വിദേശകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഇന്ത്യയുടെ പാരമ്പര്യം : നേതൃത്വം, പ്രതിബദ്ധത, ത്യാഗം

Posted On: 09 MAR 2025 11:58AM by PIB Thiruvananthpuram

സംഭാഷണം, നയതന്ത്രം, സഹകരണം എന്നിവയിൽ വേരൂന്നിയ സമാധാനപാലന ദൗത്യങ്ങളിലുള്ള പ്രതിബദ്ധതയാണ് നമ്മുടെ വിദേശനയത്തിന്റെ കാതൽ. ലോകം ഒരു കുടുംബമാണെന്ന് ഉദ്‌ഘോഷിക്കുന്ന “വസുധൈവ കുടുംബകം” എന്ന ദർശനത്താൽ  നയിക്കപ്പെടുന്ന ഇന്ത്യ, ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങൾക്ക് അർത്ഥവത്തായ സംഭാവനകൾ നൽകുന്നത് തുടരുക തന്നെ ചെയ്യും.”

 

- ഡോ. എസ്. ജയ്ശങ്കർ, ഇന്ത്യൻ വിദേശകാര്യ മന്ത്രി


ആമുഖം

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുക എന്ന പ്രാഥമിക ലക്ഷ്യവുമായാണ് 1945-ൽ  ഐക്യരാഷ്ട്രസഭ (UN) സ്ഥാപിതമായത്. ആരംഭകാലം മുതൽ, സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്കുള്ള വെല്ലുവിളി നിറഞ്ഞ പാതയിൽ ചരിക്കാൻ രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള  വിലപ്പെട്ട ഉപാധിയായി യുഎൻ സമാധാനപാലന ദൗത്യങ്ങൾ കണക്കാക്കപ്പെട്ടിരുന്നു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സുപ്രധാന സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ. 2,90,000-ത്തിലധികം സമാധാന സേനാംഗങ്ങൾ 50-ലധികം യുഎൻ ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ, 5,000-ത്തിലധികം ഇന്ത്യൻ സമാധാന സേനാംഗങ്ങൾ 9 സജീവ ദൗത്യങ്ങളിലായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവർ  പ്രവർത്തിക്കുന്നു.

നീല ഹെൽമെറ്റ് ധാരികൾ എന്നറിയപ്പെടുന്ന യുഎൻ സമാധാന പരിപാലന സേനയ്ക്ക് ആ പേര് ലഭിച്ചത് ഐക്യരാഷ്ട്രസഭയുടെ പതാകയുടെ ഇളം നീലനിറത്തിൽ നിന്നാണ്.നീല നിറം സമാധാനത്തിനെ പ്രതീകമായതിനാലാണ് 1947-ൽ യുഎൻ ഈ നിറം തിരെഞ്ഞെടുത്തത്. ചുവപ്പാകട്ടെ പലപ്പോഴും യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഇളം നീല നിറം പിന്നീട് ഐക്യരാഷ്ട്രസഭയുടെ മുഖമുദ്രയായി മാറി.

2023-ൽ, ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പരമോന്നത സമാധാന പരിപാലന ബഹുമതിയായ ഡാഗ് ഹാമർസ്ക്ജോൾഡ് പുരസ്ക്കാരം ലഭിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പ്രവർത്തിച്ച ഇന്ത്യൻ സമാധാന സേനാംഗങ്ങളായ ശിശുപാൽ സിംഗ്, സൻവാല റാം വിഷ്‌ണോയ്, സിവിലിയനയ യുഎൻ പ്രവർത്തകൻ ഷാബർ താഹെർ അലി എന്നിവർക്കാണ് മരണാനന്തര ബഹുമതി നൽകി ആദരിച്ചത്.

2025 ഫെബ്രുവരി 24 മുതൽ 25 വരെ, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന കേന്ദ്രം (CUNPK) ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ 'ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ  നിന്നുള്ള വനിതാ സമാധാന സേനാംഗങ്ങൾക്കായുള്ള സമ്മേളനം' സംഘടിപ്പിച്ചു. സമാധാന പരിപാലന പ്രവർത്തനങ്ങളിൽ വനിതകളുടെ പരിണാത്മക പങ്കിനെക്കുറിച്ചും അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി 35 രാജ്യങ്ങളിൽ നിന്നുള്ള വനിതാ സമാധാന സേനാംഗങ്ങളെ രണ്ട് ദിവസത്തെ പരിപാടി ഒരുമിച്ച് ചേർത്തു. ലിംഗസമത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും, സമഗ്രവും ഫലപ്രദവുമായ സമാധാന പരിപാലന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തിൻറെ നേതൃത്വവും സമ്മേളനം വിളംബരം ചെയ്തു.



എന്താണ് യുഎൻ സമാധാനപാലനം

ആഗോള സമാധാനവും സുരക്ഷയും നിലനിർത്താൻ ഐക്യരാഷ്ട്രസഭ ഉപയോഗിക്കുന്ന ഒരു പ്രധാന ഉപാധിയാണ് യുഎൻ സമാധാനപാലനം. സംഘർഷം തടയൽ, സമാധാനം സ്ഥാപിക്കൽ, സമാധാനം  നിലനിർത്തൽ, സമാധാനം കെട്ടിപ്പടുക്കൽ എന്നിവയുൾപ്പെടെയുള്ള മറ്റ് യുഎൻ ദൗത്യങ്ങൾക്കൊപ്പം ഇത് പ്രവർത്തിക്കുന്നു.

ഇതിൽ എന്തൊക്കെ ഉൾപ്പെടുന്നു

യുഎൻ സമാധാനപാലന ദൗത്യങ്ങൾ വെടിനിർത്തലുകൾക്കും സമാധാന കരാറുകൾക്കും പിന്തുണ നൽകുന്നതിനായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ആധുനിക സമാധാനപാലനം സൈനിക സാന്നിധ്യത്തിനപ്പുറമുള്ള ബഹുമുഖ പരിശ്രമമായി പരിണമിച്ചിരിക്കുന്നു എന്നതാണ് പ്രധാനം.

ഇനിപ്പറയുന്ന നടപടികൾ സമാധാനപാലനത്തിന്റെ ഭാഗമാണ്:

രാഷ്ട്രീയ പ്രക്രിയ സുഗമമാക്കൽ: ചർച്ചകൾക്കും ഭരണനിർവ്വഹണ ഘടനകൾക്കും പിന്തുണ.

സാധാരണക്കാരുടെ സംരക്ഷണം : സംഘർഷ മേഖലകളിലെ ദുർബല ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു.

നിരായുധീകരണം, സൈനിക പിന്മാറ്റം, പുനഃസംഘടന (DDR): സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങുന്നതിന്  അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മുൻ പോരാളികൾക്ക് സഹായം നൽകുന്നു.

തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പിന്തുണ: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാനും മേൽനോട്ടം വഹിക്കാനും സഹായം .

മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും: നീതി, ഉത്തരവാദിത്തം, ഭരണ പരിഷ്‌ക്കാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിന്നു.


 


സമാധാനപാലന ദൗത്യങ്ങളുടെ പങ്ക്

സമകാലിക സമാധാനപാലനം പലപ്പോഴും സമാധാനം കൈവരിക്കൽ, സമാധാനം കെട്ടിപ്പടുക്കൽ എന്നിവയുമായി ഇഴ ചേർന്ന് കിടക്കുന്നു. സംഘർഷങ്ങൾ പരിഹരിക്കുന്നതിന് അസാമാന്യമായ മെയ് വഴക്കം ആവശ്യമാണ്. പ്രധാനമായും സമാധാനം നിലനിർത്താനാണ് വിന്യസിക്കപ്പെടുന്നതെങ്കിലും, സംഘർഷ പരിഹാരത്തിനും പുനഃസ്ഥാപന ശ്രമങ്ങളിലും സമാധാനപാലകർ പലപ്പോഴും സജീവ പങ്കു വഹിക്കാറുണ്ട് . ചില സന്ദർഭങ്ങളിൽ, സാധാരണജനങ്ങളെ സംരക്ഷിക്കുന്നതിനും, നിദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും, ആതിഥേയ രാഷ്ട്രം പരിമിതി നേരിടുമ്പോൾ  സുരക്ഷയും സമാധാനവും നിലനിർത്താനാവശ്യമായ കുറഞ്ഞ ബലപ്രയോഗത്തിന് അവർക്ക് അധികാരമുണ്ട്.

യുഎൻ സമാധാനപാലനത്തിന്റെ ചരിത്രം

1948-ൽ മധ്യേഷ്യയിൽ  ഐക്യരാഷ്ട്രസഭയുടെ യുദ്ധവിരാമ മേൽനോട്ട സംഘടന (UNTSO) സ്ഥാപിതമായതോടെയാണ് യുഎൻ സമാധാനപാലന ദൗത്യങ്ങൾക്ക് ആരംഭിച്ചത്. തുടക്കത്തിൽ, സമാധാനപാലന ദൗത്യങ്ങൾ തികച്ചും നിരായുധമായ ഒരു പ്രക്രിയയായിരുന്നു. നിരീക്ഷണത്തിലും മധ്യസ്ഥതയിലും ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശീതസമര കാലത്ത്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ദൗത്യങ്ങൾ പരിമിതമായിരുന്നു. എന്നാൽ 1990-കളിൽ ശീതസമരത്തിന് വിരാമമായതോടെ, സമാധാന ദൗത്യങ്ങളുടെ എണ്ണത്തിലും വ്യാപ്തിയിലും ഗണ്യമായ വികാസം ഉണ്ടായി. സൈനിക, രാഷ്ട്രീയ, മാനുഷിക പരിശ്രമങ്ങൾ, ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കൽ, ഭരണനിർവ്വഹണത്തെ പിന്തുണയ്ക്കൽ, മനുഷ്യാവകാശ സംരക്ഷണം എന്നിവയടക്കമുള്ള ബഹുമുഖ ദൗത്യങ്ങളിൽ യുഎൻ ഏർപ്പെടാൻ തുടങ്ങി.


1967-ൽ സൂയസ് കനാലുമായി ബന്ധപ്പെട്ട യുദ്ധവിരാമ മേൽനോട്ട സംഘടനയിൽ (UNTSO) സേവനമനുഷ്ഠിച്ച സൈനിക നിരീക്ഷകർ

കാലക്രമേണ, രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് സഹായം, അക്രമാസക്തമായ തീവ്രവാദത്തെ പ്രതിരോധിക്കൽ തുടങ്ങിയ സങ്കീർണ്ണമായ ദൗത്യങ്ങളും സമാധാന പരിപാലനത്തിൽ ഉൾപ്പെടുത്തി. റുവാണ്ടയിലെയും ബോസ്നിയയിലെയും ദൗത്യ പരാജയങ്ങൾ പോലുള്ള വെല്ലുവിളികൾ പരിഷ്‌ക്കാരങ്ങൾക്ക് കാരണമായി. ഇത് വിപുലമായ അധികാരങ്ങളുടെയും വിഭവങ്ങളുടെയും ആവശ്യകത ഊന്നിപ്പറഞ്ഞ ബ്രാഹിമി റിപ്പോർട്ടി (2000) ലേക്ക് നയിച്ചു. ആധുനിക ദൗത്യങ്ങൾ സാധാരണ ജനങ്ങളുടെ സംരക്ഷണം, ലിംഗ സമത്വം, പ്രാദേശിക പങ്കാളിത്തം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വിളംബരം ചെയ്യുന്ന (Responsibility to Protect -R2P) R2P സിദ്ധാന്തം ഇടപെടലുകൾക്ക് കൂടുതൽ വ്യക്തതയേകി. ഇന്ന്, കാലികമായ ആഗോള സുരക്ഷാ ഭീഷണികളും പരമ്പരാഗത കർത്തവ്യങ്ങളും സന്തുലിതമാക്കി യുഎൻ സമാധാന പരിപാലനം തുടരുന്നു.

യുഎൻ സമാധാന പരിപാലന ദൗത്യങ്ങളിൽ ഇന്ത്യയുടെ സംഭാവന

1953-ൽ കൊറിയയിലെ യുഎൻ ദൗത്യത്തിൽ പങ്കെടുത്തതുമുതൽ, യുഎൻ സമാധാന പരിപാലന ചരിത്രത്തിൽ  ഇന്ത്യയ്ക്ക് ദീർഘവും വിശിഷ്ടവുമായ ഒരു സേവന ചരിത്രമുണ്ട്. മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ചതും രാജ്യത്തിൻറെ തത്ത്വചിന്തയിൽ അലിഞ്ഞു ചേർന്നതുമായ അഹിംസ എന്ന ദർശനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത, ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎൻ സമീപനങ്ങളോട് അനുപൂരകമാണ്. പരസ്പരബന്ധിതമായ മാനവികതയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനും ഊന്നൽ നൽകുന്ന "വസുധൈവ കുടുംബകം" (ലോകം ഒരു കുടുംബമാണ്) എന്ന ഇന്ത്യയുടെ പൗരാണിക ദർശനത്തിൽ നിന്നാണ് ഈ പ്രതിബദ്ധത ഉടലെടുക്കുന്നത്.

