ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

ഏഷ്യ, പസഫിക് 12-ാമത് ഹൈ-ലെവൽ റീജിയണൽ 3R ആൻഡ് സർക്കുലർ ഇക്കണോമി ഫോറം

ചാക്രിക സമ്പദ് വ്യവസ്ഥയ്ക്ക് ഇന്ത്യൻ നേതൃത്വം

Posted On: 03 MAR 2025 5:22PM by PIB Thiruvananthpuram
ആമുഖം

ഏഷ്യ, പസഫിക് 12-ാമത് ഹൈ-ലെവൽ റീജിയണൽ 3R ആൻഡ് സർക്കുലർ ഇക്കണോമി ഫോറത്തിന്റെ
ഉദ്ഘാടനം ജയ്പൂരിൽ നടന്നു. സുസ്ഥിര മാലിന്യ സംസ്ക്കരണത്തിനും ചാക്രിക സമ്പദ് വ്യവസ്ഥാ സംരംഭങ്ങൾക്കുമായുള്ള പ്രാദേശിക സഹകരണത്തിൽ സുപ്രധാന നാഴികക്കല്ലാണ് ഈ ഫോറം. മാലിന്യ സംസ്ക്കരണത്തിനും വിഭവ കാര്യക്ഷമതയ്ക്കുമുള്ള സുസ്ഥിര പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർണ്ണായക വേദിയായാണ് നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, ഗവേഷകർ, വികസന പങ്കാളികൾ എന്നിവർ ഈ ഫോറത്തെ വീക്ഷിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ സമ്പദ്‌വ്യവസ്ഥകൾ ദ്രുതഗതിയിലുള്ള നഗരവത്ക്കരണത്തിനും വ്യവസായവത്ക്കരണത്തിനും സാക്ഷ്യം വഹിക്കുമ്പോൾ, ചാക്രിക സമ്പദ് വ്യവസ്ഥാ മാതൃകയിലേക്കുള്ള അടിയന്തിര പരിവർത്തനനത്തിന്റെ ആവശ്യകത മുമ്പെങ്ങുമില്ലാത്ത വിധം അനുഭവവേദ്യമാണ്.

സുസ്ഥിര ഉത്പാദനത്തിനും ഉപഭോഗ രീതികൾക്കും വേണ്ട രൂപരേഖ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട്,  ഉപഭോഗം ചുരുക്കുക, പുനരുപയോഗിക്കുക, പുനചംക്രമണം ചെയ്യുക (3R) എന്നീ തത്വങ്ങളിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും. ആഴത്തിലുള്ള ചർച്ചകൾ, നയ ശുപാർശകൾ, സഹകരണ സംരംഭങ്ങൾ എന്നിവയിലൂടെ, വിഭവ കാര്യക്ഷമത, കാലാവസ്ഥാ പ്രതിരോധശേഷി, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള, പ്രാദേശിക പ്രതിബദ്ധതകൾ ശക്തിപ്പെടുത്താൻ ഫോറം സഹായകമാകും.

2023 ൽ നടന്ന അവസാന ഫോറത്തിന് കംബോഡിയയാണ് ആതിഥേയത്വം വഹിച്ചത്. മുമ്പ്, 2018 ൽ ഇൻഡോറിൽ നടന്ന എട്ടാം പതിപ്പിന്  ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

