ആയുഷ്
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യസംരക്ഷണത്തിനു മുൻകരുതൽ നടപടികൾ സ്വീകരിച്ച് ആയുഷ് മന്ത്രാലയം
Posted On:
20 MAR 2025 4:21PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 20 മാർച്ച് 2025
വർദ്ധിച്ചുവരുന്ന താപനിലയുടെയും വിവിധ പ്രദേശങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നൽകിയ മുൻകരുതൽ നിർദേശങ്ങളുടെയും പശ്ചാത്തലത്തിൽ, രാജ്യത്തുടനീളമുള്ള സ്ഥാപന ശൃംഖലയിലൂടെ ആയുഷ് മന്ത്രാലയം രാജ്യവ്യാപക സംവേദനാത്മക യജ്ഞത്തിനു തുടക്കം കുറിച്ചു. ഉഷ്ണതരംഗ പ്രതിരോധനടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യം.
ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളും സംഘടനകളും ഉഷ്ണതരംഗ പ്രതിരോധത്തെക്കുറിച്ചു പൗരന്മാർക്ക് അവബോധമേകുന്നതിനായി ബോധവൽക്കരണ പരിപാടികൾ, IEC സാമഗ്രികളുടെ വിതരണം മുതലായവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. കഠിനമായ ഉഷ്ണതരംഗസാഹചര്യങ്ങളിൽ ജനങ്ങൾ സുരക്ഷിതമായി തുടരാൻ സഹായിക്കുന്നതിനു ശാസ്ത്രീയ തെളിവുകളുടെ പിന്തുണയുള്ള വിവരശകലങ്ങൾക്കും പരമ്പരാഗത ആരോഗ്യരീതികൾക്കും ഈ യജ്ഞം ഊന്നൽ നൽകുന്നു.

ജാംനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ (ഐടിആർഎ), താപനിലവർധനയുടെ പ്രത്യാഘാതങ്ങളിൽനിന്നു പ്രാദേശിക ജനതയെ സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യപ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, 2025 മാർച്ച് 20ന്, ഐടിആർഎ ചൂടുകാലത്തുണ്ടാകുന്ന പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട് ഔട്ട്പേഷ്യന്റ് വിഭാഗം സന്ദർശിക്കുന്നവർക്കുൾപ്പെടെ അവബോധ പ്രവർത്തനങ്ങൾ നടത്തി.
‘ഉഷ്ണതരംഗ അവബോധം: അറിവ്, പ്രതിരോധം, ചികിത്സ’ എന്ന വിഷയത്തിൽ ഡോ. ജയ്‌പ്രകാശ് റാം പ്രചോദനാത്മകവും വിജ്ഞാനപ്രദവുമായ പ്രഭാഷണം നടത്തി. RARI അഹമ്മദാബാദിൽ നടത്തിയ ഊർജസ്വലമായ ഈ പരിപാടി, ‘ലൂ’ (ഉഷ്ണതരംഗം) ഉയർത്തുന്ന ആരോഗ്യ അപകടങ്ങളെ ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയും നേരിടുന്നതിനുള്ള മാർഗ്ഗങ്ങളെ പറ്റി ഒപിഡി രോഗികളെയും അവരുടെ കുടുംബങ്ങളെയും സ്ഥാപനത്തിലെ അർപ്പണബോധമുള്ള ജീവനക്കാരെയും ഒരുമിച്ചു ചേർത്തുകൊണ്ട് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി
ഝജ്ജറിലെ കേന്ദ്ര യോഗ-പ്രകൃതിചികിത്സ ഗവേഷണ സ്ഥാപനത്തിലെ ഡോ. പ്രീതി, യോഗയുടെയും പ്രകൃതിചികിത്സയുടെയും രോഗശമനശേഷികളിലൂടെ ഉഷ്ണതരംഗം പ്രതിരോധിക്കുന്നതിനെക്കുറിച്ച് രോഗികൾക്കും ജീവനക്കാർക്കും അവബോധമേകി.

