റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
പർവ്വതമാല: ദേശീയ റോപ്‌വേ വികസന പദ്ധതി
പരിവർത്തനാത്മകമായ ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി
Posted On:
11 MAR 2025 6:41PM by PIB Thiruvananthpuram
“രാജ്യത്ത് ഇദംപ്രഥമായി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കാശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങൾക്കായി 'പർവ്വതമാല പദ്ധതി' ആരംഭിക്കുകയാണ്. ഈ പദ്ധതി പർവതപ്രദേശങ്ങളിൽ ആധുനിക ഗതാഗത സംവിധാനവും കണക്റ്റിവിറ്റിയും സൃഷ്ടിക്കും. നമ്മുടെ രാജ്യത്തിന്റെ അതിർത്തി ഗ്രാമങ്ങളെ പദ്ധതി ശക്തിപ്പെടുത്തും. അതിർത്തി ഗ്രാമങ്ങളുടെ ഊർജ്ജസ്വലത രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണ്.”
-പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (CCEA) ദേശീയ റോപ്‌വേ വികസന പദ്ധതിയായ പർവ്വതമാല പരിയോജനയ്ക്ക് കീഴിൽ ഉത്തരാഖണ്ഡിലെ രണ്ട് പ്രധാന റോപ്‌വേ പദ്ധതികൾക്ക് അംഗീകാരം നൽകി. ഗോവിന്ദ്ഘട്ട് മുതൽ ഹേംകുണ്ഡ് സാഹിബ് ജി വരെയുള്ള 12.4 കിലോമീറ്റർ റോപ്പ്‌വേ ₹2,730.13 കോടി ചെലവിൽ വികസിപ്പിക്കും. ഒപ്പം സോൻപ്രയാഗ് മുതൽ കേദാർനാഥ് വരെയുള്ള 12.9 കിലോമീറ്റർ റോപ്പ്‌വേയ്ക്ക് ₹4,081.28 കോടി അനുവദിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ രൂപകല്പന, നിർമ്മാണം, സാമ്പത്തിക വിനിയോഗം, പ്രവർത്തനം, കൈമാറൽ (DBFOT) അടിസ്ഥാനമാക്കി രണ്ട് പദ്ധതികളും നടപ്പിലാക്കും.
പർവ്വതമാല - സുരക്ഷിതവും കാര്യക്ഷമവുമായ ബദൽ ഗതാഗത മാർഗ്ഗം
കുന്നിൻ പ്രദേശങ്ങൾക്കായി കാര്യക്ഷമമായ ഒരു ഗതാഗത ശൃംഖല വികസിപ്പിക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. ഈ പ്രദേശങ്ങളിൽ റെയിൽ, വ്യോമ ഗതാഗത ശൃംഖലകൾ പരിമിതമാണ്. റോഡ് ശൃംഖലയുടെ വികസനത്തിനാകട്ടെ സാങ്കേതിക വെല്ലുവിളികളുമുണ്ട്. ഈ പശ്ചാത്തലത്തിൽ, റോപ്‌വേകൾ സൗകര്യപ്രദവും സുരക്ഷിതവുമായ ഒരു ബദൽ ഗതാഗത മാർഗ്ഗമായി ഉയർന്നുവന്നിട്ടുണ്ട്.
വിദൂരസ്ഥങ്ങളായ കുന്നിൻ പ്രദേശങ്ങളിലെ ഏറ്റവും അവസാന പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി, 2022 ലെ ബജറ്റിൽ ഭാരതസർക്കാർ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ ദേശീയ റോപ്പ്‌വേ വികസന പദ്ധതിയായ - പർവ്വതമാല പ്രഖ്യാപിച്ചു. നാഷണൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ലിമിറ്റഡ് (NHLML) നടപ്പിലാക്കുന്ന ഈ സംരംഭം, പരമ്പരാഗത റോഡ് ഗതാഗതത്തിന് സുസ്ഥിരവും കാര്യക്ഷമവുമായ ഒരു ബദൽ സൃഷ്ടിച്ചു കൊണ്ട് അഞ്ച് വർഷത്തിനുള്ളിൽ 1,200 കിലോമീറ്റർ ദൂരത്തിൽ 250-ലധികം റോപ്പ്‌വേ പദ്ധതികൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.
'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ പദ്ധതി, റോപ്പ്‌വേ നിർമ്മാണത്തിൽ കുറഞ്ഞത് 50% തദ്ദേശീയ ഘടകങ്ങളുടെ ഉപയോഗം നിർബന്ധമാക്കുന്നു. കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തോടെ, ഇന്ത്യയിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾക്ക് ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമവും വിശ്വസനീയവുമായ ഗതാഗത പരിഹാരം റോപ്പ്‌വേകൾ വാഗ്ദാനം ചെയ്യുന്നു.
