വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) 2025-ൽ ഇന്ത്യയുടെ ടെലികോം പരിവർത്തനം കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ അവതരിപ്പിച്ചു

നൂതനാശയങ്ങൾ, സർവ്വാശ്ലേഷിത്വം, സുസ്ഥിരത, വിശ്വസ്യത എന്നിവയാണ് സാങ്കേതിക ഭരണത്തിലേക്കുള്ള ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങളുടെ കാതൽ: ശ്രീ ജെ.എം. സിന്ധ്യ

Posted On: 05 MAR 2025 10:53AM by PIB Thiruvananthpuram
സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന പ്രശസ്തമായ മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ സന്ദർശിച്ചു. CEO മാരുടെ ഉന്നതതല യോഗങ്ങളിൽ പങ്കെടുത്ത അദ്ദേഹം പ്രധാന സെഷനുകളെ അഭിസംബോധന ചെയ്തു. മൊബൈൽ, വാർത്താവിനിമയ വ്യവസായമേഖലയിലെ ഏറ്റവും വലിയ ആഗോള സമ്മേളനത്തിൽ പ്രദര്ശിപ്പിച്ചിട്ടുള്ള പ്രധാന സാങ്കേതിക കണ്ടുപിടിത്തങ്ങൾ അദ്ദേഹം വീക്ഷിച്ചു.

അഭിമാനകരമായ പരിപാടിയിൽ ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള 5G പരിവർത്തനം, അഗോള തലത്തിൽ ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകൾ, തദ്ദേശീയ 4G/5G സ്റ്റാക്കുകൾ, ശക്തമായ സൈബർ സുരക്ഷാ നടപടികൾ എന്നിവ എടുത്തുകാട്ടിയ അദ്ദേഹത്തിന്റെ സന്ദർശനം മൊബൈൽ വേൾഡ് കോൺഗ്രസ് 2025-ൽ  ഇന്ത്യയുടെ ടെലികോം പരിവർത്തനം പ്രദർശിപ്പിച്ചു. MWC 25-ലെ പങ്കാളിത്തം ആഗോള ടെലികോം വിപ്ലവത്തിൽ ഇന്ത്യയുടെ സ്ഥാനം അടിവരയിടുകയും സാങ്കേതിക ഭരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

'ഗ്ലോബൽ ടെക് ഗവേണൻസ്:  റൈസിംഗ് ടു ദി ചലഞ്ച്,  ബാലൻസിംഗ് ഇന്നൊവേഷൻ ആൻഡ് റെഗുലേഷൻ: ഗ്ലോബൽ പെർസ്പെക്റ്റീവ്സ് ഓൺ ടെലികോം പോളിസി' എന്നീ പ്രമേയങ്ങളിലൂന്നിയുള്ള  പ്രധാന സെഷനുകളെ മന്ത്രി അഭിസംബോധന ചെയ്തു.  

"നൂതനാശയങ്ങൾ, സർവ്വാശ്ലേഷിത്വം, സുസ്ഥിരത, വിശ്വസ്യത" എന്നിവയാണ് ഇന്ത്യയുടെ സാങ്കേതിക ഭരണത്തിലേക്കുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളുടെ കാതൽ" എന്ന് അദ്ദേഹം പറഞ്ഞു, രാജ്യത്തെ ഓരോ പൗരനെയും സേവിക്കുന്നതിൽ ആധാറിന്റെയും ഭാരത്‌നെറ്റിന്റെയും വിജയം അദ്ദേഹം എടുത്തു പറഞ്ഞു.
 
സ്പെക്ട്രം മാനേജ്മെന്റ്; വിപണി സ്ഥിരത ഉറപ്പാക്കൽ; വിവിധ പ്രക്രിയകൾ ലഘൂകരിക്കുന്നതിനായി ടെലികോം നിയന്ത്രണം അവതരിപ്പിക്കൽ; ഉപഭോക്തൃ സംരക്ഷണത്തിനായി സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കൽ  തുടങ്ങി  നിയന്ത്രണ -നവീകരണങ്ങളെ സന്തുലിതമാക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ നാല് ഘട്ടങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
 
MWC 2025 സന്ദർശന വേളയിൽ,  ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025 ന്റെ ഹ്രസ്വാവിഷ്ക്കാരം അനാച്ഛാദനം ചെയ്ത ശ്രീ സിന്ധ്യ ടെലികോം എക്യുപ്‌മെന്റ് ആൻഡ് സർവീസസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (TEPC) സംഘടിപ്പിച്ച ഭാരത് പവലിയൻ ഉദ്ഘാടനം ചെയ്തു. ഭാരതസർക്കാരിന് കീഴിലുള്ള വാർത്താവിനിമയ വകുപ്പിന്റെ പിന്തുണയോടെ, 38 ഇന്ത്യൻ ടെലികോം ഉപകരണ നിർമ്മാതാക്കൾ ഹാർഡ്‌വെയർ,  സോഫ്റ്റ്‌വെയർ അടക്കമുള്ള അവരുടെ അത്യാധുനിക ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു.
 
