യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഡോ. മന്‍സുഖ് മാണ്ഡവ്യ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2025 പ്രഖ്യാപിച്ചു

മുന്‍നിര പാരലിമ്പ്യന്മാര്‍ പാരാ ഗെയിംസില്‍ മത്സരിക്കും

Posted On: 05 MAR 2025 6:28PM by PIB Thiruvananthpuram
മാര്‍ച്ച് 20 മുതല്‍ 27 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ (കെപിഐജി) നിരവധി അന്താരാഷ്ട്ര പാരാ അത്‌ലറ്റുകള്‍ പങ്കെടുക്കുമെന്നു കേന്ദ്ര യുവജനകര്യ, കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു .


ഖേലോ ഇന്ത്യ പാരാ ഗെയിംസിന്റെ രണ്ടാം പതിപ്പാണ് ഇത്.  2023 ഡിസംബറില്‍ ന്യൂഡല്‍ഹിയിലാണ് ആദ്യത്തേതും നടന്നത്. കെഐപിജി 2025-ല്‍ 2024 ലെ പാരീസ് പാരാലിമ്പിക്‌സിലും 2022 ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസിലും മെഡല്‍ നേടിയവരുൾപ്പെടെ 1230 പാരാ അത്‌ലറ്റുകള്‍ മത്സരിക്കും.

കെഐപിജി 2025 ല്‍ പാരാ അമ്പെയ്ത്ത്, പാരാ അത്‌ലറ്റിക്‌സ്, പാരാ ബഡ്മിന്റണ്‍, പാരാ പവര്‍ ലിഫ്റ്റിംഗ്, പാരാ ഷൂട്ടിംഗ്, പാരാ ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആദ്യ പതിപ്പില്‍ ഫുട്‌ബോളും (സെറിബ്രല്‍ പാള്‍സി) ഉള്‍പ്പെടുത്തിയിരുന്നു.

മാര്‍ച്ച് 21 മുതല്‍ 26 വരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍, പാരാ അത്‌ലറ്റിക്‌സ് , പാരാ ആര്‍ച്ചറി, പാരാ പവര്‍ ലിഫ്റ്റിംഗ് മത്സരങ്ങളും മാര്‍ച്ച് 20 മുതല്‍ 27 വരെ ഐജി സ്റ്റേഡിയം കോംപ്ലെക്‌സില്‍ പാരാ ബാഡ്മിന്റണ്‍, പാരാ ടേബിള്‍ ടെന്നീസ് മത്സരങ്ങളും നടത്തും. മാര്‍ച്ച് 21 മുതല്‍ 25 വരെ പാരാ ഷൂട്ടിംഗ് മത്സരങ്ങള്‍ക്ക് ഡോ. കര്‍ണി സിംഗ് സ്‌റ്റേഡിയം ആതിഥേയത്വം വഹിക്കും.

സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ ഹര്‍വിന്ദര്‍ സിംഗ് ( അമ്പെയ്ത്ത്), ധരംബീര്‍ (ക്ലബ് ത്രോ), പ്രവീണ്‍ കുമാര്‍ (ഹൈജമ്പ്) എന്നിവരായിരിക്കും കായികതാരങ്ങളിൽ പ്രമുഖര്‍. 2024 ല്‍ പാരീസില്‍ ഇന്ത്യ ഏഴ് സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പടെ 29 മെഡലുകള്‍ നേടിയിരുന്നു. പാരീസ് പാരാലിമ്പിക്‌സില്‍ 84 അംഗ ഇന്ത്യന്‍ സംഘത്തില്‍ ഇരുപത്തിയഞ്ച് ഖേലോ ഇന്ത്യ അത്‌ലറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ അഞ്ചു പേര്‍ പാരീസില്‍ നിന്നും മെഡലുകളുമായാണു മടങ്ങിയത്.

ഇന്ത്യ ഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലയാണ് പാരാ സ്‌പോര്‍ട്‌സ്. 2028 ലോസ് ആഞ്ചെലസ് ഒളിമ്പിക്‌സ് സൈക്ലിംഗിനായുള്ള ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം കോര്‍ ഗ്രൂപ്പില്‍ 52 പാരാ അത്‌ലറ്റുകള്‍ ഉണ്ട്. ' നമ്മുടെ പാരാ അത്‌ലറ്റുകളുടെ അസാധാരണമായ ഈ ഉയര്‍ച്ച് കായികതാരങ്ങള്‍ക്കു വലിയ പ്രചോദനമാണ്. 'ചെയ്യാന്‍ കഴിയും ' എന്ന ഈ മനോഭാവം ശരിക്കും പ്രചോദനാത്മകമാണ്, വരാനിരിക്കുന്ന ഖേലോ  ഇന്ത്യ പാരാ ഗെയിംസില്‍ ചില മികച്ച പ്രകടനങ്ങള്‍ നമുക്കു കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

2025ല്‍, ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിനു ശേഷം  സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന രണ്ടാമത്തെ ദേശീയ പരിപാടിയാണ് ഖേലോ ഇന്ത്യാ പാരാ ഗെയിംസ്. വിന്റര്‍ ഗെയിംസിന്റെ ആദ്യ ഭാഗം ജനുവരിയില്‍ ലഡാക്കില്‍ നടന്നിരുന്നു, അവസാന ഭാഗം മാര്‍ച്ച് 9-12 വരെ ജമ്മു - കാഷ്മീരിലെ ഗുല്‍മാര്‍ഗില്‍ നടത്തും.

 
******

(Release ID: 2108699) Visitor Counter : 8