റോപ്പ്‌വേ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങൾ
സാമ്പത്തികം - റോപ്പ്‌വേകൾക്ക് ഭൂമിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കുറവാണ്. ഇത് ഭൂമി ഏറ്റെടുക്കൽ ചെലവ് കുറയ്ക്കുന്നു. കിലോമീറ്ററിനുള്ള നിർമ്മാണ ചെലവ് റോഡുകളേക്കാൾ കൂടുതലാണെങ്കിലും, കുറഞ്ഞ അറ്റകുറ്റപ്പണി കാരണം മൊത്തത്തിൽ നോക്കുമ്പോൾ താരതമ്യേന ലാഭകരമാണ്.
വേഗത - കുറഞ്ഞ ദൂരത്തിലുള്ള വ്യോമ പാതകളാണ് റോപ്പ്‌വേകൾ. കുന്നിൻ പ്രദേശങ്ങളിലും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നു.
പരിസ്ഥിതി സൗഹൃദം - റോപ്‌വേകളിൽ ബഹിർഗമനം മൂലമുള്ള ശല്യം കുറവാണ്. പരിസ്ഥിതി മലിനീകരണം തടയുന്നതിനായി മെറ്റീരിയൽ കണ്ടെയ്‌നറുകൾ രൂപകൽപ്പന ചെയ്യാൻ കഴിയും.
ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി - റോപ്‌വേ പദ്ധതികൾ ബഹുജന ഗതാഗതം സാധ്യമാക്കുന്നു. ഇത് കാര്യക്ഷമമായ അവസാന മൈൽ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.
പദ്ധതിയുടെ വ്യാപ്തി
വ്യാപകമായി നടപ്പാക്കുന്നു: ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നു.
നഗര, ഗ്രാമ കണക്റ്റിവിറ്റി: ഗ്രാമപ്രദേശങ്ങളിലും വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളിലും ദൈനംദിന യാത്രയെ പിന്തുണയ്ക്കുന്നു.
തിരക്ക് ഒഴിവാക്കാനാകും: തിരക്കേറിയ സ്ഥലങ്ങളിൽ ബദൽ ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു.
തൊഴിൽ അവസരങ്ങൾ: നിർമ്മാണം, പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
സാമ്പത്തിക വളർച്ച: പ്രാദേശിക ബിസിനസുകളെയും അനുബന്ധ വ്യവസായങ്ങളെയും ശക്തിപ്പെടുത്തുന്നു.
റോപ്‌വേകളുടെ പ്രയോജനങ്ങൾ
• ബുദ്ധിമുട്ടുള്ള / വെല്ലുവിളി നിറഞ്ഞ / ദുർബല ഭൂപ്രദേശങ്ങൾക്ക് അനുയോജ്യം: ഈ ഗതാഗത രീതി ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഗതാഗത സൗകര്യം ഒരുക്കുകയും അവരെ മുഖ്യധാരയിലേക്ക് ആനയിക്കാൻ സഹായിക്കുകയും ചെയ്യും.
• സാമ്പത്തികം: റോപ്‌വേകളിൽ ഒരൊറ്റ പവർ-പ്ലാന്റും ഡ്രൈവ് മെക്കാനിസവും ഉപയോഗിച്ച് ഒന്നിലധികം കാറുകൾ ഓടിക്കുന്നു. ഇത് നിർമ്മാണ, പരിപാലന ചെലവുകൾ കുറയ്ക്കുന്നു. മുഴുവൻ റോപ്‌വേയ്ക്കും ഒരൊറ്റ ഓപ്പറേറ്ററെ ഉപയോഗിക്കുന്നത് തൊഴിൽ ചെലവ് ലഭിക്കാൻ സഹായിക്കും.
• ബഹുമുഖം: ഒരേസമയം വ്യത്യസ്ത തരം വസ്തുക്കളുടെ ഗതാഗതം സാധ്യമാക്കുന്നു
• വലിയ ചരിവുകൾ സുഗമമായി കൈകാര്യം ചെയ്യാനുള്ള ശേഷി: റോപ്‌വേകൾക്കും കേബിൾവേകൾക്കും (കേബിൾ ക്രെയിനുകൾ) വലിയ ചരിവുകളും ഉയര വ്യത്യാസങ്ങളും കൈകാര്യം ചെയ്യാൻ കഴിയും. റോഡിനോ റെയിൽറോഡിനോ സ്വിച്ച്‌ബാക്കുകളോ തുരങ്കങ്ങളോ ആവശ്യം വരുമ്പോൾ, റോപ്പ്‌വേ ഫാൾ ലൈനിലൂടെ നേരെ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നു.
