂല്യം വരുന്ന ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പുതുവത്സരത്തിന്റെ ശുഭകരമായ തുടക്കവും നവരാത്രിയുടെ ആദ്യ ദിനവുമായ വേളയില്‍ മാതാ മഹാമായയുടെ ഭൂമിയും മാതാ കൗശല്യയുടെ മാതൃഭവനവുമായ ഛത്തീസ്ഗഡിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീത്വത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ ഒമ്പത് ദിവസങ്ങളുടെ പ്രത്യേക പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നവരാത്രിയുടെ ആദ്യ ദിവസം ഛത്തീസ്ഗഡില്‍ ആയിരിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ത ശിരോമണി മാതാ കര്‍മ്മയോടുള്ള ആദരസൂചകമായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതിന് എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ശ്രീരാമനോടുള്ള അതുല്യമായ ഭക്തി, പ്രത്യേകിച്ച് ശ്രീരാമനാമത്തിനായി സമര്‍പ്പിച്ചിരിക്കുന്ന രാമനാമ സമാജത്തിന്റെ അസാധാരണ സമര്‍പ്പണം എന്നിവ എടുത്തുപറഞ്ഞുകൊണ്ട്, രാമനവമി ആഘോഷത്തോടെയാണ് നവരാത്രി ഉത്സവം സമാപിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രീരാമന്റെ മാതൃകുടുംബം എന്ന് പരാമര്‍ശിച്ചുകൊണ്ട് ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു.

