വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഡിജിറ്റൽ തട്ടിപ്പുകൾക്കും വഞ്ചനയ്ക്കുമായി ടെലികോം വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (DoT) വാട്ട്‌സ്ആപ്പും കൈകോർക്കുന്നു
Posted On:
17 MAR 2025 8:29PM by PIB Thiruvananthpuram
ഓൺലൈൻ തട്ടിപ്പുകൾക്കും വഞ്ചനയ്ക്കുമെതിരെ മെറ്റയുടെ സുരക്ഷാ ക്യാമ്പയിനായ 'സ്‌കാം സേ ബച്ചോ' വ്യാപിപ്പിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) വാട്ട്‌സ്ആപ്പുമായി സഹകരിക്കുന്നു. ഡിജിറ്റൽ സുരക്ഷയും ബോധവൽക്കരണവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, സംശയാസ്പദമായ തട്ടിപ്പ് ആശയവിനിമയങ്ങൾ തിരിച്ചറിയുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും പൗരന്മാരെ ബോധവൽക്കരിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പും വാട്സ്ആപ്പും ഒരുമിച്ച് പ്രവർത്തിക്കും.
ഈ സംരംഭത്തിന്റെ ഭാഗമായി ഡിജിറ്റൽ സുരക്ഷയും അവബോധവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, DoT ഉദ്യോഗസ്ഥർ, സഞ്ചാര്‍ മിത്രകൾ, ടെലികോം സേവന ദാതാക്കൾ (TSP-കൾ), ഫീൽഡ് യൂണിറ്റുകൾ എന്നിവർക്കായി 'ട്രെയിൻ ദി ട്രെയിനർ' ശില്പശാലകൾ നടത്തും. സഞ്ചാര്‍ സാഥിയുടെ വിപുലീകരണത്തിനും വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലൂടെ സഞ്ചാര്‍ സാഥി സംരംഭങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങൾ നിർമ്മിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനുമായി വാട്സ്ആപ്പ്, DoT-യുമായി സഹകരിക്കും.
മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ലാൻ ഇന്ന് കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിക്കുകയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെയും മെറ്റയുടെയും നിലവിലുള്ള സഹകരണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും വേണ്ടി ടെലികോം വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിനായി ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റുമായി വാട്ട്‌സ്ആപ്പ് സഹകരിക്കുകയും ഡിഐപി വഴി ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.
"ഇന്ത്യ ഡിജിറ്റൽ പരിവർത്തനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ, നമ്മുടെ പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നത് ഒരു മുൻഗണനയായി തുടരുന്നു" എന്ന് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്,കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. "മെറ്റയുമായുള്ള പങ്കാളിത്തം, വഞ്ചനാപരമായ ആശയവിനിമയങ്ങളിൽ നിന്നും സൈബർ ഭീഷണികളിൽ നിന്നും നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഈ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നു. വാട്ട്‌സ്ആപ്പിന്റെ വിശാലമായ ഡിജിറ്റൽ ശൃംഖല പ്രയോജനപ്പെടുത്തുന്നതിലൂടെ, നമ്മുടെ ഡിജിറ്റൽ ആവാസവ്യവസ്ഥ ഏവർക്കും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ ശക്തിപ്പെടുത്തുകയാണ്". മന്ത്രി പറഞ്ഞു.
" ജനങ്ങൾ ഓൺലൈൻ തട്ടിപ്പുകൾക്കും വഞ്ചനകൾക്കും ഇരയാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം, എന്താണ് ശ്രദ്ധിക്കേണ്ടതെന്നും സുരക്ഷിതരായിരിക്കാൻ എന്തുചെയ്യാൻ കഴിയുമെന്നും അവർക്ക് അറിവ് ഉണ്ടായിരിക്കുക എന്നതാണ്. അതുകൊണ്ടാണ് മെറ്റ സാങ്കേതികവിദ്യയിലും വിഭവങ്ങളിലും വളരെയധികം നിക്ഷേപം നടത്തുന്നത്. തട്ടിപ്പുകാരെ പ്രതിരോധിക്കുന്നതിന് മുന്നിൽ നിൽക്കാനും, അതേസമയം വ്യക്തികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും ഞങ്ങൾ ശ്രമിക്കുന്നു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി പ്രവർത്തിക്കുന്നതിലൂടെ, പൗരന്മാരുടെ സുരക്ഷയോടുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയുമായി ഞങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം സംയോജിപ്പിക്കാനും ഇന്ത്യക്കാർക്ക് സൈബർ സുരക്ഷിതരായിരിക്കാൻ ആവശ്യമായ അറിവ് നൽകാൻ സഹായിക്കാനും കഴിയും."മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ലാൻ പറഞ്ഞു.


പങ്കാളിത്തത്തിന്റെ ഭാഗമായി, ഓൺലൈൻ തട്ടിപ്പുകളും വഞ്ചനകളും എങ്ങനെ തിരിച്ചറിയാമെന്നും റിപ്പോർട്ട് ചെയ്യാമെന്നും ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതിനായി DoT-യുമായി സഹകരിച്ച് വാട്ട്‌സ്ആപ്പ് വിവരദായക സഞ്ചിക വികസിപ്പിക്കും. സഞ്ചാർ സാഥിയിൽ ലഭ്യമായ വിവിധ തരം വഞ്ചനകൾ, മുന്നറിയിപ്പ് അടയാളങ്ങൾ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. സുരക്ഷാ സംവിധാനങ്ങളിലേക്ക് പരമാവധി പ്രവേശനക്ഷമത ഉറപ്പാക്കുന്നതിന് എല്ലാ ഉപയോക്തൃ സുരക്ഷാ വിവരങ്ങളും ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യും.
*****************
(Release ID: 2112190)
Visitor Counter : 10