• കുറഞ്ഞ ഭൂവിനിയോഗം: ഇടവിട്ടുള്ള ഇടങ്ങളിൽ ലംബമാന പിന്തുണ മാത്രമേ ആവശ്യമുള്ളൂ എന്നത്, ബിൽറ്റ്-അപ്പ് ഏരിയകളിലും ഭൂവിനിയോഗത്തിന് പരിമിതികൾ ഉള്ള സ്ഥലങ്ങളിലും റോപ്പ്‌വേ നിർമ്മാണം സാധ്യമാക്കുന്നു.
കേദാർനാഥ് റോപ്‌വേ പദ്ധതി

ദേശീയ റോപ്‌വേ വികസന പദ്ധതിയായ പർവ്വതമാല പരിയോജനയുടെ കീഴിൽ ₹4,081.28 കോടി ചെലവിൽ സോൻപ്രയാഗ്-കേദാർനാഥ് റോപ്‌വേ പദ്ധതി (12.9 കിലോമീറ്റർ) അംഗീകരിച്ചു. മണിക്കൂറിൽ ഒരു ദിശയിൽ 1,800 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന നൂതന ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3S) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് വികസിപ്പിക്കുക. കേദാർനാഥ് തീർത്ഥാടകർക്ക് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ആയ കണക്റ്റിവിറ്റി കാലാവസ്ഥാഭേദമെന്യേ ഉറപ്പാക്കി യാത്രാ സമയം 8-9 മണിക്കൂറിൽ നിന്ന് വെറും 36 മിനിറ്റായി കുറയ്ക്കും. ഈ പദ്ധതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, വിനോദസഞ്ചാരം, യാത്രകൾ തുടങ്ങിയ പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ കേദാർനാഥിൽ പ്രതിവർഷം 20 ലക്ഷം തീർത്ഥാടകർ എത്തുന്നു. ഈ പദ്ധതി ഭവ്യമായ ക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കും.
ഹേംകുണ്ഡ് സാഹിബ് റോപ്‌വേ പദ്ധതി

ഗോവിന്ദ്ഘട്ട് മുതൽ ഹേംകുണ്ഡ് സാഹിബ് ജി വരെയുള്ള റോപ്പ്‌വേ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും. വെല്ലുവിളി നിറഞ്ഞ 21 കിലോമീറ്റർ പർവ്വത യാത്രയ്ക്ക് പകരം ആധുനിക ഗതാഗത സംവിധാനം ഒരുക്കും. ഗോവിന്ദ്ഘട്ട് മുതൽ ഗംഗാരിയ വരെയുള്ള മോണോകേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (എംഡിജി) (10.55 കിലോമീറ്റർ), ഗംഗാരിയ മുതൽ ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള ട്രൈക്കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) (1.85 കിലോമീറ്റർ) എന്നിവ ഇതിൽ ഉൾപ്പെടും. മണിക്കൂറിൽ 1,100 യാത്രക്കാരെ ഒരു ദിശയിലേക്ക് കൊണ്ടുപോകാൻ ഇതിന് കഴിയും. പ്രതിദിനം 11,000 യാത്രക്കാരെ വരെ കൊണ്ടുപോകാനാകും. 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹേംകുണ്ഡ് സാഹിബ് ജി പ്രതിവർഷം 1.5–2 ലക്ഷം തീർത്ഥാടകർ സന്ദർശിക്കുന്നു. കൂടാതെ പൂക്കളുടെ താഴ്‌വരയോട് (യുനെസ്കോയുടെ ലോക പൈതൃകയിലുൾപ്പെട്ട സ്ഥലം) സമീപസ്ഥമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പദ്ധതി വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും.
