ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കൃഷിയിടം മുതൽ ചില്ലറ വിൽപ്പന വരെ: ഭക്ഷ്യ സംസ്‌ക്കരണ മികവിലേക്കുള്ള 'മേക്ക് ഇൻ ഇന്ത്യ' മുന്നേറ്റം

കർഷക ശാക്തീകരണം, മൂല്യ വർദ്ധന, വിപണി വികസനം

Posted On: 28 MAR 2025 4:10PM by PIB Thiruvananthpuram

ആമുഖം

വിശാലമായ കാർഷിക അടിത്തറ, വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത, പിന്തുണയേകുന്ന സർക്കാർ നയങ്ങൾ എന്നിവ മുഖാന്തരം ഇന്ത്യയുടെ ഭക്ഷ്യ സംസ്ക്കരണ വ്യവസായം ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് വിധേയമായി. ഈ ശ്രദ്ധേയമായ വളർച്ചാ പാതയിലൂന്നി ഭക്ഷ്യ സംസ്ക്കരണ മേഖലയിൽ ആഗോള നേതൃത്വത്തിലേക്ക് ഉയരാൻ ഇന്ത്യ ഒരുങ്ങുകയാണ്. കാർഷിക മേഖലയാണ് ഇന്ത്യയുടെ ഭക്ഷ്യ സംസ്ക്കരണ വ്യവസായത്തിന്റെ നട്ടെല്ല്. ആഗോളതലത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ചെറുധാന്യങ്ങൾ, തേയില, ഭക്ഷ്യധാന്യങ്ങൾ, പാൽ, കന്നുകാലി ഉത്പന്നങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്ത്യ.

മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ഭക്ഷ്യ സംസ്ക്കരണ മേഖലയ്ക്ക് മുൻഗണന ലഭിക്കുന്നു. നിക്ഷേപം ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയം ഇതിനോടകം വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കാർഷിക സമ്പന്നമായ പ്രദേശങ്ങളിൽ അവശ്യ സേവനങ്ങളും പൊതു സംസ്ക്കരണ സൗകര്യങ്ങളുമുള്ള മെഗാ ഫുഡ് പാർക്കുകൾ സ്ഥാപിക്കപ്പെടുന്നു. സുഗമമായും വേഗത്തിലും പ്രവർത്തനങ്ങൾ ആരംഭിക്കാനാകുന്ന പ്ലഗ്-ആൻഡ്-പ്ലേ മാതൃക സംരംഭകർക്ക്  വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന സൗകര്യ വായ്പകൾ സുഗമമായി ലഭ്യമാക്കാൻ സഹായിക്കുന്ന ഹാർമോണൈസ്ഡ് ലിസ്റ്റ് ഓഫ് ഇൻഫ്രാസ്ട്രക്ചർ സബ്-സെക്ടറുകളുടെ (HLIS) കീഴിൽ ഈ പാർക്കുകളിലെ നിക്ഷേപം അംഗീകരിക്കപ്പെട്ടിരിക്കുന്നു. നിക്ഷേപം കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി, വിഭവങ്ങൾ, നയങ്ങൾ, പ്രോത്സാഹനങ്ങൾ എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ നൽകുന്നതിനൊപ്പം പങ്കാളിത്തം, അനുമതികൾ, ലൈസൻസുകൾ, അംഗീകാരങ്ങൾ, നിക്ഷേപക പിന്തുണ എന്നിവ സുഗമമാക്കുന്നതിന് ഇൻവെസ്റ്റ് ഇന്ത്യയുമായി സഹകരിക്കുന്നു. ഒരു ഇൻവെസ്റ്റേഴ്‌സ് പോർട്ടലും (https://www.foodprocessingindia.gov.in/) മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

 


2024-25 ലെ മന്ത്രാലയത്തിന്റെ ബജറ്റ് മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 30.19% വർദ്ധിച്ചു

ഇന്ത്യയിലെ ഭക്ഷ്യ സംസ്ക്കരണ മേഖലയെ സംബന്ധിച്ച അവലോകനം



അവലംബം: ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് (2023-24)



