വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് ബസാർ: മാധ്യമ -  വിനോദ രംഗത്തെ ആത്യന്തിക ബിസിനസ് സഹകരണ കേന്ദ്രം

Posted On: 03 MAR 2025 4:56PM by PIB Thiruvananthpuram
ആഗോള വിനോദ ആവാസവ്യവസ്ഥയിലെ വിദഗ്ധരെയും വ്യാപാരികളെയും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വേവ്സ് ബസാർ എന്ന വിപ്ലവകരമായ ഓൺലൈൻ വിപണി മാധ്യമ - വിനോദ വ്യവസായം സാക്ഷ്യം വഹിക്കുന്ന അഭൂതപൂർവമായ ഡിജിറ്റൽ പരിവർത്തനത്തിന്റെ  കാതലാണ്. സുഗമമായ സഹകരണം വളർത്തിയെടുക്കുക എന്ന ദൗത്യത്തോടെ മാധ്യമ - വിനോദ വ്യവസായത്തിന്റെ ആത്യന്തിക വ്യാപാര കേന്ദ്രമായി പ്രവർത്തിക്കുന്ന വേവ്സ് ബസാർ  ഈ രംഗത്തെ വിദഗ്ധരെ അവരുടെ വ്യാപ്തി വിപുലീകരിക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനും മൂല്യമേറിയ പങ്കാളിത്തങ്ങളിൽ ഏർപ്പെടാനും പ്രാപ്തരാക്കുന്നു.

വേവ്സ് ബസാറിന്റെ തുടക്കം  

2025 ജനുവരി 27 ന് ന്യൂഡൽഹിയിലെ ദേശീയ മാധ്യമ കേന്ദ്രത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ -  റെയിൽവേ - ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവർ ചേർന്നാണ് വേവ്സ് ബസാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ അരുണിഷ് ചൗള, പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് ശ്രീ ശേഖർ കപൂർ, പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

എന്താണ് വേവ്സ് ബസാർ?

ചലച്ചിത്രം, ടെലിവിഷൻ, ആനിമേഷൻ, ഗെയിമിംഗ്, പരസ്യം, എക്സ്ആര്‍,  സംഗീതം, സൗണ്ട് ഡിസൈൻ, റേഡിയോ തുടങ്ങി വിവിധ മാധ്യമ -  വിനോദ രംഗങ്ങളിലെ   പങ്കാളികളെ ഒരുമിച്ചുകൊണ്ടുവരുന്ന  സവിശേഷ ഇലക്ട്രോണിക് വിപണിയാണ്  വേവ്സ് ബസാർ. വ്യവസായരംഗത്തെ വിദഗ്ധര്‍ക്ക് അവരുടെ വൈദഗ്ധ്യം എളുപ്പത്തിൽ പ്രദർശിപ്പിക്കാനും മികച്ച ഉപഭോക്താക്കളുമായി  ബന്ധപ്പെടാനും അര്‍ത്ഥവത്തായ സഹകരണം ഉറപ്പാക്കാനും കഴിയുംവിധം ഉപഭോക്താക്കള്‍ക്കും വില്‍പനക്കാര്‍ക്കുമിടയിലെ ഒരു പാലമായി ഈ വേദി നിലകൊള്ളുന്നു.

നിങ്ങൾ ഒരു പ്രൊഡക്ഷൻ പങ്കാളിയെ തിരയുന്ന ചലച്ചിത്ര നിർമാതാവോ, ശരിയായ വേദി അന്വേഷിക്കുന്ന  പരസ്യദാതാവോ, നിക്ഷേപകരെ തിരയുന്ന  ഗെയിം ഡെവലപ്പറോ, ആഗോള പ്രേക്ഷകർക്കുമുന്നില്‍  സൃഷ്ടികൾ പ്രദർശിപ്പിക്കാനാഗ്രഹിക്കുന്ന  കലാകാരനോ ആകട്ടെ, ഈ രംഗത്തെ വിദഗ്ധര്‍ക്ക്  പരസ്പരം ബന്ധപ്പെടാനും ശൃഖലകള്‍ രൂപീകരിക്കാനും  സഹകരണത്തിലൂടെ  ബിസിനസ്  വളർത്താനും  ചലനാത്മകമായ ഒരിടമാണ് വേവ്സ് ബസാർ ഒരുക്കുന്നത്.