1950-കൾ മുതൽ, ലോകമെമ്പാടുമുള്ള 50-ലധികം ദൗത്യങ്ങളിൽ ഇന്ത്യ 290,000-ത്തിലധികം സമാധാന സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇത് യുഎൻ സമാധാന ദൗത്യങ്ങളിൽ ഏറ്റവും വലിയ സംഭാവന  നൽകുന്ന രാജ്യമായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു. ഇന്ന്, ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സമർപ്പിതമായിരിക്കുന്ന പതിനൊന്ന് സജീവ ദൗത്യങ്ങളിൽ ഒമ്പതിലും ഏകദേശം 5,000-ത്തിലധികം വരുന്ന ഇന്ത്യൻ സൈനികർ, അപകടകരവും ദുഷ്ക്കരവുമായ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. മഹത്തായ ദൗത്യങ്ങൾക്കിടെ, ഏകദേശം 180 ഇന്ത്യൻ സമാധാനസേനാംഗങ്ങൾ  പരമമായ ത്യാഗം അനുഷ്ടിച്ചു. ആ സമാധാനസേനാംഗങ്ങളുടെ ധീരതയും പ്രതിബദ്ധതയും എക്കാലവും ഓർമ്മിക്കപ്പെടും.

2024 മെയ് 29 വരെ,  ഇന്ത്യൻ സായുധ സേന പങ്കെടുത്ത ഒമ്പത് യുഎൻ സമാധാന ദൗത്യങ്ങൾ:

 

 

ദൗത്യത്തിന്റെ പേര്

സ്ഥലം

ഇന്ത്യയുടെ സംഭാവന


യുഎൻ ഡിസ്എൻഗേജ്മെന്റ് ഒബ്സെർവർ ഫോഴ്സ് (UNDOF)


ഗോലാൻ കുന്നുകൾ

ലോജിസ്റ്റിക് സുരക്ഷയ്ക്കായി 188 ഉദ്യോഗസ്ഥരുള്ള ലോജിസ്റ്റിക്സ് ബറ്റാലിയൻ

 

ലെബനനിലെ യുഎൻ ഇടക്കാല സേന (UNIFIL)
 

 

ലെബനൻ

762 ഉദ്യോഗസ്ഥരും 18 സ്റ്റാഫ് ഓഫീസർമാരുമുള്ള ഇൻഫൻട്രി ബറ്റാലിയൻ ഗ്രൂപ്പ്

 

യുഎൻ ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷൻ (UNTSO)

മധ്യേഷ്യ


സൈനിക നിരീക്ഷകരും അനുബന്ധ ഉദ്യോഗസ്ഥരും

 

സൈപ്രസിലെ യുഎൻ സമാധാന സേന (UNFICYP)

സൈപ്രസ്

ഉദ്യോഗസ്ഥരായും സൈനിക നിരീക്ഷകരായും ഓഫീസർമാരെ വിന്യസിച്ചു

 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎൻ ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷൻ (MONUSCO)


ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

 

ഇൻഫൻട്രി ബറ്റാലിയനുകൾ, മെഡിക്കൽ യൂണിറ്റുകൾ, സപ്പോർട്ട് സ്റ്റാഫ്

 


ദക്ഷിണ സുഡാനിലെ യുഎൻ ദൗത്യം (UNMISS)
 

 

ദക്ഷിണ സുഡാൻ

 


ഇൻഫൻട്രി ബറ്റാലിയൻ, മെഡിക്കൽ ഉദ്യോഗസ്ഥർ, എഞ്ചിനീയറിംഗ് യൂണിറ്റുകൾ

 

അബെയ്‌ക്കുള്ള യുഎൻ ഇടക്കാല സുരക്ഷാ സേന (UNIFSA)

 

അബെയ്

 

സൈനിക നിരീക്ഷകരും സ്റ്റാഫ് ഓഫീസർമാരും

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ (MINUSCA) ഐക്യരാഷ്ട്രസഭയുടെ മൾട്ടിഡൈമൻഷണൽ ഇന്റഗ്രേറ്റഡ് സ്റ്റെബിലൈസേഷൻ മിഷൻ

 

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്

ഫോംഡ് പോലീസ് യൂണിറ്റുകളും (FPU-കൾ) സൈനിക നിരീക്ഷകരും

 

പടിഞ്ഞാറൻ സഹാറയിലെ റഫറണ്ടത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ദൗത്യം (MINURSO)



പടിഞ്ഞാറൻ സഹാറ


സൈനിക നിരീക്ഷകരുടെ വിന്യാസം

 

 ഇന്ത്യ, യു.എസ് പാരാട്രൂപ്പർമാർ 1953-ൽ കൊറിയയിലേക്ക്

 (യുദ്ധമേഖലകളിലെ പാരച്യൂട്ട് ദൗത്യ സേനാംഗങ്ങളാണ് പാരാട്രൂപ്പർമാർ)

ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ സമാധാന പാലന ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നതിൽ ഇന്ത്യ ബദ്ധശ്രദ്ധമാണ്. സെന്റർ ഫോർ യുഎൻ പീസ് കീപ്പിംഗ് മുഖേന, 2023-ൽ ആസിയാൻ രാജ്യങ്ങൾക്കായി നടപ്പിലാക്കിയതുപോലുള്ള പ്രത്യേക കോഴ്‌സുകൾ ഉൾപ്പെടെ  വനിതാ സമാധാന സേനാംഗങ്ങൾക്കുള്ള പരിശീലനവും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളും ഇന്ത്യ സംഘടിപ്പിക്കുന്നു. ചർച്ച, നയതന്ത്രം, ആഗോള സഹകരണം എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ വിദേശനയത്തിന്റെ കാതലാണ് സമാധാന പരിപാലനം. വികസ്വര രാജ്യങ്ങളിൽ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുന്ന രാജ്യമെന്ന നിലയിൽ വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തിലും പങ്കിലും ഉള്ള ഇന്ത്യയുടെ വിശ്വാസത്തെയാണ് ഈ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നത്. വിവിധ മേഖലകളിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ട് ഇന്ത്യൻ സമാധാന സേനാംഗങ്ങൾ വൈവിധ്യപൂർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ അന്തരീക്ഷങ്ങളിൽ സേവനമനുഷ്ഠിച്ചു പോരുന്നു.

ഇന്ത്യ ഉൾപ്പെട്ട ചില പ്രധാന യുഎൻ സമാധാന ദൗത്യങ്ങളെ ഇനിപ്പറയുന്ന പട്ടികയിൽ സംഗ്രഹിക്കുന്നു:

ദൗത്യത്തിന്റെ പേര്

 

സ്ഥലം

 

വർഷം

 

ഇന്ത്യയുടെ സംഭാവന

 

 

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ യുഎൻ സഹായ ദൗത്യം (MINUSCA)

 

 

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്

 

 

2014-ഇന്ന്

 

 

 

ഫോംഡ് പോലീസ് യൂണിറ്റുകളും (FPU-കൾ) സൈനിക നിരീക്ഷകരും

 

 

ദക്ഷിണ സുഡാനിലെ യുഎൻ ദൗത്യം (UNMISS)

 

 

ദക്ഷിണ സുഡാൻ

 

 

2012 ഇന്ന്

 

 

 

ഇൻഫൻട്രി ബറ്റാലിയൻ, മെഡിക്കൽ ഉദ്യോഗസ്ഥർ, എഞ്ചിനീയറിംഗ് യൂണിറ്റുകൾ

 

 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎൻ ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷൻ (MONUSCO)

 

 

ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോ

 

 

2010-ഇന്ന്

 

