കല്‍ക്കരി മന്ത്രാലയം
ഒരു ബില്ല്യണ്‍ ടണ്‍: ഇന്ത്യയുടെ ഊര്‍ജ്ജ ഭാവി ശക്തിപ്പെടുത്തുന്നു!
രാജ്യത്തെ കല്‍ക്കരി ഉത്പാദനം ഒരു ബില്ല്യണ്‍ ടണ്‍ കടന്നു
Posted On:
21 MAR 2025 3:45PM by PIB Thiruvananthpuram
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2025 മാര്‍ച്ച് 20 ന് ഒരു ബില്ല്യണ്‍ ടണ്‍ (BT) കടന്നു കൊണ്ട് , കല്‍ക്കരി ഉത്പാദനത്തില്‍ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാൻ 11 ദിവസം ബാക്കി നിൽക്കെ ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 997.83 മില്ല്യണ്‍ ടണ്‍ (MT) കല്‍ക്കരി ഉത്പാദാനം മറികടന്നുകൊണ്ട് ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കാനായത്. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും വ്യവസായിക, കാര്‍ഷിക വളര്‍ച്ചയെയും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെയും മുന്നോട്ടു നയിക്കുന്നതിലും ഇന്ത്യ കൈവരിച്ച ഈ ഗണ്യമായ പുരോഗതി അടിവരയിടുന്നു.
കല്‍ക്കരി പൊതുമേഖലാ സ്ഥാപനങ്ങള്‍ (PSUകള്‍), സ്വകാര്യ കമ്പനികള്‍, 350 ലധികം കല്‍ക്കരി ഖനികളിലെ ഏകദേശം 5 ലക്ഷത്തോളം ഖനിത്തൊഴിലാളികളുടെ അക്ഷീണ പരിശ്രമം എന്നിവയാണ് കല്‍ക്കരി മേഖലയിലെ ഈ വിജയത്തിനു കാരണമായത്. അനിതരസാധാരണമായ അര്‍പ്പണബോധത്തോടെ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഖനിത്തൊഴിലാളികള്‍ ഈ ചരിത്ര നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.
ഇന്ത്യ അതിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നത് ഏകദേശം 55% ശതമാനവും കല്‍ക്കരിയെ ആശ്രയിച്ചാണ്. കൂടാതെ രാജ്യത്തെ വൈദ്യുതി ഉത്പാദനത്തില്‍ ഏകദേശം 74% വും കല്‍ക്കരി അധിഷ്ഠിത നിലയങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും കല്‍ക്കരിയുടെ നിര്‍ണ്ണായക പ്രാധാന്യത്തെ ഇതു സൂചിപ്പിക്കുന്നു.
ഖനി, ധാതു (വികസനവും നിയന്ത്രണവും) നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍, കല്‍ക്കരി ബ്ലോക്കുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലേലം ചെയ്ത് കല്‍ക്കരി മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്തത് തുടങ്ങിയ സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ പരിഷ്‌കാരങ്ങളും നയങ്ങളുമാണ് കല്‍ക്കരി ഉത്പാദനത്തിലെ ഈ റെക്കോര്‍ഡ് നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഈ സംരംഭങ്ങള്‍ രാജ്യത്തെ കല്‍ക്കരിയുടെ ലഭ്യതയില്‍ ഗണ്യമായ വര്‍ദ്ധനവിനു കാരണമാകുകയും ഇറക്കുമതി കുറയ്ക്കുന്നതിനും വിദേശനാണ്യം ലാഭിക്കുന്നതിനും വലിയ സംഭാവന നല്‍കുകയും ചെയ്യുന്നു. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ, ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി 8.4% കുറയുകയും, തത്ഫലമായി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, ഏകദേശം 5.43 ബില്ല്യണ്‍ ഡോളര്‍ (42,315.7 കോടി രൂപ) വിദേശനാണ്യം ലാഭിക്കുകയും ചെയ്തു .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ' ആത്മനിര്‍ഭര്‍ ഭാരത്' എന്ന ദര്‍ശനവുമായി യോജിക്കുന്നതാണ് ഈ നേട്ടം. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനൊപ്പം ഊര്‍ജ്ജ മേഖലയില്‍ സ്വാശ്രയത്വം വളര്‍ത്തിയെടുക്കുന്നതിനുള്ള കല്‍ക്കരി മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു.
ഈ നേട്ടം കല്‍ക്കരി ഉത്പാദനത്തില്‍ മാത്രമല്ല,ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനം മുന്നോട്ടു നയിക്കുന്നതിനുമുള്ള ഒരു നിര്‍ണ്ണായക ചുവടുവയ്പ്പാണ്. നൂതന ഖനന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെയും സേവന, വിതരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലൂടെയും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും സമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിലും കല്‍ക്കരി മേഖല ഒരു സുപ്രധാന പങ്കു വഹിക്കുന്നു.
'വികസിത് ഭാരത് 2047' എന്ന സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്ന ഈ നേട്ടം ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയെ സമ്പൂര്‍ണ്ണ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നു. തന്ത്രപരമായ നിരന്തര പരിഷ്‌കാരങ്ങള്‍, സാങ്കേതിക പുരോഗതികള്‍, വിഭവ നിർവ്വഹണത്തിൽ ഉത്തരവാദിത്ത ബോധം എന്നിവയിലൂടെ ആത്മനിര്‍ഭര്‍ ഭാരത് എന്നതിലേക്കുള്ള ഇന്ത്യയുടെ യാത്ര ശരിയായ ദിശയില്‍ തുടരുന്നു. വരും തലമുറയ്ക്ക് സ്വയംപര്യാപ്തവും ഊര്‍ജ്ജസുരക്ഷിതവുമായ ഒരു ഭാവി ഉറപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ തെളിവാണ് ഈ നേട്ടം.
*****
(Release ID: 2113792)
Visitor Counter : 26