ഈ ശുഭകരമായ അവസരത്തില്‍, മൊഹ്ഭട്ട സ്വയംഭൂ ശിവലിംഗ മഹാദേവന്റെ അനുഗ്രഹത്താല്‍, ഛത്തീസ്ഗഢിലെ വികസനം ത്വരിതപ്പെടുത്താനുള്ള അവസരമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ദരിദ്രര്‍ക്ക് ഭവനം, സ്‌കൂളുകള്‍, റോഡുകള്‍, റെയില്‍പ്പാത, വൈദ്യുതി, ഗ്യാസ് പൈപ്പ്ലൈനുകള്‍ എന്നിവയുള്‍പ്പെടെ 33,700 കോടിയിലധികം വിലമതിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സംബന്ധിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഛത്തീസ്ഗഢിലെ പൗരന്മാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വികസന സംരംഭങ്ങളിലൂടെ നേടിയ പുരോഗതിക്ക് എല്ലാവര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.
പാര്‍പ്പിടം നല്‍കുന്നതിന്റെ സാംസ്‌കാരിക പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, അത് ഒരു മഹത്തായ പുണ്യമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സ്വന്തമായി ഒരു വീട് എന്ന ഒരാളുടെ സ്വപ്നം സാക്ഷാത്ക്കാരമാണെന്ന് പറഞ്ഞു. നവരാത്രിയുടെയും പുതുവത്സരത്തിന്റെയും ശുഭകരമായ അവസരത്തില്‍, ഛത്തീസ്ഗഢിലെ മൂന്ന് ലക്ഷം ദരിദ്ര കുടുംബങ്ങള്‍ അവരുടെ പുതിയ വീടുകളിലേക്ക് പ്രവേശിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പുതിയൊരു തുടക്കത്തിനായി ഈ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു. തന്റെ നേതൃത്വത്തില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഈ വീടുകളുടെ സാക്ഷാത്കാരത്തിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഢിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കു ശാശ്വതമായ വീടെന്ന സ്വപ്നം മുമ്പ് ഉദ്യോഗസ്ഥ ഫയലുകളില്‍ നഷ്ടപ്പെട്ടു കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം അനുസ്മരിച്ചു. ശ്രീ വിഷ്ണു ദിയോയുടെ നേതൃത്വത്തില്‍ ആദ്യത്തെ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനം 18 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനായിരുന്നുവെന്നും അതില്‍ മൂന്ന് ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ബസ്തറിലെയും സര്‍ഗുജയിലെയും കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഈ വീടുകളില്‍ പലതും ഗോത്ര മേഖലകളിലാണെന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. താല്‍ക്കാലിക കൂരകളില്‍ തലമുറകളായി കഷ്ടപ്പാടുകള്‍ സഹിച്ചുകഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് ഈ വീടുകള്‍ നല്‍കുന്ന പരിവര്‍ത്തനപരമായ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഒരു പ്രധാന സമ്മാനമാണെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
''ഈ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഗവണ്‍മെന്റ് സഹായം നല്‍കിയപ്പോള്‍, ഗുണഭോക്താക്കള്‍ തന്നെ അവരുടെ സ്വപ്ന ഭവനങ്ങള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യണമെന്ന് തീരുമാനിച്ചു'', ഈ വീടുകള്‍ വെറും നാല് ചുവരുകളല്ല, മറിച്ച് ജീവിതത്തിന്റെ പരിവര്‍ത്തനമാണെന്ന് ശ്രീ മോദി പറഞ്ഞു. ശൗചാലയങ്ങള്‍, വൈദ്യുതി, ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍, പൈപ്പ് വെള്ളം തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍കൊണ്ട് ഈ വീടുകളെ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധയില്‍പ്പെടുത്തി. ചടങ്ങില്‍ സ്ത്രീകളുടെ ഗണ്യമായ സാന്നിധ്യമുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വീടുകളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി ആയിരക്കണക്കിനു സ്ത്രീകളുടെ പേരില്‍ സ്വത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഒരു നാഴികക്കല്ലായി പ്രധാനമന്ത്രി നിരീക്ഷിച്ചു. സ്ത്രീകളുടെ മുഖങ്ങളില്‍ പ്രതിഫലിച്ച സന്തോഷത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പ്രകടിപ്പിച്ച അദ്ദേഹം, അത് തന്റെ ഏറ്റവും വലിയ സ്വത്താണെന്ന് വിശേഷിപ്പിച്ചു.
ഗ്രാമങ്ങളിലെ പ്രാദേശിക കരകൗശലത്തൊഴിലാളികള്‍ക്കും, കല്‍പ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കുന്നതു ചെലുത്തുന്ന വ്യാപ്തിയേറിയ സ്വാധീനം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ഈ വീടുകള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പ്രാദേശികമായി ലഭിക്കുന്നതാണെന്നും, ചെറുകിട കടയുടമകള്‍ക്കും ചരക്കുകടത്തു സംവിധാനങ്ങളുടെ നടത്തിപ്പുകാര്‍ക്കും ഇതു ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഭവന പദ്ധതികള്‍ ഛത്തീസ്ഗഡില്‍ ഗണ്യമായ തോതില്‍ തൊഴില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, നിരവധി പേരുടെ ഉപജീവനമാര്‍ഗ്ഗത്തിന് സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും തങ്ങളുടെ ഗവണ്‍മെന്റ് നിറവേറ്റുന്നുണ്ടെന്ന് എന്നതിന് അടിവരയിട്ട ശ്രീ മോദി, വിവിധ പദ്ധതികളില്‍ നിന്നുള്ള ധാരാളം ഗുണഭോക്താക്കളുടെ സാന്നിധ്യം എടുത്തുകാണിച്ചു, ഗവണ്‍മെന്റ് ഗ്യാരണ്ടികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് ഊന്നല്‍ നല്‍കി. നെല്‍കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ കുടിശ്ശിക ബോണസ് വിതരണം ചെയ്യുന്നതും, വര്‍ദ്ധിപ്പിച്ച എംഎസ്പി നിരക്കില്‍ നെല്ല് സംഭരിക്കുന്നതും ഉള്‍പ്പെടെ, ഛത്തീസ്ഗഡിലെ സ്ത്രീകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നടപടികള്‍ ദശലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. നിയമന പരീക്ഷാ തട്ടിപ്പുകള്‍ക്ക് പ്രധാനമന്ത്രി മുന്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുകയും തങ്ങളുടെ  ഗവണ്‍മെന്റിന്റെ സുതാര്യമായ അന്വേഷണങ്ങളും പരീക്ഷകളുടെ ന്യായമായ നടത്തിപ്പും എടുത്തുകാണിക്കുകയും ചെയ്തു.