 

 

ഇൻഫൻട്രി ബറ്റാലിയനുകൾ, മെഡിക്കൽ യൂണിറ്റുകൾ, സപ്പോർട്ട് സ്റ്റാഫ്

 

 

ഗോലാൻ കുന്നുകളിലെ യുഎൻ ദൗത്യം (UNDOF)

 

 

ഗോലാൻ കുന്നുകൾ

 

 

2006-ഇന്ന്

 

 

ലോജിസ്റ്റിക് സുരക്ഷയ്ക്കായി 188 ഉദ്യോഗസ്ഥരുള്ള ലോജിസ്റ്റിക്സ് ബറ്റാലിയൻ

 

 

സുഡാനിലെ യുഎൻ ദൗത്യം (UNMIS/UNMISS)

 

 

സുഡാൻ/ദക്ഷിണ സുഡാൻ

 

 

2005- ഇന്ന്

 

ബറ്റാലിയൻ ഗ്രൂപ്പുകൾ, എഞ്ചിനീയർ കമ്പനി, സിഗ്നൽ കമ്പനി, ആശുപത്രികൾ, സൈനിക നിരീക്ഷകർ (MILOB-കൾ), സ്റ്റാഫ് ഓഫീസർമാർ (SO-കൾ)

 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎൻ ഓർഗനൈസേഷൻ മിഷൻ (MONUC/MONUSCO)

 

 

ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോ

 

 

2005-ഇന്ന്

 

 

ഇൻഫൻട്രി ബ്രിഗേഡ് ഗ്രൂപ്പ് (RDB ഉൾപ്പെടെ മൂന്ന് ബറ്റാലിയനുകൾ), ആശുപത്രി, MILOB-കൾ, SO-കൾ, രണ്ട് FPU-കൾ

 

 

ലെബനനിലെ യുഎൻ ഇടക്കാല സേന (UNIFIL)

 

 

ലെബനൻ

 

 

1998-ഇന്ന്

 

 

762 ഉദ്യോഗസ്ഥരും 18 സ്റ്റാഫ് ഓഫീസർമാരുമുള്ള ഇൻഫൻട്രി ബറ്റാലിയൻ ഗ്രൂപ്പ്

 

 

ലൈബീരിയയിലെ യുഎൻ ദൗത്യം (UNMIL)

 

 

ലൈബീരിയ

 

 

2007-16

 

 

പുരുഷ, വനിതാ FPU (Formed Police Unit ) വിന്യസിച്ചു

 

 

എത്യോപ്യയിലെയും എറിത്രിയയിലെയും യുഎൻ ദൗത്യം (UNMEE)

 

 

എത്യോപ്യ-എറിത്രിയ

 

 

2006-08

 

 

ഒരു ഇൻഫൻട്രി ബറ്റാലിയൻ ഗ്രൂപ്പ്, ഒരു എഞ്ചിനീയർ കമ്പനി, ഒരു ഫോഴ്‌സ് റിസർവ് കമ്പനി എന്നിവ സംഭാവന ചെയ്തു

 

 

ഹെയ്തിയിലെ യുഎൻ സ്റ്റെബിലൈസേഷൻ മിഷൻ (MINUSTAH)

 

 

ഹെയ്തി

 

 

2004-17

 

 

വിവിധ പോലീസ് സേനകളിൽ നിന്ന് രൂപീകരിച്ച ഫോംഡ് പോലീസ് യൂണിറ്റുകൾ (FPU) സംഭാവന ചെയ്തു

 

 

സിയാറ ലിയോണിലെ യുഎൻ ദൗത്യം (UNAMSIL)

 

 

സിയാറ ലിയോൺ

 

 

1999-2001

 

 

ഇൻഫന്ററി ബറ്റാലിയനുകൾ, എഞ്ചിനീയർ കമ്പനികൾ, മറ്റ് പിന്തുണാ സംവിധാനങ്ങൾ എന്നിവ വിന്യസിച്ചു

 

 

യുഎൻ അംഗോള വെരിഫിക്കേഷൻ മിഷൻ (UNAVEM)

 

 

അംഗോള

 

 

1989-99

 

 

സൈനിക നിരീക്ഷകരെയും സ്റ്റാഫ് ഓഫീസർമാരെയും നൽകി

 

 

റുവാണ്ടയ്ക്കുള്ള യുഎൻ സഹായ ദൗത്യം (UNAMIR)

 

 

 

റുവാണ്ട

 

 

1994-96

 

 

മെഡിക്കൽ ഉദ്യോഗസ്ഥരെയും ലോജിസ്റ്റിക്ക് പിന്തുണയും സംഭാവന ചെയ്തു

 

 

സൊമാലിയയിലെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ (UNOSOM II)

 

 

സൊമാലിയ

 

 

1993-94

 

 

ഒരു ആർമി ബ്രിഗേഡ് ഗ്രൂപ്പും നാല് നാവിക യുദ്ധക്കപ്പലുകളും വിന്യസിച്ചു

 

 

കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ (ONUC)

 

 

കോംഗോ

 

 

1960-64

 

 

വിഘടനവാദത്തെ ചെറുക്കുന്നതിനും രാജ്യത്തെ പുനഃരേകീകരിക്കുന്നതിനുമായി രണ്ട് ബ്രിഗേഡുകളെ വിന്യസിച്ചു

 

 

യുഎൻ അടിയന്തര സേന (UNEF I)

 

 

മധ്യേഷ്യ

 

 

1956-67

 

 

ഒരു ഇൻഫൻട്രി ബറ്റാലിയനും മറ്റ് പിന്തുണാ സംവിധാനങ്ങളും സംഭാവന ചെയ്തു

 

 

ഇന്തോ-ചൈനയുടെ നിയന്ത്രണം

 

 

ഇന്തോ-ചൈന (വിയറ്റ്നാം, കംബോഡിയ, ലാവോസ്)

 

 

1954-70

 

 

യുദ്ധത്തടവുകാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതും വെടിനിർത്തലും നിരീക്ഷിക്കുന്നതിനായി ഒരു ഇൻഫൻട്രി ബറ്റാലിയനടക്കമുള്ള സപ്പോർട്ടിംഗ് സ്റ്റാഫിനെ നൽകി

 

 

കൊറിയയിലെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനം

 

 

കൊറിയ

 

 

1950-54

 

 

യുഎൻ സേനയ്ക്ക് മെഡിക്കൽ പിന്തുണ നൽകി, ന്യൂട്രൽ നേഷൻസ് റീപാട്രിയേഷൻ കമ്മീഷന്റെ അധ്യക്ഷ പദം വഹിച്ചു

 

 


