ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ ഓക്‌സിജന്‍ മാനേജ്‌മെന്റിനെക്കുറിച്ചുള്ള ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

प्रविष्टि तिथि: 27 MAR 2025 1:25PM by PIB Thiruvananthpuram
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) ഇന്നു നടന്ന ശില്പ്പശാലയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ മാനേജ്‌മെന്റിനെക്കുറിച്ചുള്ള ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഓക്‌സിജന്‍ മാനേജ്‌മെന്റില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്  ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ  ഭരണസമിതിയുടെ  ആഭിമുഖ്യത്തിലുള്ള ദേശീയ പരിപാടിയും ശില്പ്പശാലയോടനുബന്ധിച്ച് നടന്നു.

അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്റെ വര്‍ദ്ധിച്ച ആവശ്യകത  നിറവേറ്റുന്നതിന് മെഡിക്കല്‍ ഓക്‌സിജന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശരിയായി പരിപാലിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ നിര്‍ണ്ണായക പ്രാധാന്യത്തെക്കുറിച്ച് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ ഊന്നിപ്പറഞ്ഞു. കോവിഡ്-19 മഹാമാരിയെ ഇന്ത്യ കൈകാര്യം ചെയ്ത രീതിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ എടുത്തു പറഞ്ഞു.

രാജ്യത്തെ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ആരോഗ്യ സംരക്ഷണ മേഖലകളിലുടനീളം ഏകീകൃത ഓക്‌സിജന്‍ മാനേജ്‌മെന്റിന്റെ മികച്ച രീതികള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് മെഡിക്കല്‍ ഓക്‌സിജന്‍ മാനേജ്‌മെന്റിനെക്കുറിച്ചു പുറത്തിറക്കിയ ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. രോഗികളുടെ സുരക്ഷ, കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, അടിയന്തര ഘട്ടങ്ങളിലെ തയ്യാറെടുപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കല്‍ ഓക്‌സിജന്റെ കാര്യക്ഷമമായ ശേഖരണം, സംഭരണം, വിതരണം എന്നിവയ്ക്കുള്ള ഒരു ചട്ടക്കൂട് ഈ സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ദുരന്തനിവാരണ സെല്‍, ന്യൂഡല്‍ഹിയിലെ എയിംസുമായി സഹകരിച്ചു നടപ്പാക്കുന്ന ഒരു സംരംഭമാണ് ഓക്‌സിജന്‍ മാനേജ്‌മെന്റില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടി.  രാജ്യത്തുടനീളം 200 ഓളം മാസ്റ്റര്‍ പരിശീലകരെ പരിശീലിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇവര്‍ രാജ്യത്തുടനീളമുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേര്‍മാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും, അങ്ങനെ മെഡിക്കല്‍ ഓക്‌സിജന്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ പാഴാക്കല്‍ കുറയ്ക്കുന്നതിനും  ക്ലിനിക്കല്‍ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.  

ആരോഗ്യ മന്ത്രാലയത്തിലെയും എയിംസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകളും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
 
SKY
 
****

(रिलीज़ आईडी: 2115741) आगंतुक पटल : 79
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Tamil , Telugu