വേവ്സ് ബസാറിന്റെ പ്രധാന സവിശേഷതകളും നേട്ടങ്ങളും

സമഗ്ര വ്യാവസായിക സംയോജനം: സിനിമ, ടെലിവിഷൻ, സംഗീതം, ഗെയിമിംഗ്, ആനിമേഷൻ, പരസ്യം, എആര്‍-വിആര്‍-എക്സ്ആര്‍ പോലെ വളർന്നുവരുന്ന സാങ്കേതിക മേഖലകൾ എന്നിവയ്‌ക്ക്  ഒരു ഏകീകൃത ഇടം.

ആഗോള വ്യാപ്തിയും ദൃശ്യപരതയും: നിങ്ങളുടെ വിപണിയെ അതിരുകള്‍ക്കപ്പുറത്തേക്ക് വികസിപ്പിക്കാനും  വിനോദ വ്യവസായത്തിലെ അന്താരാഷ്ട്ര പങ്കാളികളുമായി ബന്ധപ്പെടാനും അവസരം.  

സുഗമമായ ശൃംഖലയും സഹകരണവും:  സമാന ചിന്താഗതിക്കാരായ പ്രൊഫഷണലുകൾ, സേവന ദാതാക്കൾ, ഉപഭോക്താക്കള്‍, നിക്ഷേപകർ എന്നിവരുമായി കൂടിക്കാഴ്ച, സംവാദം, സഹകരണം.  

വില്പനക്കാരും ഉപഭോക്താക്കളും തമ്മിലെ കാര്യക്ഷമമായ ഇടപാടുകള്‍:  സേവന ദാതാക്കളും മികച്ച ഉപഭോക്താക്കളും തമ്മിലെ  സുഗമമായ ബിസിനസ്സ് ഇടപെടലുകൾ പ്രാപ്തമാക്കുന്നതും  ഘടനാപരമായി എളുപ്പം ഉപയോഗിക്കാവുന്നതുമായ സംവിധാനം.  

വൈവിധ്യമാർന്ന സേവനങ്ങള്‍ പട്ടികപ്പെടുത്താന്‍ അവസരം:  ചലച്ചിത്ര നിര്‍മാണ സേവനങ്ങൾ, വിഎഫക്ട്സ്,  പരസ്യം, സൗണ്ട് ഡിസൈൻ, സംഗീത നിർമാണം, ഗെയിമിംഗ്, ആനിമേഷൻ തുടങ്ങിയ വിഭാഗങ്ങളിൽ വിൽപ്പനക്കാർക്ക് അവരുടെ സേവനങ്ങള്‍ പ്രദർശിപ്പിക്കാം.

ഈ രംഗത്തെ പ്രത്യേക പരിപാടികളിലേക്കും വിപണിയിടങ്ങളിലേക്കും പ്രവേശനം: വേവ്സ് വേദിയിക്ക് കീഴിലെ  വ്യവസായ-നിർദിഷ്ട പരിപാടികള്‍, നിക്ഷേപക സംഗമങ്ങള്‍, പ്രത്യേക വിപണികള്‍ എന്നിവയിലേക്ക് പ്രവേശനം നേടാം.  

വേവ്സ് ബസാറിന്റെ സ്തംഭങ്ങള്‍

വിവിധ സ്തംഭങ്ങളായി  ക്രമീകരിച്ചിരിക്കുന്ന വേവ്സ് ബസാറില്‍ ഓരോ വിഭാഗവും  മാധ്യമ - വിനോദ വ്യവസായത്തിലെ  പ്രത്യേക മേഖലയെ തൃപ്തിപ്പെടുത്തുന്നതിനായി രൂപീകരിച്ചതാണ്:

1. വേവ്സ് ബസാർ: പരസ്യ സേവനങ്ങള്‍ക്കുള്ള ആഗോള ഇ-വിപണി

പരസ്യദാതാക്കൾക്കും വിപണനക്കാർക്കും മാധ്യമ വിപണി കൈകാര്യം ചെയ്യുന്നവര്‍ക്കും പരസ്യ സേവനങ്ങള്‍ കണ്ടെത്താനും നേടാനും പ്രത്യേക ഇടം. അച്ചടിമാധ്യമങ്ങള്‍ മുതല്‍ ഡിജിറ്റൽ, ഔട്ട്-ഓഫ്-ഹോം  പരസ്യങ്ങള്‍ വരെ ബ്രാൻഡുകളെ ശരിയായ മാധ്യമ പങ്കാളികളുമായി ബന്ധിപ്പിക്കാനും അവരുടെ പ്രചാരണ വ്യാപ്തി പരമാവധിയാക്കാനും ഈ വിഭാഗം സഹായിക്കുന്നു.

