ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഇന്ത്യയുടെ സ്വന്തം സുരക്ഷിത ബ്രൗസർ ഉടൻ : കടുത്ത മത്സരത്തിന് ശേഷം, iOS, Android, Windows എന്നിവയുമായി പൊരുത്തപ്പെടുന്ന ഇന്ത്യൻ ബ്രൗസർ സൃഷ്ടിക്കാനുള്ള ചുമതല നിർണ്ണയിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം.
Posted On:
20 MAR 2025 8:01PM by PIB Thiruvananthpuram
ലോക സന്തോഷ ദിനത്തോടനുബന്ധിച്ച്, സുരക്ഷിതവും നൂതനവുമായ ഡിജിറ്റൽ പരിഹാരങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഭാരത സർക്കാർ ആവർത്തിച്ചുറപ്പിച്ചു. 282 ബില്യൺ യുഎസ് ഡോളറിലധികം വരുമാനമുള്ള ഇന്ത്യയുടെ വിവരസാങ്കേതിക (ഐടി) മേഖലയുടെ ശ്രദ്ധ തദ്ദേശീയ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് മാറുകയാണ്. ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ ഒരു തദ്ദേശീയ വെബ് ബ്രൗസർ വികസിപ്പിക്കുക എന്ന അഭിലാഷകരമായ വെല്ലുവിളി ഏറ്റെടുത്ത് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) സാങ്കേതിക സ്വാശ്രയത്വത്തിലേക്ക് ദീർഘവീക്ഷണത്തോടെയുള്ള കുതിച്ചുചാട്ടം നടത്തി. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നാഴികക്കല്ലായ ഈ സംരംഭം ബാംഗ്ലൂരിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്) ആണ് ഏറ്റെടുത്തത്.

കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്മെന്റ് ചലഞ്ചിന്റെ (IWBDC) വിജയികളെ പ്രഖ്യാപിച്ചു. 2025 മാർച്ച് 20 ന് ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ, നൂതനാശയങ്ങൾ, സർഗ്ഗാത്മകത, വൈദഗ്ദ്ധ്യം, ഇന്ത്യൻ ആവശ്യങ്ങൾക്ക് അനുസൃതവും വിശ്വസനീയവുമായ വെബ് ബ്രൗസർ വികസിപ്പിക്കുന്നതിലെ മുന്നേറ്റം എന്നിവ പ്രകടിപ്പിച്ച മത്സരാർത്ഥികളിൽ അദ്ദേഹം അതിയായ അഭിമാനം പ്രകടിപ്പിച്ചു. ആത്മനിർഭര ഭാരതത്തിന്റെ ദർശനം സാക്ഷാത്കരിക്കുന്നതിലും ഇന്ത്യയുടെ ഡിജിറ്റൽ ഭാവി ശാക്തീകരിക്കുന്നതിലും വലിയ മുന്നേറ്റമാണ് ഈ സംഭവവികാസങ്ങൾ.

സാങ്കേതിക വിദ്യ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ എന്നിവയിൽ സ്വയംപര്യാപ്തത പുലർത്തുന്ന, "സേവന മേഖലയ്ക്ക് പ്രാമുഖ്യമുള്ള ഒരു രാഷ്ട്രം എന്നതിൽ നിന്ന് ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രമാക്കി" ഇന്ത്യയെ മാറ്റുക എന്ന വിശാലമായ കാഴ്ചപ്പാട് ചടങ്ങിൽ സംസാരിച്ച ശ്രീ അശ്വിനി വൈഷ്ണവ് പങ്കു വച്ചു. ഈ കാഴ്ചപ്പാടിന്റെ ഭാഗമായി, ഇന്ത്യയുടെ ഡിജിറ്റൽ സ്വാശ്രയത്വത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരിൽ നിന്ന് ആവേശകരമായ പങ്കാളിത്തം സ്വീകരിച്ചുകൊണ്ട് ഒരു തദ്ദേശീയ വെബ് ബ്രൗസർ വികസിപ്പിക്കുന്നതിന് IWBDC തുടക്കം കുറിച്ചു. തദ്ദേശീയ ഡിജിറ്റൽ പരിഹാരങ്ങൾ വ്യാപകമായി സ്വീകരിക്കാൻ പ്രാപ്തിയുള്ളതും രാജ്യത്തിൻറെ സ്വാശ്രയത്വത്തിന് സംഭാവന നൽകുന്ന മത്സരാധിഷ്ഠിതവും സുരക്ഷിതവും പ്രാമാണികവും ആയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
ഇന്റർനെറ്റിലേക്കുള്ള പ്രാഥമിക കവാടമായി വെബ് ബ്രൗസർ വർത്തിക്കുന്നു. വെബ് സർഫിംഗ്, ഇമെയിൽ, ഇ-ഓഫീസ്, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നു. ഒരു തദ്ദേശീയ ഇന്ത്യൻ ബ്രൗസറിന്റെ ഗുണങ്ങൾ പലതാണ്. ഒന്നാമതായി, ഉപയോക്തൃ ഡാറ്റ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ സൂക്ഷിക്കുന്നതിലൂടെ മെച്ചപ്പെട്ട ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നു. സംവേദനാത്മക വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ മികച്ച നിയന്ത്രണം സാധ്യമാക്കുന്നു. രണ്ടാമതായി, ഇത് ഇന്ത്യയുടെ ഡാറ്റ സംരക്ഷണ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നു. സ്വകാര്യതയും ഡാറ്റ സുരക്ഷയുടെ ഉയർന്ന മാനദണ്ഡ പാലനവും ഉറപ്പാക്കുന്നു. കൂടാതെ, ഇന്ത്യൻ പൗരന്മാർ സൃഷ്ടിക്കുന്ന എല്ലാ ഡാറ്റയും ഇന്ത്യയിൽ ശേഖരിക്കപ്പെടും. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരം മെച്ചപ്പെടുത്തുന്നു. കൂടാതെ, iOS, Windows, Android എന്നിവയുൾപ്പെടെ എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളോടും അനുപൂരകമായി ബ്രൗസർ പ്രവർത്തിക്കും. എല്ലാ ഉപകരണങ്ങളിലും പ്രവേശനക്ഷമതയും ഉപയോഗക്ഷമതയും ഇതിലൂടെ ഉറപ്പാക്കുന്നു.

ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസറിന്റെ വികസനം ഒരു സമ്പൂർണ്ണ ഇന്ത്യൻ ഡിജിറ്റൽ സ്റ്റാക്ക് സൃഷ്ടിക്കുന്നതിനുള്ള ആദ്യ സുപ്രധാന ചുവടുവയ്പ്പാണെന്ന് പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെ മന്ത്രി പറഞ്ഞു. സോഹോ കോർപ്പറേഷൻ വിജയിയായി, ടീം പിംഗ് എന്ന സ്റ്റാർട്ടപ്പ് ഫസ്റ്റ് റണ്ണർ-അപ്പും ടീം അജ്ന എന്ന സ്റ്റാർട്ടപ്പ് സെക്കൻഡ് റണ്ണർ-അപ്പും ആയി. അവരുടെ മികച്ച സംഭാവനകളെ അംഗീകരിച്ച്, വിജയി, ഫസ്റ്റ് റണ്ണർ-അപ്പ്, സെക്കൻഡ് റണ്ണർ-അപ്പ് എന്നിവർക്ക് യഥാക്രമം ₹1 കോടി, ₹75 ലക്ഷം, ₹50 ലക്ഷം എന്നിങ്ങനെ സമ്മാനമായി നൽകി. വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ ബ്രൗസറുകൾ രൂപകൽപ്പന ചെയ്തതിന് "ജിയോ വിശ്വകർമ്മ"യ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു. ഇന്ത്യയിലെ ചെറു നഗരങ്ങളിലുടനീളമുള്ള ഗണ്യമായ നൈപുണ്യവും സാധ്യതകളും എടുത്തുകാണിച്ചുകൊണ്ട് ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്ന് വിജയികൾ ഉയർന്നുവരുന്നത് കാണുന്നതിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ച്
വെബ് ബ്രൗസിംഗിൽ ഒരു പരിവർത്തനാത്മകമായ പ്രയാണത്തിന് വേദിയൊരുക്കിയാണ് ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെന്റ് ചലഞ്ച് (https://iwbdc.in) ആരംഭിച്ചത്. ആശയം, ചെറുമാതൃക, ഉത്പന്നത്തിലേക്കുള്ള പരിവർത്തനം എന്നീ മൂന്ന് ഘട്ടങ്ങളിലായി രൂപകൽപ്പന ചെയ്‌ത മത്സരത്തിൽ, CCA ഇന്ത്യ റൂട്ട് സർട്ടിഫിക്കറ്റുള്ള ഒരു സമർപ്പിത ട്രസ്റ്റ് സ്റ്റോർ, ബ്രൗസറിനുള്ളിലെ ഡിജിറ്റൽ സൈനിംഗ്, കുട്ടികൾക്ക് അനുയോജ്യമായ ബ്രൗസിംഗ്, രക്ഷാകർതൃ നിയന്ത്രണങ്ങൾ, എല്ലാ ഔദ്യോഗിക ഇന്ത്യൻ ഭാഷകളുമായും സുഗമമായ സംയോജനം, വെബ് 3 പിന്തുണ, അത്യാധുനിക ബ്രൗസർ ശേഷി എന്നിവയുൾപ്പെടെ ഒട്ടേറെ നിർണ്ണായക സവിശേഷതകളോടെ ബ്രൗസർ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. സ്റ്റാർട്ടപ്പ്, വ്യാവസായിക, അക്കാദമിക മേഖലകളിൽ നിന്ന് മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയുടെ അപാരമായ നൈപുണ്യവും ഡിജിറ്റൽ പരമാധികാരത്തിനായുള്ള താത്പര്യവും മത്സരം വെളിവാക്കി. മത്സരത്തിനായി രജിസ്റ്റർ ചെയ്ത 434 ടീമുകൾ കഠിനമായ മത്സരത്തിലേർപ്പെട്ടു. മത്സരം പുരോഗമിച്ചപ്പോൾ, എട്ട് മികച്ച ടീമുകൾ അവസാന ഘട്ടത്തിലെത്തി. അവരുടെ നൂതനാശയങ്ങൾ വിശിഷ്ട വ്യക്തികളടങ്ങിയ ജൂറിയാണ് വിലയിരുത്തിയത്.
SKY
***************
(Release ID: 2113539)
Visitor Counter : 38