ഛത്തീസ്ഗഢിലെ നിയമസഭാ, ലോക്സഭ, ഇപ്പോള്‍ മുനിസിപ്പല്‍ എന്നീ തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളില്‍നിന്ന്, ഈ സത്യസന്ധമായ ശ്രമങ്ങള്‍ പൊതുജനവിശ്വാസം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു് വ്യക്തമാകുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗവണ്‍മെന്റിന്റെ സംരംഭങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാര്‍ഷികമാണിതെന്നും സംസ്ഥാനത്തിന്റെ രജത ജൂബിലി വര്‍ഷമായി ഇത് ആഘോഷിക്കുകയാണെന്നും ശ്രീ മോദി ഓര്‍മിപ്പിച്ചു. ഈ വര്‍ഷം അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് ഗവണ്‍മെന്റ് 2025 'അടല്‍ നിര്‍മ്മാണ്‍ വര്‍ഷ്' ആയി ആചരിക്കുകയാണെന്നും 'ഞങ്ങള്‍ അത് നിര്‍മ്മിച്ചു, ഞങ്ങള്‍ അത് പരിപോഷിപ്പിക്കും' എന്ന പ്രതിബദ്ധത പുലര്‍ത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്തതും ആരംഭിച്ചതുമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഈ ദൃഢനിശ്ചയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന്റെ നേട്ടങ്ങള്‍ ഈ മേഖലയില്‍ എത്താത്തതിനാലാണ് ഛത്തീസ്ഗഢ് ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിക്കേണ്ടി വന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടതിനും ഏറ്റെടുത്ത പദ്ധതികളിലെ അഴിമതിക്കും മുന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് അവരുടെ ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അവരുടെ ജീവിതം, സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള അവസരങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഛത്തീസ്ഗഡിലെ എല്ലാ ഗ്രാമങ്ങളിലും വികസന പദ്ധതികള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി.

വിദൂര ഗോത്ര മേഖലകളിലെ പുരോഗതിയെക്കുറിച്ച് അടിവരയിട്ട് പറഞ്ഞ ശ്രീ മോദി, പുതിയ തീവണ്ടി സര്‍വീസുകള്‍ ആരംഭിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ചു. മുമ്പ് സേവനം കുറഞ്ഞ പ്രദേശങ്ങളില്‍ വൈദ്യുതി, പൈപ്പ് വെള്ളം, മൊബൈല്‍ ടവറുകള്‍ എന്നിവയെത്തിയതും അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയുടെ നിര്‍മ്മാണത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഈ സംരംഭങ്ങള്‍ ഛത്തീസ്ഗഡിന്റെ ഭൂപ്രകൃതിയെ പരിവര്‍ത്തനം ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പൂര്‍ണ്ണമായും വൈദ്യുതീകരിച്ച റെയില്‍ ശൃംഖലയുള്ള സംസ്ഥാനങ്ങളിലൊന്നായി മാറുകയെന്ന ഛത്തീസ്ഗഡിന്റെ നേട്ടത്തെ എടുത്തുകാട്ടി, ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സംസ്ഥാനത്ത് നിലവില്‍ ഏകദേശം 40,000 കോടി രൂപയുടെ റെയില്‍ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി.  വിവിധ മേഖലകളിലും അയല്‍ സംസ്ഥാനങ്ങളിലും റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ 7,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വികസനത്തിന് ബജറ്റ് പിന്തുണയും സത്യസന്ധമായ ലക്ഷ്യങ്ങളും ആവശ്യമാണെന്ന് ഓര്‍മിപ്പിച്ച ശ്രീ മോദി, മുന്‍ ഗവണ്‍മെന്റിന്റെ അഴിമതിയെയും കാര്യക്ഷമതയില്ലായ്മയെയും വിമര്‍ശിച്ചു, ഇത് ഗോത്ര മേഖലകളിലെ പുരോഗതിയെ തടസ്സപ്പെടുത്തി. ഛത്തീസ്ഗഢില്‍ ധാരാളം കല്‍ക്കരി നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നിട്ടും, മുന്‍ ഗവണ്‍മെന്റുകള്‍ വൈദ്യുതി നിലയങ്ങളെ അവഗണിച്ചതിനാല്‍ സംസ്ഥാനം വൈദ്യുതി ക്ഷാമം നേരിട്ടതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന് വിശ്വസനീയമാംവിധം വൈദ്യുതി ഉറപ്പാക്കുന്നതിനുമായി തങ്ങളുടെ ഗവണ്‍മെന്റ് പുതിയ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നു വ്യക്തമാക്കി.

