നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

"ഭരണഘടനാ അസംബ്ലിയിലെ വനിതാ അംഗങ്ങളുടെ ജീവിതവും സംഭാവനകളും" എന്ന പുസ്തകത്തിന്റെ പ്രകാശനം

Posted On: 08 MAR 2025 1:20PM by PIB Thiruvananthpuram
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, കേന്ദ്രനിയമ-നീതി മന്ത്രാലയത്തിലെ നിയമനിർമ്മാണ വകുപ്പ് "ഭരണഘടനാ അസംബ്ലിയിലെ വനിതാ അംഗങ്ങളുടെ ജീവിതവും സംഭാവനകളും" എന്ന പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്തു . ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിച്ച, എന്നാൽ മുഖ്യധാരാ ചരിത്ര- നിയമ വ്യവഹാരങ്ങളിൽ ഈ സംഭാവനകൾ വലിയതോതിൽ അംഗീകരിക്കപ്പെടാതിരുന്ന പ്രമുഖരായ പതിനഞ്ച് വനിതകൾക്ക് ആദരമായാണ് ഈ വൈജ്ഞാനിക ഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത്.

പുരുഷ മേധാവിത്വമുള്ള ഒരു രാഷ്ട്രീയ ചട്ടക്കൂടിനുള്ളിൽ വേരൂന്നിയിരുന്ന ഘടനാപരമായ തടസ്സങ്ങളെ മറികടന്ന് മുന്നേറ്റം നടത്തിയ അഭിഭാഷകർ, സാമൂഹിക പരിഷ്കർത്താക്കൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുൾപ്പെടെ ഈ വിശിഷ്ടരായ സ്ത്രീകളുടെ സംഭാവനകളെ പുസ്തകം സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങൾ നേരിട്ടിട്ടും, ഈ സ്ത്രീകൾ ഭരണഘടനാ അസംബ്ലിയിലെ പ്രധാന ശബ്ദങ്ങളായി ഉയർന്നുവന്നു.അടിസ്ഥാന അവകാശങ്ങൾ, സാമൂഹിക നീതി, ലിംഗസമത്വം, ജനാധിപത്യ ഭരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളെ ഇവർ ഗണ്യമായി സ്വാധീനിച്ചു.

 അവരുടെ പ്രസംഗങ്ങൾ, സംവാദങ്ങൾ, നിയമനിർമ്മാണത്തിലെ ഇടപെടലുകൾ എന്നിവ വിശദമായി വിശകലനം ചെയ്തുകൊണ്ട് ചരിത്രപരമായ വിടവ് നികത്തുക എന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യം.അതുവഴി പ്രധാന ഭരണഘടനാ വ്യവസ്ഥകളിൽ ഈ വനിതകളുടെ സ്വാധീനം പുസ്തകം എടുത്തുകാണിക്കുന്നു. 1917-ൽ വനിതാ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായതു മുതൽ സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രീയ പ്രാതിനിധ്യം സാക്ഷാത്കരിക്കുന്നതുവരെയുള്ള സ്ത്രീകളുടെ ഭരണഘടനാ അഭിലാഷങ്ങളുടെ ചരിത്ര പരിണാമവും ഈ പുസ്തകം അനാവരണം ചെയ്യുന്നു.

പുസ്തകത്തിന്റെ പ്രധാന സവിശേഷതകൾ:

ചരിത്ര പശ്ചാത്തലം: സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തിൽ, സ്ത്രീകളുടെ പൊതുമേഖലയിലും രാഷ്ട്രീയത്തിലുമുള്ള പങ്കാളിത്തത്തിന്റെ പര്യവേക്ഷണം, സ്വതന്ത്ര രാജ്യത്തിനായുള്ള ഭരണഘടനയുടെ രൂപീകരണം, തുടർന്നുള്ള യാത്ര.