2025 ഫോറത്തിന്റെ ഉദ്ഘാടനം

2025 ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയും രാജസ്ഥാൻ മുഖ്യമന്ത്രിയും പങ്കെടുത്തു. കൂടാതെ, സോളമൻ ദ്വീപുകൾ, തുവാലു, മാലിദ്വീപ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. തദവസരത്തിൽ, ഇന്ത്യ P-3 (പ്രോ പ്ലാനറ്റ് പീപ്പിൾ) സമീപനം പിന്തുടരുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന പ്രത്യേക സന്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോറം പ്രതിനിധികളുമായി പങ്കിട്ടു.  ചാക്രിക സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രയാണത്തിൽ അനുഭവങ്ങളും അറിവുകളും പങ്കിടാൻ ഇന്ത്യ സദാ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ ദർശനം സാക്ഷാത്ക്കരിക്കാനുതകും വിധം, നഗരങ്ങൾ തമ്മിലുള്ള സഹകരണം, വിജ്ഞാന കൈമാറ്റം, സ്വകാര്യ പങ്കാളിത്തം എന്നിവയ്ക്കായുള്ള ബഹുരാഷ്ട്ര സഖ്യമായ സിറ്റീസ് കോയലിഷൻ ഫോർ സർക്കുലാരിറ്റി (സി-3) കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ പ്രഖ്യാപിച്ചു.  

പരിപാടിയിൽ വച്ച്, നഗര സുസ്ഥിരതാ സംരംഭങ്ങളിൽ സുപ്രധാന നാഴികക്കല്ലായി മാറുന്ന CITIIS 2.0-നുള്ള  സുപ്രധാന ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. സംയോജിത മാലിന്യ സംസ്ക്കരണത്തിനും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന മുൻനിര സംരംഭമായ CITIIS 2.0-നെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. സംരംഭത്തിന് കീഴിൽ ₹1,800 കോടി രൂപയുടെ കരാറുകൾ ഒപ്പുവെക്കുമെന്നും ഇത് 14 സംസ്ഥാനങ്ങളിലായി 18 നഗരങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും മറ്റ് നഗരപ്രദേശങ്ങൾക്ക് മാർഗ്ഗ ദീപമായി വർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു..

ഏഷ്യ, പസഫിക് ഹൈ-ലെവൽ റീജിയണൽ 3R ആൻഡ് സർക്കുലർ ഇക്കണോമി ഫോറത്തിന്റെ ചരിത്രം

മേഖലയിലുടനീളം സുസ്ഥിര മാലിന്യ സംസ്ക്കരണം, വിഭവ കാര്യക്ഷമത, ചാക്രിക സമ്പദ് വ്യവസ്ഥാ തത്വങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2009-ലാണ് ഏഷ്യ, പസഫിക് റീജിയണൽ 3R ആൻഡ് സർക്കുലർ ഇക്കണോമി ഫോറം ആരംഭിച്ചത്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച, വിഭവ ശോഷണം, വർദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപം എന്നിവ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട്, നയ സംഭാഷണത്തിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന വേദിയായി ഫോറം പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിഭവ-കാര്യക്ഷമമായ രീതികളിലേക്കും  ചാക്രിക സമ്പദ്‌വ്യവസ്ഥയിലേക്കും  പരിവർത്തനം ചെയ്യുന്നതിനുള്ള 33 സ്വയം പ്രേരിത ലക്ഷ്യങ്ങൾ വിവരിക്കുന്ന ഹനോയ് 3R പ്രഖ്യാപനം (2013-2023) അംഗീകരിക്കപ്പെട്ടതായിരുന്നു ഒരു പ്രധാന നാഴികക്കല്ല്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs), പാരീസ് ഉടമ്പടി, ആവാസ വ്യവസ്ഥ പുനഃസ്ഥാപനത്തിനായുള്ള യുഎൻ ദശകം (2021-2030) എന്നിവയുൾപ്പെടെ ആഗോള സുസ്ഥിരതാ പ്രതിബദ്ധതകളുമായി പ്രാദേശിക ശ്രമങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിൽ ഫോറം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