സൗരോര്‍ജ്ജത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും ഇതോടനുബന്ധിച്ച്, വൈദ്യുതി ബില്ലുകള്‍ ഒഴിവാക്കുന്നതിനും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കുടുംബങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ പ്രാപ്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'പിഎം സൂര്യഗഡ് മുഫ്ത് ബിജ്‌ലി പദ്ധതി' അവതരിപ്പിച്ചതിനെക്കുറിച്ചും പരാമര്‍ശിക്കവെ, സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റ് ഒരു കുടുംബത്തിന് 78,000 രൂപ എന്ന തോതില്‍ സഹായം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡിലെ രണ്ട് ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇതിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഗണ്യമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനു പദ്ധതിയില്‍ ചേരാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര ഭാഗത്താൽ ചുറ്റപ്പെട്ട ഛത്തീസ്ഗഢിലേക്ക് ഗ്യാസ് പൈപ്പ്‌ലൈനുകൾ എത്തിക്കുന്നതിനുള്ള വെല്ലുവിളി പരിഹരിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ എടുത്തുപറഞ്ഞ ശ്രീ മോദി, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങൾക്കാവശ്യമായ നിക്ഷേപങ്ങൾ അവഗണിച്ചതിന് മുൻ ഗവണ്മെന്റിനെ  വിമർശിക്കുകയും മേഖലയിൽ ഗ്യാസ് പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ പൈപ്പ്‌ലൈനുകൾ പെട്രോളിയം ഉൽപ്പന്നങ്ങൾ എത്തിക്കാൻ ട്രക്ക് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും  ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞ സിഎൻജി വാഹനങ്ങളുടെ ഉപയോഗം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൈപ്പ് ലൈനുകൾ വഴിയുള്ള പാചക വാതകം രണ്ട് ലക്ഷത്തിലധികം വീടുകളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും  അദ്ദേഹം പറഞ്ഞു. വാതക ലഭ്യത ഛത്തീസ്ഗഢിൽ പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് സഹായകമാകുമെന്നും ഇത് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായി മുൻ ഗവൺമെന്റുകൾ പിന്തുടർന്നുവന്ന നയങ്ങളാണ് ഛത്തീസ്ഗഢിലും മറ്റ് സംസ്ഥാനങ്ങളിലും നക്സൽ തീവ്രവാദം ഉയരാൻ കാരണമായതെന്നും വികസനവും വിഭവങ്ങളും ഇല്ലാത്ത മേഖലകളിലാണ് നക്സലിസം വളർന്നതെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം, അത്തരം ജില്ലകളെ പിന്നാക്ക ജില്ലകളായി പ്രഖ്യാപിക്കുകയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. മുൻ ഗവണ്മെന്റിന്റെ ഭരണത്തിൻ കീഴിൽ ഛത്തീസ്ഗഢിലെ പല ജില്ലകളിലും പിന്നാക്കം നിൽക്കുന്ന ആദിവാസി കുടുംബങ്ങൾ നേരിട്ട അവഗണനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു വിപരീതമായി, ദരിദ്ര ആദിവാസി സമൂഹങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള തന്റെ ഗവൺമെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം എണ്ണിപ്പറഞ്ഞു. ശൗചാലയങ്ങൾ ലഭ്യമാക്കുന്ന സ്വച്ഛ് ഭാരത് അഭിയാൻ, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതി, 80% കിഴിവിൽ മരുന്നുകൾ നൽകുന്ന പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ തുടങ്ങിയ ഉദ്യമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക നീതി സംരക്ഷിക്കുന്നുവെന്ന് വ്യാജ അവകാശവാദം ഉന്നയിക്കുകയും ആദിവാസി സമൂഹത്തെ അവഗണിക്കുകയും ചെയ്യുന്നവരെ പ്രധാനമന്ത്രി വിമർശിച്ചു. "ധാർതി ആബ ജൻജാതിയ ഉത്കർഷ് അഭിയാൻ" ആരംഭിച്ചതിനെ ചൂണ്ടിക്കാട്ടി ആദിവാസി സമൂഹങ്ങളുടെ വികസനത്തിനായുള്ള തന്റെ ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിക്ക് കീഴിൽ ആദിവാസി മേഖലകളിൽ നിക്ഷേപിക്കപ്പെടുന്ന 80,000 കോടിയോളം രൂപ ഛത്തീസ്ഗഡിലെ ഏകദേശം 7,000 ആദിവാസി ഗ്രാമങ്ങൾക്ക് പ്രയോജനം ചെയ്യും. ദുർബലരായ ആദിവാസി വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ സമൂഹങ്ങൾക്കുവേണ്ടി ആദ്യമായി "പിഎം ജൻ മൻ യോജന" ആവിഷ്കരിച്ചതും പരാമർശിച്ചു. ഈ പദ്ധതി പ്രകാരം ആദിവാസികൾക്കായി ഛത്തീസ്ഗഡിലെ 18 ജില്ലകളിലായി 2,000-ത്തിലധികം വാസസ്ഥലങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള ആദിവാസി സെറ്റിൽമെന്റുകൾക്കായി 5,000 കിലോമീറ്റർ റോഡുകൾക്ക് അംഗീകാരം നൽകിയതായും പ്രധാനമന്ത്രി ജൻ മൻ യോജന പ്രകാരം ഛത്തീസ്ഗഡിൽ ഏകദേശം 2,500 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉദ്യമത്തിന് കീഴിൽ നിരവധി ഗുണഭോക്താക്കൾക്ക് സ്ഥിരമായ വീടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്ക് കീഴിൽ ഛത്തീസ്ഗഢിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സുക്മ ജില്ലയിലെ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ചതും, വർഷങ്ങൾക്ക് ശേഷം ദന്തേവാഡയിലെ  ആരോഗ്യ കേന്ദ്രം വീണ്ടും തുറന്നതു പോലുള്ള നേട്ടങ്ങളും അദ്ദേഹം പരാമർശിച്ചു. ഈ ശ്രമങ്ങളിലൂടെ നക്സൽ ബാധിത പ്രദേശങ്ങളിൽ ശാശ്വത സമാധാനത്തിന്റെ ഒരു പുതു യുഗത്തിന് തുടക്കംകുറിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2024 ഡിസംബറിൽ തന്റെ "മൻ കി ബാത് " പരിപാടിയിൽ ചർച്ച ചെയ്ത ബസ്തർ ഒളിമ്പിക്സിനെ പരാമർശിച്ചുകൊണ്ട്, അതിലെ ആയിരക്കണക്കിന് യുവാക്കളുടെ ആവേശകരമായ പങ്കാളിത്തം ഛത്തീസ്ഗഢിലെ അനുകൂല മാറ്റങ്ങളുടെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢിലെ യുവാക്കളുടെ ശോഭനമായ ഭാവിയെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തുടനീളം 12,000-ത്തിലധികം ആധുനിക പിഎം ശ്രീ സ്കൂളുകൾ സ്ഥാപിച്ചതിൽ 350  ഓളം  സ്കൂളുകൾ ഛത്തീസ്ഗഢിൽ ആണെന്നും മറ്റ് സ്കൂളുകൾക്ക് മാതൃകയായി നിലകൊള്ളുന്ന ഈ സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഛത്തീസ്ഗഢിലെ ഏകലവ്യ മോഡൽ സ്കൂളുകൾ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെയും നക്സൽ ബാധിത പ്രദേശങ്ങളിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാനത്തെ വിദ്യാ സമിക്ഷ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം ഇത് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് വിശേഷിപ്പിച്ചു. ഈ സംരംഭം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ലാസ് മുറികളിൽ തത്സമയ പിന്തുണ നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹിന്ദിയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് പഠനം സാധ്യമാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സവിശേഷത പരാമർശിച്ചുകൊണ്ട്, ഗ്രാമങ്ങളിലെ യുവാക്കൾക്കും, പിന്നാക്കം നിൽക്കുന്നവർക്കും, ആദിവാസി കുടുംബങ്ങൾക്കും ഭാഷാ തടസ്സങ്ങൾ നീക്കി ഉന്നത വിദ്യാഭ്യാസം നേടാൻ ഈ സംരംഭം സഹായിക്കുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. മുൻ വർഷങ്ങളിൽ ശ്രീ രമൺ സിംഗ് കെട്ടിപ്പടുത്ത ശക്തമായ അടിത്തറയെ നിലവിലെ ഗവണ്മെന്റ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ആവർത്തിച്ചു. അടുത്ത 25 വർഷത്തിനുള്ളിൽ ഈ അടിത്തറയിൽ നിന്നുകൊണ്ടുള്ള മഹത്തായ ഒരു വികസന ഘടന അദ്ദേഹം വിഭാവനം ചെയ്തു. ഛത്തീസ്ഗഢിന്റെ അഭിവൃദ്ധി, വിഭവങ്ങൾ, സ്വപ്നങ്ങൾ, സാധ്യതകൾ എന്നിവ പരാമർശിച്ചുകൊണ്ട്, സംസ്ഥാനം 50-ാം വാർഷികം ആഘോഷിക്കുമ്പോഴേക്കും രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി മാറുക എന്ന ലക്ഷ്യത്തോടെ  വികസനത്തിന്റെ നേട്ടങ്ങൾ ഛത്തീസ്ഗഢിലെ എല്ലാ കുടുംബങ്ങളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമൻ ദേക, മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായ്, കേന്ദ്രമന്ത്രിമാരായ ശ്രീ മനോഹർ ലാൽ, ശ്രീ തോഖൻ സാഹു, ഛത്തീസ്ഗഢ് നിയമസഭാ സ്പീക്കർ ശ്രീ രമൺ സിംഗ് എന്നിവർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ  ചടങ്ങിൽ സംബന്ധിച്ചു.

