യുവജനകാര്യ, കായിക മന്ത്രാലയം
കായികരംഗത്തെ പ്രായവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കെതിരായ ദേശീയ കോഡ് 2025 (NCAAFS-2025) നെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം,അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
Posted On:
13 MAR 2025 3:02PM by PIB Thiruvananthpuram
കായികരംഗത്തെ പ്രായവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കെതിരായ ദേശീയ കോഡ് 2025 (National Code Against Age Fraud in Sports (- NCAAFS) സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും പങ്കാളികളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയം പ്രസ്തുത നിയമത്തിന്റെ കരട്, കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ചു. പ്രായവുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ സമഗ്രമായി അഭിസംബോധന ചെയ്യുന്ന ഈ നിയമം,യഥാർത്ഥ കായികതാരങ്ങളെ സംരക്ഷിക്കുന്നതിനും രാജ്യവ്യാപകമായി കായിക മത്സരങ്ങളുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യൻ കായിക മേഖലയിൽ നീതിയുക്തമായ മത്സരം, ധാർമ്മിക ഭരണം, വർദ്ധിച്ച ഉത്തരവാദിത്വം എന്നിവ ഉറപ്പാക്കുന്നതിന് നിലവിലുള്ള ചട്ടക്കൂടിൽ ഒരു സുപ്രധാന പുതുക്കൽ വരുത്തി ഏകദേശം 15 വർഷത്തിന് ശേഷമാണ് ഈ പരിഷ്കരണം നടപ്പിലാക്കുന്നത്.
നിയമാവലി ലക്ഷ്യമിടുന്നത്:
•കായികരംഗത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ പ്രായവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെ ന്യായമായ മത്സരം ഉറപ്പാക്കുക.
•കേന്ദ്രീകൃത ഡാറ്റാബേസ് വഴി പ്രായനിർണ്ണയത്തിനായി ശക്തമായ ഒരു സ്ഥിരീകരണ സംവിധാനം നടപ്പിലാക്കുക.
•പ്രായരേഖകൾ വ്യാജമായി നിർമ്മിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന അത്‌ലറ്റുകൾ, പരിശീലകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് കർശനമായ ശിക്ഷാനടപടികൾ ഏർപ്പെടുത്തുക.
•അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികൾക്ക് അനുസൃതമായി കായിക ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുക.
NCAAFS 2025 ന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:
1.നിർബന്ധിത പ്രായ പരിശോധനയും ഡിജിറ്റൽ ലോക്കിംഗും: രജിസ്ട്രേഷൻ പ്രക്രിയയിൽ എല്ലാ അത്‌ലറ്റുകളും മൂന്ന് രേഖകൾ നിർബന്ധമായി സമർപ്പിക്കണം.ഇവ പരിശോധിച്ചു സ്ഥിരീകരിച്ച ശേഷം, അത്‌ലറ്റിന്റെ പ്രായം ഒരു കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസിൽ സുരക്ഷിതമായി രേഖപ്പെടുത്തുന്നു. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള കൃത്രിമങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പ്രായരേഖകൾ സ്ഥിരമായി ലോക്ക് ചെയ്തു സൂക്ഷിക്കും.