മുൻകാല സംരംഭങ്ങളുടെ ഗതിവേഗം അടിസ്ഥാനമാക്കി, വിഭവ സംഹരണത്തിലും മാലിന്യ സംസ്കരണത്തിലും പരിവർത്തനാത്മക മാറ്റങ്ങൾക്ക് ഉത്തേജനം പകരുക എന്നതാണ് പുതിയ 3R ആൻഡ് സർക്കുലർ ഇക്കണോമി ഡിക്ലറേഷൻ (2025-2034) ലക്ഷ്യമിടുന്നത്. ആഗോള പ്ലാസ്റ്റിക് മലിനീകരണ ഉടമ്പടിക്കായുള്ള ചർച്ചകൾ അടക്കമുള്ള സംരംഭങ്ങളിലൂടെ, പ്ലാസ്റ്റിക് മലിനീകരണം കൈകാര്യം ചെയ്യുന്നതിലുള്ള, ബഹുരാഷ്ട്ര സഹകരണത്തെ ഫോറം പിന്തുണയ്ക്കുന്നു. ആഗോള ഉപഭോഗ, അസംസ്കൃത വസ്തുക്കളുടെ  വിനിയോഗത്തിന്റെ ഏറിയ പങ്കും ഏഷ്യ-പസഫിക് മേഖലയിലായതിനാൽ,കാർബൺ ന്യൂട്രാലിറ്റി (അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവും ആഗിരണം ചെയ്യപ്പെടുന്ന അളവും സന്തുലിതമാകുന്ന അവസ്ഥയാണ്), പാരിസ്ഥിതിക സുസ്ഥിരത, സാമ്പത്തിക ഉല്പതിഷ്ണുത്വം  എന്നിവ കൈവരിക്കുന്നതിൽ മേഖലയുടെ നിർണായക പങ്കിനെ ഫോറം ആവർത്തിച്ചുറപ്പിക്കുന്നു..
 

 

A timeline of the countryDescription automatically generated with medium confidence


2025 ഫോറത്തിന്റെ വിശദാംശങ്ങൾ

നൂതന നയങ്ങൾ, സമ്പ്രദായങ്ങൾ, സ്ഥാപന ക്രമീകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉന്നതതല പ്ലീനറി സെഷനുകൾ, സാങ്കേതിക ചർച്ചകൾ, വട്ടമേശ സമ്മേളനങ്ങൾ, വിജ്ഞാന കൈമാറ്റത്തിനുള്ള  അവസരങ്ങൾ എന്നിവ ഫോറത്തിൽ ഉണ്ടായിരിക്കും. ഫോറത്തിന്  മുന്നോടിയായി 2025 ഫെബ്രുവരി 24 ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ഒരു പ്രാഥമിക  പരിപാടി സംഘടിപ്പിച്ചു.

2025 ഫോറത്തിന്റെ ലക്ഷ്യങ്ങൾ

ഇനിപ്പറയുന്ന കാര്യങ്ങൾക്കുള്ള സഹകരണ വേദിയായി ഫോറം പ്രവർത്തിക്കുന്നു:

സുസ്ഥിര വിഭവ ഉപയോഗത്തിനായി ചാക്രിക സാമ്പത്തിക തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക.

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടം ത്വരിതപ്പെടുത്തുന്നതിനുള്ള ചാക്രിക സാമ്പത്തിക നയങ്ങളും സമ്പ്രദായങ്ങളും ചർച്ച ചെയ്യുക.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതും  'പൂജ്യം കാർബൺ ബഹിർഗമന'  ലക്ഷ്യങ്ങൾ കൈവരിക്കുന്നതും ലക്ഷ്യമിട്ടുള്ള ദേശീയ, പ്രാദേശിക നയങ്ങളിൽ ചാക്രിക സാമ്പത്തിക തന്ത്രങ്ങൾ എങ്ങനെ സംയോജിപ്പിക്കാമെന്ന് ചർച്ച ചെയ്യുക.

ഏഷ്യ-പസഫിക് മേഖലയിലുടനീളമുള്ള പരമ്പരാഗത നേർരേഖാ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിഭവ കാര്യക്ഷമവും ചാക്രികവുമായ സമൂഹങ്ങളിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതും സർക്കാരുകൾ, ബിസിനസ് സ്ഥാപനങ്ങൾ, പൊതു സമൂഹം എന്നിവ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കാമെന്നതും സംബന്ധിച്ച ചർച്ച.