പർവ്വതമാല പരിയോജനയ്ക്ക് കീഴിലുള്ള പ്രധാന റോപ്‌വേ പദ്ധതികൾ
റോപ്പ്‌വേ സാങ്കേതികവിദ്യ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം ചെലവ് കുറഞ്ഞതും ഭൂമി-കാര്യക്ഷമവുമാണ്. നദികൾ, കെട്ടിടങ്ങൾ, മലയിടുക്കുകൾ, റോഡുകൾ പോലുള്ള പ്രകൃതിദത്ത തടസ്സങ്ങൾ മറികടന്ന്, പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു പ്രായോഗിക ബദലാണ് റോപ്‌വേകൾ. പർവ്വതമാല പരിയോജനയ്ക്ക് കീഴിൽ, 2024-25 സാമ്പത്തിക വർഷത്തോടെ 60 കിലോമീറ്റർ പദ്ധതികൾ അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. ഉത്തർപ്രദേശ്, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ 13 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
നിർമ്മാണത്തിലിരിക്കുന്ന റോപ്‌വേ പദ്ധതികൾ:
വാരാണസി അർബൻ റോപ്‌വേ: തിരക്കേറിയ നഗരപ്രദേശങ്ങളിൽ ബദൽ ഗതാഗത മാർഗ്ഗമായി റോപ്‌വേകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 2023 മാർച്ചിൽ, വാരാണസി കന്റോണ്മെന്റിൽ നിന്നാരംഭിക്കുന്ന നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ആദ്യ അർബൻ റോപ്‌വേ പദ്ധതിയുടെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട പ്രധാനമന്ത്രി വാരാണസിയിൽ നിർവ്വഹിച്ചു. വാരണാസിയിലെ തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പദ്ധതിയിൽ 148 ഗൊണ്ടോള ക്യാബിനുകൾ ഉണ്ടായിരിക്കും, ഇവയ്ക്ക് പ്രതിദിനം 96,000 യാത്രക്കാരെ വഹിക്കാനാകും. റോപ്പ്‌വേ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും നഗരത്തിന് ആധുനികവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്യും. വാരണാസിയുടെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിൽ 3.85 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ വികസനം ഇന്ത്യയുടെ നഗര അടിസ്ഥാന സൗകര്യങ്ങളിൽ നൂതന റോപ്പ്‌വേ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ്.
ഗൗരികുണ്ഡ്-കേദാർനാഥ് റോപ്പ്‌വേ (9.7 കിലോമീറ്റർ, 3,584 മീറ്റർ ഉയരം): ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, വേർപെടുത്താവുന്ന ട്രൈ-കേബിൾ ഗൊണ്ടോള ഉപയോഗിച്ച് ട്രെക്ക് യാത്രാ സമയം നിലവിലെ 7 മുതൽ 9 മണിക്കൂർ വരെ വെറും 28 മിനിറ്റായി കുറയ്ക്കാനാകും. മണിക്കൂറിൽ 3600 യാത്രക്കാർക്ക് ഒരു ദിശയിലേക്ക് സഞ്ചരിക്കാനാകും.
വരാനിരിക്കുന്നതും സാമ്പത്തിക അനുമതി ലഭിച്ചതുമായ റോപ്‌വേ പദ്ധതികൾ:
സാമ്പത്തിക അനുമതി ലഭിച്ച പദ്ധതികൾ (4.93 കിലോമീറ്റർ നീളം)'
ബിജിലി മഹാദേവ് (ഹിമാചൽ പ്രദേശ്)
ധോസി ഹിൽ (ഹരിയാന),
മഹാകാലേശ്വര ക്ഷേത്രം (മധ്യപ്രദേശ്).
നിർമ്മാതാക്കളെ തിരഞ്ഞെടുത്തവ (3.25 കി.മീ നീളം)
സംഗം പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്),
ശങ്കരാചാര്യ ക്ഷേത്രം (ജെ&കെ).
7 പദ്ധതികൾക്കായി താത്പര്യ പത്രം ക്ഷണിച്ചു (ആകെ 53.28 കി.മീ)
സോൻപ്രയാഗ് - കേദാർനാഥ് (ഉത്തരാഖണ്ഡ്)
ഗോവിന്ദ്ഘട്ട് - ഹേമകുണ്ഡ് സാഹിബ് (ഉത്തരാഖണ്ഡ്)
കാമാഖ്യ ക്ഷേത്രം (അസം),
തവാങ് മൊണാസ്ട്രി - പി ടി സോ ലേക്ക് (അരുണാചൽ പ്രദേശ്)
കാത്ഗോദം - ഹനുമാൻ ഗർഹി ക്ഷേത്രം (ഉത്തരാഖണ്ഡ്)
രാംടെക് ഗഡ് ക്ഷേത്രം (മഹാരാഷ്ട്ര)
ബ്രഹ്മഗിരി-അഞ്ജനേരി (മഹാരാഷ്ട്ര).
ഉപസംഹാരം
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പർവതമാല പരിയോജന ഒരു സുപ്രധാന കുതിച്ചുചാട്ടത്തിന് നാന്ദി കുറിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതം സാധ്യമാക്കുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ പദ്ധതികളിലൂടെ, റോപ്പ്‌വേകൾ ഇന്ത്യയുടെ ഗതാഗത ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറാൻ ഒരുങ്ങുന്നു, യാത്രാ സമയം കുറയ്ക്കുന്നു. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നു. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് മുൻഗണന നൽകുന്നു, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നു. സുരക്ഷിതവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവും ലോകോത്തരവുമായ റോപ്പ്‌വേ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ മൊത്തത്തിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും തടസ്സരഹിത ആദ്യാവസാന കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
(Release ID: 2111119)
Visitor Counter : 43