ധനകാര്യ മന്ത്രാലയം
ഇന്ത്യയിലെ ഭവനനിർമ്മാണ പ്രവണതകളെയും പുരോഗതിയെയും സംബന്ധിക്കുന്ന 2024 ലെ റിപ്പോർട്ട് നാഷണൽ ഹൗസിംഗ് ബാങ്ക് പ്രസിദ്ധീകരിച്ചു.
Posted On:
12 MAR 2025 2:26PM by PIB Thiruvananthpuram
ഭാരത സർക്കാരിന് കീഴിൽ നിയമപ്രകാരം സൃഷ്ടിക്കപ്പെട്ട സ്ഥാപനമായ നാഷണൽ ഹൗസിംഗ് ബാങ്ക് (NHB) 1987 ലെ നാഷണൽ ഹൗസിംഗ് ബാങ്ക് നിയമത്തിന്റെ 42-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം, ഇന്ത്യയിലെ ഭവനനിർമ്മാണ പ്രവണതകളെയും പുരോഗതിയെയും സംബന്ധിക്കുന്ന 2024 ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
ഭവനനിർമ്മാണ മേഖലയിലെ സാഹചര്യങ്ങൾ, വിലനിലവാരത്തിലെ മാറ്റങ്ങൾ, ഭവന മേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ മുൻനിര പദ്ധതികൾ, ഭവന വായ്പ നൽകുന്നതിൽ പ്രാഥമിക വായ്പാ സ്ഥാപനങ്ങളുടെ (PLI) പങ്ക്, ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ (HFC) പ്രകടനം, മേഖലയുടെ സമഗ്ര അവലോകനം എന്നിവ വിശദമായി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ :
30-09-2024 ലെ കണക്കനുസരിച്ച് കുടിശ്ശികയുള്ള വ്യക്തിഗത ഭവനവായ്പകൾ ₹33.53 ലക്ഷം കോടിയായിരുന്നു, മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വർദ്ധന രേഖപ്പെടുത്തുന്നു.
2024-09-30 ലെ കണക്കനുസരിച്ച്, കുടിശ്ശികയുള്ള വ്യക്തിഗത ഭവന വായ്പകളുടെ 39% EWS & LIG ഉം, 44% MIG ഉം, 17% HIG ഉം ആണ്.
2024-09-30 ന് അവസാനിച്ച അർദ്ധവാർഷിക പാദത്തിൽ വ്യക്തിഗത ഭവന വായ്പാ വിതരണം ₹4.10 ലക്ഷം കോടി രൂപയും, 2024-03-31 ന് അവസാനിച്ച വർഷത്തിൽ വായ്പാ വിതരണം ₹9.07 ലക്ഷം കോടി രൂപയുമാണ്.
2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, ഭവന വില സൂചിക (NHB-RESIDEX) മുൻ വർഷത്തെ 4.9% ത്തിൽ നിന്ന് 6.8% വാർഷിക വർദ്ധനവ് രേഖപ്പെടുത്തി.
PMAY-G, PMAY-U, PMAY-U എന്നിവയുടെ സ്വാധീനത്തിന്റെ വിലയിരുത്തൽ, നഗര അടിസ്ഥാന സൗകര്യ വികസന ഫണ്ട് (UIDF), കുറഞ്ഞ ചെലവിലുള്ള വാടക ഭവന സമുച്ചയങ്ങൾ (ARHC) തുടങ്ങിയ സർക്കാരിന്റെ പ്രധാന സംരംഭങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായ്പാ വിതരണത്തിലെ പ്രാദേശിക അസമത്വങ്ങളും കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകളും ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിർമ്മാണത്തിലെ സാങ്കേതിക പുരോഗതി, ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ മുതലായവ മേഖലയുടെ വളർച്ചാ അവസരങ്ങളെ സുഗമമാക്കുന്ന ഘടകങ്ങളായി റിപ്പോർട്ട് കണക്കാക്കുന്നു.
PMAY 2.0, നഗരവത്ക്കരണം, ഗതാഗതാധിഷ്ഠിത വികസനം, ഡിജിറ്റലൈസേഷൻ, മറ്റ് ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ ഭവന മേഖലയുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു.
(Release ID: 2110760)
Visitor Counter : 27