വിവിധ മേഖലകൾക്കും മാലിന്യ സംസ്ക്കരണത്തിനുമുള്ള ചാക്രിക സാമ്പത്തിക തത്വങ്ങൾ നേരിടുന്ന വെല്ലുവിളികളും (നയ നിയന്ത്രണ അന്തരങ്ങൾ, സാമ്പത്തിക തടസ്സങ്ങൾ, അടിസ്ഥാന സൗകര്യ അന്തരങ്ങൾ, സാങ്കേതിക പരിമിതികൾ) മുന്നോട്ടു വയ്ക്കുന്ന അവസരങ്ങളും ചർച്ച ചെയ്യുക.

ഏഷ്യ, പസഫിക് മേഖലയിൽ വിഭവ കാര്യക്ഷമത, ഗുണമേന്മ, പ്രതിരോധശേഷി, സൗണ്ട് മെറ്റീരിയൽ സൈക്കിൾ, കാർബൺ രഹിത സമൂഹം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സ്വയം പ്രേരിതവും ഉള്ളതും നിയമത്താൽ നിർബന്ധിക്കപ്പെടാത്തതുമായ 3R ആൻഡ് സർക്കുലർ ഇക്കണോമി ഡിക്ലറേഷൻ  (2025-2034) ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക.

ഏഷ്യ, പസഫിക്കിനുള്ള (2025-2034) പുതിയ 3R ആൻഡ് സർക്കുലർ ഇക്കണോമി ഡിക്ലറേഷൻ ഫലപ്രദമായി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി, സർക്കാർ (ദേശീയ, പ്രാദേശിക), സ്വകാര്യ-വ്യവസായ മേഖലകൾ, സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭങ്ങൾ, അക്കാദമിക-ഗവേഷണ സ്ഥാപനങ്ങൾ, മൂല്യവത്തായ സംഭാവനകൾ നൽകുന്ന വ്യക്തികൾ, വികസന ബാങ്കുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങി പ്രധാന പങ്കാളികളെ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ബഹുമുഖ സഹകരണ പ്ലാറ്റ്‌ഫോമായ സീറോ വേസ്റ്റ് സിറ്റിസ് ആൻഡ് സൊസൈറ്റികൾ എന്ന ലക്ഷ്യത്തോടെ, സർക്കുലർ ഇക്കണോമി അലയൻസ് നെറ്റ്‌വർക്ക് (CEAN) യാഥാർത്ഥ്യമാക്കുന്നത് ചർച്ച ചെയ്യുകയും അതിന് വഴിയൊരുക്കുകയും ചെയ്യുക.

2025 ഫോറത്തിൽ പങ്കെടുക്കുന്നവർ.

ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഫോറത്തിൽ പങ്കെടുക്കുന്നത്. 300 അന്താരാഷ്ട്ര പ്രതിനിധികളും 200 പ്രാദേശിക പ്രതിനിധികളും ഉൾപ്പെടെ ഏകദേശം 500 പ്രതിനിധികൾ പങ്കെടുക്കും. ഇതിൽ പങ്കെടുക്കുന്നവർ:

ഏഷ്യ-പസഫിക് രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല സർക്കാർ പ്രതിനിധികളും പരിസ്ഥിതി മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം, തദ്ദേശ സ്വയംഭരണ മന്ത്രാലയം തുടങ്ങി ബന്ധപ്പെട്ട ഇന്ത്യൻ മന്ത്രാലയങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കളും.

നഗരങ്ങളിലെ മേയർമാർ/തദ്ദേശ സ്വയംഭരണ പ്രതിനിധികൾ.

3R/വിഭവ കാര്യക്ഷമത/മാലിന്യ മാനേജ്മെന്റ്/ജീവിതചക്ര വിലയിരുത്തൽ, മാനേജ്മെന്റ് എന്നീ മേഖലകളിലെ ശാസ്ത്ര-ഗവേഷണ വികസന (R&D) സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള വിദഗ്ധരും അന്താരാഷ്ട്ര റിസോഴ്‌സ് പേഴ്‌സൺസും.

ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, ബഹുമുഖ വികസന ബാങ്കുകൾ, മൂല്യവത്തായ സംഭാവനകൾ നൽകുന്ന വ്യക്തികൾ, ഏജൻസികൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രതിനിധികൾ.

സ്വകാര്യ, ബിസിനസ് മേഖലകളുടെയും സന്നദ്ധസംഘടനകളുടെയും പ്രതിനിധികൾ.
 
പ്രധാന പ്രമേയങ്ങളും ചർച്ചാ വിഷയങ്ങളും

ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

1. നയരൂപീകരണവും ഭരണ നിർവ്വഹണവും

വിജയപ്രദമായ ചാക്രിക സമ്പദ്‌വ്യവസ്ഥ യാഥാർത്ഥ്യമാക്കുന്നതിൽ ഫലപ്രദമായ ഭരണനിർവ്വഹണം സുപ്രധാനമാണ്. സുസ്ഥിരതയുടെ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലുള്ള സർക്കാരുകളുടെ പങ്കും ഫോറം പരിശോധിക്കും.

2. മാലിന്യ സംസ്ക്കരണത്തിലെ സാങ്കേതിക കണ്ടുപിടുത്തങ്ങൾ

സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സാങ്കേതികവിദ്യയിലെ പുരോഗതിക്ക് പരിവർത്തനാത്മക പങ്ക് വഹിക്കാൻ കഴിയും. മാലിന്യ സംസ്ക്കരണത്തിലെ നൂതനവും പുതുമയാർന്നതുമായ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും.

3. ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്കും 3R സംരംഭങ്ങൾക്കും ധനസഹായം
 
വിജയകരമായ ചാക്രിയ സമ്പദ്‌വ്യവസ്ഥാ പരിവർത്തനത്തിന് ശക്തമായ സാമ്പത്തിക പിന്തുണ ആവശ്യമാണ്. നിക്ഷേപ അവസരങ്ങളെയും സുസ്ഥിര ധനസഹായ മാതൃകകളെയും ചുറ്റിപ്പറ്റിയായിരിക്കും ചർച്ച.

4. കാലാവസ്ഥാ പ്രവർത്തനങ്ങളും ചാക്രിക സമ്പദ്‌വ്യവസ്ഥയും

കാലാവസ്ഥാ പ്രതിരോധത്തിനും ബഹിർഗമനം കുറയ്ക്കുന്നതിനും ചാക്രിക സമ്പദ്‌വ്യവസ്ഥാ സംരംഭങ്ങൾക്ക് എന്തൊക്കെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ഫോറം പരിശോധിക്കും.

2025 ഫോറത്തിന്റെ പ്രാധാന്യം  

-ജയ്പൂരിലെ ഖര, ദ്രവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ മനസ്സിലാക്കാനും പ്രധാന പൈതൃക സ്ഥലങ്ങൾ സന്ദർശിക്കാനും പ്രതിനിധികൾക്ക് അവസരം ലഭിക്കും.

-3R ആൻഡ് സർക്കുലർ ഇക്കണോമി മേഖലയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ സംരംഭങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന സമർപ്പിത 'ഇന്ത്യ പവലിയൻ' ഉണ്ടായിരിക്കും. സുസ്ഥിര വികസനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ സമഗ്ര സമീപനത്തെ  പ്രതിഫലിപ്പിക്കുന്ന പ്രധാന മന്ത്രാലയങ്ങളുടെയും ദേശീയ ദൗത്യങ്ങളുടെയും പവലിയനും ഉണ്ടായിരിക്കും. 'മിനിസ്റ്റേഴ്‌സ് ആൻഡ് അംബാസഡേഴ്‌സ് റൗണ്ട് ടേബിൾ ഡയലോഗ്', 'മേയേഴ്സ് ഡയലോഗ്', 'പോളിസി ഡയലോഗ്' തുടങ്ങിയ സെഷനുകളും CITIIS 2.0 യ്ക്ക് കീഴിലുള്ള കരാറുകളിൽ ഒപ്പുവയ്ക്കലും ഉൾപ്പെടുന്ന സംവേദനാത്മക വിജ്ഞാന കൈമാറ്റ കേന്ദ്രമായും ഇത് വർത്തിക്കും.


