ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ജലപാത (ജെട്ടികളുടെ / ടെർമിനലുകളുടെ നിർമ്മാണം) നിയന്ത്രണ മാനദണ്ഡങ്ങൾ , 2025 IWT മേഖലയിലെ സ്വകാര്യ പങ്കാളികൾക്ക് പുതിയ അവസരങ്ങൾ ഒരുക്കുന്നു

Posted On: 28 FEB 2025 12:27PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 28 ഫെബ്രുവരി 2025

അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിക്കുന്നതിനും ബിസിനസ്സ് ചെയ്യുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള ദേശീയ ജലപാതകളിൽ സ്വകാര്യ, പൊതു, സംയുക്ത സംരംഭങ്ങൾ ഉൾപ്പെടെയുള്ള  സ്ഥാപനങ്ങൾക്ക്  ജെട്ടികളും ടെർമിനലുകളും സ്ഥാപിക്കുന്നതിലുള്ള നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിൽ വന്നു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് (MoPSW) കീഴിലുള്ള ഇന്ത്യൻ ഉൾനാടൻ ജലപാത അതോറിറ്റി (IWAI) രൂപപ്പെടുത്തിയ ദേശീയ ജലപാത (ജെട്ടികളുടെയും /ടെർമിനലുകളുടെയും  നിർമ്മാണം) നിയന്ത്രണ മാനദണ്ഡങ്ങൾ, 2025, ടെർമിനലുകൾ സ്ഥാപിക്കുന്നതിൽ സ്വകാര്യ മേഖലയുടെ നിക്ഷേപം ആകർഷിക്കുന്നതിനും, നടപടികൾ സുഗമാക്കുന്നതിനും, ഇന്ത്യയുടെ വിശാലമായ ജലപാതാശൃംഖലയുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് .

സ്വകാര്യ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ജെട്ടികളും ടെർമിനലുകളും വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും പ്രാപ്തമാക്കുന്നതിലൂടെ, ഈ നിയന്ത്രണ മാനദണ്ഡങ്ങൾ നിക്ഷേപം, വ്യാപാരം, സാമ്പത്തിക വളർച്ച എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ തുറക്കുന്നതിനൊപ്പം ചരക്ക് നീക്കത്തിന്റെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

നിയന്ത്രണ മാനദണ്ഡങ്ങളുടെ  പ്രധാന സവിശേഷതകൾ

പുതിയ നിയന്ത്രണ മാനദണ്ഡങ്ങൾ പ്രകാരം, ഒരു ദേശീയ ജലപാതയിൽ ഉൾനാടൻ ജലപാതാ ടെർമിനൽ വികസിപ്പിക്കാനോ പ്രവർത്തിപ്പിക്കാനോ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ  ഐഡബ്ല്യുഎഐ-ൽ  നിന്ന് ഒരു നോ ഒബ്ജക്ഷൻ(NOC) സർട്ടിഫിക്കറ്റ് നേടണം. സ്ഥിരം ടെർമിനലുകൾ ഓപ്പറേറ്റർക്ക് ആജീവനാന്തം പരിപാലിക്കാൻ കഴിയും. അതേസമയം താൽക്കാലിക ടെർമിനലുകൾക്ക് ആദ്യ അഞ്ച് വർഷത്തെ കാലാവധി ഉണ്ടായിരിക്കുന്നതും പിന്നീട് ദീർഘിപ്പിച്ചു  നൽകാൻ സാധ്യത ഉള്ളതുമാണ്.  ടെർമിനലിന്റെ സാങ്കേതിക രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും ടെർമിനൽ ഡെവലപ്പറും ഓപ്പറേറ്ററും ഉത്തരവാദിയായിരിക്കും. ഇത്  ബിസിനസ് പ്ലാനുമായി പൊരുത്തപ്പെടുന്നതും  സുഗമമായ പ്രവേശനം സാധ്യമാക്കുന്നതുമാവണം.

ടെർമിനൽ ആപ്ലിക്കേഷനുകൾക്കായുള്ള ഡിജിറ്റൽ പോർട്ടൽ

ടെർമിനൽ ഡെവലപ്പർമാരുടെയും ഓപ്പറേറ്റർമാരുടെയും അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി ഐഡബ്ല്യുഎഐ ഒരു ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിസിനസ്‌ സുഗമമാക്കൽ  (ഇഒഡിബി), ഡിജിറ്റൈസേഷൻ എന്നിങ്ങനെയുള്ള സർക്കാരിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കാര്യക്ഷമത, സുതാര്യത, പ്രവേശനക്ഷമത എന്നിവ വർദ്ധിപ്പിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനും പുരോഗതി മനസിലാക്കുന്നതിനും പോർട്ടൽ വഴി സാധിക്കും .

സ്വകാര്യ പങ്കാളിത്തവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്താൻ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിലും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ മാർഗ്ഗനിർദ്ദേശത്തിലും, സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന മാർഗ്ഗമായി ജലപാതകൾ വികസിപ്പിക്കുന്നതിൽ ഐഡബ്ല്യുഎഐ ഗണ്യമായ പുരോഗതി കൈവരിച്ചു.  കഴിഞ്ഞ ദശകത്തിൽ ദേശീയ ജലപാതകളിലെ ചരക്ക് നീക്കം 18 ദശലക്ഷം ടണ്ണിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ  133 ദശലക്ഷം ടണ്ണായി വർധിച്ചു. സാങ്കേതികവൽക്കരണം സാധ്യമാക്കുന്നതിലൂടെയും  പ്രവർത്തങ്ങൾ ലളിതവൽക്കരിക്കുന്നതിലൂടെയും  ബിസിനസ്സ് എളുപ്പമാക്കുക,  സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വളർത്തുക, എന്നിങ്ങനെയുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളുടെ ചുവടുപിടിച്ചാണ് ഈ പുരോഗതി കൈവരിച്ചത്.  

കൂടാതെ, ദേശീയ ജലപാതകളിലെ ചരക്ക് ഗതാഗതത്തിൽ  കിലോമീറ്ററിന് 4700 ദശലക്ഷം ടൺ എന്ന നിലവിലെ നിരക്കിൽ നിന്ന്  ഏകദേശം 17% വർദ്ധനവ് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന പുതിയ പദ്ധതിയായ ജലവാഹക് , സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2025 ലെ ദേശീയ ജലപാത (ജെട്ടികളുടെയും/ടെർമിനലുകളുടെയും നിർമ്മാണം) നിയന്ത്രണ മാനദണ്ഡങ്ങൾ 2025 നടപ്പിലാക്കുന്നതോടെ, ഉൾനാടൻ ജലപാത ടെർമിനലുകളുടെ വികസനത്തിലും വിപുലീകരണത്തിലും സ്വകാര്യ സ്ഥാപനങ്ങൾ കൂടുതൽ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഇത് സംഭാവന നൽകുന്നു.

 

*****

(Release ID: 2106924) Visitor Counter : 29