2.പ്രായവൈരുദ്ധ്യങ്ങൾക്കുള്ള മെഡിക്കൽ പരിശോധന: പ്രായ വൈരുദ്ധ്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ, TW3 രീതി, എം ആർ ഐ സ്കാനുകൾ, പൊതുവായ ശാരീരിക, ദന്ത പരിശോധന എന്നിവ മെഡിക്കൽ പരിശോധനകളിൽ ഉപയോഗപ്പെടുത്തും. കൂടാതെ, ഒരു അത്‌ലറ്റിന്റെ പ്രായം കൃത്യമായി നിർണ്ണയിക്കുന്നതിന് നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള അസ്ഥി നിർണയ പരിശോധന ആദ്യ ഘട്ടത്തിൽ നടത്തും. ഈ പരിശോധനകളിൽ നിന്ന് എന്തെങ്കിലും തരത്തിൽ തർക്കം ഉണ്ടായാൽ കൂടുതൽ അവലോകനത്തിനായി നിയുക്ത ഉന്നതാധികാര മെഡിക്കൽ പാനലിലൂടെ അപ്പീൽ നൽകാവുന്നതാണ്
•ലംഘനങ്ങൾക്കുള്ള ഏകീകൃത പിഴകൾ: പ്രായവ്യത്യാസ വഞ്ചനകൾക്ക് കർശനമായ ശിക്ഷ നടപ്പിലാക്കും. ആദ്യമായി ഇത്തരത്തിൽ പ്രായ വഞ്ചന നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കായികതാരങ്ങൾക്ക് എല്ലാ മത്സരങ്ങളിൽ നിന്നും രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടിവരും. കൂടാതെ നേടിയ എല്ലാ കിരീടങ്ങളും മെഡലുകളും തിരിച്ചെടുക്കും. രണ്ടാമതും നിയമ ലംഘനം നടത്തിയാൽ മത്സരങ്ങളിൽ ആജീവനാന്ത വിലക്കും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിയമനടപടികൾക്ക് വിധേയമാവുകയും ചെയ്യും.കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പരിശീലകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും അവരുടെ ചുമതലകളിൽ നിന്ന് സസ്‌പെൻഷനും വിലക്കും നേരിടേണ്ടി വരും.
4.വിസിൽ-ബ്ലോവർ സംവിധാനം: പ്രായവ്യത്യാസ കേസുകൾ അജ്ഞാതമായി റിപ്പോർട്ട് ചെയ്യുന്നതിന് സുരക്ഷിതവും രഹസ്യവുമായ ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കും. കൂടാതെ, വിവരം നൽകുന്ന വ്യക്തികളെ യഥാർത്ഥ റിപ്പോർട്ടുകളുമായി മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പാരിതോഷിക സംവിധാനം നടപ്പിലാക്കും.
5.സ്വയം വെളിപ്പെടുത്തലിന് മാപ്പ് നൽകുന്ന പരിപാടി: ആറ് മാസത്തെ ഒറ്റത്തവണ പൊതുമാപ്പ് സമയം നൽകുന്നതാണ്. ഇത് അത്‌ലറ്റുകൾക്ക് പിഴയില്ലാതെ അവരുടെ ശരിയായ പ്രായം സ്വമേധയാ വെളിപ്പെടുത്താൻ അനുവദിക്കുന്നു. ഈ പൊതുമാപ്പ് പരിപാടിയിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളെ പ്രകടന അവലോകനത്തിന് വിധേയമാക്കുകയും തുടർന്ന് ഉചിതമായ പ്രായ വിഭാഗത്തിലേക്ക് പുനർനിയമിക്കുകയും ചെയ്യും.
6.ദ്വിതല അപ്പലേറ്റ് സംവിധാനം : പ്രായനിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒരു ദ്വിതല അപ്പലേറ്റ് സംവിധാനം കൈകാര്യം ചെയ്യും. പ്രാഥമിക മെഡിക്കൽ പരിശോധനാ കണ്ടെത്തലുകളിൽ അതൃപ്തിയുള്ള അത്‌ലറ്റുകൾക്ക് ആദ്യം പ്രാദേശിക അപ്പലേറ്റ് പാനലിൽ അപ്പീൽ നൽകാം. അവിടെയും തൃപ്തികരമല്ലെങ്കിൽ, അത്‌ലറ്റുകൾക്ക് സെൻട്രൽ അപ്പീൽ കമ്മിറ്റിയെ (സിഎസി) സമീപിക്കാം. സിഎസിയുടെ തീരുമാനം അന്തിമവും ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും ബാധകവും ആയിരിക്കും
7. ഇന്റെഗ്രിറ്റി/കംപ്ലയൻസ് ഓഫീസർമാരുടെ പങ്ക്: നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഉത്തരവാദിത്വം നൽകിക്കൊണ്ട് നാഷണൽ സ്പോർട്സ് ഫെഡറേഷനുകൾ (NSFs) ഓരോ മത്സരത്തിനും ഇന്റെഗ്രിറ്റി/കംപ്ലയൻസ് ഓഫീസർമാരെ നിയമിക്കും. പ്രായവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുക, നടപടികൾക്ക് മേൽനോട്ടം വഹിക്കുക, പ്രായ വഞ്ചന തിരിച്ചറിയുകയും തടയുകയും ചെയ്യുക, ഏതെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യുക എന്നിവയാണ് അവരുടെ പ്രാഥമിക കടമകൾ.