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് (NIUA) ക്രോഡീകരിച്ച 100-ലധികം മികച്ച രീതികളുടെ  സംഗ്രഹം ഉൾപ്പെടെ വിജ്ഞാന ശേഖരങ്ങളുടെ പ്രകാശനം ഫോറത്തിൽ നടക്കും.

40-ലധികം ഇന്ത്യൻ-ജാപ്പനീസ് ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ചാക്രിക-3R തത്വങ്ങളെ  പിന്തുണയ്ക്കുന്ന മികച്ച രീതികളും ആശയങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനും അറിവുകൾ പരസ്പരം കൈമാറുന്നതിനുമുള്ള  വേദി ഒരുക്കുന്ന അന്താരാഷ്ട്ര '3R ട്രേഡ് ആൻഡ് ടെക്നോളജി എക്സിബിഷൻ' ഫോറം സംഘടിപ്പിക്കും.

ഇന്ത്യയിലുടനീളമുള്ള സന്നദ്ധസംഘടനകളും സ്വയം സഹായ സംഘങ്ങളും നടത്തുന്ന ''മാലിന്യത്തിൽ -നിന്ന് -സമ്പത്ത്' സംരംഭങ്ങളും സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭകത്വവും സാമൂഹിക ഇടപെടലും ഫോറത്തിൽ പ്രദർശിപ്പിക്കും.

ചാക്രിക സമ്പദ് വ്യവസ്ഥയിലും 3R നയങ്ങളിലും ഇന്ത്യയുടെ നേതൃത്വം

സുസ്ഥിര വികസനവും ചാക്രിക സമ്പദ് വ്യവസ്ഥാ തത്വങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നു. മാലിന്യ സംസ്കരണ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ നാഴികക്കല്ലായി മാറുന്ന ഒട്ടേറെ നയങ്ങളും സംരംഭങ്ങളും രാജ്യം നടപ്പിലാക്കിയിട്ടുണ്ട്. ചില പ്രധാന സംരംഭങ്ങൾ ഇനിപ്പറയുന്നു:

സ്വച്ഛ് ഭാരത് ദൗത്യം (SBM-U) - 3R തത്വങ്ങളിലൂന്നി നഗര മാലിന്യ സംസ്ക്കരണം ശക്തിപ്പെടുത്തുന്നു. സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴിൽ, ഗാർഹിക ശൗചാലയ നിർമ്മാണത്തിൽ ഇന്ത്യ 108.62% പുരോഗതി കൈവരിച്ചു, 2025 ഫെബ്രുവരി 27 ലെ കണക്കനുസരിച്ച് 58,99,637 ആയിരുന്നു ലക്ഷ്യം. നിർമ്മിച്ചവയുടെ എണ്ണം 63,74,355 ആണ്. ഇന്ത്യയിലെ ഖരമാലിന്യത്തിന്റെ 80.29% വിജയകരമായി സംസ്ക്കരിക്കപ്പെടുന്നു.

ഗോബർ-ധൻ പദ്ധതി - ജൈവവാതകം, ജൈവ മാലിന്യ സംസ്കരണം എന്നിവയിലൂടെ മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്കുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയിലെ മൊത്തം ജില്ലകളുടെ 67.8% പദ്ധതിയുടെ പരിധിയിൽ വരുന്നു. 2025 ഫെബ്രുവരി 27 വരെയുള്ള കണക്ക് പ്രകാരം 1008 ബയോഗ്യാസ് പ്ലാന്റുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.