ഉഷ്ണതരംഗം പ്രതിരോധിക്കുന്നതിനെക്കുറിച്ച് ആരോഗ്യസേവന ഡയറക്ടർ ജനറലിനു കീഴിലുള്ള ആയുഷ് വകുപ്പിന്റെ പൊതുജനാരോഗ്യ നിർദേശത്തിൽനിന്നുള്ള അനുബന്ധം
- ജലാംശം നിലനിർത്തുക: ശരീരത്തിൽ ജലാംശം നിലനിർത്താൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ജലത്തിന്റെ അളവ് നിലനിർത്താനും തണുപ്പു നിലനിർത്താനും മോര്, കരിക്കിൻവെള്ളം, പഴച്ചാറുകൾ എന്നിവ ഉൾപ്പെടുത്താം.
- ശീതള പാനീയങ്ങൾ ഉപയോഗിക്കുക: കരിക്കിൻവെള്ളം, നാരങ്ങാനീര് അല്ലെങ്കിൽ പഴച്ചാറുകൾ പോലുള്ള സ്വാഭാവിക ശീതള പാനീയങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുക. ഇവ ശരീര താപനില കുറയ്ക്കാനും ഉന്മേഷംനിലനിർത്താനും സഹായിക്കുന്നു.
- നേരിട്ടു സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക: സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ പുറത്തുപോകുമ്പോൾ, കുടയോ വീതിയുള്ള തൊപ്പിയോ ഉപയോഗിക്കുക. ഇതു സൂര്യാഘാതവും സൂര്യാതപവും തടയാൻ സഹായിക്കും.
- ലഘുവായി ഭക്ഷണം കഴിക്കുക: വീട്ടിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ്, ദഹിക്കാൻ എളുപ്പമുള്ള ലഘുഭക്ഷണം തെരഞ്ഞെടുക്കുക.ശരീരതാപം വർദ്ധിപ്പിക്കുന്ന കട്ടിയുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
- ഉചിതമായ വസ്ത്രങ്ങൾ ധരിക്കുക: പരുത്തിപോലുള്ള തുണിത്തരങ്ങൾ കൊണ്ടു നിർമ്മിച്ച, കൈകൾ പൂർണ്ണമായും മറയ്ക്കുന്ന, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇതു നേരിട്ടു സൂര്യപ്രകാശമേൽക്കുന്നതിൽനിന്ന് സംരക്ഷണം നൽകുകയും തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ജലത്തിന് കുളിർമയേകുന്ന വസ്തുക്കൾ ഉപയോഗിക്കുക: രാമച്ചം, നറുനീണ്ടി, ജീരകം, മല്ലി വിത്തുകൾ പോലുള്ള കുളിർമയേകുന്ന ചേരുവകൾ ഉപയോഗിച്ച് കുടിവെള്ളം തയ്യാറാക്കുക. ഇത് ശരീരത്തിലെ ചൂടു കുറയ്ക്കാൻ സഹായിക്കും.
- സത്ത് അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾ ആസ്വദിക്കുക: കുളിർമയേകുന്നതിനും ഉന്മേഷം ലഭിക്കുന്നതുമായ ഭക്ഷ്യ പദാർഥങ്ങൾക്കായി ശർക്കരയോ കല്ലുപ്പോ കലർത്തിയ സത്തു (വറുത്ത ബാർലിയിൽനിന്നോ കടലയിൽനിന്നോ ഉണ്ടാക്കുന്ന പൊടി) കഴിക്കുക.
- കുളിർമയേകുന്ന ലഘുഭക്ഷണങ്ങൾ കഴിക്കുക: കുളിർമയേകുന്നതിനായി ഇന്ത്യൻ ബ്ലാക്ക്‌ബെറി, ഉണക്കമുന്തിരി, മലർപ്പൊരി, കുമ്പളങ്ങ പേഠ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- കുളിർമയേകുന്ന ലേപനങ്ങളുപയോഗിക്കുക: ചൂടുള്ള കാലാവസ്ഥയിൽ ചർമ്മത്തെ തണുപ്പിക്കാൻ സഹായിക്കുന്നതിന് ചന്ദനം, രാമച്ചം തുടങ്ങിയ സുഗന്ധമുള്ള ഔഷധ സസ്യങ്ങളിൽനിന്നു നിർമ്മിച്ച ലേപനങ്ങളുപയോഗിക്കുക.