8. പ്രത്യേക ദേശീയ ഡാറ്റാബേസ്: അത്‌ലറ്റുകളുടെ എല്ലാ പ്രായ പരിശോധന ഡാറ്റയും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നാഷണൽ സ്പോർട്സ് റിപ്പോസിറ്ററി സിസ്റ്റവുമായി (NSRS) ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടൽ സ്ഥാപിക്കും. 2023 ലെ വ്യക്തിഗത ഡിജിറ്റൽ ഡാറ്റ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തും.ഇതിന് നിയമപരവും ന്യായയുക്തവും സുതാര്യവുമായ നടപടികൾ ഉറപ്പാക്കും.
9. ക്യു ആർ അധിഷ്ഠിത ഐഡി കാർഡുകൾ: വിജയകരമായ പ്രായ സ്ഥിരീകരണത്തിന് ശേഷം, അത്‌ലറ്റുകൾക്ക് QR കോഡുകൾ അടങ്ങിയ ഐഡി കാർഡുകൾ ലഭിക്കും. ഈ ഐഡി കാർഡുകൾ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി ലഭ്യമാക്കാവുന്നതാണ്. ഇത് എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിന് നിർബന്ധമായും ഹാജരാക്കണം.
10. പൊതു ഉത്തരവാദിത്വവും സുതാര്യതയും: നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് ശക്തമായ ഒരു നിരീക്ഷണ ചട്ടക്കൂട് സ്ഥാപിക്കും. ദേശീയ സ്പോർട്സ് ഫെഡറേഷനുകളോടും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ യോടും (SAI) ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ പതിവായി സമർപ്പിക്കാൻ കേന്ദ്ര യുവജന കാര്യ,കായിക മന്ത്രാലയം ആവശ്യപ്പെടും. അതുവഴി ഉത്തരവാദിത്വവും സ്ഥാപിത മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതും ഉറപ്പാക്കും.
അംഗീകൃത നാഷണൽ സ്പോർട്സ് ഫെഡറേഷനുകൾ (NSF-കൾ), സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), കേന്ദ്ര ഗവൺമെന്റ് വകുപ്പുകൾ നിയന്ത്രിക്കുന്ന സ്‌പോർട്‌സ് കൺട്രോൾ ബോർഡുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (PSU-കൾ), NGO-കൾ, NSPO-കൾ, പൊതു/സ്വകാര്യ ഏജൻസികൾ, സ്‌പോർട്‌സ് വികസനം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങി അംഗീകൃത സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അത്‌ലറ്റുകൾ, പരിശീലകർ, ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റർമാർ, പിന്തുണ ഉദ്യോഗസ്ഥർ എന്നിവർക്കും എൻ സി എ എ എഫ് എസ് കരട് നിയമം ബാധകമായിരിക്കും.
രാജ്യവ്യാപകമായി ഏകീകൃതത പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഈ നയം സ്വീകരിക്കാനോ അല്ലെങ്കിൽ ഇത് ഒരു മാതൃകാ ചട്ടക്കൂടായി ഉപയോഗിച്ച് അവരുടേതായ നയം വികസിപ്പിക്കാനോ കഴിയുമെന്ന് NCAAFS കരട് വ്യവസ്ഥ ചെയ്യുന്നു.
തൽപരകക്ഷികളും പൊതുജനങ്ങളും അവരുടെ നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ മന്ത്രാലയത്തിന്, section.sp3-moyas[at]gov[dot]inഎന്ന ഇമെയിൽ വിലാസത്തിൽ, 31.03.2025-നകം സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. NCAAFS 2025-ന്റെ കരട് https://yas.gov.in/sports/draft-national-code-against-age-fraud-sports-ncaafs-2025-inviting-comments-suggestions എന്ന വിലാസത്തിൽ ലഭ്യമാണ്.
SKY
(Release ID: 2111239)
|