ധനകാര്യ മന്ത്രാലയം
ഡിആർഐ, വൻ സ്വർണ്ണ കള്ളക്കടത്ത് റാക്കറ്റ് തകർത്തു .12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം വിദേശ സ്വർണ്ണവും 4.73 കോടി രൂപയുടെ മറ്റ് സ്വത്തുക്കളും പിടിച്ചെടുത്തു.
Posted On:
05 MAR 2025 10:30AM by PIB Thiruvananthpuram
സ്വർണ്ണക്കടത്തിനെതിരെയുള്ള ഒരു സുപ്രധാന ദൗത്യത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 12.56 കോടി രൂപ വിലമതിക്കുന്ന വിദേശനിർമ്മിത സ്വർണ്ണക്കട്ടികളുമായി എത്തിയ യാത്രക്കാരിയെ പിടികൂടി.
2025 മാർച്ച് 3 ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ ഏകദേശം 33 വയസ്സ് പ്രായമുള്ള ഇന്ത്യൻ യാത്രക്കാരിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ വിഭാഗം തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 14.2 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടികൾ അവരുടെ പക്കൽ നിന്നും വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 1962 ലെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 12.56 കോടി രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ഈ കള്ളക്കടത്ത് സ്വർണം.
പിന്നീട്, ബെംഗളൂരുവിലെ ലാവെല്ലെ റോഡിലുള്ള അവർ ഭർത്താവിനൊപ്പം താമസിക്കുന്ന വീട്ടിൽ ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 2.06 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയും ഇവിടെ നിന്നും പിടിച്ചെടുത്തു. 1962 ലെ കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം യാത്രക്കാരിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഘടിത സ്വർണ്ണ കള്ളക്കടത്ത് ശൃംഖലകൾക്ക് വലിയ തിരിച്ചടി നൽകികൊണ്ട് കേസിൽ ആകെ 17.29 കോടി രൂപ പിടിച്ചെടുത്തു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണ്ണ വേട്ടകളിൽ ഒന്നാണ് 14.2 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത ഈ കേസ്
SKY
(Release ID: 2108309)
Visitor Counter : 34