2. വേവ്സ് ബസാർ: തത്സമയ പരിപാടികൾക്കൊരു ആത്യന്തിക വിപണി

തത്സമയ വിനോദ മേഖലയിലെ പരിപാടികളുടെ സംഘാടകർ, വില്പനക്കാര്‍, സേവന ദാതാക്കൾ എന്നിവരെ ഈ വിഭാഗത്തില്‍ ഒരുമിച്ച് കൊണ്ടുവരുന്നു. സംഗീതോത്സവങ്ങൾ, സമ്മേളനങ്ങള്‍, കോർപ്പറേറ്റ് പരിപാടികള്‍ തുടങ്ങിയവയുടെയെല്ലാം സുഗമമായ നടത്തിപ്പിന് സഹകാരികളെ കണ്ടെത്താൻ ഈ വിഭാഗം  സഹായിക്കുന്നു.

3. വേവ്സ് ബസാർ: ആനിമേഷൻ  - വിഎഫക്ട്സ് സേവനങ്ങളുടെ ആഗോള വിപണി:  
ആനിമേഷൻ സ്റ്റുഡിയോകൾ, വിഷ്വൽ എഫക്റ്റ് കലാകാരന്മാര്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവരുടെ വൈദഗ്ധ്യം  പ്രദർശിപ്പിക്കാനുള്ള കേന്ദ്രം. ചലച്ചിത്ര നിർമാതാക്കൾക്കും ഗെയിം ഡെവലപ്പർമാർക്കും ബ്രാൻഡുകൾക്കും  ആനിമേഷൻ, വിഎഫക്ട്സ് ആവശ്യങ്ങൾക്ക് അനുയോജ്യമായവരെ കണ്ടെത്താൻ ഈ വേദിയിലൂടെ സാധിക്കുന്നു.

4. വേവ്സ് ബസാർ: എക്സ്ആര്‍, വിആര്‍, എആര്‍  സേവനങ്ങളുടെ ആഗോള വിപണി:  എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്സ്ആര്‍) വിദഗ്ധര്‍ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വിഭാഗം ആഴത്തിലുള്ള അനുഭവങ്ങളൊരുക്കി ഉള്ളടക്കം മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന ബിസിനസുകളുമായി  വെർച്വൽ റിയാലിറ്റി (വിആര്‍), ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍), മിക്സഡ് റിയാലിറ്റി (എംആര്‍) എന്നിവയിലെ നൂതനാശയക്കാരെ ബന്ധിപ്പിക്കുന്നു.

5. വേവ്സ് ബസാർ: ചലച്ചിത്രങ്ങള്‍ക്കായി ആഗോള വിപണി

ചലച്ചിത്ര നിർമാതാക്കൾക്കും വിതരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന  വിപണി. നിര്‍മാതാക്കള്‍ക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമിടയിലെ വിടവ് നികത്തി ചലച്ചിത്ര പദ്ധതികൾ പ്രദർശിപ്പിക്കാനും ഏറ്റെടുക്കാനും സഹകരിക്കാനും ഈ സംരംഭത്തിലൂടെ അവസരമൊരുക്കുന്നു.

6. വേവ്സ് ബസാർ: ഗെയിം നിര്‍മാതാക്കള്‍ക്ക് വലിയ വിപണി: ഗെയിമിംഗ് ഡെവലപ്പർമാർ, സ്റ്റുഡിയോകൾ, പ്രസാധകർ എന്നിവരെ നിക്ഷേപകരുമായും  ശബ്ദകലാകാരന്മാരുമായും  സംഗീതസംവിധായകരുമായും വിപണനവിദഗ്ധരുമായും  ബന്ധിപ്പിക്കാന്‍ ഈ വേദിയിലൂടെ സാധിക്കുന്നു.  സംവേദനാത്മക വിനോദത്തെ പുതിയൊരു ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഇത് സഹായിക്കുന്നു.