യുഎൻ സമാധാന ദൗത്യങ്ങളിൽ സ്റ്റാഫ് ഓഫീസർമാർ, വിദഗ്ദ്ധ ദൗത്യ സേനാംഗങ്ങൾ, സൈനിക നിരീക്ഷകർ, സ്വതന്ത്ര പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് ഓപ്പറേഷൻ ഇൻ കോട്ട് ഡി'ൽവോയർ (UNOCI), യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ (UNAMA), യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിംഗ് ഫോഴ്‌സ് ഇൻ സൈപ്രസ് (FICYP), യുണൈറ്റഡ് നേഷൻസ് ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷൻ (UNTSO), യുണൈറ്റഡ് നേഷൻസ് മിഷൻ ഫോർ ദി റഫറണ്ടം ഇൻ വെസ്റ്റേൺ സഹാറ (MINURSO), യുണൈറ്റഡ് നേഷൻസ് ഇന്ററിം സെക്യൂരിറ്റി ഫോഴ്‌സ് ഫോർ അബെയ് (UNISFA) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലൂടെ യുഎൻ, ആതിഥേയ രാഷ്ട്രങ്ങൾ, പങ്കാളി രാഷ്ട്രങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നു. യുഎൻ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഇന്ത്യ, സമാധാന സേനയിൽ ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ സമാധാന പരിപാലന യൂണിറ്റുകൾ, നൂതന പരിശീലനം, ലോജിസ്റ്റിക്കൽ പിന്തുണ, സാങ്കേതിക നവീകരണം എന്നിവ നൽകി വരുന്നു. വിന്യാസങ്ങൾക്കപ്പുറം, പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, സിവിൽ-മിലിട്ടറി കോർഡിനേഷൻ (CIMIC) പരിപാടികൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യ ആതിഥേയ രാഷ്ട്രങ്ങളെ സജീവമായി സഹായിക്കുന്നു.  ഇന്ത്യൻ ആർമി വെറ്ററിനറി ഡിറ്റാച്ച്‌മെന്റുകൾ വിവിധ യുഎൻ ദൗത്യങ്ങളെ സാരമായി സ്വാധീനിച്ചിട്ടുണ്ട്, ലോകമെമ്പാടുമുള്ള മാനുഷിക, സമാധാന പരിപാലന ശ്രമങ്ങളോടുള്ള ഇന്ത്യയുടെ സമർപ്പണം ഇത് വ്യക്തമാക്കുന്നു.

 

യുഎൻ ദൗത്യങ്ങളിൽ കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കാൻ, ഇന്ത്യൻ സൈന്യം അത്യാധുനികവും തദ്ദേശീയ നിർമ്മിതവുമായ ഉപകരണങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച ഈ നൂതന സംവിധാനങ്ങൾ അതികഠിനമായ ഭൂപ്രദേശങ്ങളിലും, കാലാവസ്ഥയിലും, അത്യന്തം വെല്ലുവിളി നിറഞ്ഞ  സാഹചര്യങ്ങളിലും പ്രവർത്തന ശേഷി തെളിയിച്ചിട്ടുണ്ട്, ഇത് ആഗോള സമാധാന പരിപാലനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

 

സമാധാനപാലനത്തിൽ വനിതകളുടെ പങ്ക്

സമാധാനം കൈവരിക്കൽ, തർക്ക പരിഹാരം, സാമൂഹിക ഇടപെടൽ എന്നിവയിൽ സ്ത്രീകൾ നിർണ്ണായക പങ്ക് വഹിക്കുന്നു. പലപ്പോഴും പ്രാദേശിക ജനവിഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് വനിതകളിലേക്കും കുട്ടികളിലേക്കും ഇറങ്ങിച്ചെല്ലാൻ അവർക്ക് കഴിയുന്നു. ലൈംഗിക അതിക്രമങ്ങൾ തടയാനും, ജനസമൂഹങ്ങൾക്കിടയിൽ  വിശ്വാസം വളർത്താനും, സമഗ്രവും സുസ്ഥിരവുമായ സമാധാന പ്രക്രിയകൾ പ്രോത്സാഹിപ്പിക്കാനും വനിതകളുടെ സാന്നിധ്യം സഹായിക്കുന്നു. ഇത്തരം ഗുണങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, സമാധാനപാലന ദൗത്യങ്ങളിൽ ആനുപാതിക വനിതാ പങ്കാളിത്തം കുറവാണ്.

 


ആഗോളതലത്തിലെ നിരന്തര ശ്രമങ്ങൾക്ക് ശേഷവും, സൈനിക ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, നിരീക്ഷകർ എന്നിവരുൾപ്പെടെ ഐക്യരാഷ്ട്രസഭയുടെ യൂണിഫോം ധരിച്ച  70,000 സമാധാന സേനാംഗങ്ങളിൽ 10% ൽ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം. ലിംഗസമത്വത്തിന്റെ   ആവശ്യകത തിരിച്ചറിഞ്ഞ യുഎൻ, 2028 ഓടെ സൈനിക സംഘങ്ങളിൽ 15% വനിതകൾ,  പോലീസ് യൂണിറ്റുകളിൽ 25% വനിതകൾ എന്ന ലക്ഷ്യത്തോടെ, യൂണിഫോം ധാരികളായ സമാധാന സേനാംഗങ്ങളുടെ വിന്യാസത്തിൽ അഭിലാഷകരമായ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

സംഘർഷമൊഴിവാക്കൽ, സമാധാന ചർച്ചകൾ, സംഘർഷാനന്തര പുനർനിർമ്മാണം എന്നിവയിൽ വനിതകളുടെ  നിർണായക പങ്ക് ഔദ്യോഗികമായി അംഗീകരിച്ച  2000 ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1325 ലാണ് കൂടുതൽ വനിതാ പ്രാതിനിധ്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനെത്തുടർന്ന് 1820, 1888, 1889, 2122, 2242 എന്നീ പ്രമേയങ്ങൾ ഉൾപ്പെടെ വനിതകൾ, സമാധാനം, സുരക്ഷ (WPS) എന്നിവയുമായി ബന്ധപ്പെട്ട പ്രമേയങ്ങളുടെ ഒരു പരമ്പര രൂപം കൊണ്ടു - സമാധാന ശ്രമങ്ങളിൽ വനിതാ നേതൃത്വത്തിന്റെ ആവശ്യകത  ഊന്നിപ്പറയുകയും സംഘർഷഭൂമിയിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.



2022 ൽ, ഫീൽഡ് മിഷനുകളിലെ യൂണിഫോം ധാരികളായ ഉദ്യോഗസ്ഥരിൽ 7.9% സ്ത്രീകളായിരുന്നു - 1993 ൽ ഇത് വെറും 1% ആയിരുന്നു. ഇതിൽ സൈനിക വിഭാഗങ്ങളിൽ 5.9%, പോലീസ് സേനകളിൽ 14.4%, നിയമപാലന, ന്യൂനതാപരിഹാര കർത്തവ്യങ്ങളിൽ 43% വനിതകൾ ഉൾപ്പെടുന്നു. സിവിലിയൻ ഉദ്യോഗസ്ഥരിൽ, 30% വനിതകളായിരുന്നു. നേതൃപദവികളിൽ വർദ്ധിച്ചുവരുന്ന വനിതാ പ്രാതിനിധ്യം, ദൗത്യ മേധാവികളിലും ദൗത്യ ഉപ മേധാവികളിലും ലിംഗസമത്വം ഉറപ്പാക്കുന്നു .