പിഎം കിസാൻ സമ്പദ യോജന-
 
കേന്ദ്ര പദ്ധതിയായ 'സമ്പദ'  (SAMPADA) - കാർഷിക-സമുദ്രോത്പന്ന സംസ്ക്കരണത്തിനും കാർഷിക സംസ്ക്കരണ ക്ലസ്റ്ററുകളുടെ വികസനത്തിനുമുള്ള പദ്ധതി -2017 മെയ് മാസത്തിൽ അംഗീകരിക്കപ്പെട്ടു. (Scheme for Agro-marine processing and Development of Agro-processing Clusters). 'സമ്പദ' യുടെ പദ്ധതി നിർവ്വഹണത്തിനായി കെ 6000 കോടി രൂപ അനുവദിച്ചു. കേന്ദ്ര പദ്ധതിയായ  പ്രധാനമന്ത്രി കിസാൻ സമ്പദ യോജന  2026 മാർച്ച് 31 വരെ തുടരുന്നതിനായി 4600 കോടി രൂപ വീണ്ടും വകയിരുത്തി.

 


2025 ഫെബ്രുവരി 28 വരെ, രാജ്യത്തുടനീളമുള്ള  പ്രധാനമന്ത്രി കിസാൻ സമ്പദ യോജനയുടെ അനുബന്ധ, ഘടക പദ്ധതികൾക്ക് കീഴിൽ 41 മെഗാ ഫുഡ് പാർക്കുകൾ, 394 താപ നിയന്ത്രിത വിതരണ ശൃംഖലാ പദ്ധതികൾ, 75 കാർഷിക -സംസ്ക്കരണ ക്ലസ്റ്റർ പദ്ധതികൾ, 536 ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, 61 ബാക്ക്‌വേർഡ് ആൻഡ് ഫോർവേഡ് ലിങ്കേജുകളുടെ സൃഷ്ടി, 44 ഓപ്പറേഷൻ ഗ്രീൻസ് പദ്ധതികൾ എന്നിവയുൾപ്പെടെ 1608 പദ്ധതികൾക്ക് ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയം (MoFPI) അനുമതി നൽകിയിട്ടുണ്ട്. ഒരു ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റിന്  കർഷകർ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയുമായുള്ള ബന്ധമാണ് ബാക്ക്‌വേഡ് ലിങ്കേജുകൾ. മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ തുടങ്ങിയവയുമായുള്ള ബന്ധങ്ങളെയാണ് ഫോർവേഡ് ലിങ്കേജുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്പാദ യോജനയുടെ ഘടക പദ്ധതികൾ ആരംഭിച്ചതിനുശേഷം, സഹായങ്ങളുടെ/സബ്‌സിഡിയുടെ ഭാഗമായി ആകെ ₹ 6198.76 കോടി ഗ്രാന്റായി വിതരണം ചെയ്തിട്ടുണ്ട്.
 

പ്രധാനമന്ത്രി കിസാൻ സമ്പാദ യോജന ഇനിപ്പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു:

കൃഷിയിടം മുതൽ ചില്ലറ വിൽപ്പന വരെ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യക്ഷമമായ വിതരണ ശൃംഖലാ മാനേജ്‌മെന്റിനുമുള്ള സമഗ്ര പാക്കേജ്

ഇന്ത്യയിലെ ഭക്ഷ്യ സംസ്ക്കരണ മേഖലയെ ഉത്തേജിപ്പിക്കുക  

കർഷകർക്ക് മികച്ച വരുമാനം ലഭിക്കാൻ സഹായിക്കുകയും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു

വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, വിശിഷ്യാ ഗ്രാമീണ മേഖലയിൽ

കാർഷിക ഉത്പന്നങ്ങൾ പാഴാകുന്നത് കുറയ്ക്കുക

ഭക്ഷ്യ ഉത്പന്നങ്ങളുടെ സംസ്ക്കരണ നിലവാരം വർദ്ധിപ്പിക്കുക

സംസ്ക്കരിച്ച ഭക്ഷണങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുക



പ്രധാനമന്ത്രി കിസാൻ സമ്പദ യോജനയ്ക്ക് കീഴിലുള്ള പദ്ധതികൾ:


PLISFPI- ഭക്ഷ്യ സംസ്ക്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി

 ഭക്ഷ്യ സംസ്ക്കരണ വ്യവസായത്തിനായി 10,900 കോടി രൂപയുടെ  ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLISFPI) 2021 മാർച്ചിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2021-22 മുതൽ 2026-27 വരെയുള്ള ആറ് വർഷക്കാലയളവിൽ പദ്ധതി നടപ്പിലാക്കുന്നു.