- ജലാംശമേകുന്ന പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക: മുന്തിരി, വെള്ളരി, തണ്ണിമത്തൻ, വാട്ടർ ചെസ്റ്റ്നട്ട്, തയ്ക്കുമ്പളം, മാമ്പഴം, കരിമ്പുനീര് തുടങ്ങിയ ഉയർന്ന ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ചൂടിനെ മറികടക്കാൻ കൂവള സർബത്ത് മികച്ച പോംവഴിയാണ്.
- പഞ്ചസാര ചേർത്ത പാൽ കുടിക്കുക: ജലാംശവും ഊർജവും നിലനിർത്താനുമുള്ള ലളിതമായ മാർഗം പഞ്ചസാര ചേർത്ത പാൽ കുടിക്കുക എന്നതാണ്
- ഉച്ചയ്ക്ക് അൽപ്പനേരം ഉറങ്ങുക: ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് വിശ്രമിക്കുന്നത് ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഊർജനില ഉയർത്താനും സഹായിക്കും. ചൂടുള്ള കാലാവസ്ഥയിലെ ചെറിയ ഉറക്കം ഉന്മേഷദായകവും പ്രയോജനകരവുമാണ്.
ചെയ്യരുതാത്ത കാര്യങ്ങൾ
- പകൽ ഏറ്റവും ചൂടേറിയ സമയങ്ങളിൽ, സാധാരണയായി ഉച്ചയ്ക്ക് 12നും 3നും ഇടയിൽ, സൂര്യതാപം ഏറ്റവും ഉച്ചസ്ഥായിയിൽ നിലകൊള്ളുന്ന സമയത്ത്, പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
- ഉച്ചകഴിഞ്ഞു പുറത്തുപോകേണ്ടിവന്നാൽ, അമിതമായ ചൂടും നിർജലീകരണവും തടയാൻ കഠിനമായ പ്രവർത്തനങ്ങൾ ഒഴിവാക്കുക.
- ചൂടുള്ള പ്രതലങ്ങളിൽ തൊടുമ്പോൾ കാൽപാദങ്ങൾ പൊള്ളുന്നത് ഒഴിവാക്കാൻ നഗ്നപാദരായി പുറത്തുപോകരുത്.
- ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിലെ പാചകം ഒഴിവാക്കുക. പാചകം ചെയ്യേണ്ടതുണ്ടെങ്കിൽ, ശുദ്ധവായു കടക്കാൻ വാതിലുകളും ജനലുകളും തുറന്നിട്ട് ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക.
- മദ്യം, ചായ, കാപ്പി, ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇവ ജലനഷ്ടം വർദ്ധിപ്പിക്കുകയോ വയറുവേദനയ്ക്കു കാരണമാകുകയോ ചെയ്യും.
- പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ കുറച്ചുനേരം പോലും ഇരിക്കാൻ അനുവദിക്കരുത്. ഉള്ളിലെ താപനില അപകടകരമായ നിലയിലേക്ക് അതിവേഗം ഉയരും.
അമിതമായ ചൂട്/താപതരംഗം എന്നിവയെക്കുറിച്ച് ആരോഗ്യസേവന ഡയറക്ടർ ജനറലിനു കീഴിലുള്ള ആയുഷ് വകുപ്പിന്റെ അനുബന്ധ പൊതുജനാരോഗ്യ നിർദേശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://ayush.gov.in/resources/pdf/aechives/PublicHealthAdvisory.pdf സന്ദർശിക്കുക.
*****************
(Release ID: 2113424)
Visitor Counter : 24