വനിതാ സമാധാനപാലകർക്ക് പ്രാധാന്യമേറുന്നത് എന്തുകൊണ്ട് ?

ശക്തമായ സമാധാനപാലനം: വൈവിധ്യമാർന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംഘങ്ങൾ കൂടുതൽ ഫലപ്രദമായ സമാധാന പാലനത്തിലേക്ക് നയിക്കുന്നു. സാധാരണ ജനങ്ങളുടെ സംരക്ഷണവും സമാധാനവും മെച്ചപ്പെടുത്തുന്നു.

പ്രവേശനവും വിശ്വാസവും: വനിതാ സമാധാനപാലകർ പ്രാദേശിക സമൂഹങ്ങളുമായി യുള്ള, പ്രത്യേകിച്ച് വനിതകളുമായി കൂടുതൽ ഇടപഴകുന്നു.വിശ്വാസം വളർത്തുകയും അവബോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വൈവിധ്യമാർന്ന നേതൃത്വവും തീരുമാനമെടുക്കൽ പ്രക്രിയയും : ലിംഗ സന്തുലിതമായ സംഘങ്ങൾ  വിശാലമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുന്നു. തീരുമാനമെടുക്കൽ പ്രക്രിയയെ ശക്തിപ്പെടുത്തുകയും സ്വന്തം പ്രവർത്തനങ്ങൾ അവർ സേവിക്കുന്ന സമൂഹങ്ങളിൽ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

പരിവർത്തന മാതൃകകൾ: വനിതാ സമാധാനപാലകർ ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നു. പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും വനിതകളെയും പെൺകുട്ടികളെയും അവരുടെ അവകാശങ്ങൾക്കായി വാദിക്കാൻ ശാക്തീകരിക്കുകയും ചെയ്യുന്നു.

ലിംഗസമത്വം മെച്ചപ്പെടുത്തുന്നു : സമത്വവും വിവേചനമില്ലായ്മയും ഉയർത്തിപ്പിടിക്കുക എന്നത് യുഎൻ സമാധാനപാലനത്തിന്റെ കേന്ദ്രബിന്ദുവാണ്. യുഎൻ ചാർട്ടറിലെ അടിസ്ഥാന തത്വങ്ങളോട് അനുപൂരകമാണത്.

പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ ലിംഗ സമത്വം കൈവരിക്കുന്നതിന് ലോക രാജ്യങ്ങളുടെ ശക്തമായ പ്രതിബദ്ധത ആവശ്യമാണ്. പരിവർത്തനത്തിനായി  സമ്മർദ്ദം ചെലുത്തുന്നത് യുഎൻ തുടരുമ്പോൾ, സമാധാനപാലനത്തിൽ വനിതാ സാന്നിധ്യം കേവലം എണ്ണം വർദ്ധിപ്പിക്കാൻ മാത്രമല്ല - മറിച്ച് കൂടുതൽ ഫലപ്രദവും സർവ്വാശ്ലേഷിയും സ്ഥായിയുമായ സമാധാനം സൃഷ്ടിക്കുന്നതിനു കൂടിയാണ്.

യുഎൻ സമാധാന ദൗത്യങ്ങളിലെ ഇന്ത്യൻ വനിതകൾ: പ്രതിബന്ധങ്ങൾ ഭേദിച്ച് സമാധാനം കെട്ടിപ്പടുക്കുന്നു

യുഎൻ സമാധാനപാലന  ദൗത്യങ്ങളിലെ  വനിതാ പങ്കാളിത്തത്തിന്റെ ശക്തമായ വക്താവാണ് ഇന്ത്യ. സംഘർഷ പരിഹാരത്തിലും സമാധാനം കൈവരിക്കുന്നതിലും വനിതകളുടെ നിർണ്ണായക പങ്ക് ഇന്ത്യ അംഗീകരിക്കുന്നു. സൈനിക, പോലീസ് കർത്തവ്യങ്ങൾ മുതൽ സിവിലിയൻ കർത്തവ്യങ്ങൾ വരെ, ഇന്ത്യൻ വനിതാ സമാധാന സേനാംഗങ്ങൾ മുൻനിരയിലാണ്. പ്രാദേശിക സമൂഹങ്ങളുമായി ഇടപഴകുകയും ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുകയും സംവാദത്തിനുള്ള സാഹചര്യം വളർത്തുകയും ചെയ്യുന്നു.

ഗ്ലോബൽ സൗത്ത്  രാജ്യങ്ങളാണ് യുഎൻ സമാധാന പരിപാലനത്തിന്റെ നട്ടെല്ല്. ഏറ്റവും കൂടുതൽ സൈനികരെ സംഭാവന ചെയ്യുന്ന രാഷ്ട്രമെന്ന് നിലയിൽ ഇന്ത്യ ഏറെ മുന്നിലാണ്. സൈനിക, പോലീസ് കർത്തവ്യങ്ങളിൽ വനിതകളെ വിന്യസിക്കുന്നതിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ ചരിത്രമുണ്ട്. 1960-കളിൽ, ഇന്ത്യൻ വനിതാ മെഡിക്കൽ ഓഫീസർമാരെ കോംഗോയിലേക്ക് അയച്ചതോടെയാണ് ഈ പാരമ്പര്യം ആരംഭിച്ചത്. ഇത് വനിതാ സമാധാന പരിപാലന ദൗത്യങ്ങളിൽ രാജ്യത്തിന്റെ സുപ്രധാന പങ്ക് അടയാളപ്പെടുത്തി.

യുഎൻ സമാധാന പ്രവർത്തനങ്ങൾക്കായി  വനിതകളെ ഉൾപ്പെടുത്തുന്നതിൽ മാർഗ്ഗദർശിയായി നിലകൊള്ളുന്ന ഇന്ത്യ, മറ്റുള്ളവർക്ക് പിന്തുടരാവുന്ന ഉദാത്ത  മാതൃക സൃഷ്ടിച്ചു. 2007-ൽ, ഇന്ത്യ ആദ്യമായി വനിതകൾ മാത്രമുള്ള ഫോംഡ് പോലീസ് യൂണിറ്റ് (FPU) ലൈബീരിയയിൽ വിന്യസിച്ചു. ഇത് പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുക മാത്രമല്ല, ലൈബീരിയൻ വനിതകളെ അവരുടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ സജീവമായി പങ്കെടുക്കാൻ ശാക്തീകരിക്കുകയും ചെയ്തു. ഈ സുപ്രധാന സംരംഭം സുരക്ഷാ മേഖലകളിലെ വനിതാ പങ്കാളിത്തം വർദ്ധിപ്പിച്ചു.