പദ്ധതിയുടെ ഘടകങ്ങൾ ഇവയാണ് –

ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങൾ, സംസ്ക്കരിച്ച പഴങ്ങളും പച്ചക്കറികളും, സമുദ്രോത്പന്നങ്ങൾ, പശുവിന്റെയോ എരുമയുടെയോ പാലിൽ നിന്നും ഉണ്ടാക്കുന്ന ഒരുതരം പാല്ക്കട്ടിയയായ മൊസറെല്ല ചീസ് (വിഭാഗം I) എന്നിവയുൾപ്പെടെ നാല് പ്രധാന ഭക്ഷ്യ ഉത്പന്ന വിഭാഗങ്ങളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു.

 ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കീഴിലെ (SME) നൂതന / ജൈവ ഉത്പന്നങ്ങൾ (വിഭാഗം II)

വിദേശരാജ്യങ്ങളിലെ ബ്രാൻഡിംഗിനും വിപണനത്തിനും ഉള്ള പിന്തുണയുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഘടകം (വിഭാഗം III) ഇൻ-സ്റ്റോർ ബ്രാൻഡിംഗ്, ഷെൽഫ് സ്പേസ് വാടകയ്‌ക്കെടുക്കൽ, വിപണനം എന്നിവയ്‌ക്കായി ശക്തമായ ഇന്ത്യൻ ബ്രാൻഡുകളുടെ ആവിർഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ്.

 


 RTC/RTE ഉത്പന്നങ്ങളിൽ ചെറുധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ ഉത്പാദനം, മൂല്യവർദ്ധന, വിൽ‌പന എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക്  കീഴിൽ ഇതിനെ കൊണ്ടുവരാനും PLISFPI യുടെ കീഴിലുള്ള ധനസഹായം ഉപയോഗിച്ച്  ചെറുധാന്യ  അധിഷ്ഠിത ഉത്പന്ന നിർമ്മാണം (PLISMBP) എന്ന ഒരു ഘടകം കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി.

2025 ഫെബ്രുവരി 28 വരെ, രാജ്യത്ത് ഭക്ഷ്യ സംസ്ക്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ വിവിധ വിഭാഗങ്ങൾക്ക് കീഴിൽ ആകെ 171 ഭക്ഷ്യ സംസ്ക്കരണ കമ്പനികൾക്ക് സഹായം ലഭിച്ചു, കൂടാതെ ₹1155.296 കോടി രൂപയുടെ പ്രോത്സാഹനങ്ങളും വിതരണം ചെയ്തു. ഇതിൽ ₹13.266 കോടി അർഹതയുള്ള 20 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വിതരണം ചെയ്തു.

 



റിപ്പോർട്ട് ചെയ്ത കണക്ക് പ്രകാരം പദ്ധതിയുടെ ഗുണഭോക്താക്കൾ, 213 സ്ഥലങ്ങളിലായി ₹8,910 കോടി നിക്ഷേപം നടത്തിയിട്ടുണ്ട്. 2024 ഒക്ടോബർ 31 വരെ, ഈ പദ്ധതിയിലൂടെ 2.89 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും, മൂല്യവർദ്ധന മെച്ചപ്പെടുത്തിയും, അസംസ്കൃത വസ്തുക്കളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും, തൊഴിലവസരങ്ങൾ സൃഷ്ടിച്ചും രാജ്യത്തിന്റെ സമഗ്ര വളർച്ചയ്ക്കും വികസനത്തിനും ഈ പദ്ധതി ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. വൻകിട കമ്പനികൾ, ചെറുധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ, നൂതനവും ജൈവവുമായ ഉത്പന്നങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയെ ഈ പദ്ധതി പിന്തുണയ്ക്കുന്നു.ഒപ്പം  ആഗോളതലത്തിൽ ഇന്ത്യൻ ബ്രാൻഡുകളെയും  പ്രോത്സാഹിപ്പിക്കുന്നു.

സൂക്ഷ്മ ഭക്ഷ്യസംസ്‌ക്കരണ സംരംഭങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ ഔപചാരികവത്ക്കരണ പദ്ധതി
(PMFME Pradhan Mantri Formalisation of Micro Food Processing Enterprises Scheme)