7. വേവ്സ് ബസാർ: റേഡിയോയ്ക്കും പോഡ്‌കാസ്റ്റുകൾക്കും ആഗോള വിപണി:

റേഡിയോ നിലയങ്ങള്‍, പോഡ്‌കാസ്റ്റർമാർ, ശബ്ദ ഉള്ളടക്ക നിര്‍മാതാക്കള്‍ എന്നിവര്‍ക്ക്  സേവനങ്ങൾ പട്ടികപ്പെടുത്താനും  പ്രായോചകരെ കണ്ടെത്താനും വളർന്നുവരുന്ന ഡിജിറ്റൽ ശബ്ദ ആവാസവ്യവസ്ഥയിലെ  പദ്ധതികളില്‍ സഹകരിക്കാനും ഒരു പ്രത്യേക ഇടമൊരുക്കുന്നു.

8. വേവ്സ് ബസാർ: ഹാസ്യ ഉള്ളടക്കത്തിനും ഇ-പുസ്തകങ്ങള്‍ക്കും  ആഗോള വിപണി:  എഴുത്തുകാർക്കും ചിത്രകാരന്മാർക്കും പ്രസാധകർക്കും വിതരണക്കാരുമായും ഉള്ളടക്ക വേദികളുമായും ബന്ധപ്പെടുന്നതിലൂടെ അവരുടെ കഥകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനാവും. ഡിജിറ്റലായും അല്ലാതെയും സർഗാത്മക വ്യവസായം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഇതുവഴി ഉറപ്പാക്കുന്നു.

9. വേവ്സ് ബസാർ: വെബ്-സീരീസിനായുള്ള ആഗോള വിപണി

ഒടിടി വേദികള്‍ക്കും സ്വതന്ത്ര നിര്‍മാതാക്കള്‍ക്കും ഡിജിറ്റൽ സ്റ്റുഡിയോകൾക്കും  പുതിയ പ്രതിഭകളെ കണ്ടെത്താനും പദ്ധതികള്‍ക്ക് രൂപംനല്‍കാനും  ലോകമെങ്ങുമുള്ള പ്രേക്ഷകർക്കായി വിവിധ പതിപ്പുകളായി പങ്കുവെയ്ക്കുന്ന ഉള്ളടക്കത്തിൽ സഹകരിക്കാനും സാധിക്കുന്നു.


10. വേവ്സ് ബസാർ: സംഗീതത്തിനും ശബ്ദത്തിനുമുള്ള ആഗോള വിപണി

സംഗീത സംവിധായകര്‍, സൗണ്ട് ഡിസൈനർമാർ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവർക്കായി യഥാര്‍ത്ഥ സംഗീത നിര്‍മിതികളും  ശബ്ദ ഉള്ളടക്കങ്ങളും  തേടുന്ന ചലച്ചിത്ര നിർമാതാക്കളെയും പരസ്യദാതാക്കളെയും ഗെയിമിംഗ് കമ്പനികളെയും ബന്ധിപ്പിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച  ആവാസവ്യവസ്ഥ.

ആര്‍ക്കെല്ലാം വേവ്സ് ബസാറിന്റെ ഭാഗമാകാം?  

മാധ്യമ - വിനോദ രംഗത്തെയും സൃഷ്ടിപരമായ മേഖലകളിലെയും  എല്ലാ പ്രൊഫഷണലുകൾക്കും വേവ്സ് ബസാറിന്റെ ഭാഗമാകാമെന്നിരിക്കെ അവസരം  ഇവരില്‍ മാത്രം പരിമിതമല്ല:

വിൽപ്പനക്കാർക്ക്:

സിനിമാ നിർമാതാക്കളും സ്റ്റുഡിയോകളും – നിങ്ങളുടെ ചലച്ചിത്ര പദ്ധതികള്‍ പട്ടികപ്പെടുത്തുകയും വിതരണക്കാർ, നിക്ഷേപകർ, വിൽപ്പന ഏജന്റുമാർ എന്നിവരുമായി ബന്ധപ്പെടുകയും ചെയ്യാം.

