യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

' ആന്റി ഡോപ്പിംഗ് സയന്‍സ്: നൂതനാശയങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ എന്‍ഡിടിഎല്‍ വാര്‍ഷിക സമ്മേളനം -2025 ഡോ. മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു

Posted On: 19 MAR 2025 4:43PM by PIB Thiruvananthpuram

'ആന്റി ഡോപ്പിംഗ് സയന്‍സ്: നൂതനാശയങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍, കായിക, ശാസ്ത്ര മേഖലകളില്‍ നിന്നും  പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള, നാഷണല്‍ ഡോപ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ (NDTL) വാര്‍ഷിക കോണ്‍ഫറന്‍സ് -2025, കേന്ദ്ര യുവജനകാര്യ, കായിക, തൊഴില്‍, ഉദ്യോഗ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഇന്ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖില്‍ ഖഡ്‌സെ, സെക്രട്ടറി (സ്‌പോര്‍ട്‌സ്) ശ്രീമതി സുജാത ചതുര്‍വേദി, ജോയിന്റ് സെക്രട്ടറി (സ്‌പോര്‍ട്‌സ്) ശ്രീ കുനാല്‍, എന്‍ഡിടിഎല്‍ ഡയറക്ടര്‍ പ്രൊഫ. (ഡോ.) പി.എല്‍. സാഹു എന്നിവര്‍ പങ്കെടുത്തു.

കായിക രംഗത്ത് ശുദ്ധവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത മുഖ്യ പ്രഭാഷണം നടത്തിയ ഡോ. മന്‍സുഖ് മാണ്ഡവ്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഉത്തേജക മരുന്നിനെക്കുറിച്ചു ചെറു പ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നല്‍കേണ്ടതിന്റെയും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെയും ഗ്രാമീണ മേഖലകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉത്തേജക മരുന്നിനെതിരായ നിയന്ത്രണങ്ങളെക്കുറിച്ച് എല്ലാ കായിക താരങ്ങള്‍ക്കും അറിവുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെയും സംഘടനകളുടെയും കൂടുതല്‍ പങ്കാളിത്തം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഉത്തേജക മരുന്നിനെതിരായ ഏറ്റവും പുതിയ ശാസ്ത്ര പുരോഗതികളെയും വെല്ലുവിളികളെയും കുറിച്ച് ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് ശാസ്ത്രജ്ഞര്‍, പരിശീലകര്‍, കായിക അദ്ധ്യാപകര്‍, സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ പരിപാടി സുപ്രധാന വേദി ഒരുക്കി. നിരോധിത വസ്തുക്കളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന രീതികളെ നേരിടുന്നതിനും കായിക മേഖലയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ നിര്‍ണ്ണായക പങ്ക് സമ്മേളനം അടിവരയിട്ടു പറഞ്ഞു.

ആന്റി ഡോപ്പിംഗ് സയന്‍സിലെ നൂതനാശയങ്ങള്‍ ഉള്‍പ്പടെ നിര്‍ണ്ണായകമായ നിരവധി വിഷയങ്ങളില്‍ വിഷയ വിദഗ്ധര്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും കണ്ടെത്തല്‍ രീതികള്‍, ടെസ്റ്റിംഗ് സാങ്കേതികവിദ്യ എന്നിവയിലുള്ള വിപ്ലവകരമായ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഇന്ത്യയില്‍ ഉത്തേജക മരുന്നു വിരുദ്ധ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച കാര്യങ്ങളെക്കുറിച്ചുള്ള ആശയവിനിമയം, വിദഗ്ധ പാനല്‍ ചര്‍ച്ചകള്‍, അറിവു പങ്കിടല്‍ സംരംഭങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുവ പണ്ഡിതന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും സജീവ പങ്കാളിത്തം കായിക രംഗത്തെ ധാര്‍മ്മികതയോടുള്ള വര്‍ദ്ധിച്ചുവരുന്ന ആഭിമുഖ്യം പ്രകടമാക്കുകയും അത്തരം സംരംഭങ്ങളുടെ പ്രാധാന്യം അടിവരയിടുകയും ചെയ്തു.

 

SKY

 

************************


(Release ID: 2113028) Visitor Counter : 23