2020 ജൂണിൽ ആരംഭിച്ച ഈ പദ്ധതി, 2020-2025 സാമ്പത്തിക വർഷത്തിൽ 10,000 കോടി രൂപയുടെ മൊത്തം വിഹിതത്തിൽ മേഖലയിൽ 'പ്രാദേശിക ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുന്നത്' പ്രോത്സാഹിപ്പിക്കാൻ  ലക്ഷ്യമിടുന്നു. പദ്ധതി 2025-26 സാമ്പത്തിക വർഷം വരെ നീട്ടിയിട്ടുണ്ട്. സൂക്ഷ്മ ഭക്ഷ്യസംസ്‌ക്കരണ സംരംഭങ്ങൾക്കായുള്ള ആദ്യ സർക്കാർ പദ്ധതിയാണിത്. വായ്പാ ബന്ധിത ലിങ്ക്ഡ് സബ്സിഡിയിലൂടെയും ഒരു ജില്ല ഒരു ഉത്പന്നം എന്ന സമീപനം സ്വീകരിക്കുന്നതിലൂടെയും 2 ലക്ഷം സംരംഭങ്ങൾക്ക് പ്രയോജനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുമായി ബന്ധപ്പെട്ട അവലോകനം:


നൂതനാശയനകളെയും സംരംഭകത്വത്തെയും പോഷിപ്പിക്കുന്നു

ഈ പദ്ധതികളിലൂടെ, ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (SME) സർക്കാർ സജീവമായി പിന്തുണയ്ക്കുന്നു. ഈ പദ്ധതികൾ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നൽകുന്നു. ശേഷി വികസനം, നവീകരണം, ഔപചാരികവത്ക്കരണം എന്നിവ സുഗമമാക്കുന്നു. PMKSY യുടെ വിവിധ ഘടകങ്ങൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അർഹതയുണ്ട്. അസംഘടിത യൂണിറ്റുകളുടെ ഔപചാരികവത്ക്കരണം, സ്ഥാപന വായ്പയിലേക്കുള്ള പ്രവേശനം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യ സംസ്‌ക്കരണ ശേഷി വർദ്ധിപ്പിക്കൽ എന്നിവ PMFME പദ്ധതി പ്രത്യേകമായി ലക്ഷ്യമിടുന്നു. PLI പദ്ധതി പ്രകാരം, ഗുണഭോക്താക്കളിൽ ഒരു പ്രധാന വിഭാഗം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ്. 70 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നേരിട്ട് ചേർന്നിട്ടുണ്ട്.  40 എണ്ണം വലിയ കമ്പനികളുടെ കരാറടിസ്ഥാനത്തിലുള്ള നിർമ്മാതാക്കളെന്ന നിലയിൽ പങ്ക് വഹിക്കുന്നു. മൊത്തത്തിൽ, ഈ സംരംഭങ്ങൾ നൂതനാശയങ്ങളെ പോഷിപ്പിക്കുന്നതിലൂടെയും, മത്സരശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും, വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും, ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തിലെ വിശാലമായ മൂല്യ ശൃംഖലയെ പിന്തുണയ്ക്കുന്നതിലൂടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യ സംസ്‌ക്കരണ വ്യവസായങ്ങൾക്കായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLISFPI) പ്രകാരം, ആഗോള വിപണികളിൽ ഇന്ത്യൻ ബ്രാൻഡ് ഉപഭോക്തൃ-ഭക്ഷ്യ ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിനെയും വിപണന പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു. വിദേശത്ത് ഇന്ത്യൻ ഭക്ഷ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സാമ്പത്തിക സഹായങ്ങൾ നൽകുന്നു. വിദേശത്ത് ബ്രാൻഡിംഗിനും വിപണനത്തിനുമുള്ള  ചെലവിന്റെ 50% ഗുണഭോക്താക്കൾക്ക് തിരികെ ലഭിക്കും. ഇത് അവരുടെ വാർഷിക ഭക്ഷ്യ ഉത്പന്ന വിൽപ്പനയുടെ 3% അല്ലെങ്കിൽ പ്രതിവർഷം ₹50 കോടി, ഏതാണോ കുറവ് അത് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. പദ്ധതിയുടെ പ്രയോജനം  നേടുന്നതിന് അപേക്ഷകർ അഞ്ച് വർഷത്തേക്ക് കുറഞ്ഞത് ₹5 കോടി ചെലവഴിക്കേണ്ടതുണ്ട്. നിലവിൽ, PLI പദ്ധതിയുടെ ഈ ഘടകത്തിന് കീഴിൽ 73 ഗുണഭോക്താക്കളുണ്ട്.

സമീപകാല സംഭവവികാസങ്ങൾ

മാർച്ച് 2025: ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലുടനീളം 100 പുതിയ NABL-അക്രഡിറ്റഡ് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയം (MOFPI) സാമ്പത്തികമായി പിന്തുണ നൽകും.