ആനിമേഷൻ & വിഎഫക്ട്സ് സ്റ്റുഡിയോകൾ – നിങ്ങളുടെ വൈദഗ്ധ്യം ചലച്ചിത്ര നിർമാതാക്കൾക്കും ഗെയിമിംഗ് ഡെവലപ്പർമാർക്കും മുന്നിൽ പ്രദർശിപ്പിക്കാം.

ഗെയിമിംഗ് & എക്സ്ആര്‍ ഡെവലപ്പർമാർ – നിങ്ങളുടെ ഗെയിം പദ്ധതികള്‍ക്കായി നിക്ഷേപകരെയും പങ്കാളികളെയും ഉപഭോക്താക്കളെയും കണ്ടെത്താം.

സംഗീത – ശബ്ദരംഗത്തെ  വിദഗ്ധര്‍ – നിങ്ങളുടെ സംഗീതനിര്‍മിതികള്‍, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈൻ സേവനങ്ങൾ  പ്രോത്സാഹിപ്പിക്കാം.

പരസ്യ - വിപണന ഏജൻസികൾ – മാധ്യമ പ്രചാരണ പരിപാടികള്‍ തേടുന്ന ബ്രാൻഡുകളുമായും വ്യാപാരങ്ങളുമായും ബന്ധപ്പെടാം.

റേഡിയോ & പോഡ്‌കാസ്റ്റ് ഉള്ളടക്ക നിര്‍മാതാക്കള്‍ – കൂടുതല്‍ വേദികളും , ധനസമ്പാദന അവസരങ്ങളും നേടാം.  

എഴുത്തുകാരും ഇ-പുസ്തക പ്രസാധകരും – പ്രൊഡക്ഷൻ ഹൗസുകൾ, വേദികള്‍, ഉള്ളടക്കം  വാങ്ങുന്നവർ എന്നിവരുമായി ബന്ധപ്പെടാം.

വാങ്ങുന്നവർക്ക്:

ഏറ്റെടുക്കുന്നതിനായി  ഉള്ളടക്കം തേടുന്ന ചലച്ചിത്ര നിർമാണ സ്ഥാപനങ്ങളും ഒടിടി വേദികളും

പരസ്യ പങ്കാളികളെ തേടുന്ന മാധ്യമ ഏജൻസികളും ബ്രാൻഡുകളും

ആനിമേഷൻ, സൗണ്ട് സേവനങ്ങൾ തേടുന്ന ഗെയിം ഡെവലപ്പർമാർ

പ്രചാരണ സഹകരണം ആവശ്യമുള്ള വിവിധ പരിപാടികളുടെ സംഘാടകർ

സര്‍ഗാത്മക ഉള്ളടക്കങ്ങള്‍ തേടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ

വേവ്സ്  ബസാർ എങ്ങനെ പ്രവർത്തിക്കുന്നു?


വേവ്സ് ബസാർ വെബ്‌സൈറ്റ് സന്ദർശിക്കുക - www.wavesbazaar.com  സന്ദര്‍ശിച്ച് ഈ വേദി അടുത്തറിയുക.  

സൈൻ അപ്പ് ചെയ്‌ത്  പ്രൊഫൈൽ നിര്‍മിക്കുക - മുഴുവൻ അവസരങ്ങളും ലഭ്യമാകുന്നതിന്  ഉപഭോക്താവായോ വില്പനക്കാരനായോ നിക്ഷേപകനായോ  രജിസ്റ്റർ ചെയ്യുക.

നിങ്ങളുടെ സേവനങ്ങളും പദ്ധതി ആവശ്യങ്ങളും പട്ടികപ്പെടുത്തുക -  നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രദർശിപ്പിക്കുകയോ  ബിസിനസ്സ് താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ ലഭ്യമായ  സേവനങ്ങള്‍ കണ്ടെത്തുകയോ ചെയ്യുക  

ശൃംഖലയും സഹകരണവും - വ്യവസായ പ്രൊഫഷണലുകളുമായി പരിചയപ്പെടുകയും കൂടിക്കാഴ്ചകളൊരുക്കുകയും വിജയകരമായ സഹകരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുക

നിങ്ങളുടെ ബിസിനസ്സ് വളർത്തുക -  വിപണി വികസിപ്പിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുകയും ദീർഘകാല പങ്കാളിത്തങ്ങൾ സ്ഥാപിക്കുകയും ചെയ്യുക.