പശ്ചാത്തലം

രാജ്യത്തുടനീളമുള്ള വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണ്. ഇതിനനുസൃതമായി, താങ്ങാനാവുന്നതും വിശ്വാസ്യതയുള്ളതുമായ വൈദ്യുതി ലഭ്യമാക്കുന്നതിനും ഛത്തീസ്ഗഢിനെ വൈദ്യുതി ഉൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിലാസ്പൂർ ജില്ലയിൽ 9,790 കോടിയിലധികം രൂപ ചെലവ് വരുന്ന എൻ‌ടി‌പി‌സിയുടെ സിപത് സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് സ്റ്റേജ്-III (1x800MW) യുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. ഉയർന്ന വൈദ്യുതി ഉൽപാദന കാര്യക്ഷമതയുള്ള ഏറ്റവും പുതിയ അത്യാധുനിക അൾട്രാ-സൂപ്പർക്രിട്ടിക്കൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുമുള്ളതാണ് ഈ പിറ്റ് ഹെഡ് പ്രോജക്റ്റ്. ഛത്തീസ്ഗഢ് സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന്റെ (CSPGCL) 15,800 കോടിയിലധികം ചെലവിലുള്ള സംസ്ഥാനത്തെ ആദ്യ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്രോജക്റ്റിന്റെ (2X660MW) പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. വെസ്റ്റേൺ റീജിയൺ എക്സ്പാൻഷൻ സ്കീമിന് (WRES) കീഴിൽ 560 കോടിരൂപയിലധികം ചെലവിൽ സ്ഥാപിക്കുന്ന പവർഗ്രിഡിന്റെ മൂന്ന് പവർ ട്രാൻസ്മിഷൻ പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു.

വായു മലിനീകരണം കുറയ്ക്കുക, ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾ നൽകുക എന്നീ ഇന്ത്യയുടെ നെറ്റ്-സീറോ എമിഷൻ  ലക്ഷ്യങ്ങൾക്കനുസൃതമായി, കോറിയ, സൂരജ്പൂർ, ബൽറാംപൂർ, സർഗുജ ജില്ലകളിലായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സിറ്റി ഗ്യാസ് വിതരണ  (സിജിഡി) പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇതിൽ 200 കിലോമീറ്ററിലധികം ഉയർന്ന മർദ്ദമുള്ള പൈപ്പ്‌ലൈനും 800 കിലോമീറ്ററിലധികം എംഡിപിഇ (മീഡിയം ഡെൻസിറ്റി പോളിയെത്തിലീൻ) പൈപ്പ്‌ലൈനും 1,285 കോടിയിലധികം രൂപയുടെ ഒന്നിലധികം സിഎൻജി വിതരണ ഔട്ട്‌ലെറ്റുകളും ഉൾപ്പെടുന്നു. 2210 കോടിയിലധികം രൂപ ചെലവിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ)  540 കിലോമീറ്റർ ദൈർഘ്യമുള്ള വിശാഖ്-റായ്പൂർ പൈപ്പ്‌ലൈൻ (വിആർപിഎൽ) പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഈ വിവിധോൽപ്പന്ന (പെട്രോൾ, ഡീസൽ, മണ്ണെണ്ണ) പൈപ്പ്‌ലൈനിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടണ്ണിലധികം ശേഷിയുണ്ടാകും. 