ജനുവരി 2025: പഞ്ചാബിലെ തക്കാളി ഉത്പാദനവും തക്കാളിക്കുഴമ്പ് ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം (GOI), പഞ്ചാബ് കാർഷിക സർവകലാശാല (PAU), പഞ്ചാബ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (HUL) എന്നിവയുമായി ചർച്ചകൾ നടത്താൻ ഒരുങ്ങുന്നു.

വേൾഡ് ഫുഡ് ഇന്ത്യ:

വേൾഡ് ഫുഡ് ഇന്ത്യ 2024 ന്റെ മൂന്നാം പതിപ്പ് സെപ്റ്റംബർ 19 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടന്നു. ഭക്ഷ്യ സംസ്ക്കരണത്തിനും അനുബന്ധ മേഖലകൾക്കുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒത്തുചേരലായി മാറുക എന്ന ലക്ഷ്യത്തോടെ, ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരെ  അഭിമാനകരമായ പരിപാടി സംഘടിപ്പിച്ചു.  ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ മാത്രമല്ല, യന്ത്രങ്ങൾ, പാക്കേജിംഗ്, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ് തുടങ്ങിയ നിർണായക അനുബന്ധ മേഖലകളെയും ഉൾക്കൊള്ളുന്ന വേൾഡ് ഫുഡ് ഇന്ത്യ 2024 ഭക്ഷ്യ മൂല്യ ശൃംഖലയിലുടനീളമുള്ള നൂതനാശയങ്ങളും അവസരങ്ങളും പ്രദർശിപ്പിച്ചു.

 



ഇന്ത്യയുടെ സമ്പന്നമായ പാചക വൈദഗ്ധ്യം പ്രദർശിപ്പിക്കുക,  ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ രാജ്യത്തിന്റെ വൈവിധ്യമാർന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളോടെ 2017-ൽ ഇത് ആരംഭിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയെ ഒരു ആഗോള ഭക്ഷ്യ കേന്ദ്രമായി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, ബാക്ക് വേഡ് ലിങ്കേജുകൾ, ഗവേഷണ വികസനം, താപനിയന്ത്രിത വിതരണ ശൃംഖലകൾ, സ്റ്റാർട്ടപ്പുകൾ എന്നീ ഉപവിഭാഗങ്ങളിലേക്ക് നിക്ഷേപങ്ങൾ വഴിതിരിച്ചുവിടുന്നതിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയുടെ പാചക പൈതൃകം പ്രദർശിപ്പിക്കുന്നതിലും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ, ലോകത്തിന്റെ ഭക്ഷ്യക്കൊട്ടയായി മാറുക എന്ന രാജ്യത്തിന്റെ ദർശനത്തെ മുന്നോട്ട് നയിക്കുന്ന സുപ്രധാന വേദിയായി മാറിയിരിക്കുന്നു.

ഉപസംഹാരം

വളർച്ചയും സുസ്ഥിരതയും കൈവരിക്കാൻ ഇന്ത്യൻ ഭക്ഷ്യ സംസ്ക്കരണ മേഖലയ്ക്ക് വിപുലമായ സാധ്യതകളുണ്ട്. വൈവിധ്യമാർന്ന പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്. താപ നിയന്ത്രിത വിതരണ ശൃംഖലയുടെ വികാസം, സാമ്പത്തിക പ്രോത്സാഹനങ്ങൾ, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവ ഇന്ത്യയെ ഒരു ആഗോള ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രമായി അടയാളപെടുത്താൻ സഹായിച്ചു. നൂതനാശയങ്ങൾ, സുസ്ഥിരത, സംരംഭകത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് കുറയ്ക്കുന്നതിനും, കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും  മേഖല സജ്ജമാണ്. മെയ്ക്ക് ഇൻ ഇന്ത്യ ദർശനത്തിന് കീഴിൽ ഇന്ത്യ മുന്നോട്ട് ചരിക്കുമ്പോൾ, ഭക്ഷ്യ സംസ്‌ക്കരണ വ്യവസായം സാമ്പത്തിക വളർച്ചയുടെ സുപ്രധാന ചാലകശക്തിയായി തുടരുകയും ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം, ആഗോള മത്സരക്ഷമത എന്നിവ ഉറപ്പാക്കുകയും ചെയ്യും. 

 

അവലംബം

PDF കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

******


(Release ID: 2116522) Visitor Counter : 17


Read this release in: English , Urdu , Hindi , Gujarati