2025 ഫെബ്രുവരി വരെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ, ലെബനൻ, ഗോലാൻ കുന്നുകൾ, പടിഞ്ഞാറൻ സഹാറ, അബെയ് എന്നിവയുൾപ്പെടെ ആറ് നിർണായക ദൗത്യങ്ങളിലായി 150-ലധികം വനിതാ സമാധാന സേനാംഗങ്ങൾ സേവനമനുഷ്ഠിക്കുന്നതിലൂടെ ഇന്ത്യ ഈ പാരമ്പര്യം തുടരുന്നു. ലിംഗസമത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ആഗോള സമാധാനത്തിലും സുരക്ഷയിലും വനിതകൾ വഹിക്കുന്ന നിർണ്ണായക പങ്കിനെയും ഈ സൈനിക വിന്യാസങ്ങൾ അടിവരയിടുന്നു.

യുഎൻ സമാധാന പാലന ദൗത്യങ്ങൾക്ക് ഇന്ത്യൻ വനിതകൾ നൽകിയ ഗണ്യമായ സംഭാവനകളെ ആദരിച്ചുകൊണ്ട്, മേജർ രാധിക സെന്നിനെ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ 2023 ആയി  യുഎൻ  തിരഞ്ഞെടുത്തു.

സംഭാവനകൾ ഏറെ നൽകിയിട്ടും, ഇന്ത്യൻ വനിതാ സമാധാന സേനാംഗങ്ങൾ രൂക്ഷമായ ലിംഗ പക്ഷപാതവും, അപകടസാധ്യതകളും,  ലോജിസ്റ്റിക്കൽ തടസ്സങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്നു. ഈ തടസ്സങ്ങളെ മറികടക്കുന്നതിന് ഉത്പതിഷ്ണു മനോഭാവം, ശക്തമായ പിന്തുണാ സംവിധാനങ്ങൾ, സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്ന നയങ്ങൾ എന്നിവ അനിവാര്യമാണ്. എന്നിരുന്നാലും, വനിതകളുടെ സ്വാധീനം അനിഷേധ്യമാണ്. വാർപ്പ് മാതൃകകൾ തകർക്കുന്നതിലൂടെയും സംഘർഷ മേഖലകളിലെ വനിതകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിലൂടെയും, ഇന്ത്യൻ വനിതാ സമാധാന സേനാംഗങ്ങൾ വിശ്വാസം വളർത്തുകയും ലിംഗാധിഷ്ഠിത അക്രമങ്ങളെ അഭിസംബോധന ചെയ്യുകയും മാറ്റത്തിന് പ്രചോദനമേകുകയും ചെയ്യുന്നു. അവരുടെ സാന്നിധ്യം കേവലം പ്രതീകാത്മകല്ല - മറിച്ച് പരിവർത്തനാത്മകമാണ്. ആഗോള സമാധാന പാലനത്തിനായുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ഫലപ്രദമായ സമീപനം ഇന്ത്യൻ വനിതകൾ രൂപപ്പെടുത്തുന്നു.

ഇന്ത്യൻ വനിതാ സമാധാന സേനാംഗങ്ങൾ അന്താരാഷ്ട്ര വേദിയിൽ മാതൃകകളായിത്തീർന്നിട്ടുണ്ട്.  സമർപ്പണത്തിലൂടെയും പ്രൊഫഷണലിസത്തിലൂടെയും അവർ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു. അവരുടെ സംഭാവനകൾ സമാധാനപാലന ദൗത്യങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കുക  മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാന പ്രക്രിയകളിൽ വനിതകളെ കൂടുതലായി ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

പരിശീലനവും കാര്യക്ഷമത വർദ്ധിപ്പിക്കലും

ഇന്ത്യൻ സൈന്യം ന്യൂഡൽഹിയിൽ സ്ഥാപിച്ച ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന കേന്ദ്രം (CUNPK), യുഎൻ സമാധാന പരിപാലന പരിശീലനത്തിനുള്ള രാജ്യത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നു. പ്രതിവർഷം, ഇത് 12,000-ത്തിലധികം സൈനികരെ പരിശീലിപ്പിക്കുന്നു. ഭാവിയിലെ  സമാധാന സേനാംഗങ്ങൾക്കും പരിശീലകർക്കും വേണ്ടിയുള്ള പരിശീലനം മുതൽ പ്രത്യേക ദേശീയ, അന്തർദേശീയ കോഴ്‌സുകൾ വരെ ഒട്ടേറെ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യുഎൻ സമാധാന പരിപാലന പരിശീലന ശേഷി വർദ്ധിപ്പിക്കുന്നതിനായി CUNPK സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക്  പരിശീലന സംഘങ്ങളെ അയയ്ക്കുന്നു.

മികവിന്റെ കേന്ദ്രമായി അംഗീകരിക്കപ്പെട്ട CUNPK, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി  അനുഭവങ്ങളുടെയും മികച്ച രീതികളുടെയും കേന്ദ്രമായി പരിണമിച്ചു. അന്താരാഷ്ട്ര സഹകരണത്തിലും ഈ സ്ഥാപനം  നിർണ്ണായക പങ്ക് വഹിക്കുന്നു. മികച്ച രീതികൾ പങ്കിടുന്ന വിദേശ പ്രതിനിധികൾക്ക് ആതിഥേയത്വം വഹിക്കുന്നു. സംയുക്ത പരിശീലന സംരംഭങ്ങൾ സംഘടിപ്പിക്കുന്നു. ഉദാഹരണത്തിന്, 2016-ൽ, CUNPK, ആഫ്രിക്കൻ രാജ്യങ്ങളുടെ സമാധാന പാലന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, യുഎസ്എയുമായി സഹകരിച്ച് നടത്തിയ മൂന്ന് ആഴ്ചത്തെ ആഫ്രിക്കൻ രാജ്യങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന കോഴ്‌സ് (UNPCAP-01) ആരംഭിച്ചു.

2025 ഫെബ്രുവരിയിൽ, ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ CUNPK 'ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ  നിന്നുള്ള വനിതാ സമാധാന പാലകരുടെ സമ്മേളനം' സംഘടിപ്പിച്ചു. സമാധാനപാലനത്തിൽ വനിതകളുടെ  വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചും അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിപാടി 35 രാജ്യങ്ങളിൽ നിന്നുള്ള വനിതാ സമാധാന സേനാംഗങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു. ലിംഗസമത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും സമഗ്രവും ഫലപ്രദവുമായ സമാധാനപാലന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിൻറെ നേതൃത്വവും സമ്മേളനം അടിവരയിട്ടു.

മനേക്ഷാ സെന്ററിൽ 'ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിന്നുള്ള വനിതാ സമാധാനപാലകരുമായി ബന്ധപ്പെട്ട  സമ്മേളനം'

ഈ സംരംഭങ്ങളുടെ ഭാഗമായി, പരിശീലനവും കാര്യക്ഷമതയും വർദ്ധിപ്പിക്കൽ, അന്താരാഷ്ട്ര സഹകരണം വളർത്തൽ, സമാധാന ദൗത്യങ്ങളിൽ ലിംഗ സമത്വം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ  CUNPK ആഗോള സമാധാനപാലന ഉദ്യമങ്ങൾക്ക് ഗണ്യമായ സംഭാവന നൽകുന്നു.