ഇ-മാലിന്യ മാനേജ്മെന്റ് ചട്ടങ്ങൾ (2022) - ഇലക്ട്രോണിക് മാലിന്യ നിർമാർജനത്തിൽ ചാക്രിക സാമ്പത്തിക സമ്പ്രദായങ്ങൾ ശക്തിപ്പെടുത്തുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ, 2024 ഡിസംബർ വരെയുള്ള കാലയളവിൽ, ശേഖരിക്കുകയും പുനരുപയോഗ യോഗ്യമാക്കുകയും ചെയ്ത ഇ-മാലിന്യത്തിന്റെ അളവ് യഥാക്രമം 5,82,769 മെട്രിക് ടണ്ണും 5,18,240 മെട്രിക് ടണ്ണും ആയിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ശേഖരിക്കുകയും പുനരുപയോഗ യോഗ്യമാക്കുകയും ചെയ്ത ഇ-മാലിന്യത്തിന്റെ അളവ് യഥാക്രമം 7,98,493 മെട്രിക് ടണ്ണും 7,68,406 മെട്രിക് ടണ്ണും ആയിരുന്നു.

പ്ലാസ്റ്റിക്കിന്റെ വിപുലീകൃത ഉത്പാദക ഉത്തരവാദിത്തം (EPR) - പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 2022 ജൂലൈ 1 ന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇന്ത്യ നിരോധിച്ചു.

ഉപസംഹാരം

ഏഷ്യ, പസഫിക് മേഖലയിലെ മാലിന്യ സംസ്ക്കരണത്തിന്റെയും ചാക്രിക സാമ്പത്തിക തന്ത്രങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്ന നാഴികക്കല്ലാണ് ജയ്പൂരിലെ 12-ാമത് റീജിയണൽ 3R ആൻഡ് സർക്കുലർ ഇക്കണോമി ഫോറം. ഉയർന്നു വരുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ മേഖലയിലെ സമ്പദ്‌വ്യവസ്ഥകൾ സുസ്ഥിര പരിഹാരങ്ങൾ തേടുമ്പോൾ, വിജ്ഞാന കൈമാറ്റം,കാര്യക്ഷമത വർദ്ധിപ്പിക്കൽ, നയ രൂപീകരണം എന്നിവയ്ക്ക് ഈ ഫോറം വഴിയൊരുക്കും.

വിവിധ മേഖലകളിൽ സഹകരണം വളർത്തിയെടുക്കുന്നതിലൂടെയും, നൂതന നയ സമീപനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിലൂടെയും, 3R തത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും,  മാലിന്യ മുക്തവും ചാക്രിക സമ്പദ് വ്യവസ്ഥയാൽ നയിക്കപ്പെടുന്നതുമായ ഭാവി സൃഷ്ടിക്കുന്നതിന് ഫോറം ഗണ്യമായ സംഭാവനകൾ  നൽകും. ഫോറത്തിൽ നടക്കുന്ന ചർച്ചകളും വ്യക്തമാക്കപ്പെടുന്ന പ്രതിബദ്ധതകളും നയ നിർവ്വഹണത്തെ മുന്നോട്ട് നയിക്കുക മാത്രമല്ല, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക വിദ്യകളിലും നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യും.
 

References

https://uncrd.un.org/sites/uncrd.un.org//files/20240806_lldcs-consultation_p2-uncrd.pdf

https://3rcefindia.sbmurban.org/

https://uncrd.un.org/content/12th-3r-ce-Forum

https://pib.gov.in/PressReleasePage.aspx?PRID=2105805

https://uncrd.un.org/sites/uncrd.un.org//files/12th-3r-ce_draft-concecpt-note_prov-programme_24feb2025.pdf

https://x.com/MoHUA_India/status/1894002736670056803

https://gobardhan.sbm.gov.in/state-biogas

https://sbmurban.org/

https://greentribunal.gov.in/sites/default/files/news_updates/Report%20of%20CPCB%20in%20EA%20No.%2004%20of%202024%20IN%20OA%20No.%20512%20of%202018%20(Shailesh%20Singh%20Vs.%20State%20of%20U.P%20&%20Ors.).pdf

https://pib.gov.in/PressReleaseIframePage.aspx?PRID=2107712

Kindly find the pdf file 

 

 

SKY

 


(Release ID: 2108022) Visitor Counter : 16


Read this release in: English , Urdu , Hindi , Gujarati