വേവ്സ് ബസാർ ഈ മേഖലയുടെ ഗതിമാറ്റുന്നതെങ്ങനെ?  

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് വിനോദരംഗത്തെ വിദഗ്ധര്‍  പരസ്പരം ബന്ധപ്പെടുന്നതിലും വിപണി നേടുന്നതിലും വേവ്സ് ബസാർ വിപ്ലവം സൃഷ്ടിക്കുകയാണ്. ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഇല്ലാതാക്കി ഘടനാപരമായും വിവിധ വിഭാഗങ്ങള്‍ അധിഷ്ഠിതമായും വിപണി വാഗ്ദാനം ചെയ്യുന്നതിലൂടെ വ്യവസായ വിദഗ്ധര്‍ക്ക് ശരിയായ പങ്കാളികളെ എളുപ്പം കണ്ടെത്താനും മികച്ച വ്യാപാര ആസൂത്രണം ചർച്ച ചെയ്യാനും  ബിസിനസ്സ് സാധ്യതകൾ പരമാവധിയാക്കാനും ഇത് വേദിയൊരുക്കുന്നു.

ഇന്ന് തന്നെ വേവ്സ് ബസാറിന്റെ ഭാഗമാകൂ;  ആഗോള വിനോദ വ്യവസായത്തിലെ അനന്തമായ അവസരങ്ങൾ കണ്ടെത്തൂ!

www.wavesbazaar.com  വെബ്സൈറ്റില്‍ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.


കൂടുതല്‍ പുതിയ വിവരങ്ങള്‍ക്കും വ്യാവസായിക ഉൾക്കാഴ്ചകൾക്കും ഞങ്ങളെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരാം.

വേവ്സ് - 2025 നെക്കുറിച്ച്

മാധ്യമ - വിനോദ മേഖലയിലെ  നാഴികക്കല്ലായ ആദ്യ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയ്ക്ക് (വേവ്സ്) 2025 മെയ് 1 മുതൽ 4 വരെ മഹാരാഷ്ട്രയിലെ മുംബൈയിൽ കേന്ദ്രസര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുകയാണ്.

നിങ്ങളൊരു വ്യവസായ വിദഗ്ധനോ നിക്ഷേപകനോ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാവോ നൂതനാശയക്കാരനോ ആകട്ടെ, മാധ്യമ-വിനോദ ആവാസവ്യവസ്ഥയുമായി  ബന്ധപ്പെടാനും സഹകരിക്കാനും നവീകരണത്തിനും ഈ മേഖലയ്ക്ക് സംഭാവന നല്‍കാനുമുള്ള ആത്യന്തിക ആഗോള വേദിയാണ് ഉച്ചകോടി വാഗ്ദാനം ചെയ്യുന്നത്.

ഉള്ളടക്ക നിര്‍മാണം, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നവീകരണം എന്നിവയുടെ  കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സൃഷ്ടിപരമായ ശക്തി വർധിപ്പിക്കാനും വേവ്സ് വേദിയൊരുക്കുന്നു. സംപ്രേഷണം, അച്ചടിമാധ്യമങ്ങള്‍,  ടെലിവിഷൻ, റേഡിയോ, ചലച്ചിത്രം, ആനിമേഷൻ, വിഷ്വൽ എഫക്റ്റുകൾ, ഗെയിമിംഗ്, ഹാസ്യം,  സംഗീതവും ശബ്ദവും, പരസ്യം, ഡിജിറ്റൽ മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍, ജനറേറ്റീവ് എഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍), വെർച്വൽ റിയാലിറ്റി (വിആര്‍), എക്സ്റ്റെൻഡഡ് റിയാലിറ്റി (എക്സ്ആര്‍) എന്നിവ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളിലും മേഖലകളിലും വേവ്സ് ശ്രദ്ധകേന്ദ്രീകരിക്കുന്നു.

(Release ID: 2107974) Visitor Counter : 36