മേഖലയിലെ ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 108 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും 2,690 കോടി രൂപയിലധികം ചെലവിലുള്ള 111 കിലോമീറ്റർ ദൈർഘ്യംവരുന്ന മൂന്ന് റെയിൽവേ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. മന്ദിർ ഹസൗദ് വഴിയുള്ള അഭൻപൂർ-റായ്പൂർ സെക്ഷനിലെ മെമു ട്രെയിൻ സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഛത്തീസ്ഗഡിലെ റെയിൽവേ ശൃംഖലയുടെ 100% വൈദ്യുതീകരണവും അദ്ദേഹം നാടിന്‌ സമർപ്പിക്കും. ഈ പദ്ധതികൾ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ഗതാഗതബന്ധം മെച്ചപ്പെടുത്തുകയും മേഖലയിലുടനീളമുള്ള സാമൂഹികവും സാമ്പത്തികവുമായ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന എൻഎച്ച്-930 ലെ (37 കിലോമീറ്റർ) നവീകരിച്ച ജലൽമല മുതൽ ഷെർപാർ വരെയുള്ളതും എൻഎച്ച്-43 ലെ (75 കിലോമീറ്റർ) അംബികാപൂർ-പത്തൽഗാവ് സെക്ഷനും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. എൻഎച്ച്-130 D-യിലെ (47.5 കിലോമീറ്റർ) കൊണ്ടഗാവ്-നാരായൺപൂർ സെക്ഷനെ ഷോൾഡറുള്ള രണ്ടു വരി നടപ്പാതയായി ഉയർത്തുന്നതിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.1,270 കോടി രൂപയിലധികം ചെലവുവരുന്ന ഈ പദ്ധതികൾ ഗോത്ര, വ്യാവസായിക മേഖലകളിലേക്കുള്ള പ്രവേശനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുകയും മേഖലയെ സമഗ്ര വികസനത്തിലേക്ക് നയിക്കുകയും ചെയ്യും.

എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി സംസ്ഥാനത്തെ 29 ജില്ലകളിലായി 130 പിഎം  ശ്രി  സ്കൂളുകകൾ,  റായ്പൂരിലെ വിദ്യാ സമിക്ഷ കേന്ദ്രം (VSK) എന്നിങ്ങനെ രണ്ട് മുൻനിര വിദ്യാഭ്യാസ സംരംഭങ്ങൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. PM സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി പ്രകാരം 130 സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യും. മികച്ച ഘടനാപരമായ അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ബോർഡുകൾ, ആധുനിക ലബോറട്ടറികൾ, ലൈബ്രറികൾ എന്നിവയിലൂടെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ സ്കൂളുകൾ സഹായിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഓൺലൈൻ നിരീക്ഷണവും ഡാറ്റ വിശകലനവും റായ്പൂരിലെ VSK പ്രാപ്തമാക്കും.

ഗ്രാമീണ കുടുംബങ്ങൾക്ക് ശരിയായ ഭവന ലഭ്യത ഉറപ്പാക്കുന്നതിനും അവരുടെ ആരോഗ്യം, സുരക്ഷ, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനായി, പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G) പ്രകാരമുള്ള 3 ലക്ഷം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശം നടക്കുകയും അതോടൊപ്പം ചില ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഭവനങ്ങളുടെ താക്കോലുകൾ കൈമാറുകയും ചെയ്യും.

 

-NK-

(Release ID: 2116941) Visitor Counter : 35