ഭാരത് പവിലിയൻ സന്ദർശന വേളയിൽ, തദ്ദേശീയ രൂപകൽപ്പനയിൽ VVDN നിർമ്മിച്ച നിർമ്മിത ബുദ്ധി അധിഷ്ഠിത വൈ-ഫൈ-7 മന്ത്രി ഉദ്ഘാടനം ചെയ്തു. മെറ്റ, ഗൂഗിൾ ക്ലൗഡ് ബൂത്തുകളും അദ്ദേഹം സന്ദർശിച്ചു, അവയുടെ വിവിധ സാങ്കേതിക പരിഹാരങ്ങൾ മന്ത്രി വീക്ഷിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി, CEO മാരുമായുള്ള അത്താഴ വിരുന്നിനിടെ, ക്വാൽകോം, സിസ്‌കോ, മാവെനിർ, എറിക്‌സൺ, നോക്കിയ, എഎംഡി, എടി ആൻഡ് ടി, എയർടെൽ, ബിഎസ്എൻഎൽ, സിഡിഒടി, ടിഇപിസി തുടങ്ങിയ വ്യവസായ പ്രമുഖരുമായി മന്ത്രി സംവദിച്ചു.  ടെലികോം മേഖലയിൽ തന്ത്രപരമായ പങ്കാളിത്തവും നവീകരണവും സാധ്യമാക്കുകയായിരുന്നു ലക്‌ഷ്യം.
 
GSMA, FCC എന്നിവയുമായും  പോളണ്ട്, സ്വീഡൻ രാജ്യങ്ങളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകളും 5ജി, നിർമ്മിത ബുദ്ധി, പുതു തലമുറ മൊബൈൽ സാങ്കേതികവിദ്യകൾ എന്നിവയിലെ അത്യാധുനിക വികസനങ്ങൾ പര്യവേക്ഷണം ചെയ്യുന്ന കമ്പനികളുടെ ബൂത്ത് സന്ദർശനങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.

ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത MWC 2024 ലെ മന്ത്രിയുടെ പങ്കാളിത്തം എടുത്തുകാട്ടുന്നു. അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും വാർത്താവിനിമയ മേഖലയിലെ നിക്ഷേപങ്ങൾ മുന്നോട്ട് നയിക്കുന്നതിലും സമഗ്രവും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കുന്നതിലും ആഗോള നയങ്ങൾ രൂപപ്പെടുത്തുന്നതിലും ഉള്ള ഇന്ത്യയുടെ തന്ത്രപരമായ ശ്രദ്ധ ഈ ഇടപെടലുകൾ പ്രതിഫലിപ്പിക്കുന്നു. സജീവമായ സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും, ആഗോള കണക്റ്റിവിറ്റിയുടെയും സാങ്കേതിക പുരോഗതിയുടെയും ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
 
മൊബൈൽ വേൾഡ് കോൺഗ്രസ് 2025 നെക്കുറിച്ച്

"കൺവെർജ്. കണക്ട്. ക്രിയേറ്റ്" എന്ന പ്രമേയത്തിലൂന്നിയുള്ള MWC 2025, മാർച്ച് 3 മുതൽ 6 വരെ ബാഴ്‌സലോണയിൽ നടക്കുകയാണ്. 5G, AI, IoT, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്നതിന് 101,000+ പ്രതിനിധികളെയും 2,700+ പ്രദർശകരെയും 200+ രാഷ്ട്രനേതാക്കളെയും സമ്മേളനം ഒരുമിപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും നയരൂപീകരണ വിദഗ്ദ്ധരും ഉൾപ്പെടെ 1,200+ പ്രഭാഷകരെയും,  5G ഇൻസൈഡ്, AI+, കണക്റ്റ് എക്സ്, എന്റർപ്രൈസ് റീ-ഇൻവെന്റഡ്, ഗെയിം ചേഞ്ചേഴ്‌സ്, ഡിജിറ്റൽ ഡിഎൻഎ എന്നീ പ്രധാന പ്രമേയങ്ങളെയും  MWC ഉൾക്കൊള്ളുന്നു. മൊബൈൽ ഇന്നൊവേഷൻ, നെറ്റ്‌വർക്കിംഗ്, ഫ്യൂച്ചർ കണക്റ്റിവിറ്റി എന്നിവയ്‌ക്കായുള്ള ലോകത്തിലെ മുൻനിര പ്ലാറ്റ്‌ഫോമാണ് MWC 2025.

(Release ID: 2108398) Visitor Counter : 17