ഉപസംഹാരം

ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന ദൗത്യങ്ങളിൽ ഇന്ത്യ വഹിക്കുന്ന പങ്ക് ആഗോള സമാധാനം, സുരക്ഷ, ബഹുരാഷ്ട്രവാദം എന്നിവയോടുള്ള രാജ്യത്തിൻറെ ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കൊറിയൻ യുദ്ധത്തിലെ ആദ്യകാല ഇടപെടൽ മുതൽ ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിലെ തുടർ വിന്യാസം വരെ, ഇന്ത്യ യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ സ്ഥിരതയോടെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സമാധാന ദൗത്യങ്ങൾക്കായി ഏറ്റവും കൂടുതൽ സൈനികരെ അയക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ സംഭാവനകൾ ഗണനീയമാണ്- നിർണ്ണായക സേവനങ്ങൾ, നേതൃത്വം, സമാധാന പരിപാലനത്തിൽ ലിംഗ സമത്വത്തോടുള്ള ശക്തമായ പ്രതിബദ്ധത എന്നിവ രാജ്യം ഉറപ്പാക്കുന്നു. വിദേശനയത്തിലും സാംസ്‌ക്കാരിക മൂല്യങ്ങളിലും പ്രതിഫലിക്കുന്ന സമാധാന പാലനത്തോടുള്ള ഇന്ത്യയുടെ സമീപനം അഹിംസ, സംവാദം, സഹകരണം എന്നിവയിലുള്ള വിശ്വാസത്താൽ നയിക്കപ്പെടുന്നു. കൊറിയയിലെ സംഘർഷ മേഖലകൾ മുതൽ ലൈബീരിയൻ തീരങ്ങൾ വരെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾ വ്യത്യസ്തത സാഹചര്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പ്രൊഫഷണലിസം, ധൈര്യം, സമർപ്പണം എന്നി ആഗോള പ്രശംസയ്ക്ക് പാത്രമായി.  എന്നിരുന്നാലും, സമാധാന പാലനം വെല്ലുവിളികളിൽ നിന്ന് മുക്തമല്ല. അസ്ഥിരമായ അന്തരീക്ഷത്തിലാണ് ഇന്ത്യൻ സൈനികർ സമാധാനപാലനത്തിനായി പ്രവർത്തിക്കുന്നത്, സാധാരണക്കാരെ സംരക്ഷിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും അവർ ജീവൻ പണയപ്പെടുത്തുന്നു. വീരമൃത്യു വരിച്ച ഏകദേശം 180 ഇന്ത്യൻ സമാധാന സേനാംഗങ്ങളുടെ സമർപ്പണം ആഴത്തിലുള്ള ഈ പ്രതിബദ്ധതയ്ക്ക്  തെളിവാണ്.

സൈനിക വിന്യാസങ്ങൾക്കപ്പുറം, പരിശീലനം, കാര്യക്ഷമത വർദ്ധിപ്പിക്കൽ, സാങ്കേതിക പിന്തുണ എന്നിവയിലൂടെ ഇന്ത്യ യുഎൻ ദൗത്യങ്ങളെ ശക്തിപ്പെടുത്തുന്നു. വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കുന്നതിൽ ഒരു മുൻനിര രാജ്യമെന്ന നിലയിൽ, സംഘർഷ പരിഹാരത്തിന് സമഗ്രവും ഫലപ്രദവുമായ സമീപനമാണ് ഇന്ത്യ പിന്തുടരുന്നത്. സഹകരണം മെച്ചപ്പെടുത്തുന്നതിലൂടെയും സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും, കൂടുതൽ സമാധാനപരവും സുരക്ഷിതവുമായ ഒരു ലോകക്രമത്തിലേക്കുള്ള മാർഗ്ഗത്തെ പ്രകാശമാനമാക്കുന്നത് തുടരുന്ന ഇന്ത്യ ആഗോള സമൂഹത്തെ അചഞ്ചലമായ സമർപ്പണത്തിലൂടെ പ്രചോദിപ്പിക്കുന്നു.

അവലംബം


MEA S Jaishankar Speech
https://www.un.org/en/global-issues/peace-and-security
https://peacekeeping.un.org/en/what-is-peacekeeping
https://indembassy-amman.gov.in/pdf/25012024_India%20and%20UN_%20India's%20Contribution%20to%20UNPK%20Missions.doc.pdf
https://peacekeeping.un.org/en/terminology
https://peacekeeping.un.org/en/our-history
https://www.un.org/en/exhibits/exhibit/75-years-un-peacekeeping
https://gallantryawards.gov.in/assets/wars/1.pdf
https://www.mea.gov.in/Speeches-Statements.htm?dtl/39099/EAMs_remarks_during_the_Inaugural_session_of_the_Conference_for_Women_Peacekeepers_from_the_Global_South__Women_in_Peacekeeping__A_Global_South_Perspe
https://www.mea.gov.in/photo-features.htm?842/Indias+contribution+to+UN
https://www.pminewyork.gov.in/pdf/menu/submenu__668040979.pdf
https://pminewyork.gov.in/pdf/menu/submenu__1260383365.pdf
https://pib.gov.in/PressReleasePage.aspx?PRID=2022052
United Nations In India
https://peacekeeping.un.org/en/women-peacekeeping
https://indembassy-amman.gov.in/pdf/25012024_India%20and%20UN_%20India's%20Contribution%20to%20UNPK%20Missions.doc.pdf
https://www.mea.gov.in/Speeches-Statements.htm?dtl/39099/EAMs_remarks_during_the_Inaugural_session_of_the_Conference_for_Women_Peacekeepers_from_the_Global_South__Women_in_Peacekeeping__A_Global_South_Perspe#:~:text=4.%E2%80%8B%20India%20has%20been,trail%20for%20others%20to%20follow.
https://www.mea.gov.in/Speeches-Statements.htm?dtl/39099/EAMs_remarks_during_the_Inaugural_session_of_the_Conference_for_Women_Peacekeepers_from_the_Global_South__Women_in_Peacekeeping__A_Global_South_Perspe#:~:text=4.%E2%80%8B%20India%20has%20been,trail%20for%20others%20to%20follow
https://indembassy-amman.gov.in/pdf/25012024_India%20and%20UN_%20India's%20Contribution%20to%20UNPK%20Missions.doc.pdf
https://pib.gov.in/Pressreleaseshare.aspx?PRID=1928025
https://www.pib.gov.in/newsite/PrintRelease.aspx?relid=147695
https://pib.gov.in/PressReleasePage.aspx?PRID=2105783
https://x.com/DefProdnIndia/status/1894062079566614714/photo/1
https://pib.gov.in/PressReleseDetailm.aspx?PRID=2105749&reg=3&lang=1

Click here to see PDF:

*****


(Release ID: 2109908) Visitor Counter : 51