 പ്രമുഖരായ പതിനഞ്ച് സ്ത്രീകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ : ഇന്ത്യയുടെ ഭരണഘടനാ ഭൂപ്രകൃതിയെ രൂപപ്പെടുത്തിയ പതിനഞ്ച് പ്രമുഖ വനിതകളുടെ സംഭാവനകളെക്കുറിച്ചുള്ള ആഴത്തിലുള്ള വിവരണം ഈ വാല്യം നൽകുന്നു. അവരിൽ, ഭരണഘടനാ വ്യവസ്ഥകളിൽ ലിംഗസമത്വത്തിനായി ശബ്ദമുയർത്തിയ ശ്രീമതി അമ്മു സ്വാമിനാഥൻ, സ്ത്രീകളുടെ അവകാശങ്ങൾ യഥാവിധി അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഫെഡറലിസത്തെയും സംസ്ഥാന സംയോജനത്തെയും കുറിച്ചുള്ള ചർച്ചകളിൽ ശ്രീമതി ആനി മസ്‌ക്രീൻ ഒരു പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം ശക്തിപ്പെടുത്തി. നിയമസഭയിലെ ഏക മുസ്ലീം വനിതയായ ബീഗം ഖുദ്‌സിയ ഐസാസ് റസൂൽ, മതേതരത്വത്തിന്റെ ഉറച്ച വക്താവായി നിലകൊള്ളുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ദേശീയ സ്വത്വത്തിനായി വാദിക്കുകയും ചെയ്തു. നിയമസഭയിലെ ആദ്യത്തെ ദളിത് വനിതയായ ശ്രീമതി ദാക്ഷായണി വേലായുധൻ, തൊട്ടുകൂടായ്മയെ നിർഭയം എതിർക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്തു. സാമൂഹിക ക്ഷേമ നയങ്ങൾ രൂപപ്പെടുത്തുന്നതിലും വനിതകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രീമതി ദുർഗാഭായ് ദേശ്മുഖ് നിർണായക പങ്ക് വഹിച്ചുകൊണ്ട് , ഇന്ത്യയുടെ ആദ്യകാല സാമൂഹിക നീതി ചട്ടക്കൂടിന് സംഭാവന നൽകി.

ഇന്ത്യയുടെ മൗലികാവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ശ്രീമതി ഹൻസ ജീവരാജ് മേഹ്ത്ത ഭരണഘടനാ ചർച്ചകളുടെ കാതലായി ലിംഗനീതി ഉണ്ടാകുമെന്ന് ഉറപ്പാക്കി. ഇന്ത്യയുടെ പൊതുജനാരോഗ്യ നയങ്ങളുടെ ശിൽപിയായിരുന്നു മുൻനിര രാഷ്ട്രതന്ത്രജ്ഞയായ രാജ്കുമാരി അമൃത് കൗർ. രാജ്യത്ത് ആധുനിക ആരോഗ്യ സംരക്ഷണത്തിന് അവരുടെ പ്രവർത്തനം അടിത്തറ പാകി. "ഇന്ത്യയുടെ വാനമ്പാടി" എന്നറിയപ്പെടുന്ന ശ്രീമതി സരോജിനി നായിഡു, പൗരസ്വാതന്ത്ര്യത്തിനായുള്ള ഒരു വക്താവായിരുന്നു. അവർ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളിൽ ശാശ്വതമായ സ്വാധീനം ചെലുത്തി.നിയമനിർമാണ സഭയിലെ ഒരു പ്രമുഖ ശബ്ദമായിരുന്ന ,പിന്നീട് ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ ശ്രീമതി സുചേത കൃപലാനി തൊഴിൽ അവകാശങ്ങൾക്കും ഭരണ പരിഷ്കാരങ്ങൾക്കും വേണ്ടി വാദിച്ചു. പ്രമുഖ നയതന്ത്രജ്ഞയായ ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ്, അന്താരാഷ്ട്ര സഹകരണത്തെയും ആഗോള ഭരണത്തിൽ ഇന്ത്യയുടെ പങ്കിനെയും ശക്തമായി പിന്തുണച്ചു. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ ആദർശങ്ങളെയും രൂപപ്പെടുത്തുന്നതിൽ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ച മറ്റ് ശ്രദ്ധേയരായ സ്ത്രീകളുടെ സംഭാവനകളെ ഈ പുസ്തകം കൂടുതൽ പരിശോധിക്കുന്നു.

ഭരണഘടനാ അസംബ്ലി ചർച്ചകൾ: സമഗ്രവും സമത്വപൂർണവുമായ ഇന്ത്യയെക്കുറിച്ചുള്ള ഈ സ്ത്രീകളുടെ പ്രധാന കാഴ്ചപ്പാടും അവരുടെ ഇടപെടലുകളും ഉൾപ്പെടുത്തിയിട്ടുള്ള സമാഹാരം.
 
SKY
 
*************************

(Release ID: 2109535) Visitor Counter : 23


Read this release in: Hindi , Tamil , English , Urdu